അല്പവസ്ത്രം ധരിച്ച് ധരിച്ചുള്ള കേവലമൊരു തുള്ളലിലേക്ക് അങ്ങനെ ഒതുക്കാവുന്ന ഒന്നല്ല സൂംബ. മറിച്ച് അതൊരു ഫിറ്റ്നസ് ഫോം ആണ്. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവുമായ ശൈലി പിന്തുടരുന്ന ഈ ഫിറ്റ്‌നസ് രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിലായി തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. അതുകൊണ്ട് തന്നെ പലർക്കും ഇതേക്കുറിച്ച് ഇപ്പോഴും കാര്യമായ ഗ്രാഹ്യമില്ല.
തൊണ്ണൂറുകളിൽ കൊളംബിയയിലാണ് സൂംബയുടെ ആരംഭം. കൊളംബിയൻ എയറോബിക്സ് ഇന്റ്സ്ട്രക്റ്റർ ആയിരുന്ന ആൽബെർത്തോ പെരെസ് ആണ് സൂംബയെ ഇന്ന് നാം കാണുന്ന രൂപത്തിലേക്ക് തട്ടികൂട്ടിയത്. ഒരു ക്ലാസിനിടയിൽ പെരസ് തന്റെ പതിവ് സംഗീത റെക്കോർഡിംഗുകൾ എടുക്കാൻ മറന്നുപോയി. വീട്ടിലേക്ക് തിരികെ പോകാൻ സമയവുമില്ല, ഒടുവിൽ ലാറ്റിൻ നൃത്തത്തിന്റെ രണ്ട് രൂപങ്ങളായ സൽസയ്ക്കും മെറെൻഗുവിനും ഉപയോഗിക്കുന്ന സംഗീത റെക്കോർഡിംഗുകൾ ഉപയോഗിച്ച് അദ്ദേഹം ചില നൃത്ത ചുവടുകൾ തിട്ടപ്പെടുത്തി. അതായിരുന്നു സൂംബയുടെ തുടക്കം.
2001 ആയപ്പോഴേക്കും പെരസ് മിയാമിയിലേക്ക് താമസം മാറി. തന്റെ പുതിയ രീതിയിലുള്ള വ്യായാമ ക്ലാസുകൾ പെരസ് അമേരിക്കയിലും പരിചയപ്പെടുത്തി. പെരസിന്റെ പുതിയ എയറോബിക്സ് ശൈലി ‘സൂംബ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 2003-ൽ, ആൽബെർട്ടോ പെർൾമാൻ , ആൽബെർട്ടോ അഗിയോൺ എന്നിവരുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ, സൂംബ പരിപാടികളെ അടിസ്ഥാനമാക്കിയുള്ള വർക്ക്ഷോപ്പുകൾ നടന്നു. തുടക്കത്തിൽ ഡിവിഡികളായി വിതരണം ചെയ്ത അദ്ദേഹത്തിന്റെ പരിപാടികൾ ആളുകളെ വല്ലാതെ ആകർഷിക്കാൻ തുടങ്ങി.
2006-ൽ പെരെസ് സൂംബ ഫിറ്റ്നസ് എൽഎൽസി സ്ഥാപിച്ചു, സൂംബ വീഡിയോകളും ഉൽപ്പന്നങ്ങളും വിൽക്കുകയും ഇൻസ്ട്രക്ടർമാരുടെ ശൃംഖലയ്ക്ക് ലൈസൻസിംഗ് ഫീസ് ഈടാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്. 185 രാജ്യങ്ങളിലായി 160,000-ത്തിലധികം സ്ഥലങ്ങളിലായി ഏകദേശം 14 ദശലക്ഷം ആളുകൾ സൂംബ പ്രാക്ടീഷണർമാരാണെന്നും കമ്പനി നൽകുന്ന സംഗീതത്തിനൊപ്പമാണ് അവർ നൃത്തം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. സൂംബ ഫിറ്റ്‌നസ് അവരുടെ ഫാഷൻ നിരയായ സൂംബവെയറും പുറത്തിറക്കിയിട്ടുണ്ട്.
കുട്ടികൾ, മുതിർന്നവർ, എന്നിവർക്ക് ചില മാറ്റങ്ങൾ വരുത്തിയാണ് പരിശീലനം. സൂംബ ഫിറ്റ്‌നസിന് പുറമേ, സൂംബ ടോണിംഗ്, അക്വാ സൂംബ, സൂംബ സെന്റോ, സൂംബ ഗോൾഡ്, സൂംബ ഗോൾഡ്-ടോണിംഗ്, സൂംബ കിഡ്‌സ് ആൻഡ് സുംബ കിഡ്‌സ് ജൂനിയർ, സൂംബ സ്റ്റെപ്പ്, സ്ട്രോങ് ബൈ സുംബ എന്നിങ്ങനെ വിവിധ തരം സൂംബകളും ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന പ്രവർത്തന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് വേദികൾ, സ്‌കൂളുകൾ, തുടങ്ങി മറ്റ് വേദികളിൽ സൂംബ ഇൻസ്ട്രക്ഷൻ പ്രോഗ്രാമുകൾ ജനപ്രിയമാണ്. 2013-ൽ, ലോകമെമ്പാടുമുള്ള പതിനാല് മില്യൺ ആളുകൾ ഓരോ ആഴ്ചയും കുറഞ്ഞത് ഒരു സൂംബ ക്ലാസെങ്കിലും എടുത്തതായി കണക്കാക്കപ്പെടുന്നു.
