UPDATES

ഓഫ് ബീറ്റ്

മാര്‍പ്പാപ്പയും കോണ്‍ഗ്രസിന്റെ കൈപ്പത്തിയും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-115

                       

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പശുവും കിടാവുമായിരുന്നു കോണ്‍ഗ്രസിന്റെ ചിഹ്നം. കോണ്‍ഗ്രസിലെ തര്‍ക്കം കാരണം ചിഹ്നമായ പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രിം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്റെ ഭാര്യ സുന്ദര കൈലാസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൈപ്പത്തി ചിഹ്നം സ്വീകരിക്കാന്‍ ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മുഖ്യ കാരണമായി എന്നതാണ് ചരിത്രം. കേരളത്തിലെ പാലക്കാട് ജില്ലയിലെ അകത്തേതറ ഗ്രാമത്തിലെ കല്ലേകുളങ്ങര ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് കൈപ്പത്തി. ദേവിയുടെ കൈയ്യാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് പറഞ്ഞ സുന്ദര കൈലാസമാണ് കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത്. കൈലാസത്തിന്റെയും, സുന്ദര കൈലാസത്തിന്റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്‌റു കുടുംബമായി ശക്തമായ വ്യക്തി ബന്ധമുണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമും ആശങ്കകളും

1986 ഫെബ്രുവരിയില്‍ മാര്‍പ്പാപ്പ ആദ്യമായി കേരള സന്ദര്‍ശനം നടത്തുകയും രണ്ടു ദിവസം ചിലവഴിക്കുകയും ചെയ്തു. ഇന്ത്യയിലെ പുരാതന ക്രിസ്തുമതവുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ അദ്ദേഹം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. വിശുദ്ധ തോമസ് ആദ്യ ഇന്ത്യന്‍ ക്രിസ്ത്യാനികളെ സ്‌നാനപ്പെടുത്തിയ സ്ഥലമായ തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തു. തന്റെ ആദ്യ സന്ദര്‍ശന വേളയില്‍, കേരളത്തില്‍ ഒട്ടേറെ മലയാളികള്‍ മാര്‍പ്പാപ്പയെ കണ്ടു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു.

ഇലക്ഷന്‍ കാലം കൂടിയായ അന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ സരസനില്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ മാര്‍പ്പാപ്പയുടെ തുറന്ന വാഹനത്തിലെ റോഡ് ഷോയാണ് കാര്‍ട്ടൂണിന് ആധാരം. മാര്‍പ്പാപ്പയും, മുഖ്യമന്ത്രി കെ. കരുണാകരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ജലവകുപ്പ് മന്ത്രി ഗംഗാധരന്‍ അക്കാലത്ത് പൈപ്പ് വിവാദത്തിലായിരുന്നു. അതുകൊണ്ടാകണം അദ്ദേഹം പൈപ്പ് പിടിച്ച് കാര്‍ട്ടൂണിലുണ്ട്. ധനമന്ത്രിയായ കെ. എം. മാണി ധവള പത്രം ഇറക്കിയ സമയമായതിനാല്‍ തുറന്ന വാഹനത്തില്‍ മുന്‍ നിരയിലുണ്ട്. കൈപ്പത്തിയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മാര്‍പ്പാപ്പയുടെ കൈ തന്ത്രപൂര്‍വ്വം നമ്മുടെ ചിഹ്നമാക്കുകയാണ് ലീഡര്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

Share on

മറ്റുവാര്‍ത്തകള്‍