പാമ്പിന്‍ വിഷം വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ യൂട്യൂബറും ബിഗ്‌ബോസ് ഒടിടി-2 വിജയിയുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന പല നിശാ പാര്‍ട്ടികളിലും പാമ്പിന്‍ വിഷം വില്‍പ്പന നടത്തിയിരുന്ന സംഘത്തില്‍ ഉള്‍പ്പെട്ടതായിരുന്നു എല്‍വിഷ്. മനേക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന എന്‍ജിഒ ഗ്രൂപ്പില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ നോയ്ഡ സെക്ടര്‍ 51 ലെ ഷെവ്‌റോണ്‍ ബാങ്ക്വറ്റ് ഹാളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ചു ഡല്‍ഹി സ്വദേശികളെ പൊലീസ് പാമ്പിന്‍ വിഷം വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് എഫ് ഐ ആറില്‍ എല്‍വിഷിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും അയാളെ അന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എല്‍വിഷ് യാദവില്‍ നിന്നും 20 മില്ലി പാമ്പിന്‍ വിഷം, അഞ്ച് മൂര്‍ഖന്‍ പാമ്പുകള്‍, ഒരു പെരുമ്പാമ്പ്, രണ്ട് ഇരുതല മൂരികള്‍, ഒരു മഞ്ഞച്ചേര എന്നിവയെയും പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ വിഷം ജയ്പൂരിലെ സയന്‍സ് ലബോട്ടറിയില്‍ പരിശോധിച്ചതില്‍ നിന്നും ഇത് വെള്ളിക്കെട്ടന്റെ വിഷമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പാമ്പിന്‍ വിഷം ഉത്തേജക ലഹരിയായി ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശതകോടികളുടെ അനധികൃത ബിസിനസാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. 2022 നവംബറില്‍ പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനജ്പൂരില്‍ നിന്നും ബിഎസ്എഫ് 2.14 കിലോഗ്രാം പാമ്പിന്‍ വിഷം പിടികൂടിയിരുന്നു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 17 കോടി രൂപ വിലവരും. പാമ്പിന്‍ വിഷം ഉത്തേജക ലഹരി നല്‍കുമെന്ന കാര്യം ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടില്ല. എങ്കിലും ഇതിനുവേണ്ടി എത്ര പണം വേണമെങ്കിലു മുടക്കാന്‍ ആളുകള്‍ തയ്യാറായി നില്‍ക്കുന്നതാണ് ഇതൊരു ലഭകരമായ കച്ചവടമായി മാറാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയില്‍ വളരെ അപകടകരമായ രീതിയിലാണ് പാമ്പിന്‍ വിഷം ലഹരിക്കായി ഉപയോഗപ്പെടുത്തുന്നത്. പാമ്പുകളെ കൊണ്ട് കാല്‍ പാദത്തിലോ, നാവിലോ കൊത്തിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍(ഇന്ത്യന്‍ ക്രൈറ്റ്) തുടങ്ങിയ പാമ്പുകളെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. പാമ്പിന്റെ കൊത്തല്‍ ഏറ്റുകഴിഞ്ഞാല്‍ ശരീരം കോച്ചിപ്പിടിക്കുകയും കാഴ്ച്ച മങ്ങുകയും, പ്രതികരണശേഷി