UPDATES

വിദേശം

ആരായിരുന്നു മൊഹമ്മദ് അല്‍- ഫയാദ്?

                       

കുടുംബം പോറ്റാന്‍ ശീതള പാനീയവും തയ്യല്‍ മെഷിനുമൊക്കെ വിറ്റു നടന്നൊരാള്‍. അവിടെ നിന്നും റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, കണ്‍സ്ട്രക്ഷന്‍ ബിസിനസുകളുമായി, ആദ്യം മിഡില്‍ ഈസ്റ്റിലും പിന്നീട് യൂറോപ്പിലും പടര്‍ന്ന് പന്തലിച്ച ശതകോടീശ്വരന്‍; മൊഹമ്മദ് അല്‍-ഫയാദിന്റെ ജീവിതം അറേബ്യന്‍ അത്ഭുത കഥയിലെ നായകന് സമാനമായിരുന്നു. എന്നാല്‍, തന്റെ 94 ആം വയസില്‍ മരിക്കുമ്പോള്‍ ഹാരോഡ്‌സ് മുന്‍ ചെയര്‍മാനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത് മറ്റൊരു വഴിയിലാണ്; ഡോഡി അല്‍ ഫയാദിന്റെ പിതാവ്. ഒന്നു കൂടി നീട്ടി പറഞ്ഞാല്‍; ഡയാന രാജകുമാരിക്കൊപ്പം കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഡോഡിയുടെ പിതാവ്.

ഡയാനയും ഡോഡിയും കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം തികയുന്നതിന്റെ തലേ ദിവസമാണ് മൊഹമ്മദ് അല്‍ ഫയേദ് മരിച്ചത്. കുടുംബമാണ് മരണ വിവരം പുറത്തു വിട്ടത്. 1997 ഓഗസ്റ്റ് 31-ന് ആയിരുന്നു പാരിസിലെ പോണ്‍ഡെ ഡാമ തുരങ്കത്തിലെ തൂണിലിടിച്ച് ഡയാനയും ഡോഡിയും സഞ്ചരിച്ച കാര്‍ തകരുന്നതും ഇരുവരും കൊല്ലപ്പെടുന്നതും.

തന്റെ മകനെയും രാജകുമാരിയെയും കൊലപ്പെടുത്തിയ അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു മൊഹമ്മദ് ഫയേദ് വിശ്വസിച്ചു. ബ്രിട്ടീഷ് രാജകുടുംബമാണ് പിന്നിലെന്നു ആരോപിച്ചു.

ഈ വിവാദ സംഭവം മാറ്റി നിര്‍ത്തിയാല്‍, ജീവിതത്തോടു പടവെട്ടി വിജയിച്ച ഒരു മനുഷ്യനെന്ന നിലയില്‍ ഫയാദിനെ കാണം.

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരത്തില്‍ ജനിച്ച്, സ്വപ്രയത്‌നത്തിലൂടെ മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും, ലോകത്താകെ തന്നെ തന്റെ പേര് വളര്‍ത്തിയ ബിസിനസുകാരന്‍. പാരമ്പര്യ സ്വത്തിന്റെ തുടര്‍ച്ചയോ വളര്‍ച്ചയോ ആയിരുന്നില്ല ഫയാദിന്റെ ബിസിനസ് വിജയങ്ങള്‍. ഹറാഡോസ്, ഫുല്‍ഹം, പാരിസിലെ റിറ്റ്‌സ് ഹോട്ടല്‍; ഫയാദ് തന്റെ വിജയങ്ങളായി ലോകത്തിന് നല്‍കിയ അടയാളങ്ങള്‍.

ബ്രിട്ടനായിരുന്നു വര്‍ഷങ്ങളായി ഫയാദിന്റെ കേന്ദ്രമെങ്കിലും, ആ രാജ്യത്തിനും അദ്ദേഹത്തിനും ഇടയില്‍ വ്യക്തമായ വിടവ് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം ബ്രിട്ടനില്‍ താമസിച്ചിരുന്നുവെങ്കിലും, രാജ്യത്തെ പൗരത്വം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ പിണക്കം ഫയാദിനുണ്ടായിരുന്നു. 1995 ല്‍ ഫയാദ് നല്‍കിയ പൗരത്വ അപേക്ഷ ബ്രീട്ടിഷ് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. വംശീയ വിവേചനമാണ് തന്നോട് കാണിച്ചതെന്നായിരുന്നു ഫയാദിന്റെ ആരോപണം. ഫ്രാന്‍സിലേക്ക് പൊയ്ക്കളയുമെന്നായിരുന്നു തിരിച്ചടിച്ചത്. ഫ്രാന്‍സ് മികച്ച രീതിയിലുള്ള പരിചരണമായിരുന്നു ആ ശതകോടീശ്വരന് നല്‍കിയിരുന്നത്. രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതി-ലീജിയന്‍ ഓഫ് ഓണര്‍- നല്‍കി ഫയാദിനെ അവര്‍ ആദരിച്ചിട്ടുമുണ്ട്.

