സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ഉനൈസ എന്ന ഉള്‍നാടന്‍ പ്രദേശത്തുകാരനായ ഹമദ് അല്‍കാസി എന്ന കച്ചവടക്കാരന്റെ മകന്‍ ഇന്ത്യന്‍ തിയേറ്റര്‍ പ്രസ്ഥാനത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ചതിന്റെ ഇതിഹാസസമാനമായ ഒരധ്യായമുണ്ട് നമ്മുടെ ചരിത്രത്താളില്‍. ഒരു പക്ഷേ പലര്‍ക്കും അജ്ഞാതമായ കഥയായിരിക്കണമത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടകകലാ പഠനകേന്ദ്രങ്ങളിലൊന്നായ ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപിക്കുകയും അമ്പതോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അത്രയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ഇബ്രാഹിം അല്‍കാസി എന്ന പ്രതിഭാശാലിയുടെ കഥയാണിത്.
രാജ്യം പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറു വര്‍ഷം മുമ്പൊരു ഓഗസ്റ്റില്‍ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ ഡല്‍ഹി എസ്‌കോര്‍ട്സ് ഹോസ്പിറ്റലില്‍ ഇബ്രാഹിം അല്‍ കാസി അന്തരിച്ചു. സംഭവബഹുലമായ ആ ജീവിതനാടകത്തിന് യവനിക വീണു.

അരങ്ങിലും അണിയറയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ഓപ്പണ്‍ എയര്‍ സ്റ്റേജുകളുള്‍പ്പെടെ നാടകവേദികളേയും സാമ്പ്രദായിക നടനസങ്കേതങ്ങളേയും വിപ്ലവകരമായി ആധുനികവല്‍ക്കരിക്കുകയും ചെയ്ത ഇബ്രാഹിം അല്‍കാസിയുടെ സ്മരണയ്ക്ക് മുമ്പില്‍ ഇക്കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും മറ്റ് നയതന്ത്രോദ്യോഗസ്ഥരും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. റിയാദിലെ സൗദി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് നോളെജ് ഇന്റര്‍ കമ്യൂണിക്കേഷനില്‍ ‘ഇബ്രാഹിം അല്‍കാസി ചെയര്‍ ഓഫ് റിസര്‍ച്ചി’ ന്റെ ഉദ്ഘാടനമാണ് ഏപ്രില്‍ 22ന് ഇന്ത്യന്‍ സ്ഥാനപതി നിര്‍വഹിച്ചത്. സൗദി അറേബ്യന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള തിയേറ്റര്‍ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്സ് കമ്മീഷന്റെ സഹകരണത്തോടെയാണ് ‘ഇബ്രാഹിം അല്‍ കാസി ചെയര്‍’ സ്ഥാപിച്ചത്. സൗദി മന്ത്രാലയം മേധാവികളും അറബ് സാംസ്‌കാരിക നായകരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യ – സൗദി സാംസ്‌കാരിക വിനിമയം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇബ്രാഹിം അല്‍കാസിയുടെ സംഭാവനകള്‍ കൂടി വിലയിരുത്തുന്നതിനും തിയേറ്റര്‍ പ്രസ്ഥാനത്തിന്റെ വിശാലസാധ്യതകളിലേക്ക് തിരശ്ശീലയുയര്‍ത്തുന്നതിനും നിര്‍ദ്ദിഷ്ട ചെയര്‍ സഹായകമാകുമെന്ന് അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കാര്‍ഷിക പ്രാധാന്യമുള്ള സൗദി ഗ്രാമമായ ഉനൈസയിലെ ഹമദ് അല്‍ കാസി, തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യത്തില്‍ വ്യാപാരാവശ്യാര്‍ഥം