ഇല്ലാതാവുകയും ചെയ്യും. ഏകദേശം ഒരു മണിക്കൂറോളം വിഷമേറ്റയാള്‍ ‘ ബ്ലാക് ഔട്ട് ആയി പോകും. ഈയൊരു അനുഭവത്തിനുശേഷം ഉണര്‍ന്നു കഴിഞ്ഞാല്‍ അയാള്‍ക്ക് പ്രത്യേക ഉത്തേജനവും ഉയര്‍ന്ന സംവേദന ബോധവും ഉണ്ടാകുമെന്നും ഇത് മൂന്നോ നാലോ ആഴ്ച്ചകളോളം നീണ്ടു നില്‍ക്കുമെന്നും പറയുന്നു. കടിയേറ്റതിന്റെ ഫലം കുറഞ്ഞുവരുന്നതോടെ ഉപഭോക്താവിന്റെ പ്രവര്‍ത്തികള്‍ കൂടുതല്‍ പ്രകോപനപരമാകും. അയാളില്‍ അലസത കൂടും, അതുപോലെ ലഹരിക്കായുള്ള ആസക്തിയും വര്‍ദ്ധിക്കും. പാമ്പിന്‍ വിഷം എങ്ങനെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍, പാമ്പിന്‍ വിഷം ലഹരിയായി ഉപയോഗിച്ചിരുന്ന ഒരു വ്യക്തിയില്‍ നടത്തിയ പഠനത്തിലൂടെ ഗവേഷക സംഘം കണ്ടെത്തിയ കാര്യങ്ങളാണ്. അമിതമായ ആഹ്ലാദം, അയഥാര്‍ത്ഥ്യ ചിന്തകള്‍, നീണ്ട ഉറക്കം എന്നിവയും വിഷം ഏല്‍ക്കുന്നവരില്‍ കാണുന്ന പ്രതിഭാസങ്ങളാണ്. പാമ്പിന്‍ വിഷം സ്വീകരിക്കുന്നവരില്‍ സാധാരണ വിത്ത്‌ഡ്രോവല്‍ സിംഡ്രംസ് കാണാറില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവര്‍ കൂടുതല്‍ സഹിഷ്ണുതയോടെയായിരിക്കും പെരുമാറുക. എന്നാല്‍ ചില കേസുകളില്‍ ഉപഭോക്താക്കള്‍ ഇതിന് അടിമകളായി തീരുന്നുണ്ട്. പാമ്പിന്‍ വിഷം നാഡികളെ ബാധിക്കുന്നതായതിനാല്‍ വിഷം ഏല്‍ക്കുന്നതിലൂടെ വേദനകള്‍ മറന്നു പോവുകയോ, വേദന അറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുകയോ ചെയ്യുന്നതായും പഠനങ്ങള്‍ പറയുന്നു. പഠനമനുസരിച്ച്, മൂര്‍ഖന്റെ വിഷത്തില്‍ കാണപ്പെടുന്ന ന്യൂറോടോക്‌സിന്‍, മനുഷ്യ മസ്തിഷ്‌കത്തിലെ നിക്കോട്ടിനിക് അസറ്റൈല്‍കോളിന്‍ റിസപ്റ്ററുകളെ (nAChRs) ബാധിക്കുന്നു. അവ ഉപഭോക്താവിനെ ഉന്മാദാവസ്ഥയിലെത്തിക്കുന്നതായി പറയുന്നു. വിഷം മനുഷ്യരക്തത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് സെറോടോണിന്‍ പോലെയുള്ള സജീവമായ മെറ്റബോളിറ്റുകളെ പുറത്തുവിടുന്നു, അത് ‘ഹിപ്‌നോട്ടിക്, സെഡേറ്റീവ് തുടങ്ങിയ വ്യത്യസ്ത സൈക്കോട്രോപിക് അനുഭവങ്ങള്‍ ഉപഭോക്താവില്‍ ഉണ്ടാക്കും. 2022 ലെ ഒരു പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണിവ. ഇതുവരെയും പാമ്പിന്‍ വിഷം ലഹരിപദാര്‍ത്ഥമായി ഉപയോഗിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് 2018 ലെ ഒരു പഠനത്തില്‍ പറയുന്നത്. വളരെ ചെറിയ അളവില്‍ മാത്രം വിഷം എല്‍ക്കുന്നതുകൊണ്ടാകാം ജീവന്‍ അപകടത്തില്‍പ്പെടാത്തതെന്നാണ് കാരണമായി പറയുന്നത്. എന്നതുകൊണ്ട് ഇതൊരിക്കലും അപകടരഹിതമായ ഒന്നാണെന്നു പറയാനും കഴിയില്ല. പാമ്പിനെ വച്ചുള്ള ലഹരി ഉപയോഗം ഒരുതരം മരണക്കളി തന്നെയാണെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.