UPDATES

എഡിറ്റേഴ്സ് പിക്ക്

അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഉയര്‍ന്ന ജീവിത സ്വപ്‌നങ്ങളുമാണ് എന്ത് റിസ്‌ക് എടുക്കാനും ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്

                       

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍-അമേരിക്കന്‍ അതിര്‍ത്തിവഴിയുള്ള അനധികൃത കുടിയേറ്റം ബൈഡന്‍ ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണെന്നും ദ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സമാഹരിച്ച കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം(കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ സെപ്തംബര്‍ വരെ) 42,000 ഇന്ത്യക്കാര്‍ തെക്കന്‍ അതിര്‍ത്തിവഴി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട്. ഈ കണക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇരട്ടിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായി 1,600 ഇന്ത്യക്കാര്‍ കടന്നു കയറിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്ക് താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വര്‍ദ്ധനവനാണ് ഉണ്ടായിരിക്കുന്നതെന്ന് കാണാമെന്നും അമേരിക്കന്‍ അധികൃതര്‍ പറയുന്നു.

2007 മുതലുള്ള കണക്ക് നോക്കിയാല്‍, ഓരോ സാമ്പത്തിക വര്‍ഷത്തിലും അമേരിക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി കടന്ന ഇന്ത്യക്കാരുടെ എണ്ണം 5,000 ല്‍ അധികമായത് നാല് തവണ മാത്രമാണ്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പൗരന്മാരെ രാജ്യം വിടുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നതും ഈ റിപ്പോര്‍ട്ടിലെ ഗൗരവമേറിയ കണ്ടെത്തലാണ്.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പഞ്ചാബ് സ്വദേശിയായ അര്‍ഷദീപ് സിംഗിന്റെ അനുഭവം പറയുന്നുണ്ട്. നിയമവിരുദ്ധ കുടിയേറ്റത്തിന് പിടിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഒരാളാണ് അര്‍ഷദീപ്.

ലോകത്തിന്റെ പല കോണുകളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരാളായിരുന്നു 23 കാരനായ ആ ചെറുപ്പക്കാരനും. ഒരു സിഖ് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരുന്ന അര്‍ഷദീപ് സിംഗിന് ബിജെപി പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായി. ഭീഷണി ആവര്‍ത്തിച്ചതോടെ, പിതാവാണ് അര്‍ഷദീപിനോട് ഇന്ത്യ വിടാന്‍ ഉപദേശിച്ചത്. അമേരിക്കയായിരുന്നു അയാളുടെ ലക്ഷ്യം, മാര്‍ഗം അനധികൃതവും.

കഴിഞ്ഞ വേനല്‍ക്കാലത്താണ് വടക്കേയിന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്ര അര്‍ഷദീപ് ആരംഭിച്ചത്. 40 ദിവസത്തോളം തുടര്‍ന്ന ആ യാത്രയില്‍ അയാളുടെ വഴികള്‍ നിശ്ചയിച്ചുകൊണ്ടിരുന്നത്, അയാള്‍ കണ്ടിട്ടില്ലാത്തൊരു വ്യക്തിയുടെ ഫോണില്‍ കൂടിയുള്ള ശബ്ദമായിരുന്നു. അര്‍ഷദീപിനെ അമേരിക്കയില്‍ എത്തിക്കാമെന്ന് ഉറപ്പു കൊടുത്തിരുന്നവര്‍ ദിവസങ്ങളുടെ ഇടവേളയില്‍, അയാളുടെ വിമാന യാത്രകള്‍ക്കാവശ്യമായ ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ്സുകള്‍ അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഒപ്പം അര്‍ഷദീപിനുള്ള നിര്‍ദേശങ്ങളും ഓരോരോയിടങ്ങളിലും ആരെയൊക്കെയാണ് കാണേണ്ടതെന്നുള്ള വിവരങ്ങളും.

ന്യൂഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന അര്‍ഷദീപ് സിംഗ് ആദ്യമിറങ്ങുന്നത് ഹംഗറിയിലായിരുന്നു. അവിടെ അയാള്‍ക്ക് 10 ദിവസം തങ്ങേണ്ടി വന്നു. കിടക്കാന്‍ ഒരു ചെറിയ മുറിയും വിശപ്പകറ്റാന്‍ കുറച്ച് ബ്രെഡ് കഷ്ണങ്ങളും വെള്ളവും കിട്ടി. ഹംഗറിയില്‍ നിന്നുള്ള യാത്ര ഫ്രാന്‍സിലേക്കായിരുന്നു. അവിടെ നിന്നും മെക്‌സിക്കോ സിറ്റിയിലേക്ക്. മെകിസിക്കോ സിറ്റിയില്‍ ഒരാഴ്ച്ചയോളം ഒരു മുറിക്കുള്ളില്‍ ബന്ദിയെന്നപോലെ കഴിയേണ്ടി വന്നു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു വിമാനത്തില്‍ കയറ്റി വിട്ടു. അതില്‍ നിന്നിറങ്ങിയ ശേഷം നീണ്ട ബസ് യാത്ര. ബസ് ഇറങ്ങിയശേഷം ആരോ ഒരാളുടെ ട്രക്കിലേക്ക്. അമേരിക്കന്‍ അതിര്‍ത്തിയുടെ ഏകദേശം അടുത്ത് വരെ ആ ട്രക്ക് ഉണ്ടായിരുന്നു എന്നാണ് അര്‍ഷദീപ് സിംഗ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് വിവരിച്ച തന്റെ കഥയില്‍ പറയുന്നത്.