സൂംബ ഒരു ലോ-ഇംപാക്ട് എയറോബിക് വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരത്തിലുടനീളം, പ്രത്യേകിച്ച് പേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്ന ചലനങ്ങളാണ് എയറോബിക് വ്യായാമത്തിൽ ഉൾപ്പെടുന്നത്. സൽസ, മെറെൻഗ്യു, സാംബ, മറ്റ് ലാറ്റിൻ ശൈലിയിലുള്ള നൃത്തങ്ങളിൽ ഉപയോഗിക്കുന്ന നൃത്തച്ചുവടുകൾക്ക് സമാനമായ നീക്കങ്ങളാണ് സൂംബ വ്യായാമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജാസ്, കൺട്രി, ഹിപ്-ഹോപ്പ് തുടങ്ങിയ മറ്റ് സംഗീത, നൃത്ത ശൈലികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ ഒരു കാർഡിയോ വ്യായാമമാണ് സൂംബ. വേഗതയേറിയതും മന്ദഗതിയിലുള്ളതുമായ താളങ്ങളുടെയും വിവിധ നൃത്ത ചലനങ്ങളുടെയും സംയോജനം ഗണ്യമായ അളവിൽ കലോറി ബേൺ ചെയ്യാൻ സഹായിക്കുന്നു.ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സുംബ സെഷൻ കൊണ്ട് 300 മുതൽ 900 കലോറി വരെ ബേൺ ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനുമുള്ള മികച്ച വ്യായാമമാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സൂംബ ഏറെ ഫലപ്രദമാണ്.
സൂംബ കുട്ടികളിൽ
പരീക്ഷകൾ, അസൈൻമെന്റുകൾ, ഡെഡ് ലൈനുകൾ, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ കാരണം വിദ്യാർത്ഥി ജീവിതം വളരെ സമ്മർദ്ദപൂരിതമായിരിക്കും. ഈ സമ്മർദ്ദത്തെ നേരിടാൻ സൂംബ ഒരു മികച്ച മാർഗമാണ്. എല്ലാത്തരം വ്യായാമങ്ങളെയും പോലെ, സൂംബയും ശരീരത്തിൽ നിന്ന് എൻഡോർഫിനുകൾ പുറത്തുവിടുന്നു. ഈ രാസവസ്തുക്കൾ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദരോഗ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നൃത്തത്തിന്റെ ഉയർന്ന ഊർജ്ജസ്വലതയും ആവിഷ്‌കാര സ്വഭാവവും വിദ്യാർത്ഥികളെ അടക്കിപ്പിടിച്ച പിരിമുറുക്കങ്ങളെ പോസിറ്റീവായ രീതിയിൽ പുറത്തുവിടാൻ സഹായിക്കുന്നു. ഇത് അവരുടെ അക്കാദമിക്, സാമൂഹിക ജീവിതത്തെയും സ്വാധീനിക്കും.
സൂംബ ശരീരത്തിന് മാത്രമല്ല, തലച്ചോറിനും വ്യായാമം നൽകുന്നു. ഓർമ്മശക്തിയും, ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും, പ്രശ്നപരിഹാര കഴിവുകളും വൈജ്ഞാനിക വഴക്കവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ പലപ്പോഴും മണിക്കൂറുകളോളം മേശയിലോ കമ്പ്യൂട്ടറിന് മുന്നിലോ ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ സൂംബ ശരീരത്തിന് പൂർണ്ണ വ്യായാമം നൽകുകയും ഉദാസീനമായ ശീലങ്ങളെ ചെറുക്കുകയും ചെയ്യുന്നു. പതിവായി സൂംബ വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഹൃദയധമനികളുടെ സഹിഷ്ണുതയും മൊത്തത്തിലുള്ള ശാരീരികക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന് അത്യാവശ്യമാണ്. ഉന്മേഷദായകമായ മനസ്സും ശരീരവുമായി വിദ്യർത്ഥികൾക്ക് അവരുടെ അക്കാദമിക് ജീവിതത്തെ നേരിടാൻ സൂംബ മികച്ച ഒരു മാർഗമാണ്.
content summary: Zumba the worldwide fitness craze