July 24, 2026 |
Share on

അല്‍-ബഖ കഫേ തകര്‍ക്കാന്‍ ഇസ്രയേലിട്ടത് എംകെ 82 ബോംബുകള്‍

അത്യുഗ്രശേഷിയുള്ള യുഎസ് നിര്‍മിത ബോംബ്, രൂപപ്പെട്ടത് വലിയ ഗര്‍ത്തങ്ങള്‍

തിങ്കളാഴ്ച ഗാസയിലെ തിരക്കേറിയ ഒരു കടലോര കഫേയില്‍ ഇസ്രയേല്‍ സൈന്യം ഇട്ടത് അത്യുഗ്രശേഷിയുള്ള ബോംബ്. 500 പൗണ്ട് (230 കിലോഗ്രാം) ഭാരം വരുന്ന ബോംബാണവര്‍ ഉപയോഗിച്ചത്. വലിയ സ്‌ഫോടന ശേഷിയുള്ള ഈ ബോംബ് ലക്ഷ്യസ്ഥാനത്തിനു പുറത്തായി കിലോമീറ്ററുകളോളം ആഘാതം സൃഷ്ടിക്കും. ദി ഗാര്‍ഡിയനാണ് ഇക്കാര്യം തെളിവ ്‌സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി സാധാരണക്കാര്‍ എത്തുന്ന ഒരു കഫേയില്‍ ഇത്രയും സ്‌ഫോടനശേഷിയുള്ള ബോംബ് ഇട്ടതിലൂടെ ഇസ്രയേല്‍ ചെയ്തിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നാണ് അന്താരാഷ്ട്ര നിയമവിദഗ്ധര്‍ പറയുന്നത്.

അല്‍-ബഖ കഫേയിലാണ് സ്‌ഫോടനം നടന്നത്. ഇവിടുത്തെ നാശനഷ്ടങ്ങള്‍ പകര്‍ത്തിയതിന്റെ കൂടെയാണ് ഗാര്‍ഡിയന്റെ കാമറയില്‍, കഫേയില്‍ ഇട്ട ബോംബിന്റെ ഭാഗങ്ങളും പതിഞ്ഞത്. കഴിഞ്ഞ കാലങ്ങളിലായി ബോംബാക്രമണങ്ങളില്‍ പ്രധാനായി മാറിയിട്ടുള്ള യുഎസ് നിര്‍മിത MK-82 ജനറല്‍ പര്‍പ്പസ് ബോംബിന്റെ ഭാഗങ്ങളാണവയെന്ന് ആയുധ വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇത് MK-82 പോലുള്ള വലുതും ശക്തവുമായ ഒരു ബോംബ് ഉപയോഗിച്ചതിന്റെ കൂടുതല്‍ തെളിവാണെന്നാണ് ആയുധ വിദഗ്ധരായ രണ്ടു പേര്‍ ഗാര്‍ഡിയനോട് പറഞ്ഞത്.

അല്‍-ബഖ കഫേയില്‍ നടന്ന ആക്രമണത്തില്‍ 36 ഓളം പേര്‍ കൊലപ്പെട്ടതായാണ് വിവരം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും, കലാകാരനും, 35 വയസ്സുള്ള ഒരു വീട്ടമ്മയും നാല് വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയും 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉണ്ട്. ഗാസയിലെ നിലവില്‍ ഏറ്റവും സുരക്ഷിതമായ ഇടമായി കരുതപ്പെടുന്ന ഒന്നാണ് അല്‍-ബഖ കഫേ.

കഫേ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന( ഐഡിഎഫ്) അറിയിച്ചിട്ടുള്ളത്. ആക്രമണത്തിന് മുമ്പ്, വ്യോമ നിരീക്ഷണം നടത്തി സാധാരണക്കാര്‍ക്ക് ദോഷം വരുത്താനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു’ എന്നാണ് ഐഡിഎഫ് പറയുന്ന ന്യായം. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സിവിലിയന്‍മാരെ ആക്രമിക്കുന്നത് യുദ്ധ കുറ്റമാണ്. സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പുള്ള ആക്രമണങ്ങളില്‍ രാജ്യങ്ങള്‍ ഏര്‍പ്പെടരുതെന്നാണ് ലോകം പരസ്പരം അംഗീകരിച്ചിട്ടുള്ളത്. ആ നിയമവും മനുഷ്യത്വവുമൊക്കെ ലംഘിച്ചാണ്, സാധാരണക്കാരുടെ താവളമായിരുന്നൊരിടത്ത് അത്യുഗ്രശേഷിയുള്ള ബോംബ് ഇടാന്‍ ഇസ്രയേല്‍ തയ്യാറായത്.

അല്‍-ബഖ കഫേയില്‍ ആക്രമണം നടത്തിയതുകൊണ്ടോ, ആ സ്ഥലം തകര്‍ത്തു കൊണ്ടോ ഹമാസിനെതിരേ എന്ന് പറയുന്ന യുദ്ധത്തില്‍ ഇസ്രയേലിന് കാര്യമായ എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ ഏറ്റുമുട്ടലില്‍ ഒരു നിര്‍ണായ ലക്ഷ്യമല്ല അല്‍-ബഖ. എന്നിട്ടും അവിടെ ബോംബിടുന്നത് സിവിലന്‍യന്‍മാരെ കൊന്നൊടുക്കാനെന്ന ലക്ഷ്യത്തിലല്ല എന്ന് വ്യാഖ്യാനിച്ചാല്‍ അംഗീകരിക്കാന്‍ സാധിക്കുമോ എന്നാണ് ഇസ്രയേലിനെതിരേ ഉയരുന്ന ചോദ്യം.

രണ്ട് നിലകള്‍ ഉള്ളതായിരുന്നു അല്‍-ബഖ കഫേ. മുകളിലെ നില ഒപ്പണ്‍ ഡെക്കാണ്. പൂര്‍ണമായി തുറന്ന നിലയിലുള്‌ല അപ്പര്‍ ഡക്കില്‍ നിന്നും വിശാലമായ കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള സാഹചര്യമുണ്ട്. താഴത്തെ നില കടല്‍ത്തീരത്തേക്കും കടലിലേക്കും തുറക്കുന്ന ഉള്ള വിശാലമായ ജനാലകളുള്ളവയാണ്.

ഇസ്രയേല്‍ സേന പറയുന്നത്, അവര്‍ ആക്രമണത്തിന് മുമ്പ് വ്യോമ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ്. അങ്ങനെയെങ്കില്‍ അവര്‍ കഫേയില്‍ ആളുകള്‍ ഉള്ളത് വ്യക്തമായി കണ്ടിട്ടുണ്ട്. അവിടെ അവര്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല. ലക്ഷ്യമേതെന്ന്് പറയാതെ, സാധാരണ മനുഷ്യര്‍ വന്നിരിക്കുന്ന ഒരു കഫേയില്‍ അത്യുഗ്രശേഷിയുള്ള ബോംബ് ഇട്ടുകൊണ്ട് അവര്‍ എന്ത് ലക്ഷ്യമാണ് നേടിയിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര സമൂഹം ചോദിക്കുന്നത്.  Gaza’s al-Baqa cafe air strike; Israeli military used 500lb bomb

Content Summary; Gaza’s al-Baqa cafe air strike; Israeli military used 500lb bomb

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×