UPDATES

ഗുജറാത്ത് തുണിചുറ്റി മറച്ചു പിടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

കക്കൂസ് ഇല്ലാത്ത, തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ നാട്

                       

ലോകത്തിന് മുന്നില്‍ മറച്ചു പിടിക്കുന്ന ഗുജറാത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ദ വയര്‍. അഹമ്മദാബാദിലെ ചേരികളുടെ ദുരവസ്ഥയാണവര്‍ തുറന്നു കാണിക്കുന്നത്. ലോക നേതാക്കള്‍ വരുമ്പോള്‍ മതില്‍ കെട്ടിയും തുണികള്‍ കൊണ്ട് മറച്ചും ഒളിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെ അതിദയനീയമായഅവസ്ഥകളാണ്.

കഴിഞ്ഞ മാസമാണ് പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി ഗുജറാത്തില്‍ നടന്നത്. രണ്ട് ദിവസം നീണ്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും, ഭരണകര്‍ത്താക്കളടക്കം ഗുജറാത്തില്‍ എത്തിയിരുന്നു. ഇവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ മറച്ചു പിടിച്ച അഹമ്മദാബാദിലെ ഒരു ചേരിയാണ് ശങ്കര്‍ഭുവന്‍. 400 ഓളം കുടുംബങ്ങള്‍ ഈ ചേരിയില്‍ താമസിക്കുന്നുണ്ട്. പൊട്ടിയൊലിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ വീടുകള്‍ക്കുള്ളിലേക്ക് ഒഴുകി നിറയുന്ന ദുരിതമാണവര്‍ നേരിടുന്നത്.

2015 ല്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത നഗരമായി പ്രഖ്യാപിച്ച അഹമ്മദാബാദില്‍ തന്നെയാണ് ഈ ചേരിയുള്ളത്! 2019 ല്‍ നഗരത്തില്‍ ഒഡിഎഫ് പ്ലസ് (Open Defecation Free-ODF) ഗ്രേഡും മോദി സര്‍ക്കാര്‍ നല്‍കി. നഗരത്തില്‍ ശുചിത്വമുള്ളതും ഉപയോഗപ്രദവുമായ പൊതു ശൗചാലയങ്ങള്‍ ഉറപ്പാക്കിയിരിക്കുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും വാദം. സംസ്ഥാനത്ത് ആദ്യമായി ഒഡിഎഫ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന നഗരവും അഹമ്മദാബാദ് ആയിരുന്നു.

പരസ്യങ്ങളില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നാണ് ശങ്കര്‍ഭുവന്‍ ചേരിയിലെ ജനങ്ങള്‍ വയറിനോട് പറയുന്നത്.

ചേരിയില്‍ ആയിരത്തോളം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ഇവര്‍ക്കായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത് 30 ശൗചാലയങ്ങളാണ്. ഇവ ഉപയോഗിക്കാന്‍ കഴിയാത്തവിധം മോശമായതോടെ തങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് ചേരി നിവാസികളുടെ പരാതി.

കോര്‍പ്പറേഷന്‍ രേഖകള്‍ പ്രകാരം അഹമ്മദാബാദ് നഗരത്തില്‍ 350 പൊതു ശൗചാലയങ്ങള്‍, കമ്യൂണിറ്റി ശൗചാലയങ്ങള്‍, പൊതു മൂത്രപ്പുരകള്‍ എന്നിവയുണ്ട്. ഒഡിഎഫ് പ്ലസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം 350 പൊതു ശൗചാലയങ്ങളും മൂത്രപ്പുരകളും ഉണ്ടായിരിക്കണം. ഈ ലക്ഷ്യം നേടിയെന്നാണ് കോര്‍പ്പറേഷന്റെ അവകാശവാദം.

