UPDATES

നൃത്തം കൊണ്ട് തിരികെ പിടിച്ച ജീവിതം

ആത്മസമർപ്പണം ചെയ്താൽ കല തുണയായുണ്ടാകും

                       

നൃത്തം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ. പല ഘട്ടങ്ങളിലും തുണയായി തീർന്ന സന്ദർഭങ്ങൾ. പ്രതിസന്ധിയുടെ തീ ചൂളയിൽ തളരാതെ മുന്നോട്ട് പോകാൻ കരുത്തായ നൃത്തം, ഒരു കല എന്നതിനപ്പുറം നൃത്തം തനിക്ക് ജീവിതം തന്നെ തിരികെ തന്ന ഉപാധിയാണ്. അതിജീവനത്തിന്റെ നാൾ വഴികളെ പറ്റി അഴിമുഖത്തോട് വാചാലയാവുകയാണ് നൃത്താധ്യാപികയും കലാകാരിയുമായ സുനിത ശിവദാസ്.

മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ഞാൻ നൃത്തം അഭ്യസിക്കുന്നുണ്ട്. കലാപരമായി വളരെ മുന്നിട്ട് നിൽക്കുന്ന കുടുംബമായിരുന്നു എന്റേത്. കലയുടെ പാരമ്പര്യമുള്ളതും  മാധവികുട്ടി തുടങ്ങിയ നിരവധി എഴുത്തുകാരുമുള്ള കുടുംബം കൂടിയാണ്. സ്കൂൾ കാലഘട്ടത്തിൽ കലോത്സവങ്ങളിൽ എനിക്ക് ഒറ്റക്കുള്ള മത്സരയിനങ്ങളിൽ പങ്കെടുക്കുന്നതിനേക്കാൾ കൂടുതൽ ഗ്രൂപ്പ് വിഭാഗങ്ങളിൽ പങ്കെടുക്കാൻ ആയിരുന്നു താല്പപര്യം. പക്ഷെ പൈസ കൊണ്ടുള്ള കലോത്സവ വേദികളോട് എനിക്ക് ഇന്ന് വരെയും താല്പര്യം ജനിച്ചിട്ടില്ല. സ്കൂളിലും കോളേജിലുമെല്ലാം സംഘ നൃത്തങ്ങളിൽ പങ്കെടുക്കുന്നതും അത് ചിട്ടപ്പെടുത്തന്നതും എന്നെ സംബന്ധിച്ച് ആവേശജനകമായ കാര്യമായിരുന്നു.

തിരുവന്തപുരത്താണ് എന്റെ പഠനം ഞാൻ പൂർത്തിയാക്കിയത്. ഡിഗ്രി പഠനകാലത്താണ് യഥാർത്ഥത്തിൽ ഡാൻസ് കൊറിയോഗ്രഫിയിലേക്ക് കടക്കുന്നത്. ക്ലാസിക്കൽ ഡാൻസർ ആണ് ഞാനെങ്കിലും തീർത്തും ട്രഡീഷണൽ ക്ലാസിക്കൽ ഡാൻസ് കൊറിയോഗ്രഫി അല്ലായിരുന്നു എന്റെ മനസ്സിൽ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിവേണം നൃത്തം ചിട്ടപ്പെടുത്താൻ എന്നായിരുന്നു ചിന്ത. യാഥാർത്ഥത്തിൽ ദൂരദർശനിൽ ചന്ദ്രലേഖ പ്രഭുദാസ് പട്ടേൽ എന്ന ലോകപ്രശസ്ത നർത്തകി നൃത്ത പരിപാടി ചെയ്തിരുന്നു അവരുടേത് ഒരു കണ്ടംപെററി ഡാൻസ് രീതിയായിരുന്നു അതെന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസിന്റെ മുദ്രകളും ചലനങ്ങളും ഉപയോഗിച്ച് കൊണ്ട് സംഘനൃത്തങ്ങൾ ചിട്ടപ്പെടുത്തിയെടുക്കുകയും, നൃത്ത സംവിധാനങ്ങൾ ചെയ്‌തെടുക്കാൻ എന്റേതായ ഒരു ടീമിനെ ഉണ്ടാക്കിയുമൊക്കെയാണ് ഞാൻ നൃത്ത ശില്പങ്ങൾ ചെയ്യാൻ തുടങ്ങുന്നത്. ഏഷ്യാനെറ്റ്, സൂര്യ, എന്നീ ടി വി ചാനലുകൾ തുടങ്ങിയ സമയം കൂടിയായിരുന്നുവത്. വിശേഷ ദിവസങ്ങളിലുള്ള ചാനൽ പ്രോഗ്രാമുകളിലും നൃത്ത പരിപാടികൾ അവതരിപ്പിക്കാൻ ഒരു പാട് അവസരങ്ങൾ കോളേജ് കാലഘട്ടത്തിൽ ലഭിച്ചിട്ടുണ്ട്.

