UPDATES

ജി20 ഉച്ചകോടി; യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുള്ള മോടി പിടിപ്പിക്കലും, മോദിയെ വിശ്വപൗരനാക്കാനുള്ള കാമ്പയിനും

ജി 20 ഉച്ചകോടി, അതിന്റെ മോടി കൊണ്ടുണ്ടാക്കുന്ന ശ്രദ്ധ നേടലിനപ്പുറം, നിര്‍ണായക തീരുമാനങ്ങളോ സംയുക്ത വിജ്ഞാപനമോ കൊണ്ട് ലക്ഷ്യം കാണുമോയെന്നാണ് ചോദ്യം

                       

ലോകത്തെ നിയന്ത്രിക്കുന്ന രാഷ്ട്രത്തലവന്മാര്‍ അടക്കം ഈ ആഴ്ച്ച ഇന്ത്യയുടെ അതിഥ്യം സ്വീകരിച്ച് രാജ്യതലസ്ഥാനത്ത് എത്തുകയാണ്. ജി 20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന ന്യൂഡല്‍ഹി ലോകത്തോട്, തങ്ങള്‍ക്ക് ഒരു നിര്‍ണായക സ്ഥാനമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ട്. ചുരുങ്ങിയ പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെങ്കിലും.

ഇന്ത്യ അതിന്റെ ശക്തി തെളിയിക്കുക കൂടിയാണ് വിപുലമായ രീതിയില്‍ ന്യൂഡല്‍ഹിയെ അണിയിച്ചൊരുക്കുന്നതിലൂടെ ചെയ്യുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, ഈ ചമയലുകള്‍ക്ക് പിന്നില്‍ പല യാഥാര്‍ത്ഥ്യങ്ങളും ന്യൂഡല്‍ഹി മറച്ചു വയ്ക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. വിവാദപരമായ സൗന്ദര്യവത്കരണമാണ് നടക്കുന്നതെന്നാണ് പരിഹാസം. ഇന്ത്യയിലെ ഏതാനും ചില മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇതേ കാര്യം തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ അടയാളങ്ങള്‍ ചുമക്കുന്ന പാവങ്ങളെ ലോകത്തിന് മുന്നില്‍ മറച്ചുവയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. റോഡരികുകളും അടിപ്പാതകളുടെ ഓരങ്ങളും തങ്ങളുടെ കിടപ്പാടമാക്കിയിരുന്ന മനുഷ്യരെ ഇപ്പോള്‍ കാണാനില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണയായി എല്ലാ നടപ്പാതകളിലും നിരനിരയായി കിടക്കുന്ന പാതി മയക്കത്തിലുള്ള മനുഷ്യരും തെരുവ് നായ്ക്കളും ഇല്ലാതായി. ചേരികളും അനൗദ്യോഗിക പാര്‍പ്പിടങ്ങളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തി. ഏകദേശം 300,000 തെരുവ് കച്ചവടക്കാരെ പ്രധാന പാതകളുടെ ഇരുവശങ്ങളില്‍ നിന്നും ഒഴിവാക്കി. ജി 20 ഉച്ചകോടിക്ക് ഒരുങ്ങുന്ന ന്യൂഡല്‍ഹിയുടെ പുതിയ ചിത്രമിങ്ങനെയാണെന്നാണ് ഗാര്‍ഡിയന്‍ ചൂണ്ടിക്കാണിക്കുന്നത്.

