UPDATES

ക്ഷേത്ര മരിച്ചതെങ്ങനെ, രഥം കയറിയോ ചവിട്ടേറ്റോ?

‘കരള്‍ മുഴുവന്‍ തകര്‍ന്നിരുന്നു, കഴുത്തില്‍ കയര്‍ ഉരഞ്ഞ വലിയ പാടും’

                       

ഉത്സവാഘോഷത്തിന്റെ ആൾത്തിരക്കും ആവേശവും കളിചിരികളും പെട്ടന്നാണ്  കണ്ണീരിന്റെ പാതയിലേക്ക് മാറിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഉത്സവം കാണാൻ എത്തിയതായിരുന്നു അഞ്ചു വയസുകാരി ക്ഷേത്രയും. എന്നാൽ ഈ ഭൂമിയിലെ തന്റെ അവസാന ദിവസമായിരിക്കുമിതെന്ന് ആ കുഞ്ഞ് ഒരിക്കലും വിചാരിച്ചു കാണില്ല. കൊറ്റൻകുളങ്ങര ചമയവിളക്ക് ആഘോഷത്തിന്റെ ഭാഗമായുള്ള വണ്ടിക്കുതിര വലിക്കുന്ന ചടങ്ങിനിടെ അപ്രതീക്ഷിതമായാണ് കുഞ്ഞു ക്ഷേത്രയെ മരണം തേടിയെത്തുന്നത്. സന്തോഷത്തോടെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ കൊച്ചു കുടുംബത്തിന് മേൽ വിധിയുടെ കരിനിഴൽ പതിഞ്ഞത് ആരുമറിഞ്ഞില്ല. ക്ഷേത്രയെ രക്ഷിക്കാനുള്ള ഫലങ്ങളെല്ലാം വിഫലമാകുകയായിരുന്നു.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കുതിരകളെ തിരികെ ദേവിയുടെ അടുത്തേക്ക് കൊണ്ട് വരുന്ന ചടങ്ങുണ്ട്, അതായത് കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ നിന്ന് കടത്താറ്റു വയലിലിൽ എത്തിച്ച കെട്ടുകാഴ്ച തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. അതിനു വേണ്ടി വന്നപ്പോഴാണ് അപകടമുണ്ടായത്. അമ്പല കമ്മിറ്റിയിൽ ഉള്ളവർ  ക്ഷേത്രയുട ദേഹത്തിന് മുകളിലൂടെ രഥത്തിന്റെ ചക്രം കയറിയാണ് മരിച്ചെന്നാണ് പറയുന്നത്. മറ്റു ചിലർ തിക്കിലും തിരക്കിലും ചവിട്ട് കൊണ്ടാകാം മരണം എന്നാണ് പറയുന്നത്. മരണ കാരണം ഇപ്പോഴും വ്യക്തമല്ല. ഇൻക്വസ്റ്റ് നടത്തുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു. ക്ഷേത്രയുടെ കരൾ മുഴുവനായും തകർന്ന നിലയിലായിരുന്നു. മണ്ണിൽ പുതഞ്ഞ കയർ ഉരഞ്ഞ വലിയ ഒരു പാടുണ്ട് കഴുത്തിൽ. ക്ഷേത്ര താഴെ വീണപ്പോൾ ആരെങ്കിലും ചവിട്ടിയതാകാം മരണ കാരണം എന്നാണ് നിഗമനം. അഞ്ചു വയസ്സായ കുഞ്ഞിന്റെ ശരീരത്തിലൂടെ വണ്ടി കുതിരയുടെ ചക്രം കയറി ഇറങ്ങിയാൽ ചതഞ്ഞരഞ്ഞ് പോകും, പക്ഷെ കുഞ്ഞിന്റെ ശരീരത്തിൽ അത്തരത്തിൽ യാതൊരു വിധത്തിലുള്ള പാടുകളും ഉണ്ടായിരുന്നില്ല. അപകടം നടന്ന് ഉടൻ തന്നെ ഉത്സവ കമ്മിറ്റി അംഗങ്ങളും പോലീസും ചേർന്ന് ക്ഷേത്രയെ ഫൗണ്ടേഷൻ ആശുപത്രിയിലും തുടർന്ന് കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരു പാട് രക്തം നഷ്ടപ്പെട്ടിരുന്നു, പൂർണമായ റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരികയുള്ളു, എന്നാണ് തെക്കുംഭാഗം ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡന്റും തെക്കുംവിള വാർഡ് മെമ്പറുമായ പ്രഭാകരൻ പിള്ള പറയുന്നത്.

ആഘോഷത്തിരക്കിൽ വച്ച് ചെറിയ കയറ്റത്തിലേക്ക് കയറിയ രഥം തിരിച്ചിറങ്ങി വരികയായിരുന്നു. ആളുകൾ പരിഭ്രാന്തരാകുകയും ക്ഷേത്രക്ക് ഓടാൻ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ തിരക്കിൽ ക്ഷേത്രയെ എടുത്ത് കൊണ്ട് ഓടാൻ മാതാ പിതാക്കൾക്കും കഴിഞ്ഞില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ക്ഷേത്രയുടെ. അച്ഛൻ രമേശിന് കൂലിപ്പണിയാണ് ‘അമ്മ ജിജിയ്ക്ക് ചെറിയ രീതിയിലുള്ള കേക്ക് ഉണ്ടാകുന്ന സംരംഭമുണ്ട്. എന്നല്ലാതെ മറ്റ് വരുമാനമൊന്നും കുടുംബത്തിനില്ല. ക്ഷേത്ര കമ്മിറ്റി ചേർന്ന് ഒരു തീരുമാനം എടുക്കാം എന്നാണ് നിലവിൽ പറഞ്ഞിരിക്കുന്നത്’ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്റെ വാക്കുകൾ.

ചവറ തെക്ക് ഗവ. എൽ.വി.എൽ.പി.സ്കൂളിലെ മിടുക്കിയായ വിദ്യാർത്ഥിയാണ് ക്ഷേത്ര. നൃത്ത പരിപാടികളിലും പാട്ടിലും എല്ലാം മുൻപന്തയിലാണ് കുഞ്ഞു ക്ഷേത്ര. മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