ബാല്യകാലം മുതല്‍ ഏതു ദുര്‍ഘടഘട്ടത്തിലും രണ്ടു സുഹൃത്തുക്കളും ഒരുമിച്ചുണ്ടായിരുന്നു. അവരുടെ 12-ാം വയസ് വരെ ആ സൗഹൃദം തുര്‍ന്നുപോന്നു. എന്നാല്‍ 1947 മൗണ്ട് ബാറ്റണ്‍ പ്രഭു നടത്തിയ ഒരു പ്രഖ്യാപനം ഈ സൗഹൃദത്തിന് നടുവില്‍ വിള്ളല്‍ വീഴ്ത്തി. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായെന്നും, ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ എന്ന മറ്റൊരു രാജ്യം രൂപീകൃതമായെന്നുമായിരുന്നു മൗണ്ട് ബാറ്റണ്‍ നടത്തിയ പ്രഖ്യാപനം. അതോടെ ഷാക്കിറും സുരേഷും രണ്ടു രാജ്യക്കാരായി.
പിരിയേണ്ടി വന്നെങ്കിലും കാലത്തിനും മറവിക്കും വിട്ടുകൊടുക്കാതെ തങ്ങളുടെ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചു. 12-ാം വയസ്സില്‍ പിരിഞ്ഞ ഇരുവരും പിന്നെ കണ്ടുമുട്ടുന്നത് 35 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. 1982-ല്‍ അമേരിക്കയില്‍ വച്ചായിരുന്നു പുനസമാഗമം. അന്നു തൊട്ട് ആ സുഹൃത്തുക്കള്‍ ഇടയ്ക്കിടയ്ക്ക് പരസ്പരം കണ്ടുമുട്ടി. ഒമ്പതുവര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടും തമ്മില്‍ കണ്ടത് 2023 ഒക്ടോബറിലായിരുന്നു. ഇപ്പോഴിതാ സുരേഷും ഷാക്കിറും വീണ്ടും കണ്ടുമുട്ടിയതിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഷാക്കിറിന് 90ഉം സുരേഷിന് 89 ഉം വയസുണ്ട്.
എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, എ ജി ഷാക്കിര്‍, സുരേഷ് കോത്താരി എന്നിവര്‍ ഗുജറാത്തിലെ ദീസയിലാണ് ജനിച്ചു വളര്‍ന്നത്. 1947-ല്‍ ഇന്ത്യ-പാക്ക് വിഭജനത്തില്‍ വേര്‍പിരിയേണ്ടി വന്നപ്പോള്‍ ഇരുവര്‍ക്കും ഏകദേശം 12 വയസ്സായിരുന്നു. 1947 ഒക്ടോബറില്‍ പുതുതായി രൂപം കൊണ്ട പാകിസ്ഥാനിലേക്ക് അര്‍ദ്ധരാത്രിയില്‍ ഷാക്കിര്‍ കുടുംബത്തോടൊപ്പം ബോട്ടില്‍ പലായനം ചെയ്തു. കോത്താരി അന്ന് മുംബൈയില്‍ പഠിക്കുന്ന സമയമായിരുന്നു. തന്മൂലം ഇരുവര്‍ക്കും തമ്മില്‍ കണ്ടു വിട പറയാന്‍ കഴിഞ്ഞിരുന്നില്ല.
കോത്താരിയുടെ കൊച്ചുമകളായ 32 കാരി മേഗന്‍ കോത്താരിയാണ് ഈ മധുരസംഗമം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ ബ്രൗണ്‍ ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജും വീഡിയോ പങ്കുവെച്ചതോടെ ഇന്ത്യ-പാക് സൗഹൃദ കഥ വൈറലായി. 1947-ല്‍ ഇന്ത്യ വിഭജന സമയത്ത് പാക്കിസ്ഥാനിലെത്തിയ ഷാക്കിര്‍ സുഹൃത്തിന്റെ മുത്തച്ഛന്റെ വിലാസത്തില്‍ മുടങ്ങാതെ ഇന്ത്യയിലേക്കു കത്തെഴുതുമായിരുന്നു. ഇരുവര്‍ക്കും ആ വിലാസങ്ങള്‍കാണാപ്പാഠമായിരുന്നു. എന്നാല്‍ പോകെ പോകെ ഈ സംഭാഷണവും നിലച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചതോടെ കത്തിലൂടെയുള്ള ആശയവിനിമയവും നഷ്ടമായി. 1948 മുതല്‍ 1982 വരെ അവര്‍ ആശയ വിനിമയം നടത്തിയിരുന്നില്ല. പിന്നീട്, യാദൃശ്ചികമായി, ഇരുവരുടെയും മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി. ഈ സുഹൃത്തിലൂടെയാണ് ന്യൂ യോര്‍ക്കില്‍ വച്ച് ഇരുവരും തമ്മില്‍ കാണാനിടയാകുന്നതെന്ന് വീഡിയോക്ക് ഒപ്പം പങ്കിട്ട കുറിപ്പില്‍ പറയുന്നുണ്ട്.
1982-ല്‍, കണക്റ്റിക്കട്ടിലേക്ക് മാറിയ ഷാക്കിര്‍, സുരേഷ് കോത്താരി ന്യൂയോര്‍ക്കിലേക്ക് വരുന്നതായി കേട്ടപ്പോള്‍, ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ടു പോരാന്‍ ചെന്നിരുന്നു. അദ്ദേഹം അത്രമാത്രം ആവേശഭരിതനായിരുന്നു. 35 വര്‍ഷത്തിനു ശേഷമുള്ള ഇവരുടെ ആദ്യ കൂടിച്ചേരലായിരുന്നു അത്. ആ ആഴ്ച അവര്‍ ഒരുമിച്ച് ചെലവഴിച്ചു, ജീവിതത്തെ അടുത്തറിയുകയും വര്‍ഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും സൗഹൃദം പങ്കിടുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു.
ഏകദേശം ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2023 ഒക്ടോബറില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി, ഇപ്പോഴിതാ 2024 ഏപ്രിലില്‍ ന്യൂജേഴ്സിയില്‍ നടക്കുന്ന സുരേഷ് കോത്താരിയുടെ 90-ാം ജന്മദിന ആഘോഷത്തിനായി അടുത്ത പുനഃസമാഗമം ആസൂത്രണം ചെയ്യുകയാണ് ഇരുവരും. നാല് ദിവസം മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. 1.8 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇതുവരെ വീഡിയോ കണ്ടത്.