UPDATES

ലഹരി ‘ചതിച്ച’ ജീവിതം തിരികെ പിടിക്കുന്ന ലിസി

12 വര്‍ഷം തടവറയില്‍, അഴിമുഖം വാര്‍ത്ത തുണയായി പുറംലോകത്തേക്ക്

                       

അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയ തെറ്റിന് 25 വര്‍ഷത്തെ ശിക്ഷ ലഭിച്ചതിന്റെ നടുക്കം ഇനിയും വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ചുള്ളിയോട് സ്വദേശിയായ ലിസി റോസക്കുട്ടിയുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. 12 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച ശേഷം 2022 സെപ്തംബര്‍ 23ന് ജയില്‍ മോചിതയായ ശേഷം ജയിലിലെ ആ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നുണ്ട്. കോടതി വിധിച്ച ശിക്ഷയില്‍ 13 വര്‍ഷം കുറവ് ലഭിച്ചതിന് അവര്‍ നന്ദി പറയുന്നത് അഴിമുഖത്തിനാണ്. അഴിമുഖം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ലിസിയുടെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് സഹായകമായ ഒരു ഘടകം.

കോഴിക്ക് കൊടുക്കാനുള്ള ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ആണെന്ന് പറഞ്ഞ്  കൊച്ചിയിലെത്തിക്കാന്‍ ഒരു പരിചയക്കാരന്‍ കൊടുത്തുവിട്ട ബിഗ്‌ഷോപ്പര്‍ ആണ് ലിസിയുടെ ജീവിതം മാറ്റിമറിച്ചത്. അനിയത്തിയുടെ ചികിത്സയ്ക്കായി അയാളില്‍ നിന്നും വാങ്ങിയ കടബാധ്യത മൂലം അയാള്‍ക്ക് വേണ്ടി കോയമ്പത്തൂരില്‍ നിന്നും തുണികളെത്തിക്കുന്ന ജോലി ലിസി ചെയ്തിരുന്നു. ഇതിനിടയിലാണ് കൊച്ചിയിലേക്ക് കോഴിക്കുള്ള മരുന്നുകളും കൊടുത്തുവിട്ടത്. കള്ളും കഞ്ചാവും എങ്ങനെയിരിക്കുമെന്ന് അറിയാമെങ്കിലും മയക്കുമരുന്നാണ് താന്‍ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നെന്ന് അവര്‍ അഴിമുഖത്തോട് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ബിഗ്‌ഷോപ്പറുമായി കൊച്ചി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് പിടിച്ചു. അതോടെയാണ് ലിസിയുടെ ജീവിതം തടവറയ്ക്കുള്ളിലേക്ക് തള്ളപ്പെട്ടത്.

എന്‍ഡിപിഎസ് കേസില്‍ അകപ്പെടുന്ന ആര്‍ക്കും ലഭിക്കുന്ന ശിക്ഷയായ ഇരുപത്തിയഞ്ച് വര്‍ഷം തടവാണ് ലിസിയ്ക്ക് ലഭിച്ചത്. അതിന് പിന്നാലെ ഒട്ടനവധി അപ്പീലുകള്‍ പോയെങ്കിലും ഒന്നും ഫലം ചെയ്തില്ല. കോവിഡ് കാലത്ത് ലഭിച്ച അധിക പരോളിന്റെ സമയത്താണ് അഴിമുഖത്തിന് ലിസിയുമായി സംസാരിക്കാനായത്. ലിസിയുമായും തിരുവനന്തപുരം വനിതാ തുറന്ന ജയിലിലെ സൂപ്രണ്ട് ആയിരുന്ന സോഫിയ ബീവി, സഹപ്രിസണ്‍ ഓഫീസര്‍ ആയിരുന്ന മുകേഷ് കുമാര്‍, ലിസി ശിക്ഷിക്കപ്പെട്ട് ആദ്യമായി എത്തിയ കണ്ണൂര്‍ ജയിലിലെ വനിതാ സെല്ലിന്റെ സൂപ്രണ്ട് ആയ ശകുന്തള എന്നിവരുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2020 ഒക്ടോബര്‍ 26നാണ് അഴിമുഖം പ്രസിദ്ധീകരിച്ചത്.

