June 03, 2026 |
Share on

75 വയസാകുന്നതുകൊണ്ട് മോദി മാറണോ?

ഇന്ത്യ ഇന്നൊരു ട്രാഫിക് ജാമില്‍ കുടുങ്ങി കിടക്കുകയാണ്

ദ്വാരകയില്‍ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കും, ഗുഡ്ഗാവിലേക്കുള്ള എന്‍എച്ച് 48ലേക്കും എത്താന്‍, ദ്വാരക എക്സ്പ്രസ് വേയില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഒരു പുതിയ ടണല്‍ നിര്‍മിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി അതിപ്പോള്‍ തുറന്നിട്ടുണ്ട്. ഇരുവശങ്ങളിലും ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്ന പെയിന്റിംഗുകളും മെറ്റാലിക്ക് ഇന്‍സുലേഷനുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവാദമില്ലാത്തതിനാല്‍ ആ ഭംഗിയുള്ള ചിത്രവേലകള്‍ ആസ്വദിക്കാനാകില്ല.

ടണലിലേക്ക് എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനമില്ല. ബൈക്ക്, ഓട്ടോ. ട്രക്ക് എന്നിവ കയറാതിരിക്കാന്‍ ട്രാഫിക് ബന്തവസും വിസില്‍ ഊത്തും ഗാര്‍ഡുകളുമുണ്ട്. ഉണ്ട്. പക്ഷേ തിരക്കേറിയ സമയങ്ങളില്‍ ടണലില്‍ നിന്നും പുറത്തിറങ്ങിയാല്‍ നിങ്ങളെത്തുക, മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ഗതാഗതക്കുരുക്കിലേക്കായിരിക്കും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാനകരമായ അടിസ്ഥാന വികസന പദ്ധതികളില്‍ ഒന്നാണ് ഈ ടണല്‍ ഉള്‍പ്പെടുന്ന ദ്വാരക എക്‌സ്പ്രസ് വേ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന്റെ ഒരു ഭാഗം മോദി ഉത്ഘാടനം ചെയ്തിരുന്നു.

dwarka expressway tunnel

നരേന്ദ്ര മോദിയുടെ കഴിഞ്ഞ 12 വര്‍ഷം എന്നു പറയുന്നത് ഈ ടണല്‍ പോലെയാണ്. ഭരണം തുടങ്ങിയ കാലം മുതല്‍, ദ്വാരക ടണലിന് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ട്രാഫിക് നിയന്ത്രിതാക്കളെ പോലെ, എന്‍ഫോഴ്സ്മെന്റ്, ഇന്‍കം ടാക്സ്, സിബിഐ, പൊലീസ് തുടങ്ങി എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് തങ്ങള്‍ക്ക് അനഭിമതരായവരെയെല്ലാം മോദി സര്‍ക്കാര്‍ തടഞ്ഞു വയ്ക്കുകയാണ് (എല്ലാ പരിധിയും  ലംഘിക്കുന്നു, ഇഡിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം). ആവശ്യമുള്ളവരെ മാത്രം വിസില്‍ ഊതി അകത്തു കയറ്റുന്നു. ടണലിലെ ചിത്രവേലകള്‍ക്ക് അവര്‍ സ്തുതി പാടുന്നു. പ്രതിപക്ഷത്തുള്ളവര്‍ക്കും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും(മോദി അഭിമുഖവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കൊരു ഫ്രഞ്ച് പാഠവും) വിമര്‍ശകര്‍ക്കും മുന്നില്‍ ബാരിക്കേഡ് വയ്ക്കും.

