UPDATES

വിദേശം

‘ഡ്രാഗണ്‍ ഫ്ളൈ’; റഷ്യയ്ക്കെതിരേ അമേരിക്കന്‍ സഹായത്തോടെ യുക്രെയ്ന്റെ രാത്രി ആക്രമണം

20 മാസത്തോളമായി റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട്.

                       

20 മാസത്തോളമായി റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട്. 44 ദശലക്ഷം മാത്രം ജനസംഖ്യയുള്ള യുക്രെയ്നെ വേഗത്തില്‍ തോല്‍പ്പിക്കാമെന്നായിരിക്കണം റഷ്യ കരുതിയിരുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് റഷ്യക്ക് ബോധ്യമാകുന്ന നാളുകളായിരുന്നു ഇത്. യുക്രെയ്ന്‍ നടത്തിവരുന്ന പ്രതിരോധത്തിനു മുന്നില്‍ റഷ്യക്ക് പലപ്പോഴും അടിപതറി. വന്‍തോതിലുള്ള മിസൈല്‍ ആക്രമണങ്ങളാണ് യുക്രെയ്നു നേരെ റഷ്യ അഴിച്ചുവിട്ടത്. ഇപ്പോഴതിന് മറുപടിയായി വന്‍ തിരിച്ചടിയാണ് യുക്രെയ്ന്‍ നടത്തിയിരിക്കുന്നത്.

യു എസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകളായ എ.ടി.എ.സി.എം.എസ് (ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം) മിസൈലുകള്‍ യുക്രെയ്ന്‍ ആദ്യമായി റഷ്യയ്‌ക്കെതിരേ ഉപയോഗിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വെളിപ്പെടുത്തിയിരിക്കുന്നു. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ അവയെ വിന്യസിക്കുകയും ”വളരെ കൃത്യമായി ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു” എന്നാണ് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പ്രത്യേകമായി നന്ദി രേഖപെടുത്തുന്നു. പ്രസിഡന്റ് ബൈഡനുമായുള്ള യുക്രെയ്ന്റെ കരാറുകള്‍ നടപ്പിലാക്കുകയാണ്. ഈ മിസൈലുകള്‍ അത് തെളിയിച്ചിരിക്കുന്നു’ എന്നും വ്‌ളാഡിമിര്‍ സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന് മിസൈലുകള്‍ നല്‍കിയതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചിരുന്നു ‘റഷ്യന്‍ സേനയെ അപകടപ്പെടുത്താതെ എ.ടി.എ.സി.എം.എസ് ( ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം) യുക്രെയ്ന് വേണ്ട സഹായങ്ങള്‍ ചെയുമെന്ന് വിശ്വസിക്കുന്നു എന്ന് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് എഡ്രിയന്‍ വാട്സണും അറിയിച്ചു.

റഷ്യന്‍ അധീനതയിലുള്ള രണ്ട് എയര്‍ബേസുകളില്‍ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ യുക്രെയ്ന്‍ എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിച്ചതായി നിരവധി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ഡ്രാഗണ്‍ ഫ്‌ളൈ’ എന്ന് പേരിട്ടിരിക്കുന്ന ഒരു രാത്രി ആക്രമണം ബെര്‍ഡിയന്‍സ്‌കിലെ സൈനിക എയര്‍ഫീല്‍ഡിലും ലുഹാന്‍സ്‌കിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒമ്പത് റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകളും ആന്റി -എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനവും വെടിമരുന്ന് സംഭരണശാലയും വിജയകരമായി തകര്‍ത്തതായി യുക്രെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ATACMS ഞങ്ങളോടൊപ്പമുണ്ട്’ എന്ന അടിക്കുറിപ്പിനൊപ്പം യുക്രെയ്ന്‍ ഉദ്യോഗസ്ഥനായ ഒലെക്സി ഗോന്‍ചാരങ്കോ ബെര്‍ഡിയന്‍സ്‌കിലെ എ.ടി.എ.സി.എം.എസ്( ATACMS) അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഒരു ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. 100 മൈലോ അതിലധികമോ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന എ.ടി.എ.സി.എം.എസ്-നായി യുക്രെയ്ന്‍ മാസങ്ങളായി യു എസ്സുമായി കൂടിയാലോചനകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സ്വന്തം ശേഖരം പരിമിതമായതിനാല്‍ മിസൈലുകള്‍ നല്‍കാന്‍ വാഷിംഗ്ടണ്‍ ആദ്യം വിമുഖത കാണിച്ചിരുന്നു.

പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും സൈനിക നടപടികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ യുക്രെയ്ന്‍ സര്‍ക്കാരിലേക്ക് റെഫര്‍ ചെയ്കയും ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച പറഞ്ഞു.

