UPDATES

ടീം ഇന്ത്യയുടെ മിന്നും താരമാകാന്‍, കേരളത്തിന്റെ മിന്നു

ദേശീയ വനിത ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി

                       

‘സ്‌കൂള്‍ വിട്ടു വന്നാല്‍ ബാഗൊക്കെ എറിഞ്ഞ് ഞാന്‍ വയലിലേക്ക് ഓടും ക്രിക്കറ്റ് കളിക്കാന്‍. കളികഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ എന്തായാലും വഴക്കും അടിയുമൊക്കെ കിട്ടും എന്ന് ഉറപ്പാണ്. എന്നാലും ഞാന്‍ അത് കാര്യമാക്കാറില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ക്രിക്കറ്റ് കളിക്കാന്‍. ആ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ മറ്റാരും പറയുന്നത് കേള്‍ക്കാതെ, ഒന്നിനും ചെവികൊടുക്കാതെ ഞാന്‍ കളിച്ചു’. ദേശീയ വനിത ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരിക്കുന്ന ആദ്യ മലയാളി മിന്നു മണിയുടെ വാക്കുകള്‍. കേരളത്തില്‍ നിന്നും ആദിവാസി വിഭാഗത്തിലെ ഒരു പെണ്‍കുട്ടി ആദ്യമായാണ് ദേശീയ വനിത ക്രിക്കറ്റ് ടീമിലേക്കെത്തുന്നത് എന്നതാണ് മിന്നുവിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശിയാണ് മിന്നു. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ട്വന്റി20 ടീമിലാണ് മലയാളത്തിന്റെ മിന്നു മണിയും ഭാഗമായിരിക്കുന്നത്. ടീമിലെ ഓള്‍ റൗണ്ടര്‍ ആയിട്ടാണ് മിന്നുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 2019 ല്‍ ഇന്ത്യ എ ടീമിലേക്കും മിന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് മിന്നുവുമായി അഴിമുഖം നടത്തിയ അഭിമുഖത്തില്‍ തന്റെ നേട്ടങ്ങളിലേക്കുള്ള സഞ്ചാര വഴികളെക്കുറിച്ച് മിന്നു മണി പറഞ്ഞിരുന്നു. ആ അഭിമുഖം ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്…

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെല്ലാം വലിയ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട്, അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മിന്നു ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്. ‘എല്ലാരും നമ്മളെപറ്റി നല്ല കാര്യങ്ങള്‍ പറയണമെന്നില്ലല്ലോ..’നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ ഈ ഒറ്റ വാചകം കൊണ്ടാണ് മിന്നു മറികടക്കുന്നത്. ചെറുപ്പം തൊട്ടേ ക്രിക്കറ്റ് കളിക്കാന്‍ വലിയ താല്‍പര്യമുള്ള കട്ടിയായിരുന്നു മിന്നു. ചെറുപ്പം മുതലേ ടിവിയില്‍ സ്ഥിരമായി ക്രിക്കറ്റ് കളി കാണുമായിരുന്നു. അന്നുമുതലേ ക്രിക്കറ്റ് കാണാന്‍ വലിയ ഇഷ്ടമാണ്. അങ്ങനെ കണ്ട് കണ്ടായിരിക്കണം പിന്നീട് കളിക്കാനും താല്‍പര്യമായി. വീട്ടില്‍ വയലൊക്കെ ഉണ്ട്. അവിടെ ചേട്ടായിമാരൊക്കെ കളിക്കുന്നത് കണ്ടാണ് കളിക്കാന്‍ തുടങ്ങിയതും, അതിനൊടൊരു താല്‍പര്യം വന്നതും. അവരൊടൊപ്പമാണ് ആദ്യമായി കളിച്ചു തുടങ്ങിയത്.

