സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലെ ജുണ്ട ഭരണകൂടം, തങ്ങളുടെ അധികാരത്തിന് നിയമസാധുത നേടിയെടുക്കുന്നതിനായി നടത്തുന്ന പൊതുതെരഞ്ഞെടുപ്പ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമാണെന്നാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്ന വിമര്‍ശനം.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇന്നും സൈനിക വിരുദ്ധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലോ അല്ലെങ്കില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഇടങ്ങളിലോ ആയതിനാല്‍ ആ പ്രദേശങ്ങളെ വോട്ടിംഗില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നഗരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആങ് സാന്‍ സൂചിയുടെയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെയും ചുവന്ന പതാകകളായിരുന്നു. എന്നാല്‍ ഇത്തവണ ആ കൊടി എവിടെയും കാണാനില്ല. 80 വയസ്സുകാരിയായ സൂചി 2021-ലെ അട്ടിമറിക്ക് ശേഷം തടവിലാണ്. അവരുടെ പാര്‍ട്ടിയെ ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയോ, പാശ്ചാത്യ ഭരണകൂടങ്ങളോ മ്യാന്മാറില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നില്ല. അതേസമയം ജൂണ്ട സൈന്യത്തിന്റെ സഖ്യകക്ഷിയായ ചൈന ഈ തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ട്. ചൈന, റഷ്യ, ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിട്ടുണ്ടെന്നാണ് സൈനിക നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത് ജനങ്ങളുടെ പിന്തുണയോടെയുള്ള തെരഞ്ഞെടുപ്പാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടിയല്ല മ്യാന്‍മറിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് നടത്തുന്നതെന്നുമാണ് സൈന്യത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള മടക്കമാണെന്ന് സൈന്യം അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുകയാണ്. വോട്ടിംഗിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഗൈങ് മേഖലയിലെ ഗ്രാമങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തി. വോട്ടിംഗ് നടക്കുന്ന ഇടങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാഗോ മേഖലയില്‍ മൂന്ന് പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ മ്യാന്‍മറില്‍ സൈനിക അനുകൂല പാര്‍ട്ടിയായ യു.എസ്.ഡി.പി ഓഫീസിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.
സൈനിക നടപടി ഭയന്ന് പല ജനങ്ങളും മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് പതിനായിരക്കണക്കിന് ആളുകളെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിനെ വിമര്‍ശിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കടുത്ത നിയമങ്ങളാണ് ജൂലൈയില്‍ സൈന്യം ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്കില്‍ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചതിന് ഷാന്‍ സ്റ്റേറ്റില്‍ ഒരാള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു.
പലരും വോട്ട് ചെയ്യുന്നത് ജനാധിപത്യ വിശ്വാസം കൊണ്ടല്ല, മറിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ സൈന്യം വീട്ടിലെത്തി അറസ്റ്റ് ചെയ്യുമോ എന്ന ഭയം കൊണ്ടാണെന്ന് യാങ്കൂണിലെ താമസക്കാര്‍ പറയുന്നത്.
സൈനിക അട്ടിമറി മ്യാന്‍മറിനെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് തള്ളിയിട്ടത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ദയനീയമായ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 2026 ആകുമ്പോഴേക്കും മ്യാന്‍മറിലെ 5.1 കോടി ജനങ്ങളില്‍ 1.6 കോടിയിലധികം പേര്‍ക്ക് അടിയന്തര ജീവന്‍രക്ഷാ സഹായങ്ങളും സംരക്ഷണവും ആവശ്യമായി വരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു.
‘സിവില്‍ സമൂഹത്തെ അടിച്ചമര്‍ത്തിക്കൊണ്ടും കൂട്ടക്കൊലകള്‍ നടത്തിക്കൊണ്ടും സൈന്യം അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്’ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
Content Summary; Myanmar Elections; voting begins under Junta stranglehold Aung San Suu Kyi and her party National League for Democracy banned
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.