കണക്കില്‍ ഉണ്ടെങ്കില്‍ പോലും ഇവയിലെത്രയെണ്ണം മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ചോദ്യം. പല ശൗചാലയങ്ങള്‍ക്കും മലിനജല നിര്‍മാര്‍ജന സൗകര്യങ്ങളോ ജലവിതരണ സംവിധാനങ്ങളോ ഇല്ലാതെ, അവയെല്ലാം ഉപയോഗശൂന്യമായി തീര്‍ന്നെന്നു ദ വയറിനോട് സമ്മതിക്കുന്നത് ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍വാഹമില്ലാതായതോടെ പലരും അവരവരുടെ വീടിനോട് ചേര്‍ന്ന് സ്വന്തമായി ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. എന്നാല്‍ അതവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. ദിവസക്കൂലിക്കാരായ മനുഷ്യരാണവര്‍. മതിയായ സാമ്പത്തികമില്ലാത്തതിനാല്‍ താത്കാലിക ശൗചാലയങ്ങളാണ് അവര്‍ നിര്‍മിച്ചത്. അവയാകട്ടെ പെട്ടെന്നു തന്നെ പൊട്ടിത്തുറന്ന് മലിന ജലം അവരുടെ വീടുകളിലേക്ക് തന്നെ ഒഴുകിയെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍(എച്ച്ഡിആര്‍സി) അംഗം ഷെഹ്നാസ് അന്‍സാരി പറയുന്നത്, ഇവിടെ ആയിരത്തിലധികം പേര്‍ ഇപ്പോഴും തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നവരാണെന്നാണ്. തങ്ങള്‍ 2019 ല്‍ രണ്ടു മാസം എടുത്ത് 24 ഓളം ചേരികളില്‍, 7,512 കുടുംബങ്ങളെ നേരില്‍ കണ്ട് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് പല കമ്യൂണിറ്റി ശൗചാലയങ്ങളിലും മലിനജന നിര്‍മാര്‍ജന പൈപ്പുകളോ ജലവിതരണ പൈപ്പുകളോ ഇല്ലെന്നാണ്. ആ ശൗചാലയങ്ങളൊന്നും തന്നെ ഉപയോഗപ്രദമല്ല. 2019 ന് ശേഷവും തങ്ങള്‍ ഇത്തരം സര്‍വേകള്‍ നടത്തിയിരുന്നുവെന്നും ചന്ദ്‌ഖേഡ ഏരിയയിലുള്ള ലക്ഷ്മിനഗര്‍ നാ ഛപ്ര, ഘോഡ ക്യാമ്പ്, അസര്‍വ, കേശ്വനിനഗര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശുചിത്വമുള്ളതോ പൂര്‍ണമായി ഉപയോഗയോഗ്യമായതോ ആയ ശൗചാലയങ്ങള്‍ ഇല്ലെന്നു മനസിലായെന്നും അവര്‍ പറയുന്നു.

ശങ്കര്‍ഭുവന്‍ ചേരിയിലെ സ്ത്രീകള്‍ രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ഒരു കൈയില്‍ വെള്ളം നിറച്ച ടിന്നും പിടിച്ചു, സാരി തലപ്പുകൊണ്ട് മുഖവും മറച്ച് ദൂരേയ്ക്ക് നടക്കും. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ വേണ്ടി അവര്‍ ദിവസേന അനുഭവിക്കുന്ന ദുരിതമാണിത്.

‘ ഇവിടെ 12 ശൗചാലയങ്ങള്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ചിട്ടുണ്ട്. അതില്‍ ഒരെണ്ണമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. അതില്‍ എല്ലാ സൗകര്യങ്ങളുമുണ്ടെന്നല്ല, മാലിന്യങ്ങള്‍ കുറച്ച് കുറവാണെന്നതുകൊണ്ട് ലഭിക്കുന്ന ആശ്വാസം മാത്രം. അതുകൊണ്ട് തന്നെ അവിടെയെപ്പോഴും തിരക്കായിരിക്കും. ഞങ്ങളതുകൊണ്ട് വേറെയെവിടെയെങ്കിലും പോയി കാര്യങ്ങള്‍ നടത്തേണ്ടി വരും എന്നാണ് ആ സ്ത്രീകളില്‍ ഒരാളായ കൈലാഷ്‌ബെന്‍ എന്ന 32 കാരി വയറിനോട് പറയുന്നത്. ഓരോ സ്ത്രീകളും ഇതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അപമാനമാണ് ഭൂമി എന്ന 18 കാരി പറയുന്നത്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യേണ്ടി വരുന്നത് എത്ര അപമാനകരമായ കാര്യമാണെന്നാണവള്‍ ചോദിക്കുന്നത്. മുതിര്‍ന്നവരോട് തന്നെ മറഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്നതെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. ആര്‍ത്തവം ഇവിടെ ഓരോ സ്ത്രീകള്‍ക്കും അധികമായ ശാരീരിക-മാനസിക പീഡകള്‍ നല്‍കുകയാണെന്നും ഭൂമി നിരാശപ്പെടുന്നു.