ഡയാനയെയും ഡോഡിയെയും കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാന്‍ നീണ്ട പത്തു വര്‍ഷത്തോളം ഫയാദ് പോരാടിയിരുന്നു. ഇക്കാലങ്ങളിലെല്ലാം സുന്ദരനായ ആ ബിസിനസുകാരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്, വായാടിയും പ്രതികാരബുദ്ധിക്കാരനുമായ ഒരു സ്വേച്ഛാധിപത്യ സ്വഭാവി എന്ന നിലയ്ക്കായിരുന്നു.

മൊഹമ്മദ് അല്‍ ഫയാദ് ആയിരുന്നു ലോകത്തോട്, തന്റെ മകനെ കുഞ്ഞിനെ ഡയാന ഗര്‍ഭം ധരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതും. എന്തെങ്കിലും തെളിവ് അതിനായി മുന്നോട്ടിവയ്ക്കാന്‍ ഫയാദിന്റെ കൈയില്‍ ഇല്ലായിരുന്നു.

ഡയാന രാജകുമാരി ഒരു മുസ്ലിമിനെ വിവാഹം കഴിക്കുന്നതും, അയാളുടെ കുഞ്ഞിനെ പ്രസവിക്കുന്നതും സഹിക്കാന്‍ തയ്യാറല്ലാതിരുന്ന ഫിലിപ്പ് രാജകുമാരന്‍-ഡയാനയുടെ ഭര്‍ത്താവ്- ബ്രിട്ടന്റെ സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ കൊലപാതകമായിരുന്നു അര്‍ദ്ധ രാത്രിയിലെ ആ കാര്‍ അപകടം എന്നതായിരുന്നു ഫയാദിന്റെ ആരോപണം. കോടികളാണ് ആ നിയമ പോരാട്ടത്തിനു വേണ്ടി ഫയാദ് ചെലവഴിച്ചത്. രാജ കുടുംബത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും മാത്രമല്ല, പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍, ഡയനായുടെ സഹോദരി സാറ തുടങ്ങി പാരിസിലെ ആംബുലന്‍സ് ഡ്രൈവറെ വരെ ഫയാദ് കുറ്റപ്പെടുത്തിയിരുന്നു.

ഒടുവില്‍ കോടതി കൊലപാതക ആരോപണം തള്ളി ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഫയേദ് നിശബ്ദനായത്. ‘ ഞാന്‍ പിന്‍വാങ്ങുന്നു, ബാക്കിയുള്ള എന്റെ പ്രതികാരം ചെയ്യാന്‍ ദൈവത്തിനെ ഏല്‍പ്പിക്കുന്നു’ എന്നായിരുന്നു ഫയാദിന്റെ പ്രതികരണം.

ബ്രിട്ടനുമായി പോരടിച്ചിരുന്നുവെങ്കിലും, ആ രാജ്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം ഫയാദിനുണ്ട്; നല്ലതായും ചീത്തയായും. ബ്രിട്ടനിലെ കുപ്രസിദ്ധമായ ബിസിനസ് പോരാട്ടമായാണ്, ഹാരോഡ്‌സിനെ ഫയാദ് കൈക്കലാക്കിയത് അറിയപ്പെടുന്നത്. 1985-ല്‍ ആണ് ബ്രിട്ടീഷ് ബിസിനസ് രാജാവ് റോളണ്ട് വാള്‍ട്ടറെ പരാജയപ്പെടുത്തി ഫയാദും സഹോദരങ്ങളും ലോകപ്രശസ്തമായ ഹാരോഡ്‌സിനെ സ്വന്തനമാക്കിയത്. ആ നേട്ടത്തിലൂടെ ബ്രിട്ടീഷ് സമൂഹത്തിനിടയില്‍ തനിക്ക് സ്വീകാര്യത കിട്ടുമെന്നാണ് ഫയാദ് പ്രതീക്ഷിച്ചതെങ്കിലും എതിരാളികളില്‍ നിന്നും കടുത്ത മത്സരം നേരിടുകയാണ് ഉണ്ടായത്. പല അന്വേഷണങ്ങളും ഫയാദിനും സഹോദരങ്ങള്‍ക്കും നേരിടേണ്ടിയും വന്നു. കാല്‍നൂറ്റാണ്ടുകാലം കൈയില്‍ വച്ചതിനുശേഷം 2010 ല്‍ ഹാരോഡ്‌സ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് വിറ്റു.

