UPDATES

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മിച്ച ഗ്രാമങ്ങള്‍ ജനവാസ കേന്ദ്രങ്ങളാക്കുന്ന ചൈനീസ് തന്ത്രം

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന അഞ്ച് വര്‍ഷത്തിലേറെയായി ഏകദേശം 628 ഗ്രാമങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്

                       

ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി) സംബന്ധിച്ച തര്‍ക്കങ്ങളില്‍ വ്യക്തതയില്ലായ്മ തുടരുന്ന സാഹചര്യത്തിലും അതിര്‍ത്തി മേഖലയില്‍ വീണ്ടും ഗ്രാമങ്ങള്‍ നിര്‍മിച്ചു ചൈന അവരുടെ പൗരന്മാരെ താമസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം എല്‍എസിയിലെ ചൈനയുടെ ഷിയോകാങ്(“Xiao-kang) മോഡല്‍ ഗ്രാമങ്ങളിലേക്കാണ് പൗരന്മാരെ സജീവമായി മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ലഡാക്ക് അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന അഞ്ച് വര്‍ഷത്തിലേറെയായി ഏകദേശം 628 ഗ്രാമങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ലോഹിത് താഴ്‌വരയ്ക്കും അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിനും അടുത്തുള്ള എല്‍എസിയുടെ സമീപത്തു നിര്‍മിച്ചിരിക്കുന്ന ഗ്രാമങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈന വീണ്ടും കൈ വശപ്പെടുത്താന്‍ തുടങ്ങിയതായി വിഷയത്തെ കുറിച്ച് അറിവുള്ള ഉദ്യോസ്ഥര്‍ എക്‌സ്പ്രസിനോട് പറയുന്നു.

എല്‍എസിയില്‍ ചൈന നിര്‍മിച്ച ഗ്രാമങ്ങളുടെ സ്വഭാവം വ്യക്തമല്ലെങ്കിലും, സൈനിക ആവശ്യങ്ങള്‍ക്കും, സാധാരണ ഗതിയില്‍ സിവില്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന വാസസ്ഥലങ്ങളാണ് ഇവയെന്നാണ് കണ്ടെത്തല്‍. എല്‍എസിക്കു മേലുള്ള ചൈനീസ് അവകാശ വാദങ്ങളെ ബലപ്പെടുത്താനായാണ് ഈ നീക്കമെന്ന ആശങ്കയും നിലവിലുണ്ട്. ഇതുവരെ, ഈ ഗ്രാമങ്ങളുടെ ഭാഗമായി എല്‍എസിയോട് ചേര്‍ന്ന് നിര്‍മിച്ച വലുതും വിശാലവുമായ ഇരുനില കെട്ടിടങ്ങളില്‍ ആള്‍പാര്‍പ്പില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനീസ് പൗരന്‍മാര്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കാനെത്തുന്നുണ്ട്. ഇവര്‍ സാധാരണക്കാരാണോ സൈനികരാണോ എന്നതില്‍ വ്യക്തതയില്ല.

തവാംഗ്, സില്‍ഗുരി ഇടനാഴി തുടങ്ങിയ സ്ഥലങ്ങള്‍ ഒഴികെ ജനസാന്ദ്രതയുള്ളതോ തന്ത്രപ്രധാനമായതോ ആയ പ്രദേശങ്ങളിലൂടെ എല്‍എസി സാധാരണയായി കടന്നുപോകുന്നില്ല. എന്നാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന എല്‍എസിയില്‍ ചൈന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതായി വാര്‍ത്ത സ്രോതസ്സുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് വിവരം നല്‍കുന്നു. ”അവര്‍ (ചൈനക്കാര്‍) തവാംഗിലെ എല്‍എസിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്, എന്നിട്ടും മതിയാവാതെ നിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ സിയാങ് താഴ്വര പോലുള്ള മറ്റ് പ്രദേശങ്ങളില്‍ പോലും ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചൈന ദ്രുതഗതിയില്‍ നിര്‍മിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറയുന്നു.

പാസുകള്‍ വഴിയുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, റോഡുകളും പാലങ്ങളും നിര്‍മിക്കുക, ചൈനയുടെ മാതൃക ഗ്രാമങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥിരമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂട്ടാന്‍ പ്രദേശത്ത് അതിര്‍ത്തി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ചൈന നിര്‍മിക്കുന്നുണ്ട്. ഫോര്‍വേഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍, എല്‍എസിയിലേക്ക് ഇതര റൂട്ടുകള്‍ നിര്‍മിക്കുക, അവയെ ബന്ധിപ്പിക്കുക തുടങ്ങി കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യയും ശക്തമാക്കിയിട്ടുണ്ട്.

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുകള്‍ക്ക് കീഴില്‍, ആദ്യ ഘട്ടത്തില്‍ 663 അതിര്‍ത്തി ഗ്രാമങ്ങളെ എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക ഗ്രാമങ്ങളാക്കി വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അവയില്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ചൈനയുടെ അതിര്‍ത്തിയിലുള്ള 17 ഗ്രാമങ്ങളെങ്കിലും പദ്ധതിക്ക് കീഴില്‍ ഒരു പൈലറ്റ് പ്രൊജക്റ്റായി വികസനത്തിനുവേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ അരുണാചല്‍ പ്രദേശില്‍, ട്രാന്‍സ്-അരുണാചല്‍ ഹൈവേ, ഫ്രോണ്ടിയര്‍ ഹൈവേ, ഈസ്റ്റ്-വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ, എന്നീ മൂന്ന് പ്രധാന ഹൈവേകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നേരത്തെ, അരുണാചല്‍ പ്രദേശിലെ ദിബാംഗ് താഴ്വരയില്‍, ചിലയിടങ്ങള്‍ വരെ മാത്രമേ റോഡുകള്‍ ഉണ്ടായിരുന്നുള്ളു, എന്നാല്‍ ഇപ്പോള്‍ താഴ്വരയുടെ എല്ലാ വശങ്ങളിലും റോഡുകള്‍ നിര്‍മിക്കുന്നുണ്ട്.

‘പാസുകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഇന്റര്‍-വാലി കണക്റ്റിവിറ്റിക്കായി ലാറ്ററലുകള്‍ സ്ഥാപിക്കുന്നതിനും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഹെലിപാഡുകളുടെയും അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകളുടെയും നിര്‍മാണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി’ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാലും പ്രവചനാതീതമായ കാലാവസ്ഥയുള്ള ഭൂപ്രദേശമായതിനാല്‍ നിര്‍മാണത്തിന് സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