ചെസ് റാങ്കിംഗിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച് നാല് ഇന്ത്യക്കാർ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായി വിലയിരുത്തപ്പെട്ടിട്ടുള്ള ഡി ഗുകേഷ്, അർജുൻ എറിഗൈസി, ആർ പ്രഗ്നാനന്ദ, അരവിന്ദ് ചിതംബരം എന്നിവരാണ് റാങ്കിങ്ങിൽ സ്ഥാനം പിടിച്ച നാല് ഇന്ത്യക്കാർ. 2757.8 എന്ന റേറ്റിംഗോടെ ഇന്ത്യയുടെ അരവിന്ദ് ചിതംബരം ഒമ്പതാം സ്ഥാനം നേടിയതോടെയാണ് ഈ ചരിത്ര നേട്ടം. അർമേനിയയിലെ വച്ച് നടന്ന ആറാമത് സ്റ്റെപാൻ അവഗ്യാൻ മെമ്മോറിയൽ ചെസ് ചാമ്പ്യൻഷിപ്പിൽ അരവിന്ദ് ഒന്നാം സ്ഥാനം നേടിയതോടെയാണ് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നത്. അരവിന്ദിന്റെ നേട്ടമാണ് ഇന്ത്യൻ മുന്നേറ്റത്തിന് വഴി തുറന്നത്. തന്റെ അടുത്ത സുഹൃത്തും പരിശീലന പങ്കാളിയുമായ പ്രഗ്നാനന്ദയെയാണ് അരവിന്ദ് പരാജയപ്പെടുത്തിയത്.
വാശിയേറിയ മത്സരത്തിൽ ഒമ്പത് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഒമ്പത് റൗണ്ടുകളും അവസാനിക്കുമ്പോൾ രണ്ട് കളിക്കാരും 6.5 പോയിന്റുകൾ വീതം നേടിയിരുന്നു. ഈ സാഹചര്യത്തിൽ സോൺബോൺ-ബെർഗർ സ്കോർ (ടൈബ്രേക്ക് പോയിന്റുകൾ) നടത്തിയാണ് ചാമ്പ്യനെ കണ്ടെത്തിയത്. സോൺബോൺ-ബെർഗറിൽ വിജയിച്ചായിരുന്നു അരവിന്ദിന്റെ കിരീട നേട്ടം. ടൂർണമെന്റിന്റെ തുടക്കം മുതലേ പ്രഗ്നാനന്ദയുടെയും അരവിന്ദിന്റെ പോയിന്റ് സമനിലയിൽ ആയിരുന്നു. അവസാന റൗണ്ട് വരെ ഇരുവരും തുല്യ പോയിന്റാണ് നേടിയത്. അവസാന ഗെയിമിലേക്ക് പ്രവേശിക്കുമ്പോൾ എട്ടാം റൗണ്ടിന് ശേഷം ഇരുവരുടെയും പോയിന്റ് നില 5.5 ആയിരുന്നു. കിരീടം ഉറപ്പിക്കാൻ ഒരു വിജയം അനിവാര്യമാണെന്നിരിക്കെയായിരുന്നു അരവിന്ദിന്റെ വിജയം. ആദ്യ മത്സരത്തിൽ പ്രഗ്നാനന്ദ അർമേനിയയുടെ റോബർട്ട് ഹോവാനിഷ്യനെയാണ് പരാജയപ്പെടുത്തിയത്. അരവിന്ദ് അർമേനിയയുടെ അരാം ഹകോബ്യാനെയാണ് ആദ്യ മത്സരത്തിൽ നേരിട്ടത്. മത്സരത്തിൽ ഇരുവരും നാല് വിജയങ്ങളും അഞ്ച് സമനിലകളും വീതമാണ് നേടിയത്.
എന്നെ സംബന്ധിച്ച് ഇത് നല്ലൊരു ടൂർണമെന്റായിരുന്നു. പക്ഷേ രണ്ടാം റൗണ്ടിൽ ഞാൻ എന്റെ അവസരം നഷ്ടമാക്കി. ആ ഫലം എനിക്ക് അനുകൂലമായിരുന്നുവെങ്കിൽ ടൂർണമെന്റ് ജയിക്കാൻ കഴിയുമായിരുന്നുവെന്ന് പ്രഗ്നാനന്ദ ചെസ്സ്ബേസ് ഇന്ത്യയോട് പറഞ്ഞു. വെയ് യി, അനീഷ് ഗിരി, വിൻസെന്റ് കീമർ എന്നിവർ പങ്കെടുത്ത പ്രാഗ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലെ അരവിന്ദിന്റെ പ്രകടനത്തോട് ഈ മത്സരത്തിലെ പ്രകടനത്തെയും താരതമ്യം ചെയ്യുന്നുണ്ട്. പ്രാഗ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലും പ്രഗ്നാനന്ദയെ ആണ് അരവിന്ദ് പരാജയപ്പെടുത്തിയത്.
അരവിന്ദ് കിരീടം നേട്ടത്തിനൊപ്പം പ്രഗ്നാനന്ദയുടെ പ്രകടനത്തിനും പ്രശംസകളേറുന്നു. 19 വയസുകാരനായ പ്രഗ്നാനന്ദ ഇപ്പോൾ ലൈവ് റേറ്റിംഗിൽ ആറാം സ്ഥാനത്താണ്. 2774.2 പ്രഗ്നാനന്ദയുടെ റേറ്റിംഗ്.
ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ്, ഗ്രാൻഡ് ചെസ് ടൂർ റൊമാനിയ ക്ലാസിക് എന്നിവയിലെ വിജയങ്ങൾ, പ്രാഗിൽ രണ്ടാം സ്ഥാനം, ജിസിടി പോളണ്ട് റാപ്പിഡ് & ബ്ലിറ്റ്‌സിൽ മൂന്നാം സ്ഥാനം, ഇപ്പോൾ അർമേനിയയിൽ രണ്ടാം സ്ഥാനം എന്നിങ്ങനെ മികച്ച നേട്ടങ്ങളാണ് പ്രഗ്നാനന്ദയ്ക്ക് അവകാശപ്പെടാനുള്ളത്. അരവിന്ദിനെക്കാൾ 42.27 പോയിന്റിന്റെ ലീഡ് പ്രഗ്നാനന്ദയ്ക്കുണ്ട്. ജൂൺ 18ന് ഉസ്ബെക്കിസ്ഥാൻ വേദിയാവുന്ന ഉഷസ് കപ്പിലാവും അടുത്തതായി ഇരുവരും മത്സരിക്കുക. ഇയാൻ നെപോംനിയാച്ചി, നോഡിർബെക്ക് അബ്ദുസത്തോറോവ്, അർജുൻ എറിഗൈസി തുടങ്ങിയ ശക്തരായ കളിക്കാർക്കൊപ്പം മത്സരം.
content summary: For the first time, four Indian chess players feature in the world’s top 10 rankings