1994-ല്‍ പാര്‍ലമെന്റില്‍ തനിക്കുവേണ്ടി ചോദ്യങ്ങള്‍ ചോദിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ ബ്രിട്ടനില്‍ ഫയാദിന് ഒരു അഴിമതിക്കാരനായ കോടീശ്വരന്റെ ചീത്തപ്പേരും സമ്മാനിച്ചു. ചോദ്യത്തിന് കോഴ എന്ന നിലയില്‍ വിവാദമായ ആ രാഷ്ട്രീയ അഴിമതി, ഒരു മന്ത്രി ഉള്‍പ്പെടെ നാല് രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ ഭാവിയും അവസാനിപ്പിച്ചു.

പല ശതകോടീശ്വരന്മാരെയും പോലെ സമ്പ്രദായങ്ങളെ ധിക്കരിക്കാന്‍ ഫയാദും താത്പര്യപ്പെട്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം, തന്റെ ആഗ്രഹമായി പറഞ്ഞത്, ഹാരോഡ്‌സിന്റെ മേല്‍ക്കൂരയില്‍ തന്റെ മൃതദേഹം ഒരു സ്വര്‍ണ ശവപ്പെട്ടിയിലാക്കി ചില്ലുകൊണ്ടുള്ള പിരിമഡ് തീര്‍ത്ത് അതില്‍ ‘ മമ്മിഫൈഡ്'( മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഈജിപ്ത്യന്‍ രീതി) ചെയ്തു വയ്ക്കണമെന്നായിരുന്നു. തന്റെ സ്ഥാപനത്തില്‍ ജീവനക്കാര്‍ക്കു മാത്രമല്ല, ഉപഭോക്താക്കള്‍ക്കും കൂടി ഡ്രസ് കോഡ് നിര്‍ദേശിച്ച കച്ചവടക്കാരന്‍ കൂടിയായിരുന്നു ഫയേദ്. അയാള്‍ തന്നെയാണ് ഒരു ആല്‍ബട്രോസിന്റെ( ഒരുതരം കടല്‍പക്ഷി) ചിറകിനു കീഴിലായി നൃത്തം ചെയ്യുന്ന ഡോഡിയുടെയും ഡയാനയുടെയും വെങ്കല ശില്‍പ്പം പണിതു വച്ചതും. ഫുല്‍ഹാം ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമ എന്ന നിലയില്‍ ഫയാദ് ചെയ്ത കാര്യം, ക്ലബ്ബ് സമ്മുച്ചയത്തിന്റെ മുന്നിലെ മൈതാനത്ത് മൈക്കിള്‍ ജാക്‌സന്റെ പ്രതിമ സ്ഥാപിച്ചതായിരുന്നു. അതിന്റെ പേരില്‍ ആരാധകര്‍ കുറ്റപ്പെടുത്തിയപ്പോള്‍, തന്റെ സമ്മാനം മനസിലാക്കാന്‍ കഴിയാത്ത വിഡ്ഡികളായ ആരാധകര്‍ നരകത്തില്‍ പോട്ടെ എന്നായിരുന്നു പ്രതികരണം. പൊങ്ങച്ചക്കാരനായ കോടീശ്വരന്‍ എന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഫയാദിനെ കളിയാക്കിയിരുന്നത്. ബ്രിട്ടനില്‍ എത്തിയശേഷമായിരുന്നു ഫയാദ് തന്റെ പേരിനൊപ്പം ‘ അല്‍’ എന്ന് ചേര്‍ത്തതിനെ പരിഹസിച്ച് ‘ പ്രൈവറ്റ് ഐ’ എന്ന മാസിക ഫയാദിനെ കളിയാക്കി വിളിച്ചത്, ‘വ്യാജ ഫറവോ’ എന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