June 04, 2026 |

ജി20 ഉച്ചകോടിയില്‍ മോദി പ്രതിനിധീകരിക്കുന്നത് ‘ ഭാരതത്തെ’

രാജ്യത്തിന്റെ പേരു മാറ്റുന്നതിന്റെ മറ്റൊരു സൂചന

രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സജീവമായി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴത്തെ പല നീക്കങ്ങളും ‘ ഇന്ത്യ’യെ ഒഴിവാക്കാനുള്ളതാണ്. ഇപ്പോഴിതാ അതിനുള്ള ഏറ്റവും പ്രധാന തെളിവ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ തന്നെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലെ കണ്‍ട്രി ടാഗില്‍ എഴുതിയിരുന്നത് ‘ ഭാരത്’ എന്നായിരുന്നു. ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ആതിഥേയ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി സംസാരിക്കുമ്പോള്‍ മുന്നിലുള്ള ‘ ഭാരത്’ എന്നെഴുതിയ കണ്‍ട്രി ടാഗ് അന്താരാഷ്ട്ര മീഡിയ സെന്ററിലെ വലിയ സ്‌ക്രീനില്‍ പ്രത്യേകം എടുത്തു കാണിച്ചിരുന്നു. ഹിന്ദിയില്‍ ഉച്ചകോടിക്കെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്തു സംസാരിക്കവെ, ‘ ജി 20 പ്രസിഡന്റ് എന്ന നിലയില്‍ പ്രതിനിധികളെ ‘ഭാരത്’ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പറഞ്ഞത്.

രാജ്യത്തിന്റെ പേര് മാറ്റത്തിന്റെ വ്യക്തമായ സൂചനയായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ജി 20 ന്റെ ലോഗോയില്‍ ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജി 20 യുടെ ഭാഗമായി ഇറക്കിയ കൈപ്പുസ്തകത്തിലും കുറിച്ചിരുന്നത്, ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’ എന്നായിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറങ്ങിയ എല്ലാ ക്ഷണക്കത്തുകളിലും ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്ന പേരായിരുന്നു സ്ഥാനം പിടിച്ചിരുന്നത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ജി20 രാഷ്ട്രത്തലവന്‍മാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന അത്താഴ വിരുന്നിലെ ക്ഷണക്കത്തിലെ തലവാചകം. രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ മാത്രമല്ല, പ്രധാനമന്ത്രി പുറത്തിരിക്കിയ എല്ലാ ക്ഷണക്കത്തുകളിലും ഇന്ത്യ അപ്രത്യക്ഷമായിരിന്നു. ഇപ്പോഴിതാ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു.

അന്താരാഷ്ട്ര വേദികളില്‍ എല്ലാം ഇതുവരെ ‘ ഇന്ത്യ’ പേരായിരുന്നു രാജ്യത്തെ പ്രതിനിധാനം ചെയ്തിരുന്നത്. സ്വാതന്ത്രലബ്ദി തൊട്ട് അതായിരുന്നു കീഴ്‌വഴക്കവും. പ്രധാനമന്ത്രിയും പ്രസിഡന്റും ഇംഗ്ലീഷില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഇന്ത്യ എന്നായിരുന്നു ഉച്ഛരിച്ചിരുന്നത്. ആ സമ്പ്രദായമാണ് ഇപ്പോള്‍ തിരുത്തുന്നത്. രാഷ്ട്രപതിയും സ്വയമേവ അഭിസംബോധന ചെയ്തത് പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു.

ജി 20 ഉച്ചകോടി സമ്മേളനത്തിന് ന്യൂഡല്‍ഹി ആതിഥ്യമരുളുമെന്ന പ്രഖ്യാപനം വന്നശേഷം രാജ്യതലസ്ഥാനങ്ങളില്‍ നിറഞ്ഞ ബോര്‍ഡുകളില്‍ ഇന്ത്യയും ഭാരത് എന്നും സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ അതിനുശേഷമുള്ള പരസ്യങ്ങളില്‍ നിന്നുപോലും ഇന്ത്യ അപ്രത്യക്ഷമായി. കേന്ദ്രസര്‍ക്കാരിന്റെ പല ഉത്തരവുകളിലും സമീപ ദിവസങ്ങളിലായി ഇന്ത്യ എന്ന വാക്ക് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതായും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന് ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്നു പേരിട്ടതാണ് പേരു മാറ്റത്തിനുള്ള കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി രൂക്ഷമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു.

മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ പ്രസ്താവിക്കുന്നത്, ഭാരത്, അതായത് ഇന്ത്യ ഒരു യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആയിരിക്കുമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത് ആ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയായിട്ടാണെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ജയറാം രമേശ് കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രം തകര്‍ക്കുകയാണെന്നും രാജ്യത്തെ വിഭജിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ പോരാടുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×