തീവ്രമായ മഞ്ഞുവീഴ്ചയെ തുടർന്ന് ടിബറ്റിലെ മൗണ്ട് എവറസ്റ്റിന്റെ കിഴക്കൻ ഭാഗത്തെ ക്യാമ്പ് സൈറ്റുകളിൽ കുടുങ്ങിയ ട്രെക്കിംഗ് യാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകദേശം ആയിരത്തോളം പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ടുകളിൽ പറയുന്നത്.
വെള്ളിയാഴ്‌ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്‌ച ഇന്നലെ മുഴുവൻ തുടർന്നുവെന്ന് പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനിയുടെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടുകളിലെ അറിയിപ്പുകൾ വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും കുടുങ്ങിയ നൂറുകണക്കിന് ട്രെക്കിംഗ് യാത്രികരെ ഞായറാഴ്ച രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. ഞായറാഴ്ച വരെ 350 പേരെ ഖുഡാങ് എന്ന ചെറുപട്ടണത്തിൽ എത്തിക്കാൻ സാധിച്ചിരുന്നു. 200ൽ അധികം ട്രെക്കിംഗ് യാത്രികരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും ചൈന സെൻട്രൽ ടെലിവിഷൻ (CCTV) റിപ്പോർട്ട് ചെയ്തു.
ചൈനയിലെ എട്ടുദിവസത്തെ ദേശീയ ദിന അവധിയുടെ ഭാഗമായാണ് എവറസ്റ്റിന്റെ കിഴക്കൻ ഭാഗത്തേക്കുള്ള കർമ്മ എന്ന വിദൂര താഴ്‌വരയിൽ ഈ ആഴ്ച നൂറുകണക്കിന് സന്ദർശകർ എത്തിയത്.
താഴ്വരയിൽ കനത്ത മഞ്ഞുവീഴ്ചയായിരുന്നുവെന്നും ശരീരത്തിലെ താപനില ക്രമാതീതമായി കുറയുന്ന ഹൈപ്പോതെർമിയ എന്ന അവസ്ഥ വളരെ ഭയാനകമായിരുന്നുവെന്ന് ഖുഡാങ്ങിൽ എത്തിയ 18 പേരടങ്ങുന്ന ട്രെക്കിംഗ് ടീമിലുണ്ടായിരുന്ന ചെൻ ഗെഷുവാങ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ, എവറസ്റ്റ് വിനോദസഞ്ചാര മേഖലയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്ച മുതൽ നിർത്തിവച്ചതായി പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി അറിയിച്ചു.
നേപ്പാളിലെ ഏഴ് പ്രവിശ്യകളിൽ അഞ്ചെണ്ണമായ കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നിവിടങ്ങളിൽ മൺസൂൺ സജീവമാണ്. രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാൾ സൈന്യം, നേപ്പാൾ പോലീസ്, എപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. അയൽരാജ്യത്തിന് സഹായം വാഗ്ദാനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. തുടർച്ചയായ മഴയെത്തുടർന്ന് ഇവിടം റെഡ് സോണിൽ നിലനിർത്തിയിട്ടുണ്ട്.
അതിനാൽ തന്നെ മേഖലയിൽ കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുമോ എന്നത് വരും മണിക്കൂറുകളിൽ മാത്രമേ അറിയാൻ കഴിയൂ. സമാനമായി ഇന്ത്യയിലും പ്രകൃതി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രശസ്‌തമായ ഹിൽ സ്‌റ്റേഷനും ടൂറിസം കേന്ദ്രവുമായ ഡാർജിലിംഗിൽ ഇതുവരെ 20 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ നേപ്പാളിന് സമാനമായ രീതിയിൽ തന്നെയാണ് പ്രകൃതിദുരന്തം ആഞ്ഞടിച്ചത്.
Content Summary: Heavy snowfall on Mount Everest leaves nearly 1,000 people trapped; rescue operations are underway
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.