June 26, 2026 |
Share on

‘മീശക്കാരൻ Vs മെർമെയ്ഡ്’, സത്തർ ബുക്ഷ്; സ്റ്റാർബക്സിനെ വട്ടംകറക്കിയ പാകിസ്ഥാൻ കഫേ

2013ലാണ് സത്തർ ബുക്ഷ് പ്രവർത്തനം തുടങ്ങിയത്

ലോകമെമ്പാടുമുള്ള കോഫി പ്രേമികളുടെ ഇഷ്ട ബ്രാൻഡായ സ്റ്റാർബക്സിനെ ധർമ്മസങ്കടത്തിലാക്കിയ ഒരു പാകിസ്ഥാൻ കഫേയുണ്ട്. ലോകശ്രദ്ധ നേടിയ ഒരു നിയമപോരാട്ടത്തിലേക്ക് സ്റ്റാർബക്സിനെ കൊണ്ടെത്തിച്ച സത്തർ ബുക്ഷ്. എന്താണ് ആഗോള കോഫി ഭീമനായ സ്റ്റാർബക്സും പാകിസ്താനിലെ ഒരു സാധാരണ കഫേയായ സത്താർ ബുക്ഷും തമ്മിലുള്ള തർക്കം?

തർക്കത്തിൻ്റെ തുടക്കം

2013ൽ കറാച്ചിയിൽ പ്രവർത്തനം തുടങ്ങിയ സത്തർ ബുക്ഷ് അതിൻ്റെ പേര് കൊണ്ടും ലോഗോ കാരണവും വളരെ പെട്ടെന്നാണ് ജനശ്രദ്ധയാകർഷിച്ചത്. റിസ്‌വാൻ അഹ്മദ് അദ്‌നാൻ യൂസഫ് എന്ന വ്യക്തികളാണ് കഫേയുടെ ഉടമകൾ. വൃത്താകൃതിയിൽ, പച്ച നിറത്തിൽ, തിരമാലകൾ നിറഞ്ഞ ആ ലോഗോ സ്റ്റാർബക്സിനോട് സാമ്യമുള്ളതായിരുന്നു. ഒന്ന് മാത്രം വ്യത്യാസമുണ്ടായിരുന്നു, വൃത്താകൃതിക്കുള്ളിലെ ചിത്രം. സ്റ്റാർബക്സിൻ്റെ മർമെയ്ഡ് ചിഹ്നത്തിന് പകരം സത്താർ ബുക്ഷിലുണ്ടായിരുന്നത് വലിയ മീശയുള്ള ഒരാളുടെ രൂപമായിരുന്നു.

കഫേയുള്ള ലോ​ഗോ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരം നേടിയതോടെ തങ്ങളുടെ ബ്രാൻഡിൻ്റെ പേരും ചിഹ്നവും അനുകരിക്കുന്നുവെന്ന് ആരോപിച്ച് സ്റ്റാർബക്സ് രം​ഗത്തെത്തി. ലോ​ഗോ ഉപയോ​ഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റാർബക്സ് ഉന്നയിച്ച വാദം. പാകിസ്താനിൽ അന്ന് സ്റ്റാർബക്സിന് ഔട്ട്ലെറ്റുകൾ ഇല്ലായിരുന്നുവെങ്കിലും തങ്ങളുടെ ട്രേഡ്മാർക്കിൻ്റെ തനിമ നഷ്ടപ്പെടുത്താൻ സത്തർ ബുക്ഷ് ശ്രമിക്കുന്നുവെന്ന് അവർ വാദിച്ചു. തുടർന്ന് ഒരു നിയമപോരാട്ടം തന്നെ ആരംഭിച്ചു.

സ്റ്റാർബക്സിന്റെ എതിർപ്പിനോട് സത്തർ ബുക്ഷ് പ്രതികരിച്ചതെങ്ങനെ?

സ്റ്റാർബക്സിൻ്റെ എതിർപ്പിന് രസകരമായ രീതിയിലാണ് സത്തർ ബുക്ഷ് സ്ഥാപകർ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ സ്റ്റാർബക്സിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, മറിച്ച് പ്രാദേശിക സംസ്കാരത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ കഫേ തുടങ്ങിയതെന്നുമായിരുന്നു സത്താർ ബുക്ഷിൻ്റെ പ്രതികരണം. തങ്ങളുടെ ലോഗോയിലെ നിറങ്ങൾ, ഫോണ്ടുകൾ, ചിഹ്നം എന്നിവയിലെല്ലാം സ്റ്റാർബക്സിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, “സത്തർ ബുക്ഷ്” എന്ന പേരിന് പാകിസ്താൻ സംസ്കാരത്തിൽ ആഴത്തിലുള്ള വേരുകളുണ്ടെന്നും അവർ വാദിച്ചു. തങ്ങളുടെ മെനുവിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയതും തനതായ രൂപകൽപ്പനയും തങ്ങളെ സ്റ്റാർബക്സിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് അവർ വാദിച്ചു. അന്ന് കോടതിയിൽ അവകാശത്തിനായി വാദിച്ചെങ്കിലും പിന്നീട് നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും സ്റ്റാർബക്സുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ നൽകുകയും ചെയ്തു.

കേസിൻ്റെ വിധി

പാകിസ്താനിലെ ട്രേഡ്മാർക്ക് നിയമപ്രകാരം, പ്രശസ്ത ബ്രാൻഡുകളുടെ പേരും ചിഹ്നവും മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇത് മുൻനിർത്തിയാണ് സ്റ്റാർബക്സ് കേസ് വാദിച്ചത്. എന്നാൽ സത്തർ ബുക്ഷ് തങ്ങളുടെ വാദത്തിൽ ഉറച്ചുനിന്നുകൊണ്ട്, തങ്ങൾ ഒരു തമാശരൂപേണയാണ് ഇത് ചെയ്തതെന്നും ആരെയും കബളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വാദിക്കുകയായിരുന്നു. ഒടുവിൽ, കേസിൽ സത്തർ ബുക്ഷ് വിജയിക്കുകയും തങ്ങളുടെ സ്ഥാപനം അതേ പേരിൽ തുടർന്നും നടത്താൻ അനുവാദം ലഭിക്കുകയും ചെയ്തു.

Content Summary: Starbucks vs “Sattar Buksh”: The Intriguing Legal Battle

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×