പിന്നീട് ഹൈക്കോടതിയില്‍ വീണ്ടും പുനഃപരിശോധനാ ഹര്‍ജി നല്‍കിയപ്പോള്‍ ഈ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിലെ പ്രസ്താവനകളും ലിസിയുടെ കുടുംബത്തിലെ സാഹചര്യവും കണക്കിലെടുത്താണ് കോടതി അവരെ കുറ്റവിമുക്തയാക്കിയതും വിട്ടയച്ചതുമെന്ന് ലിസിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. മഞ്ജു ആന്റണി പറഞ്ഞു. ലിസി അറസ്റ്റിലായ വാര്‍ത്ത ടെലിവിഷനില്‍ അറിഞ്ഞ നാള്‍ വീണുപോയതാണ് അമ്മ റോസക്കുട്ടി. സഹോദരിയുടെ മകന്റെ അമ്മയില്ലാത്ത മകളെ വളര്‍ത്തുന്നതും ലിസിയാണ്. ഈ പശ്ചാത്തലങ്ങള്‍ കൂടി ഹൈക്കോടതി ഇവരെ കുറ്റവിമുക്തയാക്കിയപ്പോള്‍ പരിഗണിച്ചു.

ജയില്‍ മോചിതയായെങ്കിലും ലിസിയുടെ ജീവിതത്തിലെ ദുരിതങ്ങള്‍ക്ക് യാതൊരു അറുതിയും വന്നിട്ടില്ല. വിദ്യാഭ്യാസത്തിന്റെ പരിമിതിയും ഒരിക്കല്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലവും അവര്‍ക്ക് മുന്നിലേക്കുള്ള വഴിയില്‍ വിലങ്ങുതടിയായി കിടക്കുന്നു. വീട്ടിലിരുന്ന് തുന്നിയെടുക്കുന്ന നൈറ്റികളുമായി വീടുകള്‍ കയറിയിറങ്ങിയാണ് ലിസി ഇപ്പോള്‍ ജീവിതം മുന്നോട്ട് നയിക്കുന്നത്. അമ്മയ്ക്കുള്ള മരുന്നുകളും മകളെ വളര്‍ത്താനുമൊക്കെയുള്ള ഏക ഉപജീവന മാര്‍ഗ്ഗം ഇതാണ്. അതോടൊപ്പം യുവതലമുറ അകപ്പെടുന്ന ലഹരിയെന്ന മഹാവിപത്തിനെക്കുറിച്ച് ശക്തമായ കാമ്പെയ്‌നിംഗും ഇവര്‍ നടത്തുന്നുണ്ട്. റോഡരികില്‍ ചെറുപ്പക്കാര്‍ ആരെങ്കിലും ഒരു സിഗരറ്റ് വലിച്ച് നിന്നാല്‍ പോലും തനിക്ക് സഹിക്കാറില്ലെന്ന് ലിസി വ്യക്തമാക്കുന്നു. ലഹരി തകര്‍ത്ത തന്റെ ജീവിതം ചൂണ്ടിക്കാട്ടി തന്നെക്കൊണ്ട് ആകുന്നത്ര ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് ലിസിയുടെ ഇപ്പോഴത്തെ ശ്രമം. തന്റെ ജീവിതം മാർച്ച് നാല് (തിങ്കൾ) രാത്രി 9 മണിക്ക് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി പരിപാടിയിൽ ലിസി റോസക്കുട്ടി പങ്കുവെക്കുന്ന സാഹചര്യത്തിലാണ് അഴിമുഖം ഈ റിപ്പോർട്ട് പുനഃപ്രസിദ്ധീകരിക്കുന്നത്.

2020ല്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലിസിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം താഴെ

പകലിനോട് സൂര്യൻ പറഞ്ഞു, ‘ഞാൻ പോകുകയാണ്. നാളെ ഞാൻ വരുമ്പോൾ നീയെത്രത്തോളം സന്തോഷവതിയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എനിക്ക് പകരക്കാരനായി വരുന്നവൻ നിന്നെ ക്രൂരമായി വേദനിപ്പിച്ചേക്കാം. അവന്റെ മറവിൽ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കും സാക്ഷിയാകേണ്ടവരല്ലേ നമ്മൾ. എങ്കിലും നിനക്ക് അവനോടാണല്ലോ കൂടുതൽ പ്രണയം. നിന്റെ കാത്തിരിപ്പും അവനുവേണ്ടിയല്ലേ.’

