ചാള്‍സ് മൂന്നാമന്‍ രാജാവ്, സിസ്റ്റിന്‍ ചാപ്പലിലെ മനോഹരമായ ഫ്രെസ്‌കോകള്‍ക്ക് താഴെ വെച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കൊപ്പം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം ചരിത്ര മുഹൂര്‍ത്തമായിരുന്നു. ഏകദേശം 500 വര്‍ഷമായി റോമന്‍ കത്തോലിക്കാ സഭയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയില്‍ നിന്നും അനുരഞ്ജനത്തിലെക്കുള്ള വഴി തുറക്കലായിരുന്നു അത്.
ഹെന്റി എട്ടാമനില്‍ തുടങ്ങിയ വൈരാഗ്യത്തിന്റെയും പകയുടെയും ചരിത്രമാണ്, അദ്ദേഹത്തിന്റെ ഇങ്ങേയറ്റത്തെ പിന്‍ഗാമിയായ ചാള്‍സ് മൂന്നാമന്‍ തിരുത്തുന്നത്.
കാമപരവശനും, അതേസമയം തനിക്കൊരു അനന്തരാവകാശിയില്ലാത്തതില്‍ നിരാശനുമായിരുന്ന, അഹങ്കാരിയായ ട്യൂഡര്‍ രാജാവായിരുന്നു ഹെന്റി എട്ടാമന്‍. അദ്ദേഹത്തിന് കത്തോലിക്ക സഭയുമായി ശത്രുതയാരംഭിക്കുന്നത്, കാതറിന്‍ ഓഫ് അറഗോണുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ രാജാവ് തീരുമാനിക്കുന്നതോടെയാണ്. ഹെന്റിക്കും കാതറിനും ഒരു മകളാണുണ്ടായിരുന്നത്. തന്റെ അനന്തരാവകാശിയായി ഒരു മകന്‍ വേണമെന്നായിരുന്നു ഹെന്റിയുടെ ആഗ്രഹം. കാതറിന് തന്നെ സഹായിക്കാനാകില്ലെന്ന് ഉറപ്പിച്ചാണ് അവളെ ഒഴിവാക്കാന്‍ രാജാവ് തീരുമാനിച്ചത്.
എന്നാല്‍ ഈ വിവാഹ ബന്ധം അസാധുവാക്കാന്‍ പോപ്പ് വിസമ്മതിച്ചത് രാജാവിനെ കോപാകുലനാക്കി. പക മൂത്ത രാജാവ് 1534-ല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോന്നു. കത്തോലിക്ക സഭയുമായുള്ള സകലബന്ധങ്ങളും അറത്തു മാറ്റിയ ഹെന്റി, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിക്കുകയും സ്വയം അതിന്റെ പരമോന്നത ഭരണാധികാരിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹം കാതറിനെ വിവാഹമോചനം ചെയ്യുകയും ആന്‍ ബോളിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ആനിലും രാജാവ് തൃപ്തനായില്ല. ഒരു മകളാണ് ഇവര്‍ക്കും ജനിച്ചത്. വൈകാതെ ആനില്‍ രാജാവിനുള്ള താത്പര്യം നഷ്ടപ്പെട്ടു. അവളെയും ഒഴിവാക്കാനുള്ള ആലോചനയിലായി. ആനിനെതിരേ രാജ്യദ്രോഹം, വ്യഭിചാരം, സഹോദരനുമായുള്ള വഴിവിട്ട ബന്ധം എന്നീ കുറ്റങ്ങള്‍ ചുമത്തിയും അവളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ശിരഛേദം നടത്തുകയും ചെയ്തു. മൂന്നു വര്‍ഷം മാത്രമാണ് ഹെന്റി- ആന്‍ ബോളിന്‍ ബന്ധം നിന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ ഉണ്ടായ ഏക മകളാണ് എലിസബത്ത് ഒന്നാമന്‍ രാജ്ഞി.
പുതിയ സഭ ആരംഭിച്ച് അതിന്റെ പരമോന്നത നേതാവായി മാറിയെങ്കിലും കത്തോലിക്ക സഭയോടുള്ള ശത്രുത ഹെന്റി നിര്‍ത്തിയില്ല. കത്തോലിക്കാമതത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അദ്ദേഹം മഠങ്ങള്‍ നശിപ്പിക്കാനും സഭയുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം പിടിച്ചെടുക്കാനും ലൈബ്രറികളും കൈയെഴുത്തുപ്രതികളും കത്തിച്ചുകളയാനും പുരോഹിതന്മാരെയും സന്യാസിമാരെയും മഠാധിപതികളെയും വധിക്കാനും ഉത്തരവിട്ടു.
നൂറുകണക്കിന് വര്‍ഷങ്ങളായി, ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലുമുള്ള കത്തോലിക്കര്‍ക്ക് പരസ്യമായി ആരാധന നടത്താന്‍ വിലക്കുണ്ടായിരുന്നു. 1950-കള്‍ വരെ കത്തോലിക്കരും ആംഗ്ലിക്കന്‍കാരും തമ്മിലുള്ള മിശ്രവിവാഹങ്ങള്‍ പോലും അനുവദിക്കപ്പെട്ടിരുന്നില്ല.
ഹെന്റിയുടെ കാലത്ത് തുടങ്ങിയ ഈ അകല്‍ച്ചയ്ക്ക് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാള്‍സ് മൂന്നാമന്‍ കത്തോലിക്ക സഭയുമായി അനുരഞ്ജനത്തിന് തയ്യാറായിരിക്കുന്നത്.