ഇന്ത്യയിലെത്തി. പൂനെയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ചില ഗുജറാത്തി കച്ചവടക്കാരും അറബ് വംശജരും സഹായിക്കാനുണ്ടായിരുന്നു. കുവൈറ്റി വനിതയായിരുന്നു ഹമദിന്റെ ഭാര്യ. 1925 ല്‍ ഇരുവര്‍ക്കും പിറന്ന മകനാണ് ഇബ്രാഹിം. പൂനെ സെന്റ് വിന്‍സെന്റ്സ് സ്‌കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിമിന്റെ ഇഷ്ടം അഭിനയവും സംവിധാനവുമായിരുന്നു. സിനിമയുടെ പ്രഭാവലയത്തിലേക്ക് പോകുന്നതിന് എന്തോ വൈമനസ്യമുണ്ടായിരുന്ന ഇബ്രാഹിമിന്റെ പ്രതിപത്തി നാടകങ്ങളോടായിരുന്നു. അഭിനയം എന്നാല്‍ അത് നാടകമാണെന്ന തിരിച്ചറിവില്‍ അദ്ദേഹം ലോകനാടകങ്ങളിലൂടെ – പ്രത്യേകിച്ചും ഗ്രീക്ക് ക്ലാസിക്കുകളിലൂടെ – സര്‍ഗയാത്രയാരംഭിച്ചു. മുംബൈയിലെ പ്രോഗ്രസീവ് ആര്‍ട് മൂവ്മെന്റുമായും അക്കാലത്തെ പ്രസിദ്ധ നാടകപ്രവര്‍ത്തകരുമായും ഇബ്രാഹിം സഹകരിച്ചത് മുംബൈ ജീവിതകാലത്താണ്. ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍) പോലുള്ള ഇടതുപക്ഷ നാടകകൂട്ടായ്മകളിലും ബല്‍രാജ് സാഹ്നി, കൈഫി ആസ്മി തുടങ്ങിയവരുമായുള്ള സൗഹൃദങ്ങളും ഇബ്രാഹിമിന്റെ വഴി നാടകം തന്നെയെന്ന തിരിച്ചറിവിലേക്കെത്തിച്ചു. അപ്പോഴേക്കും വ്യാപാരശൃംഖല കെട്ടിപ്പടുത്ത പിതാവിനോ മാതാവിനോ ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. മകനെ അവര്‍ അവന്റെ വഴിയ്ക്ക് വിട്ടു. കച്ചവടം ഇബ്രാഹിമിന് പറഞ്ഞിട്ടുള്ള രംഗമായിരുന്നില്ല. ഇടയ്ക്കെല്ലാം ബാപ്പയോടൊപ്പം സൗദിയിലേക്ക് പോകാറുണ്ടായിരുന്നുവെങ്കിലും ഗോത്രത്തിലെ കവികളോടും പാട്ടുകാരോടുമായിരുന്നു കൂട്ട്. ഈന്തപ്പഴങ്ങള്‍ വിളഞ്ഞ്കിടന്ന ഉനൈസയുടെ ആതിഥ്യം അനുഭവിക്കാറുണ്ടായിരുന്ന ഇബ്രാഹിമിന് സൗദിയിലേയും ഈജിപ്റ്റിലേയും നടീനടന്മാരുമായുള്ള അടുപ്പം അറബ് കലയുടെ കൈവഴികളിലേക്കുള്ള യാത്രയ്ക്ക് പ്രേരകങ്ങളായി. ഇന്ത്യ തന്നെയായിരുന്നു പക്ഷേ തന്റെ സര്‍ഗഭൂമികയായി ഇബ്രാഹിം അല്‍കാസി തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ കവാടനഗരത്തില്‍ നിറഞ്ഞുനിന്ന സെലിബ്രിറ്റിയായിരുന്ന സുല്‍ത്താന്‍ ബോബി പദംസിയുമായുള്ള സൗഹൃദം (പ്രമുഖ നാടകപ്രവര്‍ത്തകനും പരസ്യകലാ വിദഗ്ധനുമായ അലിഖ് പദംസിയുടെ സഹോദരന്‍) അക്കാദമികമായ നാടകപഠനത്തിനുള്ള പുതിയ അവസരങ്ങളൊരുക്കി. സുല്‍ത്താന്‍ പദംസിയുടെ തിയേറ്റര്‍ ഗ്രൂപ്പ് കമ്പനിയില്‍ ഇബ്രാഹിം അല്‍കാസി അംഗത്വമെടുത്തു. നാടകാഭിനയത്തിന്റേയും സംവിധാനത്തിന്റേയും നൂതനപാഠങ്ങള്‍ അഭ്യസിക്കുന്നതിനും ഈ രംഗത്ത് പുതിയ ചങ്ങാത്തങ്ങളുണ്ടാക്കുന്നതിനും തിയേറ്റര്‍ ഗ്രൂപ്പ് കമ്പനി വലിയ സഹായം നല്‍കി. ഗിരീഷ് കര്‍ണാടിന്റെ തുഗ്ലക് ഉള്‍പ്പെടെ അമ്പതിലധികം നാടകങ്ങളാണ് ഇബ്രാഹിം അല്‍ കാസിയുടെ ക്രെഡിറ്റില്‍ വരാന്‍ പ്രധാനകാരണങ്ങളിലൊന്ന് തിയേറ്റര്‍ ഗ്രൂപ്പ് കമ്പനിയാണ്.
