ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന ചര്‍ച്ചകള്‍ക്കുള്ള അഞ്ച് ദിവസത്തെ സമയപരിധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി കടുക്കുന്നു. ഇറാന്റെ സാമ്പത്തിക ജീവനാഡിയായ ഖാര്‍ഗ് ദ്വീപ് ലക്ഷ്യമാക്കി യുഎസ് കരസേനാ നീക്കം നടത്തുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഇറാന്‍ പുതിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ നിര്‍ണ്ണായക ഇടനാഴിയായ ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്നാണ് ഇറാന്റെ പുതിയ ഭീഷണി.
നിലവില്‍ ഹോര്‍മുസ് കടലിടുക്ക് ഫലപ്രദമായി അടച്ചുകൊണ്ട് ആഗോള എണ്ണ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന് സാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഗോള അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലിലേക്കുള്ള കവാടമായ ബാബ് അല്‍-മന്ദേബിലേക്ക് ഇറാന്‍ ശ്രദ്ധ തിരിക്കുന്നത്.
ലോകത്തിലെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 20% കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് നിലവില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ഹോര്‍മുസ് തടസ്സപ്പെടുത്തിയാല്‍ മാത്രം യുഎസിനെ മുട്ടുകുത്തിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ഇറാന്‍, തങ്ങളുടെ അടുത്ത ലക്ഷ്യമായി ബാബ് അല്‍-മന്ദേബിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോള സമുദ്ര വ്യാപാരത്തിന്റെ 12% നടക്കുന്നത് ചെങ്കടലിന്റെ കവാടമായ ഈ കടലിടുക്ക് വഴിയാണ്.
ഇറാന്റെ ഏറ്റവും വലിയ സമ്പാദ്യമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതനാക്കുക എന്നതാണ് ട്രംപിന്റെ തന്ത്രം. ഇറാന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ഇത് നഷ്ടപ്പെട്ടാല്‍ ഇറാന്റെ സാമ്പത്തിക വ്യവസ്ഥ പാടെ തകരും. ഈ നീക്കത്തെ പ്രതിരോധിക്കാനാണ് ചെലവ് ഇരട്ടിയാക്കും എന്ന മുന്നറിയിപ്പോടെ ബാബ് അല്‍-മന്ദേബ് കാര്‍ഡ് ഇറാന്‍ പുറത്തെടുത്തിരിക്കുന്നത്.
അറബിയില്‍ ബാബ് അല്‍-മന്ദേബ് എന്നാല്‍ കണ്ണുനീരിന്റെ കവാടം എന്നാണര്‍ത്ഥം. ചരിത്രപരമായി നിരവധി കപ്പല്‍ അപകടങ്ങള്‍ നടന്ന ഇടമായതിനാലാണ് ഈ പേര് വന്നത്. യെമനും ജിബൂട്ടിക്കും ഇടയില്‍ സാന്‍ഡ്വിച്ച് ചെയ്യപ്പെട്ട നിലയിലുള്ള ഈ കടലിടുക്കിന് വെറും 20 മൈല്‍ വീതി മാത്രമാണുള്ളത്. 1869-ല്‍ സൂയസ് കനാല്‍ തുറന്നതോടെയാണ് ഈ പാതയുടെ പ്രാധാന്യം വര്‍ദ്ധിച്ചത്. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള കപ്പല്‍ പാതയാണിത്. പ്രതിദിനം ഏകദേശം 4.5 ദശലക്ഷം ബാരല്‍ എണ്ണയും, പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളും ഇതിലൂടെ കടന്നുപോകുന്നു.
ഹോര്‍മുസില്‍ നിന്ന് 1,200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബാബ് അല്‍-മന്ദേബ് നേരിട്ട് നിയന്ത്രിക്കുക എന്നത് ഇറാന് എളുപ്പമല്ല. ഇവിടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരുടെ പ്രസക്തി. യെമനില്‍ ശക്തമായ സ്വാധീനമുള്ള ഹൂത്തികള്‍ വഴി കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ടെഹ്റാന് സാധിക്കും. ഇതിനകം തന്നെ ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂത്തികള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഈ മേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ ആഗോള വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്താന്‍ ഇറാന് ലഭിച്ച ഏറ്റവും മികച്ച ആയുധമാണിത്.
കടലിടുക്കുകള്‍ അടയ്ക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ അത് ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിലവില്‍ എണ്ണവില 40 ശതമാനത്തില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട്. കടലിടുക്കുകള്‍ അടച്ചാല്‍ ഇത് ഇരട്ടിയായേക്കാം. ബാബ് അല്‍-മന്ദേബ് അടച്ചാല്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് യാത്രാ സമയം രണ്ടാഴ്ചയോളം വര്‍ദ്ധിപ്പിക്കുകയും ചരക്ക് കൂലി കുത്തനെ കൂട്ടുകയും ചെയ്യും. ഇതോടെ ആഗോളതലത്തില്‍ പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത് കാരണമാകും.
ബാബ് അല്‍-മന്ദേബിന്റെ മറുവശത്തുള്ള ജിബൂട്ടിയില്‍ അമേരിക്കയ്ക്ക് ശക്തമായ സൈനിക താവളമുണ്ട്. ഇറാന്റെ നീക്കങ്ങളെ ചെറുക്കാന്‍ അമേരിക്ക സജ്ജമാണെങ്കിലും, ഒരു തുറന്ന യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന ഭയം ലോകരാഷ്ട്രങ്ങള്‍ക്കുമുണ്ട്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ കയറ്റുമതിക്കായി ചെങ്കടലിനെയാണ് ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് എന്നതിനാല്‍, ഈ മേഖലയിലെ സംഘര്‍ഷം ഗള്‍ഫ് രാഷ്ട്രങ്ങളെയും നേരിട്ട് ബാധിക്കും.
ഹോര്‍മുസ് മുതല്‍ ബാബ് അല്‍-മന്ദേബ് വരെയുള്ള ജലപാതകള്‍ ഇന്ന് വെറും വ്യാപാര മാര്‍ഗങ്ങളല്ല. മറിച്ച് ലോകശക്തികളുടെ പകിടകളാണ്. ഖാര്‍ഗ് ദ്വീപിനെ സംരക്ഷിക്കാന്‍ ഇറാന്‍ നടത്തുന്ന ഈ നീക്കങ്ങള്‍ വിജയിക്കുമോ അതോ ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഇറാനെ ചര്‍ച്ചാ മേശയിലെത്തിക്കുമോ എന്നതാണ് വരും ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത്. കണ്ണുനീരിന്റെ കവാടം ഒരിക്കല്‍ കൂടി ലോകത്തിന്റെ കണ്ണീരിന് കാരണമാകുമോ എന്ന് കണ്ടറിയണം.
Content Summary: Iran threatens to block Bab al-Mandeb as Trump’s peace deadline expires