ഈ ടണലില്‍ കയറിയിറങ്ങേണ്ടി വരുന്ന യാത്രക്കാരെ പോലെ, ഈ രാജ്യത്തെ ജനങ്ങള്‍ ദുര്‍ഘടമായ ട്രാഫിക് ജാമില്‍ കുടുങ്ങിയിരിക്കുകയാണ്. ആ ടണലില്‍ പ്രവേശിക്കാന്‍ സാധിച്ചവര്‍ പോലും ഇപ്പോള്‍ പുറത്തേക്കിറങ്ങാന്‍ വഴി തേടുകയാണ്. സമ്പന്നന്മാര്‍ എന്തു ചെയ്യുന്നു? അവര്‍ ദുബൈയ്‌ക്കോ, അല്ലെങ്കില്‍ യൂറോപ്പിലേക്കോ യുഎസിലേക്കോ പോകുന്നു. ദരിദ്രരോ? അവര്‍ ‘ഡങ്കി’ റൂട്ടുകളിലിറങ്ങി പടിഞ്ഞാറിന്റെ അതിര്‍ത്തികള്‍ കടക്കാന്‍ ജീവന്‍ പണയം വയ്ക്കുന്നു.

ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2025 വെളിപ്പെടുത്തുന്നത്, പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ നഷ്ടപ്പെടുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ തുടരുന്നു എന്നാണ് (ഇന്ത്യ വിടുന്ന കോടീശ്വരന്മാര്‍; നഷ്ടം 2,18,000 കോടിയോളം). 2025 ല്‍ 3,500 ഇന്ത്യന്‍ കോടീശ്വരന്മാര്‍ രാജ്യം വിടുമെന്ന് കണക്കാക്കപ്പെടുന്നു. 2023 ല്‍ 5,100 ഉം 2024 ല്‍ 4,300 ഉം ആയിരു കണക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എണ്ണം കുറഞ്ഞുവെങ്കിലും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്. ഇത്രയും പേര്‍ രാജ്യം വിടുമ്പോള്‍ അവര്‍ ഒരുമിച്ച് കൊണ്ടു പോകുന്നത് ഏകദേശം 218,770 കോടി (26.2 ബില്യണ്‍ ഡോളര്‍)യുടെ സമ്പത്ത് ആയിരിക്കും.

ദരിദ്രരുടെ കാര്യമോ? 2022 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ, യുഎസിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ മാത്രം 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായി. 2019-20 ല്‍ യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 19,883 ഇന്ത്യക്കാരും 2021-22 ല്‍ 63,927 ഇന്ത്യക്കാരും അറസ്റ്റിലായി.(അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്നഷ്ടപ്പെട്ടത് 30 ലക്ഷം മുതല്‍ ഒരു കോടി വരെ; യുഎസ് അതിർത്തിയിൽ കുടുങ്ങിയത് നിരവധി ഇന്ത്യക്കാർ )

US deported illegal indian immigrants

ഈ ട്രാഫിക് ബ്ലോക്കിന് പല കാരണങ്ങളുണ്ട്.

ഒന്ന്- ഇന്ത്യന്‍ സാമ്പത്തിക രംഗം. കടുത്ത പ്രതിസന്ധിയിലാണത്. രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കുന്ന മന്ദത നേരിടുന്നു. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയിരിക്കുന്നുവെന്ന് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ജപ്പാനെ മറി കടന്നെന്ന ഐഎംഎഫിന്റെ കണക്കാണ് നീതി ആയോഗ് ഇന്ത്യയുടെ വളര്‍ച്ചയുടെ തെളിവായി പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന കണക്കില്‍ നിന്നും വിവരശേഖരണം നടത്തുന്ന ഐഎംഎഫിന്റെ വാദങ്ങള്‍ തെറ്റായിരുന്നുവെന്നതിന് തെളിവുകള്‍ മുന്നിലുള്ളതാണ് (ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായോ ഇന്ത്യ? ഐഎംഎഫ് പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്ന നാല് വാദങ്ങള്‍).