കാല്‍ഫോര്‍ണിയായിലേക്കായിരുന്നു സിംഗ് അതിര്‍ത്തി കടന്നെത്തിയത്. പട്ടിണി കൊണ്ട് തീര്‍ത്തും അവശനായ നിലയിലായിരുന്നു അപ്പോള്‍. അധികൃതരുടെ കണ്ണില്‍പ്പെട്ടതോടെയാണ് അയാളെ ഒരു അമേരിക്കന്‍ പ്രോസസ്സിംഗ് ഓഫിസിലെത്തിക്കുന്നത്. അവിടെ അയാളെപ്പോലെയുള്ള നിരവധി പേരെ അര്‍ഷദീപ് കണ്ടു, എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് അയാളുടെതിന് സമാനമായ കഥ തന്നെയായിരുന്നു. പഞ്ചാബില്‍ നേരിട്ട അതേ ഭീതി തന്നെയാണ് അമേരിക്കയിലെത്തിയപ്പോഴും അര്‍ഷദീപിന്റെ ജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്നത്.

ഇന്ത്യക്കാരെ അപകടകരമാണെന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരം അതിര്‍ത്തി കടക്കലിന് പ്രേരിപ്പിക്കുന്ന പലഘടകങ്ങളുമുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. അതിലൊന്നായി അവര്‍ പറയുന്നത്, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടകളാണ് ആളുകളെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്. ഇത്തരത്തില്‍ അനധികൃതമായി കടന്നു കയറുകയും ശേഷം എന്തെങ്കിലും ജോലിയൊക്കെ കിട്ടി അമേരിക്കയില്‍ തുടരാന്‍ സാധിക്കുകയും ചെയ്യുന്നവരുടെ ‘ വിജയകഥകള്‍’ സോഷ്യല്‍ മീഡിയ വഴി പുറത്ത് പരക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുന്നത് അത്തരം കഥകളാണ്. അനധികൃത കുടിയേറ്റത്തിനൊരുങ്ങുന്നവരുടെ മുന്നില്‍ രക്ഷകരായി അവതരിക്കുന്ന നിയമവിരുദ്ധ ട്രാവല്‍ എജന്റുമാര്‍ അവസരം നന്നായി മുതലെടുക്കുന്നുണ്ട്. അവര്‍ ഓരോ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കും കടന്നു ചെല്ലുകയാണ്; പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവ് തങ്ങളുടെ അതിര്‍ത്തി വഴി നടക്കുന്ന അനധികൃത കുടിയേറ്റം തടയുന്നതില്‍ ബുദ്ധിമുട്ട് കൂട്ടുകയാണെന്ന് യു എസ് അധികൃതര്‍ പറയുന്നു. അമേരിക്കയ്ക്ക് സ്ഥാപിതമായ ബന്ധങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ അവരെ തിരിച്ചയക്കുന്നതില്‍ കാലതാമസം ഉണ്ടാവുകയും അമിത ചെലവ് വഹിക്കേണ്ടി വരികയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023 സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോള്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് സംഖ്യ ഇത്രയും വലുതാകുന്നത്. 2022 ലും ഇതേ കണക്ക് എത്തിയിരുന്നു.

ലോകമെമ്പാടുമായി നടക്കുന്ന കൂട്ട കുടിയേറ്റ പ്രവണതയിലേക്കാണ് ഈ കണക്ക് വിരല്‍ ചൂണ്ടുന്നതെന്നാണ് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോളീന്‍ പുറ്റ്‌സല്‍ കവനോ ചൂണ്ടിക്കാണിക്കുന്നത്. നിയമപരമായ വഴിയിലൂടെ വരാന്‍ സാധിക്കാത്ത ഇതരരാജ്യക്കാര്‍ അവരുടെതായ വഴിയിലൂടെ അമേരിക്കയിലേക്ക് വരുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഈ വാഷിംഗ്ടണ്‍ ചിന്തകന്‍ പറയുന്നു.

കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളുടെ കണക്കില്‍ പരിശോധിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം അറസ്റ്റിലായവരുടെ എണ്ണം ഇതാദ്യമായി മെക്‌സിക്കോ, ഇക്വഡോര്‍, ഗ്വാട്ടിമല, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെക്കാള്‍ കൂടുതലാണെന്നും കവനോ പറയുന്നുണ്ട്.

ഇന്ത്യക്കാരെ സംബന്ധിച്ച് അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള നിയമപരമായ വഴികള്‍ എളുപ്പത്തില്‍ സാധ്യമാകുന്നതല്ല, കുറച്ച് ബുദ്ധിമുട്ടേറിയതാണ്. മുന്‍കാലങ്ങളില്‍ ടൂറിസ്റ്റ് വീസയില്‍ എത്തിയ ഇന്ത്യാക്കാര്‍ കാലാവധി ലംഘിച്ച് അനധികൃതമായി തങ്ങുന്ന പ്രവണതയുണ്ടായിരുന്നു. തെക്കന്‍ അതിര്‍ത്തിവഴിയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന്റെ മറ്റൊരു രൂപമായിരുന്നുവത്. ഗവണ്‍മെന്റ് രേഖകള്‍ പ്രകാരം, യു എസ്സില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ നിന്നും രാഷ്ട്രീയമായും മതപരമായും നേരിടേണ്ടി വരുന്ന വേട്ടയാടലുകളെ തുടര്‍ന്ന് അഭയം തേടി കുടിയേറുന്ന കേസുകളില്‍ വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് കുടിയേറ്റ സംബന്ധ കേസുകള്‍ വാദിക്കുന്ന ഇന്ത്യന്‍ അഭിഭാഷകന്‍ ദീപക് ആലുവാലിയ പറയുന്നത്. ദീപക് ആണ് അര്‍ഷദീപ് സിംഗിനു വേണ്ടി വാദിക്കുന്നത്. സിഖ് സമുദായത്തില്‍ നിന്നാണ് ഇത്തരം കേസുകള്‍ കൂടുതലുമെന്നും ദീപക് പറയുന്നുണ്ട്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരം പ്രധാനമന്ത്രി മോദി കൈകാര്യം ചെയ്ത രീതി സിഖ് സമൂഹത്തില്‍ വലിയ തോതിലുള്ള അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മോദി പ്രതിനിധീകരിക്കുന്ന ബിജെപിയും ഹിന്ദുത്വ ദേശീയ വാദികളും മുന്നറിയിപ്പു പോലെ പ്രചരിപ്പിക്കുന്നത്, വിദേശത്തുള്ള സിഖ് സംഘടനകളുടെ പിന്തുണയോടെ രാജ്യത്ത് സിഖ് വിഘടനവാദം വളര്‍ത്തുകയാണെന്നാണ്. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയവരെ പിടികൂടാനെന്ന പേരില്‍ ഈ വര്‍ഷമാദ്യം പഞ്ചാബില്‍ മോദി സര്‍ക്കാര്‍ ആശയവിനിമയ നിയന്ത്രണം ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇതൊക്കെ സിഖ് സമുദായത്തില്‍ നിന്നും കൂടുതല്‍ പേരെ മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പറയുന്നത്.

നല്ലൊരു ജീവിതത്തിനു വേണ്ടി സാമ്പാദിക്കുക എന്നതാണ് ഓരോരുത്തരെയും എന്തു ത്യാഗം സഹിച്ചും അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് എത്തപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. നാട്ടില്‍ മാന്യമായ വരുമാനം ഇല്ലാതെ വരുന്നതുകൊണ്ടാണ് തങ്ങള്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നതെന്നാണ്, തിരിച്ചയക്കപ്പെട്ടവരില്‍ ചില ഇന്ത്യക്കാരുമായി സംസാരിച്ചതില്‍ നിന്നും മനസിലായതായി അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെത്താന്‍ സഹായിക്കാമെന്ന് പറയുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന പണം കൊടുക്കാന്‍ വേണ്ടി തങ്ങള്‍ക്ക് സ്വന്തമായതെന്തും വില്‍ക്കുകയാണ് ഭാഗ്യാന്വേഷികളായ മനുഷ്യര്‍.

