July 12, 2025 |
Share on

നഷ്ടപ്പെട്ടത് 30 ലക്ഷം മുതല്‍ ഒരു കോടി വരെ; യുഎസ് അതിർത്തിയിൽ കുടുങ്ങിയത് നിരവധി ഇന്ത്യക്കാർ

ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് 15 പേരെയെങ്കിലും അതിർത്തിയിൽ വെച്ച് തടവിലാക്കിയിട്ടുണ്ട്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ച ക്രൂരമായ നടപടികളെക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും മുറുകുകയാണ്. അതേസമയം, യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരിൽ നിരവധി പേർ കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎസ്-മെക്സിക്കോ അതിർത്തിയിൽ എത്തിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള കർശനമായ അതിർത്തി നിയന്ത്രണ നടപടികളെ തുടർന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് 15 പേരെയെങ്കിലും മെക്സിക്കോ-യുഎസ് അതിർത്തിയിൽ വെച്ച് തടവിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസിലെത്താനായി ഏജന്റ് ഫീസായും മറ്റും 30 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് തങ്ങൾ ചിലവഴിച്ചതെന്ന് നാടുകടത്തപ്പെട്ടവർ പറയുന്നു. ഡങ്കി റൂട്ടാണ് യുഎസിലേക്കെത്താൻ ഇവർ ഉപയോ​ഗിച്ചത്. നിരവധി രാജ്യങ്ങളിലൂടെയും വിവിധ ഗതാഗത രീതികളിലൂടെയും സഞ്ചരിക്കുന്ന നിയമവിരുദ്ധവും അപകടകരവുമായ ഒരു പാതയാണിത്.

മൊഹാലിയിലെ ജുറൈത് ​ഗ്രാമത്തിലുള്ള 21 കാരനായ പ്രദീപ് സിങ്ങ് 42 ലക്ഷമാണ് യുഎസിലേക്കെത്താൻ ഏജന്റിന് നൽകിയത്. എന്നാൽ യുഎസ് – മെക്സിക്കോ അതിർത്തിയിൽ വെച്ച് പിടികൂടുകയായിരുന്നു. നിരവധി പേരാണ് സമാനമായ രീതിയിൽ പിടിക്കപ്പെട്ടത്.

ഫത്തേഗഢ് സാഹിബിലെ കഹൻപൂർ ഗ്രാമത്തിൽ നിന്നുള്ള ജസ്വീന്ദർ സിംഗ് കഴിഞ്ഞ വർഷം ഒക്ടോബറിൽ 50 ലക്ഷം രൂപ ചിലവഴിച്ച്ജനുവരി 15 ന് അതിർത്തിയിലെത്തി. പട്യാലയിലെ അഹ്രു ഖുർദ് ഗ്രാമത്തിൽ നിന്നുള്ള അമൃത് സിംഗ് എട്ട് മാസം മുമ്പ് പുറപ്പെട്ട് ജനുവരി പകുതിയോടെ അതിർത്തിയിലെത്തി. ഇരുവരെയും അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിർത്തിയിൽ അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. ജനുവരി ഒന്നിന് പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഭാദാസ് ഗ്രാമത്തിൽ നിന്ന് ഭർത്താവിനെ കാണാൻ പോയ ലവ്പ്രീത് കൗർ, ഷെങ്കൻ വിസ ഉപയോഗിച്ച് മെക്സിക്കോയിൽ എത്തി നിയമപരമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചു. ജനുവരി 27 ന് യുഎസ് അധികൃതർ അവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. നാടുകടത്തപ്പെട്ട കുടുംബങ്ങളിൽ വളരെക്കാലമായി യുഎസിൽ താമസിച്ചിരുന്ന ചിലരും ഉൾപ്പെടുന്നു.

104 ഇന്ത്യക്കാരുടെ നാടുകടത്തൽ ഒരു തുടക്കം മാത്രമാണെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റ് വിനയ് കുമാർ ഹരി പറഞ്ഞു. നിലവിൽ 20,000-ത്തിലധികം രേഖകളില്ലാത്ത ഇന്ത്യക്കാർ യുഎസിൽ നിന്ന് നാടുകടത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നും വിനയ് കുമാർ ഹരി ചൂണ്ടിക്കാട്ടി. മുൻപ് രേഖകളില്ലാത്ത നിരവധി കുടിയേറ്റക്കാർ യുഎസിൽ പ്രവേശിച്ചതിനുശേഷം അപ്രത്യക്ഷമാകാൻ ശ്രമിച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കർശനമായ നടപടികൾ മൂലം ഇപ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടാണാന്നാണ് കൺസൾട്ടന്റുകൾ പറയുന്നത്.

ഡോളർ രൂപയിലേക്ക് മാറുമ്പോഴുള്ള ലാഭമാണ് ജനങ്ങളെ വിദേശ സ്വപ്നങ്ങൾക്ക് പിന്നാലെ ഓടാൻ പ്രേരിപ്പിക്കുന്നത്. പലരും ഒരു വർഷത്തിനുള്ളിൽ അവരുടെ ഡങ്കി ചിലവുകൾ വീണ്ടെടുക്കുന്നു. മറ്റുള്ളവർക്ക് അത് രണ്ടോ മൂന്നോ വർഷം എടുക്കുന്നു. എന്നാൽ ഈ പ്രവണത തുടരാൻ അനുവദിക്കുന്നതിനുപകരം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്തെ അത്തരം നാണക്കേടിൽ നിന്ന് രക്ഷിക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് എന്ന് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) ജനറൽ സെക്രട്ടറി സുഖ്‌വീന്ദർ കൗർ പറഞ്ഞു.

ട്രാവൽ ഏജന്റുമാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ പൊതുജന പ്രതിനിധികൾ തയ്യാറാകണമെന്നും ലോക് ഭലൈ പാർട്ടി പ്രസിഡന്റ് ബൽവന്ത് സിംഗ് രാമൂവാലിയ ആരോപിച്ചു. നിരവധി ആളുകൾക്ക് പണം തിരികെ ലഭിക്കാൻ ഞാൻ സഹായിച്ചിട്ടുണ്ട്, എന്നാൽ ഒരു എംഎൽഎയോ എംപിയോ ഈ ഏജന്റുമാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഈ മാഫിയ നിയന്ത്രണാതീതമായി വളരുകയാണെന്നും ബൽവന്ത് സിംഗ് രാമൂവാലിയ പറഞ്ഞു.

അനധികൃത കുടിയേറ്റം നടത്തുന്ന വിദ്യാർത്ഥികളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്ന് പഞ്ചാബിലെ അസോസിയേഷൻ ഓഫ് കൺസൾട്ടന്റ്സ് ഫോർ ഓവർസീസ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിതിൻ ചൗള ചോദിച്ചു. ഡങ്കി റൂട്ട് സ്വീകരിക്കുന്ന പലരും ഐഇഎൽടിഎസ് പാസാകുന്നില്ല. ഇംഗ്ലീഷിൽ അവർ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ കുടുംബ പിന്തുണയില്ലാതെ അവർ എങ്ങനെ വിദേശത്ത് അതിജീവിക്കുമെന്നും നിതിൻ ചൗള പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഈ മാസം 5നാണ് അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയത്.

Content Summary: Many Indian immigrants have lost between 30 lakhs to one crore and are stuck at the US border
Indian immigrants us-mexico border 

Leave a Reply

Your email address will not be published. Required fields are marked *

×