ഇതെല്ലാം കേട്ട പകൽ സൂര്യന്റെ കാതിൽ മെല്ലെ മൊഴിഞ്ഞു. ‘എന്റെ പ്രിയനേ നീയും എനിക്ക് വേണ്ടപ്പെട്ടതു തന്നെ, എന്റെ സങ്കടങ്ങളിൽ പങ്കുചേർന്ന് നീ മരണത്തിന്റെ കടലാഴങ്ങളിലേക്ക് എന്നെ തനിച്ചാക്കി ഉഴിയിട്ടു പോയ് മറയുമ്പോൾ ഞാനൊന്ന് തേങ്ങിക്കരഞ്ഞു. തലചായ്ക്കാൻ മാത്രമാണ് പ്രിയനേ നിന്റെ പകരക്കാരനെ പ്രണയിക്കുന്നത്.’

ഇതു കേട്ട സൂര്യൻ ഒരു നെടുവീർപ്പോടെ കടലിന്റെ ആഴങ്ങളിലേയ്ക്ക് കൂപ്പുകുത്തി.

ഇത് എഴുതിയത് ലിസി റോസക്കുട്ടി എന്ന ലിസി പി ജോർജ്ജ്. പക്ഷെ ലിസി പറയുന്നത് തനിക്ക് ലിസി റോസക്കുട്ടി എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടമെന്നാണ്. അവരുടെ അമ്മയുടെ പേരാണ് റോസക്കുട്ടി. ഒരു മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് ലിസി. എന്നാൽ അത് മാത്രമല്ല, തടവ് മുറിയിൽ ഇരുന്നു എഴുതിയ കഥകൾ സ്വാതന്ത്ര്യത്തിന്റെ പുറംലോകം കാണുന്നത് കാത്തിരിക്കുന്ന എഴുത്തുകാരി കൂടിയാണവർ. അഴിമുഖത്തിന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരത്തെ തുറന്ന വനിതാ ജയിലിൽ നിന്നും പരോൾ ലഭിച്ച് വയനാട് സുൽത്താൻ ബത്തേരിയിലെ ചുള്ളിയോട് എന്ന സ്ഥലത്തെ വീട്ടിലാണ് അവരപ്പോൾ ഉള്ളത്. തുടക്കത്തിൽ തന്നെ എഴുത്തിനെ കുറിച്ചാണ് ചോദിച്ചത്. വലിയ ആവേശത്തോടെയായിരുന്നു ലിസിയുടെ മറുപടി.

കഴിഞ്ഞ പത്ത് വർഷത്തോളമായി ലിസി എഴുതുന്ന കഥകളാണ് ഇപ്പോൾ പൂർണ്ണ പബ്ലിക്കേഷൻസ് പുസ്തക രൂപത്തിൽ പുറത്തിറക്കുന്നത്. അക്കാലത്ത് തനിക്ക് ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലിസി പറയുന്നു. ‘ജയിലിൽ കിടന്നുകൊണ്ട് എനിക്ക് എഴുതാൻ സാധിച്ചു. ഒരുപക്ഷെ ജയിലിൽ ആയിരുന്നില്ലെങ്കിൽ ഞാൻ വീണ്ടും എഴുതില്ലായിരുന്നു. ജയിലിൽ മൊട്ടിട്ട കഥകൾ എന്ന പേരിൽ ജയിലിലെ എഴുത്തുകാരുടെ ഒരു കഥാസമാഹാരം ഇറങ്ങിയിരുന്നു. അതിൽ ഒന്നാം സ്ഥാനം എന്റെ കഥയ്ക്ക് ആയിരുന്നു. ‘പ്രാന്ത്’ എന്നായിരുന്നു ആ കഥയുടെ പേര്. ഏത് കഥ എഴുതിയാലും ഞങ്ങൾക്ക് തരണമെന്ന് പൂർണ്ണ അതോടെയാണ് തന്നോട് ആവശ്യപ്പെട്ടത്.’