റഷ്യന്‍ സൈനിക ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത യുക്രെയ്ന്‍ ആക്രമണത്തെ കുറിച്ച് റഷ്യ ഇത് വരെ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ വ്യോമസേനയുമായി അടുത്ത ബന്ധമുള്ള ടെലിഗ്രാം ചാനലായ ഫൈറ്റര്‍ബോംബര്‍ (Fighterbomber ), 20 മാസത്തോളമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ റഷ്യന്‍ വ്യോമയാനത്തിന്മേലുള്ള ‘ഏറ്റവും ഗുരുതരമായ സ്ട്രൈക്കുകളില്‍ ഒന്നായാണ് ഡ്രാഗണ്‍ഫ്‌ളൈ ആക്രമണത്തെ വിശേഷിപ്പിച്ചത്. കൂടാതെ യുക്രെയ്‌നിന്റെ ആക്രമണത്തില്‍ ആളുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്‌നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട എ.ടി.എ.സി.എം.എസ്(ATACMS) മിസൈലുകളുടെ എണ്ണവും അവയുടെ വ്യാപ്തിയും അജ്ഞാതമായി തുടരുമ്പോള്‍, ദീര്‍ഘദൂര റഷ്യന്‍ സൈനിക ലോജിസ്റ്റിക്‌സിനെ ടാര്‍ഗെറ്റ് ചെയ്യാനുള്ള കേവിന്റെ ശേഷി ഉയര്‍ത്തുന്ന നീക്കമായി ഇതിനെ കണക്കാകാം.

‘യുദ്ധത്തിന്റെ പുതിയൊരു അധ്യായം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു. യുക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനികര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളൊന്നും തന്നെയില്ലെന്നും യുക്രേനിയന്‍ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ മിഹയ്‌ലോ പോഡോലിയാക് ട്വീറ്റ് ചെയ്തു. കിഴക്കന്‍ യുക്രെയ്ന്‍ പട്ടണമായ അവ്ദിവ്കയില്‍ റഷ്യ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് യുക്രയ്‌ന്റെ ഈ പ്രത്യാക്രമണം. ഇത് റഷ്യന്‍ സേനക്ക് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. സപ്പോരിജിയയ്ക്ക് സമീപം റഷ്യയുടെ ആദ്യത്തെ പ്രതിരോധനിര തകര്‍ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് യുക്രയ്ന്‍.

അവ്ദിവ്കയ്ക്കും കുപ്യാന്‍സ്‌കിനും ചുറ്റുമുള്ള കിഴക്കന്‍ യുക്രെയ്‌നിയന്‍ മേഖലകളും റഷ്യയുടെ കനത്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. യുക്രെയ്ന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപ ദിവസത്തെ ആക്രമണങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഈ മേഖലയ്ക്കുണ്ടായിട്ടുണ്ട്.

എന്താണ് എ.ടി.എ.സി.എം.എസ് (ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം)

MGM -140 എ.ടി.എ.സി.എം.എസ് എന്നത് ഒരു ദീര്‍ഘ ദൂര ഗൈഡഡ് മിസൈല്‍ സംവിധനാമാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന ഒരു ടാക്ടിക്കല്‍ ബാലിസ്റ്റിക് മിസൈലാണ് എ.ടി.എ.സി.എം.എസ്. ഇത് ഒരു സോളിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്നു. 13 അടി (4.0 മീറ്റര്‍) ഉയരവും 24 ഇഞ്ച് (610 മിമി) വ്യാസവുമുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ റേഞ്ച് വേരിയന്റുകള്‍ക്ക് 190 മൈല്‍ (300 കി.മീ) വരെ ഉയരത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ട്രാക്ക് ചെയ്ത M270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം (MLRS), ചക്രങ്ങളുള്ള M142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം(HIMARS) എന്നിവയില്‍ നിന്നാണു മിസൈലുകള്‍ വിക്ഷേപിക്കുന്നത്. ആര്‍ട്ടിലറി പൊസിഷനുകള്‍, എയര്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, തുടങ്ങി ശത്രുക്കള്‍ക്കെതിരായ കൃത്യമായ ആക്രമണത്തിനായാണ് എ.ടി.എ.സി.എം.എസ് മിസൈലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര, മിസൈല്‍ ആക്രമണങ്ങള്‍ക്കാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. യു എസ്സിന് എ.ടി.എ.സി.എം.എസ്‌ന്റെ അത്ര വലിയ ശേഖരമില്ലെന്നാണ് എ ബി സി ന്യൂസിന്റെ റിപ്പോര്‍ട്ട്.

Share on

മറ്റുവാര്‍ത്തകള്‍