ചാനൽ പരിപാടികൾ അവതരിപ്പിച്ചതിന് ശേഷമാണ് എന്നെ ആളുകൾ തിരിച്ചറിയുകയും മറ്റു സ്ഥലങ്ങളിൽ നിന്ന് കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുന്നതും. ചെയ്ത പരിപാടികളിൽ ഞാൻ ഇന്നും ഓർത്തു വയ്ക്കുന്ന ഒന്ന് തിരുവനന്തപുരത്ത് ‘ഫ്ലവർ ഷോ’യിൽ അവതരിപ്പിച്ചതാണ്. ഉദ്ഘാടന പരിപാടിയിൽ അവതരിപ്പിച്ച എന്റെ നൃത്ത ശില്പത്തിന് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചു. അന്ന് ഗവർണർ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ അദ്ദേഹം എന്നെയും എന്റെ നൃത്ത പരിപാടിയെയും തന്റെ പ്രസംഗത്തിൽ പ്രശംസിച്ചിരുന്നു. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ എന്നെ സംബന്ധിച്ചിടത്തോളം ലഭിച്ച അവസരങ്ങളെല്ലാം വലിയ അനുഗ്രഹങ്ങളായിരുന്നു എന്ന് വേണം പറയാൻ.

ഇക്കാലമത്രയും ഡാൻസിൽ തന്നെ ഒരു ഭാവി കണ്ടെത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനായി നല്ലരീതിയിൽ പ്രയത്നിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീടാണ് യാതാർഥ്യങ്ങൾ നമ്മെ തേടിയെത്തുന്നത്. കഴിവ് എന്ന ഒറ്റ ഘടകം കൊണ്ട് മാത്രം ഈ മേഘലയിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണ്. ഇവിടെ പിടിച്ച് നിൽക്കണമെങ്കിൽ ശക്തമായ ഒരു സാമ്പത്തിക ശ്രോതസ്സും ഒപ്പം മനസിലാക്കാനും കൂടെ താങ്ങായി നിൽക്കാനുമുള്ള ആളുകളും വേണം. എന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം നൃത്തം ഒരു ജോലി മേഘലയായി തെരെഞ്ഞെടുക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. നൃത്തം ഒരു ഹോബി ആയി മാത്രം മതി ജീവിതമാർഗ്ഗമായി മറ്റെന്തെകിലും  ഒന്നുണ്ടാകണം എന്നായിരുന്നു അച്ഛന്റെ വാദം. അങ്ങനെയാണ് 23-ാം വയസ്സിൽ എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീടാണ് ബോംബെയിലേക്കുള്ള എന്റെ പറിച്ചു നടൽ. ജോലിയിൽ പ്രവേശിക്കുമ്പോൾ ചിന്തിച്ചിരുന്നത് കുറച്ച് നാൾ ഇവിടെ തുടർന്നതിന് ശേഷം കലയുടെ ലോകത്തേക്ക് തന്നെ മടങ്ങാം എന്നായിരുന്നു. പക്ഷെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മുമ്പിലേക്ക് എത്തുമ്പോൾ നിസ്സഹായരായി നിൽക്കാനേ ചിലപ്പോഴെല്ലാം നമ്മെ കൊണ്ട് സാധിക്കൂ. എയർ ഹോസ്റ്റസ് ജോലി അത്ര എളുപ്പമുള്ളതായിരുന്നില്ല. മറ്റൊന്നും ചിന്തിക്കാൻ സാധിക്കാൻ പറ്റാത്ത വിധം തിരക്കുള്ള സ്വഭാവമുള്ള ജോലിയാണത്. ജീവിതത്തിലെ 12 വർഷത്തോളം ജോലിയും വീടുമായി ജീവിച്ചു തീർത്തുവെന്ന് പറയുന്നതാകും ശരി.