ശൗചാലയങ്ങള്‍ നിര്‍മിച്ചതുകൊണ്ട് മാത്രം കോര്‍പ്പറേഷന്റെ ഉത്തരവാദിത്തം തീരുന്നില്ല, അവ ഉപയോഗപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അവര്‍ക്ക് കടമയുണ്ടെന്നാണ് കൈലാഷ്‌ബെന്നിനെയും ഭൂമിയെയും പോലുള്ള സ്ത്രീകള്‍ പറയുന്നത്. വെള്ളമില്ലാതെ എങ്ങനെയാണ് ശൗചാലയങ്ങള്‍ പ്രവര്‍ത്തനയോഗ്യമാവുക എന്നാണ് സ്ത്രീകള്‍ ചോദിക്കുന്നത്. പൊതു ഇടങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതില്‍ തങ്ങള്‍ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളെക്കുറിച്ചും സ്ത്രീകള്‍ പരാതിപ്പെടുന്നുണ്ട്.

വികസനം, ശുചിത്വം, പുരോഗതിയൊക്കെ ഗുജറാത്ത് ആഘോഷിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ല, ഭരണകൂടത്തിന് തങ്ങളെ വേണ്ടെന്നാണ് ഈയവസ്ഥകളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് മഹേന്ദ്ര തുളസിഭായ് ബാരിയ എന്ന ചേരി നിവാസി സംസാരിക്കുന്നത്.

ഇന്ത്യയില്‍ തോട്ടിപ്പണി 1993-ല്‍ നിരോധിച്ചതാണെങ്കിലും ഇന്നുമത് തുടര്‍ന്നു പോകുന്നൊരു സംസ്ഥാനമാണ് ഗുജറാത്ത്. അവിടെയിപ്പോഴും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ കക്കൂസ് മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നു. 2019 ഒക്ടോബര്‍ രണ്ടിന് അഹമ്മദാബാദിലെ സബര്‍മതിയിലെ ഹരിജന്‍ ആശ്രമത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ ഫലമായി ഇന്ത്യ വെളിയിട വിസര്‍ജന വിമുക്ത രാജ്യമായി മാറിയെന്നു പ്രഖ്യാപിച്ചിരുന്നു. അതേ നഗരത്തില്‍ തന്നെയാണ് ഇന്നും തോട്ടിപ്പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന 1,200 ല്‍ അധികം വാല്‍മികി സമുദായത്തില്‍പ്പെട്ട മനുഷ്യര്‍ ജീവിക്കുന്നത് എന്നാണ് വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013 മുതലുള്ള കണക്കില്‍ ഏകദേശം 105 ശുചീകരണ തൊഴിലാളികള്‍ ഗുജറാത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ ആവശ്യമായ സുരക്ഷ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പര്‍സോത്തം വഗേല പറയുന്നത്. വാല്‍മികി സമുദായത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന മാനവ് ഗരിമ ട്രസ്റ്റ് എന്ന എന്‍ജിഒ-ടുടെ പ്രസിഡന്റാണ് വഗേല. 2023 മാര്‍ച്ച് 22 നും ഏപ്രില്‍ 26 നുമിടയില്‍ മാത്രം എട്ട് ശുചീകരണ തൊഴിലാളികളാണ് ഗുജറാത്തില്‍ ജോലിക്കിടയില്‍ മരിച്ചത്. അഹമ്മദാബാദില്‍ ഏകദേശം 200 പ്രദേശങ്ങള്‍ ഇപ്പോഴും വെളിയിട വിസര്‍ജന വിമുക്ത മേഖലകളായി മാറിയിട്ടില്ലെന്നാണ് കോര്‍പ്പറേഷന്‍ അവകാശവാദത്തെ തള്ളിക്കൊണ്ട് വഗേലയും പറയുന്നത്. ശങ്കര്‍ഭുവന്‍, ഷഹ്പൂര്‍, മിര്‍സപൂര്‍, നരോള്‍, വട്വ, ജുന, വദജ്, ഷഹ്വാഡി, നഗോരിവാഡ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഇപ്പോഴും തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നുണ്ടെന്നാണ് വഗേല ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങള്‍ തുറന്ന സ്ഥലങ്ങളില്‍ വിസര്‍ജിക്കുന്നു, ശുചീകരണ തൊഴിലാളികള്‍ അത് കൈകള്‍ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടി വരുന്നു. ഇതാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം. ഇക്കാര്യങ്ങളെല്ലാം ഭരണസംവിധാനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, പരസ്യങ്ങള്‍ക്കപ്പുറത്തേക്ക് അവരൊന്നും ചെയ്യുന്നില്ല എന്നാണ് പര്‍സോത്തം വഗേലയെ പോലുള്ളവര്‍ ദ വയറിനോട് ചൂണ്ടിക്കാണിക്കുന്നത്.

ഫീച്ചര്‍ ഇമേജ്; കടപ്പാട്- താരുഷി അശ്വനി, ദ വയര്‍

Share on

മറ്റുവാര്‍ത്തകള്‍