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു പരിശീലനം മുഴുവനും. ആസമയത്ത് പെണ്‍കുട്ടികള്‍ക്കായി ഒരു ടീമൊന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റിനോട് പെണ്‍കുട്ടികള്‍ക്ക് വലിയ താല്‍പര്യവും അന്ന് ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ രണ്ട് മൂന്ന് പെണ്‍കുട്ടികളൊക്കെ ഉണ്ടായിരുന്നു. ആണ്‍കുട്ടികളുമായി ചേര്‍ന്ന് രണ്ടു ടീമുകളായാണ് കളിച്ചിരുന്നത്. ആ സമയത്ത് ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഉണ്ടായിരുന്നത്. പലകാര്യങ്ങളും അന്ന് പറഞ്ഞു തന്നിരുന്നത് ആണ്‍കുട്ടികളായിരുന്നു.

ഞാന്‍ കുറിച്യ വിഭാഗത്തില്‍ നിന്നും വരുന്ന കുട്ടിയാണ്. ഞങ്ങളുടെ ഇവിടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളൊടൊപ്പം കളിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു വലിയ പ്രശ്നമാണ്. വീട്ടുകാരു പോലും സമ്മതിക്കില്ല. പ്രായപൂര്‍ത്തിയാവുന്ന സമയം ആകുമ്പോള്‍ മുതല്‍ തന്നെ നമ്മളെ ഈ കാര്യങ്ങള്‍ക്കൊക്കെ വീട്ടില്‍ നിന്നും എതിര്‍ത്തു തുടങ്ങും. മര്യാദയ്ക്കൊന്ന് ആണ്‍കുട്ടികളുമായി ഇടപഴകാന്‍ പോലും സമ്മതിക്കില്ല, എന്നിട്ടല്ലെ കളിക്കാന്‍. നാട്ടുകാരാണെങ്കിലും വീട്ടുകാരാണെങ്കിലും അതിനെ വേറൊരു രീതിയിലെ കാണുകയുള്ളൂ.

അച്ഛനും അമ്മയും ആണെങ്കില്‍ പോലും ഒരുപാട് ചീത്തപറയുമായിരുന്നു. ചെറുപ്പത്തില്‍ ഒരു പാട് തല്ലൊക്കെ കൊണ്ടിട്ടുണ്ട് . നാട്ടുകാര് അതും ഇതും ഒക്കെ പറയും. പക്ഷെ, എനിക്ക് കളിക്കാന്‍ ഇഷ്ടമാണ്. അത് ഇനി എത്ര തല്ല് കൊണ്ടിട്ടാണെങ്കിലും ചീത്ത കേട്ടിട്ടാണെങ്കിലും ഞാന്‍ കളിക്കുക തന്നെ ചെയ്യും.

പെണ്‍കുട്ടികളില്‍ നിന്നും ഒരാള്‍ കളിക്കാന്‍ പോകുന്നത് കൊണ്ട് തന്നെ വലിയ പിന്തുണയായിരുന്നു കൂട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അധ്യാപകരുടെ ഭാഗത്തു നിന്നുള്ള പിന്തുണ പറയാതെ വയ്യ. മാച്ചിനൊക്കെ പോകുന്നതുകൊണ്ട് പല സമയത്തും ഇന്റേണല്‍ പരീക്ഷകള്‍ എനിക്ക് എഴുതാന്‍ കഴിയാറില്ല. ആ സമയത്തൊക്കെ ഇന്റേണല്‍ തരുന്നതും, പാഠഭാഗങ്ങള്‍ പറഞ്ഞു തരുന്നതും അധ്യാപകരായിരുന്നു. സ്‌കൂളിലാണെങ്കിലും കോളേജിലാണെങ്കിലും അധ്യാപകരുടെ ഭാഗത്തു നിന്നും ലഭിച്ച പിന്തുണ എടുത്തു പറയേണ്ടതാണ്. പിന്നീട് എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പിടി ടീച്ചര്‍ എല്‍സമ്മ ടീച്ചറാണ് എന്നിലെ കഴിവ് പൂര്‍ണ്ണമായും കണ്ടുപിടിച്ചതും എന്നെ ഇതിലേക്ക് കൊണ്ടു വന്നതും. അങ്ങനെയാണ് ആദ്യമായി ജില്ലാ ടീമിലേക്ക് എത്തുന്നത്.