‘പരസ്പര സംശയത്തിന്റെ കാലം തീര്‍ച്ചയായും അവസാനിച്ചു,’ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കാനന്‍-തിയോളജിയന്‍ ആയ ജാമി ഹോക്കിയുടെ വാക്കുകളില്‍ പുതിയ കാലത്തിന്റെ പ്രതീക്ഷയാണുള്ളത്. റിലീജിയന്‍ മീഡിയ സെന്റര്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാമി.
‘എഴുപത് വര്‍ഷം മുമ്പ്, കത്തോലിക്കര്‍ക്കും ആംഗ്ലിക്കന്‍കാര്‍ക്കും പരസ്പരം പള്ളികളില്‍ പോകാന്‍ കഴിയുമായിരുന്നില്ല. വലിയ അതൃപ്തി ഉണ്ടാക്കുമായിരുന്നു അത്. ചരിത്രം സുഖപ്പെടുത്തുന്ന ഒരു നിമിഷമാണിത്.’; അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളോളം കത്തോലിക്കരും ആംഗ്ലിക്കന്‍കാരും തമ്മിലുള്ള ബന്ധം കലുഷിതമായിരുന്നു. എപ്പോഴും കലാപവും അക്രമവും ആയിരുന്നു ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍. 1570-ല്‍ പോപ്പ് പയസ് അഞ്ചാമന്‍ ക്വീന്‍ എലിസബത്ത് ഒന്നാമനെ മതവിരോധിയായി പ്രഖ്യാപിക്കുകയും സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
1605-ല്‍, ഗൈ ഫോക്‌സ് ഉള്‍പ്പെടെയുള്ള കത്തോലിക്കാ ഗൂഢാലോചനക്കാര്‍ പ്രൊട്ടസ്റ്റന്റ് രാജാവായ ജെയിംസ് ഒന്നാമന്‍ അകത്തിരിക്കുമ്പോള്‍ പാര്‍ലമെന്റ് മന്ദിരം തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതൊക്കെ ഈ ശത്രുതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
കത്തോലിക്കര്‍ക്കോ അല്ലെങ്കില്‍ കത്തോലിക്കരെ വിവാഹം കഴിച്ചവര്‍ക്കോ രാജ സിംഹാസനത്തില്‍ എത്തുന്നതിനുള്ള വിലക്ക് സ്ഥിരീകരിച്ചുകൊണ്ട് 1701-ലെ ആക്റ്റ് ഓഫ് സെറ്റില്‍മെന്റ് പാസാക്കി.
എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. മുതിര്‍ന്ന രാജകുടുംബാംഗങ്ങളും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമാരും സ്ഥിരമായി റോം സന്ദര്‍ശിക്കാന്‍ തുടങ്ങിയത് മഞ്ഞുരുകി തുടങ്ങിയതിന്റെ ലക്ഷണങ്ങളായിരുന്നു.
2013-ല്‍ പാസാക്കിയ ‘സക്‌സഷന്‍ ടു ദി ക്രൗണ്‍ ആക്റ്റ്’ രാജകീയ അനന്തരാവകാശികള്‍ കത്തോലിക്കരെ വിവാഹം കഴിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായിരുന്നു. അപ്പോഴും, രാജാവ് ഒരു ആംഗ്ലിക്കന്‍ ആയിരിക്കണം എന്നു തന്നെയായിരുന്നു നിയമം.
ഈ വര്‍ഷം ആദ്യം, കിംഗ് ചാള്‍സും ക്വീന്‍ കാമിലയും പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ സെപ്റ്റംബറില്‍, കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഡച്ചസ് ഓഫ് കെന്റിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്, 500 വര്‍ഷത്തിനിടെ ഒരു കത്തോലിക്കാ കുര്‍ബാനയില്‍ പരസ്യമായി പങ്കെടുത്ത ആദ്യത്തെ രാജാവായും ചാള്‍സ് മാറിയിരുന്നു.
കഴിഞ്ഞ 60 വര്‍ഷം ‘നമ്മുടെ പൊതുവായ വേരുകള്‍ അസാധാരണമാംവിധം വീണ്ടും കണ്ടെത്തിയ’ സമയമാണെന്നാണ് ജാമി ഹോക്കി പറഞ്ഞത്. എങ്കിലും പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
‘ദി കീസ് ആന്‍ഡ് ദി കിംഗ്ഡം: ദി ബ്രിട്ടീഷ് ആന്‍ഡ് ദി പാപ്പസി’ എന്ന പുസ്തകത്തിന്റെ രചയിതാവായ കാതറിന്‍ പെപ്പിന്‍സ്റ്റര്‍ ആര്‍എംസിയും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ‘പരിഷ്‌കരണത്തിന് ശേഷം റോമുമായി ഈ രാജ്യത്തിന് നീണ്ട ചരിത്രപരമായ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളുമുണ്ട്…
‘ഞങ്ങള്‍ ഒരുപാട് ദൂരം മുന്നോട്ട് പോയി… എന്നാല്‍ ഇതുവരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത തലവന്‍ – അതായത്, രാജാവ് – ലോകമെമ്പാടുമുള്ള 1.3 ബില്യണ്‍ കത്തോലിക്കരുടെ നേതാവിനൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.’; കാതറിന്‍ പെപ്പിന്‍സ്റ്ററുടെ ഈ വാക്കുകള്‍ പകയുടെയും അകല്‍ച്ചയുടെയും കാലം മാറിയിരിക്കുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു.
Content Summary; King Charles prays with the Pope Leo XIV at Sistine chapel. the history of 500 years of rift with Catholic church and Church of England.