മാറ്റിയവയ്ക്ക് പകരം വന്നതെന്താണ്? ആറടി പൊക്കത്തിലുള്ള സിംഹ പ്രതിമകള്‍, പുഷ്പാലംകൃതമായ ജലധാരകള്‍. ശിവലിംഗാകൃതിയിലുള്ള ജലധാരകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി ലംഗൂര്‍ കുരങ്ങുകളെ അതിഥികള്‍ക്ക് ശല്യമുണ്ടാക്കാത്ത രീതിയില്‍ ആട്ടിയകറ്റേണ്ടതുണ്ട്. ഡല്‍ഹിക്ക് പുറത്തുള്ള ഹോട്ടലുകളിലും വേദികളിലും നിരവധി പ്രധാനപ്പെട്ട അതിഥികള്‍ എത്തുന്നതാണ്. റോഡരികുകളില്‍ ഏഴ് ലക്ഷത്തോളം പുതിയ ചെടിച്ചട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. അവ സംരക്ഷിക്കാന്‍ ആയിരക്കണക്കിന് പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന, കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍, പട്ടണങ്ങളില്‍, വിമാനത്താവളങ്ങളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍, ബസ് സ്റ്റാന്‍ഡുകളില്‍, ദേശീയപാതകളില്‍ എല്ലായിടത്തും കാണാവുന്ന ഒന്നുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പരസ്യങ്ങളും പരസ്യബോര്‍ഡുകളും. ‘ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’, ‘ ഉല്‍ക്കര്‍ഷേച്ച നിറഞ്ഞതും നിര്‍ണായകവുമായ ജി20യുടെ സമയമാണിത്’ തുടങ്ങിയ പരസ്യങ്ങള്‍ കണ്ടുമുട്ടാതെ ഒരു മീറ്റര്‍ കഷ്ടിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. മുന്‍പൊരിടത്തും നടന്നിട്ടില്ലാത്തവിധം വളരെ ആര്‍ഭാടമായി 200 ല്‍ അധികം യോഗങ്ങള്‍ ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യ നടത്തിയിട്ടുണ്ടെന്നും ഗാര്‍ഡിയന്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ജി20 ഉച്ചകോടി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കാമ്പയിന്‍ ആക്കി മാറ്റിയിരിക്കുകയാണെന്ന പരോക്ഷ വിമര്‍ശനവും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. ഈ കാമ്പയിന്റെ സന്ദേശം ഇപ്രകാരമാണ്; പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യ ആഗോള ശക്തിയാകുന്നു. ജി 20 യുടെ അന്തസ്സും ഉച്ചകോടിയുടെ ഭാഗമാകുന്ന പ്രധാന വിദേശ അതിഥികളുടെ നിരയും ഇക്കാര്യം ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ഇന്ത്യയുടെ അവസരമായിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സിലിലെ അംഗത്വം അടക്കം ലോകത്തിന്റെ സ്വീകാര്യത ഇന്ത്യക്ക് നേടിയെടുക്കാന്‍ ഉച്ചകോടി കൊണ്ടു കഴിയുമെന്ന് പറയുന്ന നയതന്ത്ര ഉദ്യോഗസ്ഥരമുണ്ട്.

എന്നാല്‍, ഇത്തവണത്തെ ജി 20 ഉച്ചകോടി, അതിന്റെ മോടി കൊണ്ടുണ്ടാക്കുന്ന ശ്രദ്ധ നേടലിനപ്പുറം, നിര്‍ണായക തീരുമാനങ്ങളോ സംയുക്ത വിജ്ഞാപനമോ കൊണ്ട് ലക്ഷ്യം കാണുമോയെന്നാണ് ചോദ്യം. കാരണം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ലോകത്തിലെ നിര്‍ണായകമായ രണ്ട് ശക്തികളുടെ തലവന്മാരുടെ അസാന്നിധ്യത്താല്‍, ഈ ഉച്ചകോടി അതിന്റെ ചരിത്രത്തില്‍(1999 മുതല്‍) ആദ്യമായി ഒരു സംയുക്ത വിജ്ഞാപനം പുറപ്പെടുവിക്കാനാകാതെ പിരിയേണ്ടി വരുമെന്നാണ് കരുതുന്നത്. പരസ്പരം ഏറ്റുമുട്ടുകയും, തര്‍ക്കിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ജി 20 രാജ്യങ്ങള്‍ക്കിടിയിലെ നിര്‍ണായകമായ സമവായ രേഖയായാണ് സംയുക്ത വിജ്ഞാപനത്തെ കാണുന്നത്. ഈ വര്‍ഷം നടന്ന യോഗങ്ങളില്‍ ഒന്നും തന്നെ റഷ്യയും ചൈനയും അംഗീകരിക്കുന്ന തീരുമാനങ്ങളൊന്നും എടുക്കാന്‍ ജി 20 യോഗങ്ങള്‍ക്കായിട്ടില്ല. അത് യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ചായാലും, കാലാവസ്ഥ വ്യതിയാനം, പുനരുപയോഗ ഊര്‍ജ്ജം, ധാതുഖനനം തുടങ്ങിയ കാര്യങ്ങളിലായാലും. ‘വസുദൈവ കുടുംബകം’ എന്ന് രേഖകളില്‍ ഇന്ത്യ പരാമര്‍ശിച്ചിരിക്കുന്നതിനെപോലും എതിര്‍ത്തവരാണ് അയല്‍ക്കാരായ ചൈന. ഐക്യരാഷട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍ സംസ്‌കൃതം ഉള്‍പ്പെടില്ലെന്നാണ് ചൈന വാദിച്ചത്. അരുണാചല്‍ പ്രദേശില്‍ ചൈനീസ് കൈകടത്തല്‍ രൂക്ഷമാണ്. അവരിപ്പോള്‍ പുറത്തിറക്കിയ മാപ്പില്‍ ഇന്ത്യന്‍ സംസ്ഥാനം തങ്ങളുടെതാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഷീ ജിന്‍പിംഗ് ഇല്ലാത്ത സ്ഥിതിക്ക് ഇക്കാര്യത്തിലൊന്നും ഒരു തീരുമാനം ജി20 ഉച്ചകോടിയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