‘ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി കഥ എഴുതുന്നുണ്ട്. ലാൽസലാം എന്ന മോഹൻലാലിന്റെ പരിപാടിയിൽ ഞാൻ പങ്കടുത്തിരുന്നു. സുബിൻ മാനന്തവാടി എന്ന ഒരു പത്രപ്രവർത്തകൻ തന്നെ അഭിമുഖം ചെയ്യാനായി ജയിലിൽ വന്നിരുന്നു,. അതിലൂടെയാണ് മോഹൻലാൽ എന്നെക്കുറിച്ച് അറിയുന്നത്.’ ലിസി പറഞ്ഞു.

താൻ എങ്ങനെ മയക്കുമരുന്ന് കേസിൽ പെട്ടു എന്നു ലിസി വിശദീകരിക്കുന്നു; ‘കഞ്ചാവും കള്ളും എന്താണെന്ന് അറിയാമായിരുന്നു. പക്ഷെ മയക്കുമരുന്ന് തിരിച്ചറിയാൻ ആയില്ല. എന്നോട് പറഞ്ഞിരുന്നത് കോഴിക്ക് കൊടുക്കാനുള്ള ഹോർമോൺ ഇൻജക്ഷൻ ആണെന്നാണ്. നാട്ടിൽ തന്നെയുള്ള എനിക്ക് മുമ്പേ അറിയാമായിരുന്ന ഷാജഹാൻ എന്നയാളാണ് തന്ന് വിട്ടത്. അനിയത്തിക്ക് തീപ്പൊള്ളലേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ അയാളോട് കുറച്ച് കാശ് കടം ചോദിച്ചു. കോയമ്പത്തൂർ പോയി കുറച്ച് തുണി കൊണ്ടുതരണം എന്ന ജോലിയാണ് അയാൾ എന്നെ ഏൽപ്പിച്ചത്. പിന്നീട് പല തവണ അയാൾ ഒരു ബിഗ്ഷോപ്പറിൽ തന്ന് വിടുന്ന കോഴിക്കുള്ള മരുന്ന് ഞാൻ എറണാകുളത്ത് എത്തിച്ചു. പക്ഷെ നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു ആശുപത്രിക്ക് അടുത്തു നിന്നും എന്നെ പോലീസ് പിടിച്ചു. ഈ വാർത്ത ചാനലുകളിലൂടെയാണ് എന്റെ അമ്മ അറിഞ്ഞത്. അന്ന് തളർന്ന് വീണതാണ് അമ്മ. പതിനൊന്ന് വർഷത്തിന് ഇപ്പുറവും അമ്മ എഴുന്നേറ്റിട്ടില്ല. ‘- ലിസി പറഞ്ഞു.

എസ്റ്റേറ്റിലെ ജോലിയായിരുന്നു ലിസിയുടെ അമ്മ റോസക്കുട്ടിക്ക്. ലിസിയുടെ ഭർത്താവ് ഒരു കടുത്ത മദ്യപാനിയായിരുന്നു എങ്കിലും നല്ല സ്നേഹമുള്ള മനുഷ്യൻ എന്നാണ് ലിസി തന്നെ പറയുന്നത്. ‘മദ്യപിച്ചാൽ ഉപദ്രവിക്കും. ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇഷ്ടപ്പെട്ട് തന്നെ കെട്ടിയതാണ്. അമ്മായിയമ്മ നന്നായി ഉപദ്രവിക്കുമായിരുന്നു. അതിന് ശേഷമാണ് എനിക്കെതിരെ കേസ് ഉണ്ടായത്. മദ്യപാനം ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കികളയും. കെട്ടിയവൻ ജീവിച്ചിരുന്നെങ്കിൽ എനിക്ക് ഇതുപോലെ ജയിലിൽ കിടക്കേണ്ട അവസ്ഥ വരില്ലായിരുന്നു. ജീവിതത്തിൽ തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്താണ് അതൊക്കെ സംഭവിച്ചത്. മയക്കുമരുന്നാണ് ഞാൻ കൊണ്ടുനടക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ആ വഴിക്ക് ഞാൻ പോകുകയേ ഇല്ലായിരുന്നു. അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. എനിക്ക് മക്കൾ ഇല്ല, അനിയത്തിയുടെ മകന്റെ മകളെ എന്റെ അമ്മച്ചിയാണ് വളർത്തുന്നത്. അവന്റെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്. അമ്മച്ചിക്ക് തീരെ വയ്യ, അമ്മച്ചിക്ക് കൂട്ടായി മോള് വന്നതാണ്. ഇപ്പോൾ ഞാനാണ് അവളെയും നോക്കുന്നത്. ആ കുഞ്ഞിനെയും അമ്മയെയും നോക്കാൻ എനിക്ക് ജയിലിൽ നിന്നും പുറത്തിങ്ങിയേ മതിയാകൂ.’