UnEmployment in india

ഈ ബ്ലോക്കിനുള്ള രണ്ടാമത്തെ കാരണം തൊഴിലില്ലായ്മയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. സ്റ്റാറ്റിസ്റ്റിക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 15 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്(2025 ജൂണില്‍ 5.6 ശതമാനം). ഗ്രാമങ്ങളിലെ തൊഴില്ലായ്മ കുറയുമ്പോഴും(4.9) നഗരങ്ങളില്‍(7.1) അത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കുകള്‍ തന്നെ പറയുന്നത്, നഗരങ്ങളിലെ തൊഴിലില്ലായ്മ പ്രതിമാസം കൂടുന്നുവെന്നാണ്(എപ്രില്‍-6.5, മേയ്-6.9, ജൂണ്‍-7.1). നഗരമേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി തൊഴിലില്ലായ്മ നേരിടുന്നുണ്ട്(ഏപ്രില്‍-8.7, മേയ്-9.1, ജൂണ്‍-9.1). അഭ്യസ്ഥവിദ്യരായ ഇന്ത്യന്‍ യുവതി-യുവാക്കള്‍ ഈ രാജ്യത്ത് രൂക്ഷമായ ജീവിതപ്രതിസന്ധി നേരിടുന്നുവെന്ന് തെളിയിക്കുന്ന കണക്കുകള്‍.

ട്രാഫിക് ബ്ലോക്കിന്റെ മൂന്നാമത്തെ കാരണം നോക്കാം. അദാനി ഗ്രൂപ്പ് ഒഴികെയുള്ള ഇന്ത്യയിലെ പ്രധാന സ്വകാര്യ മേഖല കമ്പനികള്‍ നേരിടുന്ന അവഗണ(അദാനിക്ക് എൽഐസി വക 5000 കോടിയുടെ ‘സുരക്ഷാ പോളിസി’; കുത്തക മുതലാളിമാരുടെ കടം തീർക്കാൻ പൊതുജനത്തിൻ്റെ പണമോ?). ഇവിടെ നിക്ഷേപം നടത്തി ഇന്ത്യയുടെ സാമ്പത്തിക എഞ്ചിനെ മുന്നോട്ടു ചലിപ്പിക്കേണ്ട റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത അമര്‍ഷത്തിലാണ്. പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവര്‍ ഭയപ്പെടുന്നുണ്ടെങ്കിലും, സ്വകാര്യയിടങ്ങളില്‍ പരാതി പറയുന്നുണ്ട്. അവര്‍ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ ചുരുക്കുകയും വിദേശങ്ങളില്‍ വിപുലമാക്കുകയും ചെയ്യുകയാണ്.

adani group

ഈ ട്രാഫിക് ബ്ലോക്ക് കൊണ്ട് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ കൂടി പറയാം.

ഒരുകാലത്ത് വിദേശങ്ങളില്‍ ഏറെ മൂല്യമുണ്ടായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇന്ന് ഒരു ഇന്ത്യക്കാരന്‍ പുറംരാജ്യത്ത് സംശത്തിന്റെ കണ്ണുകളാല്‍ നിരീക്ഷിക്കപ്പെടുന്നു. ആഗോളതലത്തില്‍ ഒരു സ്വാധീന ശക്തിയായി ഇടം നേടിയിരുന്ന ഇന്ത്യ, ഇന്നത്തെ പല ബുദ്ധിശൂന്യമായ ഇന്റലിജന്‍സ് ഓപ്പറേഷനുകളും കാരണം പല രാജ്യങ്ങളുടെയും അപ്രതീക്ക് കാരണമായിരിക്കുന്നു. കാനഡ ഇന്ത്യന്‍ വീസകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉദ്ദാഹരണമാണ്.

