June 13, 2026 |

‘പവന് ഒരു ലക്ഷം കടക്കാൻ സാധ്യത, ഡിമാൻഡ് ഉയരാൻ കാരണം നിരവധി’; മഞ്ഞലോഹത്തിന്റെ കുതിപ്പ് എങ്ങോട്ട് ?

നിക്ഷേപകരുടെ മാറുന്ന താൽപ്പര്യങ്ങളാണ് പ്രധാന കാരണങ്ങളിലൊന്ന്

ഇന്ത്യക്കാർക്ക് വൈകാരികമായി കൂടി ബന്ധമുള്ള ഒരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണവില ഒരു ലക്ഷം രൂപ എന്ന സംഖ്യയിലേക്ക് അടുക്കുമ്പോൾ, ഉണ്ടാകുന്ന ആശങ്കയും വലുതാണ്. ആഗോള സാമ്പത്തിക അസ്ഥിരതയുടെയും നിക്ഷേപകരുടെ മാറുന്ന താൽപ്പര്യങ്ങളുടെയും പ്രതിഫലനമായാണ് ഈ വില വർദ്ധനവിനെ കാണാൻ കഴിയുന്നതെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

സ്വർണത്തിൻ്റെ വില ഉടൻ കുറയാനുള്ള സാഹചര്യങ്ങളല്ല നിലവിലുള്ളതെന്നും ലോകത്തിലെ പ്രധാന കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തിയെന്നും സാമ്പത്തിക വിദ​ഗ്ധനും എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്ക് വിഭാ​ഗം അധ്യാപകനുമായ സന്തോഷ്. ടി. വർ​ഗീസ് അഴിമുഖത്തോട് പറഞ്ഞു.

‘സാധാരണ ജനങ്ങൾ സ്വർണം വാങ്ങുന്നത് കൊണ്ടല്ല സ്വർണത്തിന് വില കൂടുന്നത്. ആവശ്യഘട്ടങ്ങളിൽ മാത്രമാണ് സാധാണക്കാർ സ്വർണം വാങ്ങുന്നത്. മാത്രമല്ല, വില കൂടുന്നത് കണ്ടാൽ വളരെ പരിമിതപ്പെടുത്തിയായിരിക്കും പിന്നീട് സ്വർണം വാങ്ങുന്നതും. അല്ലെങ്കിൽ അത്രയ്ക്കുള്ള വരുമാന വർദ്ധനവ് ഉണ്ടാകണം. റീറ്റെയിലായിട്ട് സ്വർണം വാങ്ങിയത് കൊണ്ടുള്ള വില വർദ്ധനവ് അല്ല ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നത് വ്യക്തമാണ്’, സന്തോഷ്. ടി. വർ​ഗീസ് പറയുന്നു.

വൻകിട നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളും

‘സ്വർണത്തിൻ്റെ വില കൂടിയത് ആവശ്യകത വർദ്ധിച്ചത് കൊണ്ട് തന്നെയാണ്. എവിടെ നിന്നാണ് സ്വർണത്തിന് ഇത്രയും ഡിമാൻഡ് ഉണ്ടാകുന്നത്? വലിയ സമ്പാദ്യമുള്ളവരാണ് ഇതിലെ ഒരു വിഭാ​ഗം. പിന്നെയുള്ളത് മ്യൂച്വൽ ഫണ്ടുകളാണ്. ഇതിൽ തന്നെ സ്വർണത്തിൻ്റെ അടിസ്ഥാനത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കുന്ന ബോണ്ടുകളെയാണ് സോവറിൻ ബോണ്ടുകളെന്ന് പറയുന്നത്. ചെറിയ കഷ്ണങ്ങൾ പോലെ ഈ ബോണ്ടുകൾ വാങ്ങാൻ സാധിക്കും. അതായത് ചെറിയ തുകയ്ക്ക് മ്യൂച്വൽ ഫണ്ടുകൾ നമുക്ക് വാങ്ങാൻ സാധിക്കും. ഇന്ത്യയിലെ തന്നെ അത്തരം മ്യൂച്വൽ ഫണ്ടുകളുടെ കൈയിൽ ഏകദോശം ഒരു ലക്ഷം കോടി രൂപയാണുള്ളത്. അതാണ് അവരുടെ നിക്ഷേപം. സ്വർണത്തിലുള്ള ഈ നിക്ഷേപം അതിൻ്റെ ആവശ്യകതയെ വർദ്ധിപ്പിക്കുന്നു.

എന്തുകൊണ്ടാണ് എല്ലാവരും ​ഗോൾഡിൽ നിക്ഷേപിക്കുന്നതെന്ന് ചോദിച്ചാൽ, ഈ നിക്ഷേപത്തിന് രണ്ടോ മൂന്നോ ഓപ്ഷനുകളാണുള്ളത്. ഒന്ന് സ്റ്റോക്ക് എക്സചേയ്ഞ്ചിൽ നിക്ഷേപിക്കുക, മറ്റൊന്ന് ​ഗവൺമെൻ്റിൻ്റെ ബോണ്ടിൽ നിക്ഷേപിക്കുക. ഒന്നുകിൽ സർക്കാരിൻ്റെ കടപത്രത്തിൽ നിക്ഷേപിക്കുക, അല്ലെങ്കിൽ സർക്കാരിന് വായ്പ കൊടുക്കാനും സാധിക്കും. മറ്റൊരു നിക്ഷേപ മർ​ഗം റിയൽ എസ്റ്റേറ്റ് ആണ്. ഇവയൊക്കെയാണ് ബാക്കിയുള്ള നിക്ഷേപ മാർ​ഗങ്ങൾ. പിന്നെയുള്ളവയാണ് സ്വർണവും വെള്ളിയുമാണ്.