അതിനിടെ, തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയ ഇബ്രാഹിം അവിടേയും മോഡേണ്‍ നാടകസങ്കേതങ്ങളുടെ പടിഞ്ഞാറന്‍ സ്റ്റേജുകളോട് എങ്ങനെ സമരസപ്പെടാമെന്ന പ്രായോഗിക പഠനത്തിനാണ് ഊന്നല്‍ നല്‍കിയത്. വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള അഭിനയ – സംവിധായക പ്രതിഭകളുടെ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പ്രശസ്തരായ തിയേറ്റര്‍ ആര്‍ടിസ്റ്റുകളുമായി ആശയപരമായ സൗഹൃദം സ്ഥാപിക്കാനും ഈ കാലം തന്നെ സഹായിച്ചതായി ഇബ്രാഹിം അല്‍കാസി പറയുന്നുണ്ട്. അമേരിക്കയില്‍ നിന്ന് മടങ്ങി ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്സില്‍ ചേര്‍ന്ന ഇബ്രാഹിമിന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള കൂടിക്കാഴ്ച. ആയിടെ ബ്രിട്ടനില്‍ പര്യടനം നടത്തിയ പ്രധാനമന്ത്രി നെഹ്റു, ഇബ്രാഹിമിന്റെ നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തി പൂനെയോടും മുബൈയോടും ഗുഡ്ബൈ പറഞ്ഞ് തലസ്ഥാനത്തേക്ക് ജീവിതം പറിച്ചുനട്ട ഇബ്രാഹിം അല്‍കാസി ഒരു കാര്യം തിരിച്ചറിഞ്ഞു. തന്റെ കലാസങ്കേതത്തിന്റെ പൂര്‍ണതയ്ക്ക് ഡല്‍ഹിയോളം പറ്റിയ നഗരം വേറെയില്ല. ഡല്‍ഹിയിലെ കലാകാരന്മാരും കലാകാരികളുമായുള്ള സര്‍ഗസംഗമങ്ങളിലൂടെയും നടനസംരംഭങ്ങളിലൂടെയും അദ്ദേഹം അതിവേഗം ദേശീയ പ്രശസ്തിയിലേക്കുയര്‍ന്നു.

ലോകനാടക വേദിയ്ക്ക് തന്നെ മാതൃകയായ അതിപ്രശസ്തമായ ‘ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ‘ ഇബ്രാഹിം അല്‍കാസിയുടെ സ്വപ്നപദ്ധതിയായിരുന്നു. 1959 ലാണ് അദ്ദേഹം മുന്‍കൈയെടുത്ത് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപിച്ചത്. 1962 മുതല്‍ 1977 വരെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയരക്ടറായും ഇബ്രാഹിം അല്‍കാസി പ്രവര്‍ത്തിച്ചു. ഏതാണ്ട് ഇതേ മാതൃകയിലാണ് പിന്നീട് തൃശൂര്‍ അരണാട്ടുകരയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപിച്ചത്.