Pahalgam attack

സുരക്ഷാരംഗത്ത് വന്നിരിക്കുന്ന പരാജയം. പാകിസ്താനുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ സത്യാവസ്ഥ പറയാന്‍ പോലും ധൈര്യമില്ല. ചൈനയുടെ കടന്നു കയറ്റത്തെ എതിര്‍ക്കാന്‍ ധൈര്യമില്ലാതിരിക്കുകയും, അതേസമയം വിദേശകാര്യ മന്ത്രി കൈ കൂപ്പി പിടിച്ചു ബീജിംഗിലേക്ക് പോവുകയും ചെയ്യുന്നു. സമീപകാലത്ത് നടന്ന ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലില്‍, ചൈന പാകിസ്താനെ സഹായിച്ചുവെന്നതില്‍ സംശയത്തിന് ഇടയില്ലെന്നിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. അയല്‍ക്കാരെല്ലാവരെയും പിണക്കി നിര്‍ത്തിയിരിക്കുകയാണ്. താരിഫിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് കാണിക്കുന്ന അഹങ്കാരത്തെ ചോദ്യം ചെയ്യാനും ത്രാണിയില്ല.

സാമ്പത്തിക ഉദാരവത്കരണത്തിലേക്ക് രാജ്യം മാറിയ 1990 കളുടെ തുടക്കം മുതല്‍, സാങ്കേതികരംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വേഗതയിലായിരുന്നു. ടെക്നോളജിയില്‍ ലോകത്തിനോട് കിടപിടിക്കാന്‍ നമുക്കായിരുന്നു. ഇന്റര്‍നെറ്റ്, മൊബല്‍, ബിപിഒ, സോഫ്റ്റ്വെയര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം കോമ്പറ്റേറ്റീവ് അഡ്വാന്റേജ് നമുക്കുണ്ടായിരുന്നു. ഇപ്പോഴത്തെ ട്രാഫിക് ജാമില്‍ കിടക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നത്, ആ വേഗതയും മത്സരബുദ്ധിയും നഷ്ടമായിരിക്കുന്നുവെന്നാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇലക് ട്രോണിക് വാഹനങ്ങള്‍ വരെ നോക്കിയാല്‍, ആഗോള സാങ്കേതിക മത്സരത്തില്‍ ഇന്ത്യ എവിടെയുമില്ല.

ബി.വൈ.ഡി(ബില്‍ഡ് യുവര്‍ ഡ്രീംസ്) അടക്കമുള്ള കമ്പനികള്‍ ചൈനയില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഇലക്ട്രോണിക്, ബാറ്ററി, റീചാര്‍ജ് തുടങ്ങിയവയിലെ സാങ്കേതികരംഗങ്ങളില്‍ അവര്‍ നടത്തുന്ന കുതിച്ചുചാട്ടമാണ് ആ രാജ്യത്തെ മുന്നിലേക്ക് ഉയര്‍ത്തുന്നത്.

bhopal 90 degree bridge

ഇന്ത്യയെ ട്രാഫിക് ജാമില്‍ പെടുത്തി നിശ്ചലമാക്കുന്നത്, ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള പാലം പണിതതുപോലെ, ദ്വാരകയില്‍ ഗതാഗതകുരുക്ക് ഇരട്ടിയാക്കിയ ടണല്‍ പണിതതുപോലെ ആലോചനകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമാണ്. ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തേ മതിയാകൂ. (ഭരണനയങ്ങളിൽ ജനങ്ങൾ വലയുമ്പോഴും സ്വയം ബ്രാൻഡ് ചെയ്യുന്ന മോദിയും ട്രംപും)

കേവലം രാഷ്ട്രീയ വിമര്‍ശനമല്ലാതെ, ഡേറ്റകളുടെ അടിസ്ഥാനത്തില്‍ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. നൂതനാശയങ്ങളുള്ള, ജനാധിപത്യബോധ്യമുള്ള, നയതന്ത്ര വൈദഗ്ധ്യമുള്ള ബിജെപി നേതാക്കള്‍ക്കായി വഴി മാറണം.