നോട്ട് നിരോധനം വന്നതോടെ, രേഖകളെല്ലാം കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സാഹചര്യമുണ്ടായതിനാൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നത് വളരെ കുറവാണ്. ഗവൺമെൻ്റിൻ്റെ ബോണ്ടുകളുടെ കാര്യം പറയുകയാണെങ്കിൽ, സർക്കാർ കടത്തിലാണെന്ന സംസാരം വന്നതോടെ അത്തരം ബോണ്ടുകളുടെ ആകർഷണതയും കുറഞ്ഞു. ട്രംപുമായുള്ള പ്രശ്നങ്ങൾ ഇക്കോണമിയിൽ സ്വാധീനം ചെലുത്തി തുടങ്ങിയതോടെ സ്റ്റോക്ക് എക്സചേയ്ഞ്ചിലുള്ള താൽപര്യവും കുറഞ്ഞുവന്നു. പിന്നെയുള്ളത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന ഓപ്ഷൻ മാത്രമാണ്,’ സന്തോഷ്. ടി. വർ​ഗീസ് പറഞ്ഞു.

സുരക്ഷിത നിക്ഷേപം

‘സ്വർണത്തിൻ്റെ വില സാധാരണ ​ഗതിയിൽ പെട്ടെന്ന് കുറയില്ല എന്നത് തന്നെയാണ് ​ഗോൾഡിൽ നിക്ഷേപിക്കാനുള്ള താൽപര്യം കൂടുന്നതിനുള്ള കാരണം. സ്വർണത്തിൻ്റെ സപ്ലൈ വളരെ ലിമിറ്റഡാണ് എന്നത് വളരെ വലിയൊരു പ്രത്യേകതയാണ്. സൂപ്പർ റിച്ച് ആയിട്ടുള്ളവരും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുമാണ് ഈ ബോണ്ടുകളെല്ലാം വാങ്ങി വെയ്ക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യ സ്ത്രോതസിൻ്റെ 13 ശതമാനവും സ്വർണമാണ്. അതായത് സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണ്. അതുകൊണ്ട് തന്നെ എല്ലാവരും തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുന്നു. തുടർന്ന് അതിൻ്റെ ഡിമാൻഡും വാർദ്ധിക്കുന്നു.

2007 ൽ സംഭവിച്ചത് പോലെ സമാനമായ ഒരു പ്രതിസന്ധി അമേരിക്കയിലെ ബാങ്കുകളിൽ സംഭവിക്കാൻ പോകുന്നുവെന്ന സൂചനകളാണ് അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നത്. അമേരിക്ക – ചൈന വിഷയം മറ്റൊരിടത്ത്. അങ്ങനെ വരുമ്പോൾ സമ്പദ്‌വ്യവസ്ഥയിലും പ്രതിസന്ധിയുണ്ടാകുന്നു. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തകർന്നാൽ, അത് മറ്റ് രാജ്യങ്ങളെയും ബാധിക്കും. കാരണം ശക്തമായ സാമ്പത്തിക ബന്ധങ്ങളാണ് അമേരിക്കയുമായിട്ട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കുള്ളത്.

സ്വർണത്തിൻ്റെ വില കൂടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ടാകില്ല ബാധിക്കുന്നത്. എന്നാൽ തീർച്ചയായും ബാധിക്കും. സമ്പദ് വ്യവസ്ഥയിൽ നിക്ഷേപിക്കുന്ന പണമാണ് മാറിപ്പോകുന്നതെന്നാണ് ഇതിലെ പ്രശ്നം. ഇതെല്ലാം ഒരു മുതൽക്കൂട്ട് പോലെയാണ്. ഒരു അസറ്റാണ്. സ്വാഭാവികമായും സ്വർണത്തിൻ്റെ വില കൂടുമ്പോൾ മറ്റ് മൂല്യങ്ങളുടെ വില കുറയും. അങ്ങനെ വരുമ്പോൾ ഫോറിൻ എക്സ്ചേയ്ഞ്ചിൻ്റെ വില കുറയുകയും ഇറക്കുമതിയുടെ വില കൂടുകയും ചെയ്യും. അപ്പോൾ സ്വാഭാവികമായി നമ്മുടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിക്കും.

സ്വർണത്തിന്റെ വില ഉടനെയാന്നും കുറയാനുള്ള സാധ്യതയും കാണുന്നില്ല. സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിയും തുടർന്നുള്ള മാറി നിക്ഷേപങ്ങളും എത്രകാലം നിലനിൽക്കുമെന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ സ്വർണവിലയിൽ വലിയൊരു കുറവ് പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ,’ സന്തോഷ്. ടി. വർ​ഗീസ് അഴിമുഖത്തോട് പ്രതികരിച്ചു.

സ്വർണവിലയുടെ ഈ കുതിച്ചുചാട്ടം ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിലയിരുത്തൽ.

Content Summary: gold price is likely to cross one lakh, reasons behind for the increase in demand

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×