നന്നായി കളിക്കാനൊക്കെ തുടങ്ങിയപ്പോള്‍, അതിനു വേണ്ടി ഹോസ്റ്റലിലേക്കൊക്കെ മാറിയപ്പോള്‍ പിന്നെ ആര്‍ക്കും ഒന്നും കുഴപ്പമില്ലാതായി. പിന്നെ എല്ലാരും നല്ല കാര്യങ്ങളൊക്കെ പറയും. ഇതിന് പോയത് നന്നായി എന്നൊക്കെ പറഞ്ഞ് പിന്തുണയും നല്‍കാന്‍ തുടങ്ങി.

എട്ടാം ക്ലാസു വരെ മാത്രമെ മിന്നു വയനാട്ടില്‍ പഠിച്ചിട്ടുള്ളൂ. എട്ടാം ക്ലാസില്‍ ജില്ലാ ടീമില്‍ കളിച്ചതോടെ ക്രിക്കറ്റ് അക്കാദമിയില്‍ പഠിക്കാനുള്ള അസരം ലഭിച്ചു. തുടര്‍ന്ന് ഒന്‍പതും പത്തും പഠനം തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ബത്തേരിയിലിലും, ഡിഗ്രി പഠനം തിരുവന്തപുരം വുമണ്‍സ് കോളെജിലുമായിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം ക്രിക്കറ്റ് അക്കാദമി ഉള്ളതിനാലാണ് ഇവിടെ തന്നെ പോയി പഠിക്കാന്‍ കാരണം.

കേരളത്തിനു വേണ്ടി നല്ല പ്രകടനം കാഴ്ചവെച്ചതാണ് മിന്നുവിന്റെ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ആദ്യ ചവിട്ടുപടിയായത്. പിന്നീട് സൗത്ത് സോണിലേക്കും ക്രിക്കറ്റ് ക്യാമ്പുകളിലേക്കുമെല്ലാം സെലക്ഷന്‍ ലഭിച്ചു. സ്റ്റേറ്റില്‍ നന്നായി പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ചാലഞ്ചേഴ്‌സില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. ആ അവസരവും മിന്നുവിന് ലഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ നന്നായി കളിക്കുന്ന കളിക്കാരെ ഇന്ത്യ റെഡ്, ബ്ലു, ഗ്രീന്‍ എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. അതില്‍ സെലക്ഷന്‍ ലഭിച്ചു. സീനിയറിലും അണ്ടര്‍ 23 കാറ്റഗറിയിലും ചാലഞ്ചേഴ്‌സ് കളിക്കാനും സാധിച്ചു. ഇന്ത്യ റെഡിനും ബ്ലൂവിനും വേണ്ടിയാണ് മിന്നു കളിച്ചിട്ടുള്ളത്. അത് പോലെ തന്നെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരേ വാം അപ്പ് മത്സരം കളിക്കാനുള്ള അവസരവും കിട്ടി. ആ കളിയില്‍ 53 ബോളില്‍ നിന്നും 28 റണ്‍സ് അടിച്ചു ടോപ് സ്‌കോറര്‍ ആവുകയും ചെയ്തു.

മിന്നു ആള്‍ റൗണ്ടറാണ്. ബാറ്റിങ്ങും ബോളിങ്ങും ചെയ്യും, ഫീല്‍ഡിങ്ങും മിന്നുവിന് ഏറെ ഇഷ്ടമാണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റിംഗും, റൈറ്റ് ഹാന്‍ഡ് ബൗളറുമാണ് മിന്നു. ടോപ് ഓര്‍ഡര്‍ പൊസിഷനിലാണ് മിന്നു ബാറ്റിങ്ങിന് ഇറങ്ങുക. ബൗളിങ്ങില്‍ ഓഫ് സ്പിന്നറാണ്.

Share on

മറ്റുവാര്‍ത്തകള്‍