June 18, 2026 |
Share on

ഇറാന്‍-യുഎസ് 14 ഇന താത്കാലിക ഉടമ്പടി ഒപ്പ് വച്ചു; ലോകത്തെ രക്ഷിക്കാനെന്ന് ട്രംപ്, കീഴടങ്ങലാണെന്ന് വിമര്‍ശനം

രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനുമേല്‍ വലിയ വിട്ടുവീഴ്ചകള്‍ക്കാണ് യുഎസ് തയ്യാറായിരിക്കുന്നത്

ലോകത്തെ വലിയൊരു സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷിക്കുന്നതിനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാനുമായി 14 ഇന താല്ക്കാലിക ഉടമ്പടി ഒപ്പുവെച്ചതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള ഈ കരാര്‍ അമേരിക്കയ്ക്ക് വലിയൊരു വിജയമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും, രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനുമേല്‍ വലിയ വിട്ടുവീഴ്ചകള്‍ക്കാണ് യുഎസ് തയ്യാറായിരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജി7 ഉച്ചകോടിയുടെ സമാപനത്തില്‍ മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥരാണ് 60 ദിവസത്തെ ഈ താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.

ഇറാന് നേരെ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന മുന്‍ നിലപാടുകളില്‍ നിന്നും ട്രംപ് പൂര്‍ണ്ണമായും പിന്നോട്ടുപോയിട്ടുണ്ട്. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടമാക്കാന്‍ ഇറാന് അടിസ്ഥാനപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കാന്‍ തങ്ങള്‍ ടെഹ്റാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും ബുധനാഴ്ച്ച നടത്തിയ വാര്‍ത്താാ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍പ് യുഎസ് മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ അവര്‍ക്ക് തന്നെ തിരിച്ചുനല്‍കേണ്ടി വരുമെന്നും ട്രംപ് സമ്മതിച്ചു. ഈ പണം അമേരിക്കയുടേതല്ലെന്നും, അത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഡോളറില്‍ നിക്ഷേപം നടത്താന്‍ ആരും മുന്നോട്ടുവരില്ലെന്നുമാണ് ട്രംപിന്റെ പുതിയ വാദം.

ട്രംപിന്റെയും ഇറാന്റെയും ഈ പെട്ടെന്നുള്ള നീക്കം ഇസ്രയേലിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രനിലപാടുകാര്‍ക്കിടയിലും വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇറാനുമായി യാതൊരു കരാറിലും ഏര്‍പ്പെടരുതെന്ന് ട്രംപിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്ന വിഭാഗമാണിത്. അതേസമയം, കരാര്‍ അമേരിക്കയുടെ പരാജയത്തിന്റെ തെളിവാണെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പരിഹസിച്ചു. ജനങ്ങള്‍ ഇത് കണ്ട് വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കരാറിനെ ന്യായീകരിച്ച ട്രംപ്, താനല്ലാതെ മറ്റൊരു യുഎസ് പ്രസിഡന്റും ഇറാനോട് ഇത്രയും കര്‍ക്കശമായി പെരുമാറിയിട്ടില്ലെന്നും വിപണിക്ക് ഈ കരാര്‍ പൂര്‍ണ്ണ സമ്മതമാണെന്നും അവകാശപ്പെട്ടു. ഒരു യുദ്ധമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും ശതകോടികള്‍ വിലമതിക്കുന്ന കപ്പലുകള്‍ക്ക് മുകളിലൂടെ റോക്കറ്റുകള്‍ പറക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് താന്‍ ഈ കരാറിലൂടെ ശ്രമിച്ചതെന്നും ട്രംപ് വിശദീകരിച്ചു.

കരാര്‍ പ്രകാരം ഇറാന് വന്‍ സാമ്പത്തിക ഇളവുകളാണ് ലഭിക്കുന്നത്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസ് നാവിക ഉപരോധം ഉടനടി നീക്കം ചെയ്യും. ഇതോടൊപ്പം ഇറാനിയന്‍ എണ്ണ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്യും. ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ പൂര്‍ണ്ണമായും നീക്കാനും ഗള്‍ഫ് പങ്കാളികളുടെ സഹായത്തോടെ ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ ഫണ്ടിലേക്ക് അമേരിക്ക പത്ത് പൈസ പോലും നല്‍കില്ലെന്നും ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപം ഇറാന്റെ നല്ല പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ട്രംപും ബുധനാഴ്ച കരാറില്‍ ഒപ്പുവെച്ചു. വരും ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന കൂടുതല്‍ ഔദ്യോഗികമായ ചടങ്ങില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇതില്‍ ഒപ്പുവെക്കും. ലെബനനിലെ ഇസ്രയേലിന്റെ സൈനിക നടപടികള്‍ നിയന്ത്രിക്കണമെന്ന ഇറാന്റെ പ്രധാന ആവശ്യവും ഈ കരാറിന്റെ ഭാഗമാണ്. ലെബനന്റെ പ്രാദേശിക അഖണ്ഡത ഉറപ്പാക്കുമെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും, ഇസ്രയേല്‍ നിലവില്‍ അവിടെ സ്ഥാപിച്ചിട്ടുള്ള ‘ബഫര്‍ സോണ്‍’ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയിട്ടില്ല. ഇതിന് പകരമായി ലെബനനിലെ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തങ്ങളുടെ സഖ്യകക്ഷികളെ നിയന്ത്രിക്കാമെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നും ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.

എന്നിരുന്നാലും, തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് 60 ദിവസത്തേക്ക് മാത്രമായിരിക്കും ടോള്‍ ഇളവ് ലഭിക്കുകയെന്ന് ഇറാന്റെ പ്രതിനിധി ഘാലിബാഫ് വ്യക്തമാക്കി. അതിനുശേഷം കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ഫീസ് ഈടാക്കുമെന്നും ഹോര്‍മൂസ് കടലിടുക്ക് ഇനി ഒരിക്കലും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിപുലമായ ഒരു ആണവ കരാറിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഇറാന് ഇത്രയധികം ആനുകൂല്യങ്ങള്‍ നല്‍കിയ ട്രംപ് ഭരണകൂടത്തിന്റെ തന്ത്രമില്ലായ്മയെ വിദേശകാര്യ വിദഗ്ധര്‍ വിമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക ഉപരോധങ്ങളില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുന്നതോടെ ഇറാനിലേക്ക് വലിയ തോതില്‍ പണം ഒഴുകിയെത്തുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Summary; The Trump administration releases a 14-point agreement with Iran, lifting blockades to reopen the Strait of Hormuz and sparking mixed global reactions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×