ജോലി കിട്ടിയ കാലഘട്ടത്തിലാണ് വിവാഹം നടക്കുന്നത്. 2014 ആകുമ്പോഴേക്കും എനിക്ക് രണ്ട് കുഞ്ഞുങ്ങളും ജനിച്ചു. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളും മറ്റുമായിക്കഴിയുമ്പോൾ പലതരത്തിലുള്ള തിരിച്ചറിയലുകളുടെ സമയമാണ്. നമ്മുടെ ലക്ഷ്യങ്ങൾക്ക് വേണ്ടിയും സ്വന്തം കാര്യങ്ങൾക്കായും സ്വയം ചിലവഴിക്കുന്ന സമയം എന്നത് വളരെ തുച്ഛമായിരിക്കും. ഒരു പക്ഷെ നമുക്ക് വേണ്ടി ഒരു പത്ത് മിനിറ്റ് തികച്ച് ലഭിക്കാത്ത സാഹചര്യമായിരിക്കും. നമ്മുടെ സമയത്തിനും അധ്വാനത്തിനും അവകാശം ഞാൻ എന്ന വ്യക്തിയേക്കാൾ കൂടുതൽ എനിക്ക് ചുറ്റിനുമുള്ള ആളുകൾക്കായിരിക്കും. ഒരു തരത്തിൽ സമൂഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. ‘അമ്മ, ഭാര്യ, മരുമകൾ തുടങ്ങിയ പല കഥാപാത്രങ്ങളായും ജീവിതത്തിൽ ആടി തീർക്കുമ്പോൾ, ആ വ്യക്തിയും അവരുടെ വ്യക്തിത്വവും പലപ്പോഴും വിസ്‌മൃതിയിലാണ്ട് പോകും.

ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ടാണ് സമൂഹവും കുടുംബവും എപ്പോഴും സ്ത്രീകളെ കാണുന്നത് വിവാഹത്തിന് ശേഷം ഇത്തരം വിമർശനങ്ങളുടെ തോത് കൂടുകയും ചെയ്യും. ‘അമ്മ ഭാര്യ തുടങ്ങിയ വേഷങ്ങൾ എത്രത്തോളം ഭംഗിയായി ചെയ്യുന്നു എന്നത് മാത്രമേ ശ്രദ്ധിയിൽ പെടുകയുള്ളു. ഞാൻ എന്ന വ്യക്തി എന്താണെന്നോ എന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മേന്മയായോ വ്യക്തിത്വത്തിന്റെ അടിസ്ഥാനമായോ ആരാലും പരിഗണിക്കപ്പെടുകയില്ല. ഉത്തമ കുടുംബിനിയായി ജീവിക്കുക എന്ന് മാത്രമാണ് വിവാഹത്തിന് ശേഷം വേണ്ടതെന്നാണ് പലരുടെയും പക്ഷം. ആടി തീർക്കേണ്ട വേഷങ്ങളുടെ എണ്ണം കൂടിയപ്പോൾ ഉദ്യോഗസ്ഥ എന്ന റോളിൽ നിന്ന് രാജി വെക്കേണ്ട സ്ഥിതി വന്നു. ജോലി കൂടി പോയതിന് ശേഷമാണ് ഞാൻ എന്നെ പറ്റി കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. ജീവിതത്തിൽ അകാൻ ആഗ്രഹിച്ചത് എന്തോ, പക്ഷെ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റെന്തോ ഒടുക്കം ഒന്നുമല്ലാത്ത അവസ്ഥയിൽ പകച്ച് നിൽക്കുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞുണ്ടായി ആറ് മാസങ്ങൾക്ക് ശേഷമാണ് തിരികെ നൃത്തത്തിന്റെ ലോകത്തേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുന്നത്. എന്റെ ജീവനും ജീവിതവും നൃത്തത്തിലാണ് എന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണ്. ശ്രീമതി ഗിരിജ ചന്ദ്രൻ ടീച്ചറിന്റെ അടുത്താണ് ഞാൻ നൃത്തം അഭ്യസിച്ചിരുന്നത്, ടീച്ചർ ആണ് എന്നോട് ഡോക്ടർ പദ്മ സുബ്രഹ്മണ്യത്തിന്റെ കീഴിലുള്ള എം എഫ് എയെ ( മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഭരതനാട്യം)  പറ്റി പറയുന്നത്. പ്രവേശനം ലഭിച്ച് കഴിഞ്ഞപ്പോൾ കുഞ്ഞുള്ളത് കൊണ്ട് പഠനം മുടങ്ങാൻ അനുവദിക്കില്ല എന്ന ഒറ്റ കാര്യം മാത്രമാണ് പത്മ സുബ്രഹ്മണ്യം എന്നോട് പറഞ്ഞത്. ഒരു പാട് തിരക്കുകളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും മുടങ്ങാതെ ക്ലാസ്സുകൾക് എത്താനും പഠനം പൂർത്തിയാക്കാനും എനിക്ക് സാധിച്ചു. ഒരു സന്തോഷത്തിന്റെ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് വിവാഹ ജീവിതത്തിൽ കുറച്ച് പ്രശ്നങ്ങൾ വരുന്നതും പിന്നീട്   2019 ൽ ഞാനും എന്റെ ഭർത്താവും തമ്മിൽ നിയമപരമായി വേർപിരിയുന്നതും. അതിന് ശേഷം കുട്ടികളും ഞാനും ഒറ്റക്കായി. ഈ കാലഘട്ടത്തിലാണ് എന്നെ പോലെ ജീവിതത്തിൽ ഒരു പാട് ആഗ്രഹങ്ങളുണ്ടായിട്ടും അതൊന്നും നിറവേറാതെ പോയ അനേകം സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്നത്. സ്വയം ഒതുങ്ങി കൂടി സമൂഹം നിശ്ചയിച്ചിരിക്കുന്ന ചട്ടക്കൂടിൽ കിടന്ന് ശ്വാസം മുട്ടുന്ന എത്രയോ പേരുണ്ടാകും. ഇത് പോലുള്ളവർക്ക് വേണ്ടി എന്തെങ്കിലും  ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ‘ക്ലാസി കൈനറ്റിക്സ്’ എന്ന ഒരു നൃത്ത രൂപം ഞാൻ സൃഷ്ടിച്ചത്. ക്ലാസ്സിക്കൽ ഡാൻസിന്റെ ഒരു ചെറിയ രൂപം തന്നെ ആണ് ക്ലാസി കൈനറ്റിക്സ്. നൃത്തം ആയാസമില്ലാതെ പഠിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ചിട്ടപ്പെടുത്തിയതാണ് ക്ലാസി കൈനറ്റിക്സ്. നാട്യ ശാസ്ത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള അടവുകളും മുദ്രകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്ത രൂപമാണ് ക്ലാസ്സി കൈനറ്റിക്‌സ്. വളരെ വേഗത്തിലാണ് ക്ലാസി കൈനെറ്റിക്സിന് സ്വീകാര്യത ലഭിച്ചത്.