മുമ്പും പിടിയിലായെങ്കിലും പെട്ടെന്ന് തന്നെ വിട്ടപ്പോൾ ഷാജഹാൻ പറഞ്ഞത് പോലെ ഇത് അപകടകരമായ സാധനങ്ങൾ അല്ലെന്നാണ് താൻ കരുതിയതെന്ന് ലിസി പറയുന്നു. ‘അവസാന തവണ ദീപു എന്നയാളിൽ എത്തിക്കാനായിരുന്നു പറഞ്ഞിരുന്നത്. അയാൾ പോലീസിന്റെ പിടിയിൽ ആയിരുന്നു. ദീപുവിനെ ഫോണിൽ വിളിച്ചപ്പോൾ നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ആശുപത്രിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. അയാളാണ് ലിസിയുടെ പേര് പറയുന്നത്. ആശുപത്രിയുടെ ഗേറ്റ് കടന്നതും ലിസിയുടെ ബിഗ്ഷോപ്പറിൽ പിടിത്തം വീണു.’

ആ പിടിത്തം ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു. ഇനിയും ഒരു പതിനഞ്ച് വർഷം ബാക്കിയുണ്ട്. 2010 ൽ പോലീസിന്റെ പിടിയിലായ ഇവർ 2011 ഒക്ടോബർ വരെയും വിചാരണയിൽ ആയിരുന്നു. അതിന് ശേഷം രണ്ട് കേസുകളിലായി 25 വർഷം തടവ് ലഭിച്ചു. ആദ്യം എറണാകുളം സബ് ജയിലിലും പിന്നീട് കണ്ണൂർ ജയിലിലും ആയിരുന്നു. എറണാകുളം ജയിലിൽ കിടക്കുമ്പോഴെല്ലാം ധാരണ ഉടൻ പുറത്തിറങ്ങാനാകുമെന്നായിരുന്നു. ബാഗിൽ ഉള്ളത് കുറച്ച പ്രശ്നമുള്ള കാര്യമാണെന്ന് പോലീസ് പറഞ്ഞപ്പോഴാണ് തന്റെ കയ്യിലുള്ളത് അപകടകരമായ എന്തോ ഒന്നാണെന്ന് ലിസിക്ക് മനസ്സിലായത്.

എൻഡിപിഎസ് കേസിൽ ഇത്രയധികം കാലം ജാമ്യം പോലും ലഭിക്കാതെ തടവ് അനുഭവിച്ചത് ഇവർ മാത്രമാണെന്ന് തിരുവനന്തപുരം വനിതാ തുറന്ന ജയിലിലെ സൂപ്രണ്ട് ആയ സോഫിയ ബീവി പറയുന്നു. സോഫിയയുടെ താൽപര്യ പ്രകാരമാണ് ലിസിയെ കണ്ണൂർ ജയിലിൽ നിന്നും തിരുവനന്തപുരത്തെ തുറന്ന ജയിലിൽ എത്തിച്ചത്. ജയിലിൽ നല്ല സ്വഭാവം പ്രകടിപ്പിച്ച വ്യക്തികളുടെ ലിസ്റ്റ് എടുത്തപ്പോഴാണ് തനിക്ക് ലിസിയുടെ പേര് കിട്ടിയതെന്നും അതോടെ അവരെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നും സോഫിയ ബീവി വ്യക്തമാക്കി. കോവിഡ് പ്രമാണിച്ച് തടവുകാർക്ക് ഇളവ് കൊടുത്തപ്പോൾ മാത്രമാണ് അവർക്കും പരോൾ ലഭിച്ചത്. നന്നായി എഴുതും. നന്നായി തൈയ്ക്കും-ലിസിയെക്കുറിച്ച് സോഫിയ ബീവി പറയുന്നു.

