UPDATES

കായികം

സ്മൃതി മന്ദാനയുടെ ചൈനീസ് ആരാധകന്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സ്മൃതി മന്ദന എന്നിവരാണ് ജുന്‍ യു വിന്റെ ഹൃദയം കീഴടക്കിയ മൂന്ന് വ്യക്തിത്വങ്ങള്‍

                       

വലിയൊരു ആരാധകവൃന്ദമുണ്ട് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക്. എന്നാല്‍ ‘മന്ദാന ദ ഗോഡസ്’ എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുകൊണ്ട് ഒരു ചൈനീസ് യുവാവ് നില്‍ക്കുമെന്ന് സ്മൃതി കരുതിക്കാണില്ല. ക്രിക്കറ്റിനോടുള്ള ഇഷ്ടമാണ് ജുന്‍ യുവിനെ തന്റെ ആരാധനാപാത്രമായ സ്മൃതിയുടെ കളത്തിലെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ ബെയ്ജിംഗില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ച് ഹാങ്ഷൂവില്‍ എത്താന്‍ പ്രേരിപ്പിച്ചത്.

ഇതിനെല്ലാം തുടക്കം കുറിക്കുന്നത് യൂട്യൂബില്‍ നിന്നാണ്. ഒരിക്കല്‍ അവിചാരിതമായി കാണാന്‍ ഇടയായ യൂട്യൂബിലെ ക്രിക്കറ്റ് വിഡിയോസില്‍ നിന്ന് മൂന്ന് വ്യക്തികളും അവരുടെ ക്രിക്കറ്റിലെ അസാമാന്യ കഴിവും ജുന്‍ യുവിന്റെ ഹൃദയം കീഴടക്കി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സ്മൃതി മന്ദന എന്നിവരാണ് ജുന്‍ യു വിന്റെ ഹൃദയം കീഴടക്കിയ ആ മൂന്ന് വ്യക്തിത്വങ്ങള്‍.

‘2019 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ജസ്പ്രീത് ബുംറയുടെ സ്‌പെല്‍ ഞാന്‍ കണ്ടിരുന്നു. രോഹിത് ശര്‍മ്മയെയും, വിരാട് കോഹ്ലിയെയും ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. അവരാണ് കളിയിലെ ഇപ്പോഴത്തെ പ്രതിഭകള്‍. പിന്നെയുള്ളത്, സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമാണ്. 2019 ലെ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെ തിരായുള്ള മത്സരത്തില്‍ ബുംറ പുറത്തെടുത്തത് അസാധാരണ പ്രകടനമായിരുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ട്വന്റി-20 ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍ നേടിയതിനുശേഷമുള്ള യുവിന്റെ വാക്കുകള്‍.

‘ചൈനയില്‍ ക്രിക്കറ്റിന് ഇത്ര കണ്ട് പ്രചാരമില്ല. വളരെ കുറച്ച ക്രിക്കറ്റ് വേദികള്‍ മാത്രമാണുള്ളത്. പലര്‍ക്കും ക്രിക്കറ്റ് കളിക്കേണ്ടത് എങ്ങനെയാണെന്ന് പോലും അറിയില്ല. 2010 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ഗ്വാങ്ഷൗവില്‍ മാത്രമാണ് സ്ഥിരമായ ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്. അതും ചരിത്രപരമായ ചില കാരണങ്ങളാല്‍ നിലനില്‍ക്കുന്നു എന്ന് മാത്രം’- തന്റെ രാജ്യത്തിന്റെ ക്രിക്കറ്റ് താത്പര്യത്തെക്കുറിച്ച് ആ ചൈനീസ് യുവാവ് പറയുന്നു.