ഭാര്യ റോഷന്‍ അല്‍കാസിയോടൊപ്പം ചേര്‍ന്ന് ഡല്‍ഹി ആര്‍ട് ഹെറിറ്റേജ് ഗ്യാലറി സ്ഥാപിച്ചതിനു പിന്നിലും ഇബ്രാഹിം അല്‍കാസിയുടെ ആശയമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്. പില്‍ക്കാലത്ത് മലയാളികളുള്‍പ്പെടെ നിരവധി പ്രശസ്തരായ നാടക നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടേയും നാടകങ്ങളുടേയും മേഖലകളില്‍ ജ്വലിച്ചുനിന്ന ഓംപുരി, നസ്റുദ്ദീന്‍ ഷാ, രോഹിണി ഹട്ടംഗഡി തുടങ്ങിയവരൊക്കെ ഇബ്രാഹിം അല്‍ കാസിയുടെ ശിഷ്യരായിരുന്നു. സ്നേഹനിധിയായ ഗുരുവും ഒപ്പം നല്ല സ്നേഹിതനുമായിരുന്നു ഇബ്രാഹിം അല്‍കാസിയെന്ന് നസ്റുദ്ദീന്‍ ഷാ എഴുതിയ ചരമക്കുറിപ്പില്‍ അനുസ്മരിച്ചിരുന്നു.
ഇന്ത്യന്‍ സാംസ്‌കാരികത്തനിമയുടേയും പ്രാചീനവും അര്‍വാചീനവുമായ ഇന്ത്യ – അറബ് സംസ്‌കൃതിയുടെ സമ്പന്നമായ സര്‍ഗസ്വത്വങ്ങളുടേയും ആധികാരികമായ രേഖകളും ഗവേഷണപ്രബന്ധങ്ങളും അപൂര്‍വ ചിത്രങ്ങളും റെക്കാര്‍ഡുകളും ഡോക്യുമെന്ററികളുമെല്ലാം അടുക്കും ചിട്ടയോടെയും സൂക്ഷിച്ചുവെച്ചാണ് ഇബ്രാഹിം അല്‍കാസി കടന്നുപോയത്. മകന്‍ ഫൈസല്‍ അല്‍ കാസി, പിതാവിന്റെ കലാപൈതൃകം കാത്ത് സൂക്ഷിക്കുന്നു. ഡല്‍ഹിയിലാണ് ഫൈസലും സഹോദരി അമല്‍ അല്ലാനയും താമസിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ബ്രിട്ടന്‍, ഫ്രാന്‍സ്, നോര്‍വെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ഇബ്രാഹിം അല്‍കാസിയെത്തേടിയെത്തി. 2010 ലാണ് രാഷ്ട്രപതി പ്രതിഭാപാട്ടീലില്‍ നിന്ന് പദ്മവിഭൂഷണ്‍ ബഹുമതി സ്വീകരിച്ചത്. കേന്ദ്രസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ഇബ്രാഹിം അല്‍കാസിയെ പിതൃരാജ്യമായ സൗദി അറേബ്യ ആദ്യത്തെ ദമാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അര്‍ഹമായ അംഗീകാരം നല്‍കി ആദരിച്ചു.
റിയാദിലാരംഭിച്ച ‘ഇബ്രാഹിം അല്‍കാസി ചെയര്‍’, പരമ്പരാഗതമായ സൗദി – ഇന്ത്യ സാംസ്‌കാരിക കൈമാറ്റത്തില്‍ പ്രതീകാത്മകമായൊരു യശ:സ്തംഭമായി മാറുമെന്ന് ഇരുരാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികള്‍ പുലര്‍ത്തിയ ആശ സഫലമാകട്ടെ. അരങ്ങുകളിലെ ‘അല്‍കാസി അനുഭവ ‘ ത്തിന് ആഗോളപ്പെരുമ സിദ്ധിക്കട്ടെ.
Content Summary: Indian Theatre Legend Ebrahim Alkazi Honored with Memorial in Saudi Arabia. Indian theatre director, drama teacher, and art patron
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.