‘ആ അമ്മയ്ക്കും കുഞ്ഞിനും ഇവർ മാത്രമേയുള്ളൂ. അവരുടെ സ്വഭാവത്തെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളതിനാലാണ് അവരെ കണ്ണൂരിൽ നിന്നും തുറന്ന ജയിലിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചത്. മറ്റൊരു കേസിൽ കൂടി ഇനി അവർ പെടാൻ സാധ്യതയില്ല. നമുക്ക് ആരെയും കള്ളിയെന്ന് വിളിക്കാൻ സാധിക്കും. പലരും പണം സമ്പാദിക്കാൻ തന്നെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ ലിസി അത്തരത്തിലൊരാൾ അല്ല. അവരുടെ പ്രദേശത്തിന്റെ സ്വാധീനം അവരുടെ കുറ്റകൃത്യത്തിലും സംഭവിച്ചിട്ടുണ്ടാകും. ആ കേസിലെ വൻ കരങ്ങളെയൊന്നും പോലീസ് ഇനിയും പിടിച്ചിട്ടില്ല. ഇനി പിടിക്കുമെന്നും തോന്നുന്നില്ല.’ സോഫിയ ബീവി പറഞ്ഞു.

രണ്ട് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവർക്ക് വേണ്ടി തങ്ങൾ തന്നെ സംസാരിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം തുറന്ന ജയിലിലെ ജയിലിലെ സഹ പ്രിസൺ ഓഫീസർ ആയ മുകേഷ് കുമാർ പറഞ്ഞു. ഇന്നേ വരെ അവർ പരോളിൽ പോയിട്ട് പുതിയതായി ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല. പരോൾ വ്യവസ്ഥകളും അവർ ലംഘിച്ചിട്ടില്ല. തയ്യാറാക്കിയ

മയക്കുമരുന്ന് കേസുകളിൽ സാധാരണ പരോളിൽ വിടാറില്ലെന്നാണ് കണ്ണൂർ ജയിലിലെ വനിതാ സെല്ലിന്റെ സൂപ്രണ്ട് ആയ ശകുന്തള പറയുന്നത്. ‘ലിസി നല്ല സ്വഭാവം പ്രകടിപ്പിക്കുകയും എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാകുകയും ചെയ്ത സാഹചര്യത്തിലാണ് അവരെ തിരുവനന്തപുരം തുറന്ന ജയിലിലേക്ക് മാറ്റിയത്. അവരുടെ അമ്മയ്ക്ക് സുഖമില്ല. കടുത്ത സാമ്പത്തിക പ്രശ്നം അനുഭവിക്കുന്നുണ്ട്. പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ അടുത്തെവിടെയോ പണിക്ക് വന്ന ഒരു യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. അവനാണെങ്കിൽ ഇല്ലാത്ത തോന്യവാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. സംശയ രോഗവും ഉണ്ടായിരുന്നു. ലിസി ഓട്ടോ ഓടിക്കാൻ വരെ പോയിട്ടുണ്ട്. അവൻ ആത്മഹത്യ ചെയ്ത് കഴിഞ്ഞാണ് അവർ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അമ്മയും അനിയത്തിയുടെ മകന്റെ മകളും ഇപ്പോൾ ഇവരുടെ ഉത്തരവാദിത്തത്തിലാണ്. ഇവർ ജയിലിലുള്ളപ്പോൾ ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ കുട്ടി ഒറ്റപ്പെട്ടുപോകും. അതുകൊണ്ടാണ് ഇവർ ജയിലിന് പുറത്തെത്തണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.’- ശകുന്തള വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് തന്നെ തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് ലിസി പറഞ്ഞു. ‘സാധാരണ ജയിലിൽ കിടന്നാൽ കുപ്രസിദ്ധിയാണ് ലഭിക്കുക. പക്ഷെ തനിക്ക് ജയിലിൽ നിന്നും പ്രശസ്തിയാണ് ലഭിച്ചത്.’ ലിസി പറഞ്ഞു നിർത്തി.

(അരുൺ ടി വിജയൻ  തയ്യാറാക്കിയ  റിപ്പോർട്ട്)

Share on

മറ്റുവാര്‍ത്തകള്‍