75 വയസ് തികയുമ്പോള്‍ മോദി അധികാരം വിട്ടൊഴിയണമെന്ന് ആര്‍എസ്എസ്  പരോക്ഷമായി ആവശ്യപ്പെടുന്നതും, അതിനെ പല സ്വകാര്യ കോര്‍പ്പറേറ്റീവ് ലോബികള്‍ പിന്തുണയ്ക്കുന്നുവെന്നതും യാദൃശ്ചികമായി കാണണം.

അവരുടെ വാദങ്ങള്‍ ശരിയാണ്. താന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ഉപയോഗിച്ച് ഒരു തലമുറയെ പാര്‍ട്ടിയില്‍ നിന്നും ഒഴിപ്പിച്ച നേതാവ്, അതേ നിമയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് പറയുന്നതിലെ സാംഗത്യമെന്താണ്?

nitin gadkari-mohan Bhagwat

75 എന്ന പ്രായം കൊണ്ടോ, അല്ലെങ്കില്‍ ജനം കുടുങ്ങി കിടക്കുന്ന ട്രാഫിക് ജാമിന് കാണമായതുകൊണ്ടോ, എന്തുകൊണ്ടാണെങ്കിലും മോദി സ്ഥാനം ഒഴിയുന്നത് രാജ്യത്തിന് നല്ലതാണ്. ഇന്ത്യയുടെ ഭാവിയും സാമ്പത്തിക വളര്‍ച്ചയുമെല്ലാം ജനാധിപത്യത്തിന്റെ അന്തരീക്ഷത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. കാരണം നമ്മള്‍ നാനാത്വത്തിലൂന്നിയൊരു സമൂഹമാണ്. അല്ലാതെ പ്രതിപക്ഷത്തെ ജയില്‍ അടച്ചും മാധ്യമങ്ങളുടെ വായടപ്പിച്ചും ഈ രാജ്യത്ത് പുരോഗതി ഉണ്ടാക്കാന്‍ സാധിക്കില്ല. പുരോഗതി വരുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അന്ധമായ മോദി ഭക്തിയും, വര്‍ഗീയവിചാരവും കൊണ്ടാണ്. അവര്‍ക്ക് ഇന്ത്യയുടെ ഭാവിയെ കുറിച്ച് വ്യഗ്രതയുണ്ടാകില്ല.

ചില കാര്യങ്ങള്‍ ആലോചിച്ചു നോക്കൂ. സാമ്പത്തിക ഉദാരീകരണം വന്ന 90 ന് ശേഷം ഇങ്ങോട്ടെടുത്താല്‍, മുന്‍പുണ്ടായിരുന്ന വേഗതയില്‍ നിങ്ങളുടെ ശമ്പളം ഇന്നു വര്‍ദ്ധിക്കുന്നുണ്ടോ? കഴിഞ്ഞ 10 വര്‍ഷം കൊണ്ട് എത്ര വര്‍ദ്ധിച്ചിട്ടുണ്ട്? റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച കൂടിയിട്ടുണ്ടോ? ചെറുപ്പക്കാര്‍ക്ക് നല്ല ശമ്പളം കിട്ടുന്ന തൊഴിലുകളുണ്ടോ? സമൂഹത്തില്‍ വര്‍ഗീയപരമായ വിദ്വേഷം വര്‍ദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ ഉള്ളില്‍ മതപരമായ വൈകാരികത വര്‍ഗീയ ചിന്തകളായി ഇടയ്ക്കെങ്കിലും പൊങ്ങി വരുന്നതായി തോന്നുന്നുണ്ടോ? ഇതിനെല്ലാത്തിനും ഉത്തരം സത്യസന്ധമാണെങ്കില്‍ നിങ്ങള്‍ക്ക് ഈ പറഞ്ഞകാര്യങ്ങളോടെല്ലാം യോജിക്കേണ്ടി വരും, ഇന്ത്യയ്ക്ക് ഒരു പുതിയ പ്രധാനമന്ത്രി വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യും.  Should Modi step down as Prime Minister due to being 75 years old?

 

 

Content Summary; Should Modi step down as Prime Minister due to being 75 years old?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×