അര്‍ഷദീപ് പറയുന്നത്, അവന്റെ പിതാവ് എത്ര പണം ഇടനിലക്കാര്‍ക്ക് നല്‍കിയെന്ന് കൃത്യമായി അറിയില്ലെന്നാണ്. എന്നാലും തന്റെ മകനെ അമേരിക്കയില്‍ എത്തിക്കാന്‍ വേണ്ടി ആ പിതാവ് തനിക്ക് സ്വന്തമായുണ്ടായിരുന്ന കൃഷി ഭൂമി വിറ്റിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 80 ശതമാനവും തനിച്ചു പോകുന്നവരാണ്. അരിസോണ വഴിയാണ് ഇവരില്‍ കൂടുതല്‍ പേരും എത്തുന്നത്. ഇവരുടെ യാത്ര പൊതുവില്‍ ‘ ഡോങ്കി ഫ്‌ളൈറ്റ്‌സ്’ എന്നാണറിയപ്പെടുന്നത്. ഇന്ത്യക്കാര്‍ക്ക് വീസ വേണ്ടത്തതോ, അതല്ലെങ്കില്‍ വളരെ എളുപ്പത്തില്‍ വീസകള്‍ ലഭ്യമാകുന്നതോ ആയ രാജ്യങ്ങളിലൂടെയുള്ള കുടിയേറ്റ യാത്രയാണ് ഡോങ്കി ഫ്‌ളൈറ്റ് എന്നറിയപ്പെടുന്നത്. ഡോങ്കി ഫ്‌ളൈറ്റ് വഴിയുള്ള അനധികൃത കുടിയേറ്റത്തിന്റെ കഥയാണ് ഷാരുഖ് ഖാന്‍-രാജ് കുമാര്‍ ഹിറാനി ചിത്രമായ ‘ ഡങ്കി’ പറയുന്നത്.

ഇത്തരം അനധികൃത കുടിയേറ്റ യാത്രയ്ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കഥയമുണ്ട്. അതിലൊന്ന് ആറു വയസുകാരി ഗുര്‍പ്രീത് കൗര്‍ ആണ്. പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ അരിസോണ മരുഭൂമിയില്‍ വച്ച് അവളുടെ ജീവിത യാത്ര അവസാനിക്കുകയായിരുന്നു. 2019-ല്‍ ആയിരുന്നു ആ സംഭവം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളിലെ നാല് പേരും ലക്ഷ്യമെത്തും മുന്‍പേ മരണത്തിന് കീഴടങ്ങി.

മരണമാണോ ജീവിതമാണോ മുന്നിലുള്ളതെന്ന് നിശ്ചയമില്ലെങ്കിലും ദുര്‍ഘടമായ വഴികള്‍ താണ്ടാന്‍ തയ്യാറായി ഇന്ത്യയില്‍ നിന്നും എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നുണ്ട്. മുന്‍പ് വര്‍ഷത്തില്‍ വേനക്കാലത്ത് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ എത്തുന്ന ചെറിയ ഇന്ത്യന്‍ സംഘങ്ങളെ കണ്ടിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ഇന്ത്യക്കാരെ കാണാറുണ്ടെന്നാണ് ഡിഗോ ലോപ്പസ് പറയുന്നത്. അരിസോണ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ സഹായിക്കാന്‍ ലാഭേച്ഛ നോക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നായ കാസ അലിറ്റാസിന്റെ ഡയറക്ടറാണ് ഡിഗോ പിന ലോപ്പസ്.

അര്‍ഷദീപ് സിംഗിന്റെ കേസ് പരിഗണിക്കുന്നത് കോടതി 2026-ലേക്ക് തള്ളി വച്ചിരിക്കുകയാണ്. കുടിയേറ്റ കേസുകള്‍ പരിഗണിക്കുന്ന അമേരിക്കന്‍ കോടതികളില്‍ ഇത്തരത്തിലുള്ള 2.6 മില്യണ്‍ പെന്‍ഡിംഗ് കേസുകളാണുള്ളതെന്നാണ് സിറാകസ് സര്‍വകലാശാലയിലെ ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്‌സെസ് ക്ലിയറിംഗ്ഹൗസില്‍ നിന്നുള്ള രേഖകള്‍ പറയുന്നത്.

അര്‍ഷീദ് സിംഗ് പറയുന്നൊരു കാര്യമുണ്ട്. അയാള്‍ ഇതുവരെയായിട്ടും തന്നെ പോലെ പിടികൂടപ്പെട്ട ഇന്ത്യക്കാരില്‍ ഒരാളോടു പോലും എന്തിനാണ് നാടുവിട്ടതെന്ന് ചോദിച്ചിട്ടില്ല. അവര്‍ക്കുള്ള ഉത്തരം എന്തായിരിക്കുമെന്ന് തനിക്കറിയാമെന്നാണ് അര്‍ഷദീപ് പറയുന്നത്. ” മറ്റൊരു വഴിയും ഇല്ലാത്തവര്‍ അല്ലാതെ ആരും സ്വന്തം വീട് ഉപേക്ഷിക്കില്ല” എന്നാണ് ഈ 23 കാരന്‍ ദ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