ലോകത്തിലെ പ്രധാന ശക്തികള്‍ ഇന്ത്യയില്‍ ഒരുമിച്ചു കൂടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ കൂടിച്ചേരല്‍ ഇന്ത്യക്കോ, ലോകത്തിനോ ഏത് തരത്തിലൊക്കെ പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ ആരുമൊന്നും വ്യക്തമായി പറയുന്നില്ല. അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കി കൊണ്ടാണ്, മറ്റൊരു സമ്മേളനത്തിനും ഉണ്ടായിട്ടില്ലാത്ത തരം പരസ്യം ന്യൂഡല്‍ഹി ജി 20 ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. ‘മോദിയുടെ ഇന്ത്യ, വളരുന്ന ആഗോള ശക്തി’ എന്നതാണ് ജി 20 ന്റെ പ്രധാന പരസ്യം. അത് മോദിക്കുവേണ്ടി ഉണ്ടാക്കിയതാണ്. വിദേശത്ത് നിന്ന് വരുന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, ഇന്ത്യയ്ക്കകത്തും ആ പരസ്യം പ്രചരിപ്പിക്കുക ലക്ഷ്യമാണ്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അവകാശവദത്തോടെ പറഞ്ഞത്, ” ഏറെക്കാലമായി ഇന്ത്യയെ ഒരു ബില്യണ്‍ വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നത്, ഇപ്പോള്‍ അത് ഒരു ബില്യണ്‍ അഭിലാഷ മനസ്സുകളും രണ്ട് ബില്യണ്‍ വൈദഗ്ധ്യമുള്ള കൈകളുമാണ്”.എന്നാണ്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനു മുന്നോടിയായി കിട്ടിയ ജി 20 ഉച്ചകോടി വേദി മോദിയും, ബിജെപിയും അവരുടെ മൂന്നാം ടേമിനുള്ള അവസരമാക്കി മാറ്റുന്നുണ്ട്. തങ്ങളുടെ വിദേശനയത്തിന്റെ വിജയമായാണ് ജി20 ഉച്ചകോടി ന്യൂഡല്‍ഹിയില്‍ എത്തിച്ചതെന്നാണ് മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവകാശപ്പെടുന്നത്. ഈ ഉച്ചകോടി അതിന്റെ പുറംമോടിയിലൂടെയെങ്കിലും വിജയിപ്പിച്ചെടുത്ത് നരേന്ദ്ര മോദി ഒരു വിശ്വനേതാവ് ആയിരിക്കുന്നുവെന്ന് വിളംബരം ചെയ്യപ്പെടാന്‍ ബിജെപിയും മോദി സ്വയം തന്നെയും ആഗ്രഹിക്കുന്നുണ്ട്. അതിനായി ശ്രമിക്കുന്നുമുണ്ട്. എല്ലാ പരസ്യങ്ങളുടെയും ലക്ഷ്യവുമതാണ്. ലോകം മോദിയെ അംഗീകരിക്കുന്നു, ഇന്ത്യയും അംഗീകരിക്കണം എന്നായിരിക്കും ബിജെപി വരുന്ന തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യം മുഴക്കാന്‍ പോകുന്നത്.

ജി 20 ഉച്ചകോടി അതിന്റെ ഉദ്ദേശലക്ഷ്യം ന്യൂഡല്‍ഹിയില്‍ വച്ച് നേടുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഈ ഉച്ചകോടികൊണ്ട് മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പലതും നേടുമെന്ന കാര്യം വ്യക്തമാണ്.

Share on

മറ്റുവാര്‍ത്തകള്‍