June 26, 2026 |
Share on

യുഎസ് കറന്‍സിയില്‍ ഇനി ട്രംപിന്റെ ഒപ്പ്: 165 വര്‍ഷത്തെ ചരിത്രം മാറുന്നു

ഒരു സിറ്റിംഗ് പ്രസിഡന്റ് കറന്‍സിയില്‍ ഒപ്പിടുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യം

അമേരിക്കയുടെ കറന്‍സി നോട്ടുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് ഉള്‍പ്പെടുത്താന്‍ യുഎസ് ട്രഷറി വകുപ്പിന്റെ തീരുമാനം. അമേരിക്കയില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് ആ രാജ്യത്തെ കറന്‍സി നോട്ടുകളില്‍ പതിപ്പിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്

പുതിയ പരിഷ്‌കാരം വന്നതോടെ 1861 മുതല്‍ തുടര്‍ന്നുപോന്ന രീതിക്ക് മാറ്റം വരുത്തും. നോട്ടുകളില്‍ നിന്ന് ട്രഷററുടെ ഒപ്പ് ഇതോടെ നീക്കം ചെയ്യപ്പെടും. അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ മാറ്റമെന്നാണ് ട്രഷറി വകുപ്പ് വിശദീകരിക്കുന്നത്.

‘പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ രാജ്യം വലിയ സാമ്പത്തിക വളര്‍ച്ചയിലേക്കും ഡോളറിന്റെ കരുത്തിലേക്കും നീങ്ങുകയാണ്. നമ്മുടെ മഹത്തായ രാജ്യത്തിന്റെയും ട്രംപിന്റെയും നേട്ടങ്ങള്‍ അംഗീകരിക്കാന്‍ ഡോളര്‍ ബില്ലുകളില്‍ അദ്ദേഹത്തിന്റെ പേര് പതിപ്പിക്കുന്നതിനേക്കാള്‍ മികച്ച വഴിയൊന്നുമില്ല,’ ഇതായിരുന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ പ്രസ്താവന.

ട്രംപിന്റെയും ബെസെന്റിന്റേയും ഒപ്പുകളുള്ള ആദ്യത്തെ 100 ഡോളര്‍ ബില്ലുകള്‍ ജൂണ്‍ മാസത്തില്‍ അച്ചടി ആരംഭിക്കും. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പുറത്തിറക്കും.

അമേരിക്കയുടെ 250-ാം വാര്‍ഷികം അടുക്കുമ്പോള്‍, ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ജനതയുടെ കരുത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി യുഎസ് കറന്‍സി നിലകൊള്ളുമെന്ന് യുഎസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ച് പ്രസ്താവിച്ചു.

സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സ്വന്തം പേരും വ്യക്തിത്വവും പതിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഇതിനോടകം തന്നെ ‘യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’, ‘കെന്നഡി സെന്റര്‍’ എന്നിവയുടെ പേര് മാറ്റുകയും പുതിയ വിഭാഗം യുദ്ധക്കപ്പലുകള്‍ക്ക് സ്വന്തം പേര് നല്‍കുകയും ചെയ്തിട്ടുണ്ട്.

ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ മാസം ആദ്യം ഫെഡറല്‍ ആര്‍ട്സ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരുടെ ചിത്രം കറന്‍സിയില്‍ പാടില്ലെന്ന ഫെഡറല്‍ നിയമം നിലനില്‍ക്കെയാണ്, ട്രംപ് തന്നെ നിയമിച്ച അംഗങ്ങള്‍ അടങ്ങുന്ന പാനല്‍ ഈ തീരുമാനമെടുത്തത്.

Content Summary: Donald Trump’s signature to appear on US paper currency, first for sitting president.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×