രണ്ട് വര്‍ഷം നീണ്ട പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലമായി എന്ന് ഉറപ്പിച്ച നിമിഷമായിരുന്നു അത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് അറിയാതെ ഈ നാളത്രയും കാത്തിരുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന നിമിഷം. ചൊവ്വാഴ്ച്ച ഹമാസ് കൈമാറിയ ബന്ദി മൃതദേഹങ്ങളില്‍ ഓറിയല്‍ ബറൂച്ച്, ഈതന്‍ ലെവി, തമീര്‍ നിമ്രോദി എന്നിവരെ അവരുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. ഇസ്രയേല്‍ ഫോറന്‍സിക് റിസര്‍ച്ച് ലബോറട്ടറി മൂന്നുപേരെയും തിരിച്ചറിഞ്ഞതിനുശേഷമാണ് വീട്ടുകാരെ ബന്ധപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹമാസ് ചൊവ്വാഴ്ച്ച കൈമാറിയ നാലാമത്തെ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
2023 ഒക്ടോബര്‍ ഏഴിന് നോവ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു 35 കാരനായ ഓറിയല്‍ ബറൂച്ച്. അന്നേ ദിവസം ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ഭീകരാക്രമണത്തില്‍ സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു കൂടതുലും ഇരകളായത്. ജറുസലേം സ്വദേശിയായ ബറൂച്ചിനെ ഉള്‍പ്പെടെ പലരെയും അവിടെ നിന്നാണ് ഹമാസ് ബന്ദികളാക്കിയതും. രണ്ടു വര്‍ഷത്തെ പ്രാര്‍ത്ഥനയും കാത്തിരിപ്പും വിഫലമായി എന്നാണ് ബറൂച്ചിന്റെ മൃതദേഹം തിരിച്ചറിഞ്ഞ ശേഷം കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പില്‍ പറയുന്നത്.
ഈതന്‍ ലെവി, തമീര്‍ നിമ്രോദി എന്നിവരുടെ കുടുംബവും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ കാര്യം പങ്കുവച്ചിട്ടുണ്ട്. ‘ എനിക്ക് പ്രിയപ്പെട്ട എന്റെ മൂത്തമകന്‍, അവന്റെ മൃതദേഹം ഇന്നലെ ഗാസയില്‍ നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന കാര്യം തകര്‍ന്ന ഹൃദയത്തോടെയും താങ്ങാനാകാത്ത ദുഖത്തോടെയും ഞാന്‍ അറിയക്കട്ടെ എന്നാണ് തമീറിന്റെ പിതാവ് അലോണ്‍ നിമ്രോദി എഴുതിയത്.
19 കാരനായൊരു സൈനികനായിരുന്നു തമീര്‍ നമ്രോദ്. ഇസ്രയേല്‍ സൈനിക ക്യാമ്പ് ആക്രമിച്ചപ്പോഴായിരുന്നു ഹമാസ് സായുധ സംഘം തമീറിനെ പിടികൂടിയത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇസ്രയേലില്‍ വച്ച് തന്നെ കൊല്ലപ്പെട്ടതായിരുന്നു ഈതന്‍ ലൈവി എന്ന 55 കാരന്‍. പക്ഷേ വീട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടുന്നത് ഇപ്പോഴാണ്. ഹമാസ് ആക്രമണം നടത്തുന്ന അന്ന് രാവിലെ കിബ്ബറ്റ്‌സ് ബീരിയില്‍ ഒരു സുഹൃത്തിനെ കൊണ്ടു വിടാന്‍ പോയതായിരുന്നു ടാക്‌സി ഡ്രൈവറായിരുന്ന ലെവി. അവിടെവച്ചാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഉള്‍പ്പെടെ പലരുടെയും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാതെ അതേ ദിവസം തന്നെ ഹമാസ് സംഘം ഗാസയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.
അതേസമയം ചൊവ്വാഴ്ച്ച കിട്ടിയ നാലാമത്തെ മൃതദേഹം ആരുടെതാണെന്നതില്‍ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല. അത് ഗാസ സ്വദേശിയുടെതാണെന്നാണ് ഇസ്രയേല്‍ ടെലിവിഷന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
Content Summary; Hamas has handed over the bodies, which will be identified and returned to their families; Gaza Ceasefire agreement
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.