ക്ലാസ്സുകളും പഠനവും നല്ല രീതിയിൽ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോഴാണ് പലരുടെയും ജീവിതത്തിലെ വില്ലനായത് പോലെ എന്റെ ജീവിതത്തിലേക്കും കൊവിഡിന്റെ കടന്നുവരവും പ്രിയപെട്ടവരുടെ വേർപാടും. ദുസ്വപ്നം പോലെയുളള ദിനങ്ങളായിരുന്നു പിന്നീട് അങ്ങോട്ട് എന്നെ കാത്തിരുന്നത്. എന്റെ ആരോഗ്യ നില തകരാറിലാവുകയും ജീവൻ തിരികെ ലഭിക്കുമെന്ന് ഡോക്ടർമാരുടെ പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തതാണ്, പക്ഷെ ഭാഗ്യം തുണച്ചു ഒരു മാസത്തെ ആശുപത്രി വാസത്തിനും ചിക്ത്സകൾക്കും ശേഷം തിരികെ ഞാൻ ജീവനിലേക്ക് മടങ്ങി വന്നു. ആശുപത്രിയിൽ നിന്ന് വന്നതിന്റെ മൂന്ന് മാസങ്ങൾക് ശേഷമാണ് വീണ്ടും ഡാൻസ് ക്ലാസുകൾ പുനഃരാരംഭിക്കുന്നത്. ഈ സമയങ്ങളിൽ ഒന്നും തന്നെ ഞാൻ ആരോഗ്യപരമായി ഒട്ടും നല്ല അവസ്ഥയിൽ ആയിരുന്നില്ല. ശരിയായ രീതിയിൽ നടക്കാൻ പോലും കഴിയാത്ത ഞാൻ എങ്ങനെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കും എന്നത് എന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് വരെ അത്ഭുതമായിരുന്നു. പക്ഷെ ആറ് മാസങ്ങൾക് ശേഷം നൃത്തം എന്റെ അവസ്ഥയിലുണ്ടായ പുരോഗതി അവരെ അമ്പരപ്പിച്ചു കളഞ്ഞു. ജീവിതത്തിലെ ഓരോ വിഷമഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴെല്ലാം നൃത്തം എന്നെ രക്ഷിക്കുമെന്ന തീവ്രമായ വിശ്വാസമുണ്ടായിരുന്നു. കാരണം കലയെ നമ്മൾ അത്രത്തോളം ഇഷ്ട്ടപെടുകയും ആത്മാർത്ഥമായി അതിന് വേണ്ടി ആത്മസമർപ്പണം ചെയ്താൽ കല നമുക്ക് തുണയായുണ്ടാകുമെന്നത് തീർച്ചയാണ്. ആരോഗ്യം വീണ്ടെടുത്ത് കുറച്ച് മാസങ്ങൾക്കുള്ളിൽ തിരികെ ബോംബെയിൽ എത്തുകയും കലയിലൂടെ തന്നെ എന്റെ സാമ്രാജ്യം ഞാൻ വീണ്ടും കെട്ടിപ്പടുക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ നൃത്തവും സംഗീതവും മൂലം എനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നത് കൊവിഡ് നാളുകൾക്ക് ശേഷമാണ്. എനിക്കനുഭവപെട്ട സംഗീതത്തിന്റെയും നൃത്തത്തിന്റെയും സുഖപ്പെടുത്താനുള്ള കഴിവ് എന്തുകൊണ്ട് ആളുകളിലേക്ക് എത്തിച്ചു കൂട എന്ന ചിന്തയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഞാൻ യോഗ ടീച്ചേർസ് ട്രെയിനിങ് പഠനവും മുദ്ര തെറാപ്പിയും സ്വായക്ത്തമാക്കുന്നത്. പഠിച്ചതെല്ലാം കൃത്യമായി ചേർത്ത് വച്ചാണ് നൃത്തയോഗ എന്ന ഹോളിസ്റ്റിക് വെൽനെസ്സ് പ്രോഗ്രാം തുടങ്ങുന്നത് (മനുഷ്യൻറെ ശാരീരികവും മാനസികവും സാമൂഹിക ഘട്ടങ്ങളെ ഉൾപ്പെടുത്തുന്ന രീതി ). വളരെ വിജയകരമായി മുന്നോട്ട് , ബോംബെയിൽ ധ്വനി സ്കൂൾ ഓഫ് ഡാൻസ് എന്ന സംരംഭവുമായി ഞാൻ മുന്നോട്ട് പോവുകയാണ്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