November 02, 2024 |
Share on

മിസൈല്‍ ആക്രമണം: ഇസ്രയേലില്‍ ഒരു മലയാളി കൊല്ലപ്പെട്ടു

പരിക്കേറ്റവരിലും രണ്ടു മലയാളികള്‍

ഇസ്രയേലില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. രണ്ടു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ഇടുക്കി സ്വദേശി പോള്‍ മെല്‍വിന്‍, ബുഷ് ജോസഫ് ജോര്‍ജ് എന്നിവരാണ് പരിക്കേറ്റ മലയാളികള്‍.

ലെബനനില്‍ നിന്നും അയച്ച ടാങ്ക് വേധ മിസൈല്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ മാര്‍ഗലിയോട്ടില്‍ നടത്തിയ സ്‌ഫേടനത്തിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ഗലീലി മേഖലയിലുള്ള മാര്‍ഗലിയോട്ടിലെ ഒരു തോട്ടത്തിലാണ് മിസൈല്‍ പതിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനമെന്നാണ് മേഗന്‍ ഡേവിഡ് ആഡം(എംഡിഎ) സുരക്ഷവിഭാഗത്തിന്റെ വക്താവ് സാക്കി ഹെല്ലര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കൊല്ലപ്പെട്ട പാറ്റ്‌നിബന്‍ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും ശരീരത്തും പരിക്കേറ്റ ബുഷ് ജോര്‍ജിനെ പെറ്റ ടിക്വയിലുള്ള ബെയ്‌ലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ബുഷ് ജോര്‍ജിന് ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പിടിഐയോട് പറഞ്ഞു. മെല്‍വിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വടക്കന്‍ നഗരമായ സാഫെദില്‍ സ്ഥിതി ചെയ്യുന്ന സിവ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മെല്‍വിന് നിസാര പരിക്കുകളേ ഉണ്ടായിട്ടുള്ളു. സഫോടനത്തില്‍ മൊത്തം ഏഴു പേര്‍ക്ക് പരിക്കേറ്റതായി എംഡിഎ അറിയിച്ചിട്ടുണ്ട്.

തോട്ടത്തില്‍ ജോലി ചെയ്തിരുന്ന വിദേശ ജോലിക്കാരാണ് സ്‌ഫോടനത്തിന്റെ ഇരകളായതെന്നാണ് എംഡിഎ പറയുന്നത്. ഇവരെ വ്യോമസേന ഹെലികോപ്റ്ററിലും ആംബുലന്‍സുകളിലുമായാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ലെബനോണ്‍ ആസ്ഥനമായ ഹിസ്ബുള്ളയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇസ്രയേല്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടു മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന് പ്രതികാരമെന്നോണം ഹിസ്ബുള്‍ റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വടക്കന്‍ ഇസ്രയേലില്‍ ദിവസേന ആക്രമണം നടത്താറുണ്ടെന്നാണ് ഔദ്യോഗിക പ്രതികരണം. തിങ്കളാഴ്ച്ച ഉണ്ടായ ആക്രമണത്തിന് തിരിച്ചു തങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നുണ്ട്.

Advertisement