UPDATES

ഇവിഎം തകരാറില്‍ കേരളം ഉള്‍പ്പെടെ പരാതി ഉയര്‍ത്തിയിരുന്നു

വോട്ടിംഗ് മെഷീനുകളുടെ തകരാറുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍

                       

ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കു(ഇവിഎം)തകരാറുകള്‍ സംഭവിച്ചിരുന്നതായി വിവരാവകാശ രേഖകള്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാഥമിക പരിശോധനയ്ക്കിടയില്‍ തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറു സംഭവിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയിലാഴ്ത്തിയിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പറയുന്നത്. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്‍ വെങ്കിടേഷ് നായിക്കാണ് മെഷിനുകളുടെ തകര്‍ച്ച സംബന്ധിച്ച് വിവരാവകാശത്തിന് ആവിശ്യപ്പെട്ടിരുന്നത്.

ഇവിഎം ബാലറ്റ് യൂണിറ്റ് (ബിയു), കണ്‍ട്രോള്‍ യൂണിറ്റ് (സിയു), വോട്ടര്‍-വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) എന്നിവയുടെ പ്രാഥമിക സാങ്കേതിക പരിശോധനയാണ് ഫസ്റ്റ് ലെവല്‍ ചെക്ക് (എഫ്എല്‍സി). ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ആറ് മാസത്തിനുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ(ഡിഇഒ) മേല്‍നോട്ടത്തില്‍ എഞ്ചിനീയര്‍മാര്‍ ജില്ല തലത്തില്‍ ഈ പ്രക്രിയ നടത്തുകയാണ് പതിവ്. എഫ്എല്‍സി സമയത്ത് ഏതെങ്കിലും ഇവിഎം ഭാഗം തകരാറിലായാല്‍, അത് നന്നാക്കാന്‍ നിര്‍മാതാക്കളായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന് (ബിഇഎല്‍) അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് തിരികെ നല്‍കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ ഇവിഎമ്മുകള്‍ തകരാറിലായത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വെങ്കിടേഷ് നായിക്കിന് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം വിവിപാറ്റുകളും സിയു-കളും തെരഞ്ഞെടുപ്പിന് തയ്യാറാക്കുന്നതിനിടയില്‍ പലപ്പോഴും തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്. വോട്ടെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും സഹിതം മെഷീനുകളില്‍ ഇന്‍പുട്ട് ചെയ്യുമ്പോള്‍ പോലും ഈ പ്രശ്‌നം നിലനിന്നിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, തകര്‍ച്ച മൂലം കൂടുതല്‍ മെഷീനുകള്‍ ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നാണ് കമ്മീഷനെ സമീപിച്ചത്.

മെഷീനില്‍ വലിയ രീതിയില്‍ ഇന്‍പുട്ട് സ്വീകരിക്കാതെ നിരസിച്ചതായി കമ്മീഷന്‍ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാല്‍ ബാലറ്റ് യൂണിറ്റുകള്‍ (ബിയു), കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സിയു), വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലുകള്‍ (വിവിപാറ്റുകള്‍) എന്നിവയ്ക്ക് 5% വരെ ഇന്‍പുട്ട് നിരസിച്ചതായി പറയുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ പട്ടികയുടെ (എഫ്എല്‍സി) അവസാന ഇന്‍പുട്ട് മെഷീനുകള്‍ക്ക് നല്‍കുന്ന സമയത്ത്, ചില സംസ്ഥാനങ്ങളില്‍ ഇന്‍പുട്ടിന്റെ നിരാസ നിരക്ക് 30% വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് സാധാരണഗതിയില്‍ കണ്ടുവരുന്ന നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്.

ഉത്തരാഖണ്ഡിലെ അസിസ്റ്റന്റ് സിഇഒയില്‍ നിന്ന് 2018 നവംബര്‍ 1-ന് ലഭിച്ച ഫസ്റ്റ് ലെവല്‍ ചെക്കിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കണ്‍ട്രോള്‍ യൂണിറ്റുകളുടെ (സിയു) നിരക്ക് 38 ശതമാനമാണ് കാണിച്ചത്. 2018 ഡിസംബര്‍ 21-ന്, തെക്ക്, വടക്ക്-പടിഞ്ഞാറ്, കിഴക്കന്‍ ജില്ലകളില്‍ നടത്തിയ എഫ്എല്‍സിയില്‍ ഉയര്‍ന്ന തോതിലുള്ള വിവിപാറ്റ് പരാജയം റിപ്പോര്‍ട്ട് ചെയ്ത് ഡല്‍ഹി സിഇഒയുടെ ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് കൂടുതല്‍ യൂണിറ്റുകള്‍ ആവശ്യപ്പെടുകയും ചെയ്തു. അതുപോലെ, പരിശീലനത്തിനും ബോധവത്കരണത്തിനുമായി ഉപയോഗിക്കുന്ന പകുതിയിലധികം വിവിപാറ്റുകളും തകരാറിലായതായി ചൂണ്ടിക്കാട്ടി, അധിക വിവിപാറ്റുകള്‍ക്കായുള്ള സമാനമായ അഭ്യര്‍ത്ഥനയുമായി ആന്‍ഡമാന്‍ സിഇഒയുടെ ഓഫീസും 2019 മാര്‍ച്ച് ആദ്യവാരം ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ഏപ്രില്‍ 11 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടടുത്ത് ഇസിയെ സമീപിച്ചിരുന്നു. ആദ്യ തലത്തിലുള്ള സാങ്കേതിക പരിശോധനയ്ക്ക് ശേഷവും 12% വിവിപാറ്റുകള്‍ പരാജയപ്പെട്ടുവെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. 14% സിയു തകരാറിലായ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ വേണമെന്നു കേരളവും ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത ദ ഇന്ത്യന്‍ എക്സ്പ്രസ് പ്രതികരണത്തിനായി അയച്ച ചോദ്യങ്ങളോട് ബിഇഎല്ലും ഇസിഐഎല്ലും പ്രതികരിച്ചിട്ടില്ല. എക്സ്പ്രസിന്റെ ചോദ്യങ്ങള്‍ക്ക് ഇസി നേരിട്ട് മറുപടി നല്‍കുന്നതിന് പകരം എഫ്എല്‍സി പ്രക്രിയയെക്കുറിച്ചുള്ള കുറച്ച് പുതിയ ചോദ്യങ്ങള്‍ ഉപയോഗിച്ച് അതിന്റെ വെബ്സൈറ്റില്‍ പങ്കിടുകയാണ് ചെയ്തത്.

ഓരോ തിരഞ്ഞെടുപ്പിന് ശേഷവും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയലുകള്‍ (വിവിപാറ്റുകള്‍) എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വിശകലനം നടത്താറുണ്ട്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, സാങ്കേതിക വിദഗ്ധ സമിതി (TEC) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL), ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) എന്നിവയുമായി സഹകരിച്ച് സമഗ്രമായ വിശകലനം നടത്തിയിരുന്നു. എന്നിരുന്നാലും, കോവിഡ് മഹാമാരി കാരണം വിശകലനം വൈകി. എം-3 വിവിപാറ്റുകളുടെ പുനക്രമീകരണ നിരക്ക് കുറയ്ക്കുന്നതിനും വോട്ടര്‍മാര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്ന് ഈ വിശകലനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