ചൈനയിലെ സെജിയാങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കാമ്പസിലെ പിംഗ്ഫെങ് ക്രിക്കറ്റ് മൈതാനത്ത് തടിച്ചുകൂടിയ കാണികളില്‍ ഒരാളായിരുന്നു യു. ‘എനിക്ക് ആഗ്രഹമുണ്ടായാല്‍ പോലും ക്രിക്കറ്റ് കളിക്കാനാകില്ല. ഈ കാണുന്ന ഗ്രൗണ്ട് പോലും ശരിയായ ക്രിക്കറ്റ് ഗ്രൗണ്ട് അല്ല. ഇത് ഏഷ്യന്‍ ഗെയിംസിന് മുന്‍പ് ഒരു പൂന്തോട്ടമായിരുന്നു. ഗെയിംസിന് വേണ്ടി മാറ്റിയെടുത്തതാണ്. ഇതിന് മുന്‍പ് കുറച്ച് സന്നാഹ മത്സരങ്ങള്‍ നടത്തിയെന്നല്ലാതെ വേറെ മത്സരങ്ങള്‍ ഒന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട താരം ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ്. പക്ഷെ സച്ചിന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ്’; യു പറയുന്നു

എന്നാല്‍, ബുധനാഴ്ച നടക്കുന്ന ഇന്ത്യന്‍ പുരുഷ ടീമിന്റെ കളി കാണാന്‍ യു നില്‍ക്കുന്നില്ല ,’ബെയ്ജിംഗില്‍ നിന്ന് ഇവിടെ വരാന്‍ ഞാന്‍ 1000 യുവാന്‍ (11,400 ഇന്ത്യന്‍ രൂപ) ഇപ്പോള്‍ തന്നെ ചെലവഴിച്ചു. പഠന കാര്യങ്ങളുള്ളതിനാല്‍ എനിക്ക് ഇത്രയും ദിവസം മാറി നില്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ ചൊവ്വാഴ്ച ബെയ്ജിംഗിലേക്ക് മടങ്ങുകയാണ്’; ബെയ്ജിംഗിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സുവോളജി ബിരുദ വിദ്യാര്‍ത്ഥിയായ യു പറയുന്നു.

ദേശീയ പതാക വീശി ഇന്ത്യന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഏതാനും ഇന്ത്യക്കാരും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. അവരിലൊരാളായ നവനീത് സിംഗ്, ചൈനയില്‍ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു. ‘ കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനിവിടെയുണ്ട് എനിക്കിവിടെ തുണിയുടെ വ്യാപാരമാണ്. ചൈനയില്‍ ആരും ക്രിക്കറ്റ് കളിക്കാറില്ല. പക്ഷെ ഇന്ത്യന്‍ ചാനലുകളില്‍ ഞങ്ങള്‍ ക്രിക്കറ്റ് കാണാറുണ്ട്.

‘ഞങ്ങള്‍ക്കിവിടെ ഹാങ്സൗ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരില്‍ ഒരു ക്ലബ്ബുണ്ട്, എല്ലാ ഞായറാഴ്ചയും പ്രാക്ടീസ് ചെയ്യാറുമുണ്ട്. കൂടാതെ ഹാംഗ്ഷൂവിലും ഷാങ്ഹായിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കാറുണ്ട്.’ ‘ചൈനക്കാര്‍ ക്രിക്കറ്റ് കളിക്കില്ല, ഇനി ഏഷ്യന്‍ ഗെയിംസിന് ശേഷം എങ്ങനെയാകുമെന്ന് ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ ആരെങ്കിലുമൊക്കെ കളിക്കാന്‍ തുടങ്ങിയേക്കാം. ഞങ്ങള്‍ക്ക് (ഇന്ത്യക്കാര്‍ക്ക്) ഇവിടെ ക്ലബ്ബുകളുണ്ട്, ചിലപ്പോള്‍ ഇന്റര്‍-സിറ്റി ടൂര്‍ണമെന്റുകളും കളിക്കാറുണ്ട്. ഷാങ്ഹായില്‍ എപ്പോഴും ടൂര്‍ണമെന്റുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കോവിഡ് കാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കിവിടെ നിന്ന് 70 കി.മി അകലെയുള്ള ഷാവോക്‌സിംഗിലെ സ്റ്റേഡിയത്തില്‍ പോയി വേണം പ്രാക്ടീസ് ചെയ്യാന്‍. പക്ഷെ അത് ഒരു ഫുട്‌ബോള്‍ സ്റ്റേഡിയമാണ്; മുംബൈ സ്വദേശിയായ മനോജ് പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