വലിയ ജനപ്രീതി നേടിയ ‘ജവാന്‍’ മദ്യത്തിന് പിന്നാലെ, ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍ പുതിയ ബ്രാന്‍ഡുമായി കേരള സര്‍ക്കാര്‍ എത്തുന്നു. സംസ്ഥാനം നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന ഈ മദ്യത്തിന് ‘മലബാര്‍ മിസ്റ്ററി’ (Malabar Mystery) എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. ഗുണമേന്മയുള്ള മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കി വിപണിയിലെ വര്‍ധിച്ച ആവശ്യം നിറവേറ്റുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചിറ്റൂര്‍ മേനോന്‍പാറയിസെ മലബാര്‍ ഡിസ്റ്റലറീസ് വിദേശമദ്യ പ്ലാന്റ് 21ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ ബ്രാന്‍ഡിന്റെ പേരും പ്രഖ്യാപിക്കും.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഇറക്കുന്ന മദ്യത്തിന് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. നാല്‍പ്പതിനായിരത്തിലധികം പേരുകളാണ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതില്‍ നിന്ന് ‘മലബാര്‍ മിസ്റ്റ്’ എന്ന പേര് അധികൃതര്‍ തിരഞ്ഞെടുത്തിരുന്നു. അന്നാല്‍ സാങ്കേതിക തടസ്സങ്ങളും ട്രേഡ്മാര്‍ക്ക് പ്രശ്നങ്ങളും കാരണം അവസാന നിമിഷം പേര് ‘മലബാര്‍ മിസ്റ്ററി’ എന്നാക്കി മാറ്റുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മദ്യോത്പാദന കമ്പനിയായ മലബാര്‍ ഡിസ്റ്റലറീസ് പുതുതായി ഇറക്കുന്ന പ്രീമിയം ബ്രാന്‍ഡി ഉത്പന്നത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ അഭ്യര്‍ത്ഥിച്ച് നടത്തിയ മത്സരം വിവാദമായിരുന്നു. ഈ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
ജവാന്‍ മദ്യത്തിന് സമാനമായി സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലായിരിക്കും മലബാര്‍ മിസ്റ്ററി വിപണിയിലെത്തുക. തുടക്കത്തില്‍ 500 മില്ലി കുപ്പികളിലായാണ് മദ്യം വിതരണം ചെയ്യുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചിറ്റൂര്‍ പ്ലാന്റിന് പ്രതിദിനം 13,500 കേസ് അതായത് 1,08,000 ലിറ്റര്‍ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നിന്നുള്ള ജീവനക്കാരെയും ബെവ്കോ വെയര്‍ഹൗസുകളിലെ ഉദ്യോഗസ്ഥരെയുമാണ് പ്ലാന്റിലേക്ക് നിയോഗിക്കുന്നത്. ജവാന്‍ മദ്യത്തിന് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാന്‍ ‘മലബാര്‍ മിസ്റ്ററി’യുടെ വരവ് സഹായിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Summary: Malabar Mystery as the successor to Jawan liquor