June 18, 2025 |
Share on

എല്ലാ പരിധിയും  ലംഘിക്കുന്നു, ഇഡിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

കോര്‍പ്പറേഷനെതിരെ എങ്ങനെ ക്രിമിനല്‍ കുറ്റം ചുമത്തും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ മദ്യവില്‍പന ശാലയായ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനെ (TASMAC) തിരായ അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര ഏജന്‍സി എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നതായും കോടതി പറഞ്ഞു.

ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡുകളെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് പരിഗണിക്കവെയാണ് വിമര്‍ശനം.

മദ്യശാലകള്‍ അനുവദിച്ച ചിലര്‍ പണം കൈപ്പറ്റിയതായി കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പില്‍ ഇടപാടുമായി ബന്ധപ്പെട്ട് 2014 മുതല്‍ 2021 വരെ തമിഴ്‌നാട് പോലീസ് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാം. കോര്‍പ്പറേഷനെതിരെ എങ്ങനെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും കേന്ദ്ര ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് നോട്ടീസ് അയച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

നിങ്ങളുടെ ഇഡി എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നെും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് അയച്ചു.

ജീവനക്കാരുടെ ഫോണുകളിലെ വിശദാംശങ്ങള്‍ ക്ലോണ്‍ ചെയ്ത് പിടിച്ചെടുത്തതായി ടാസ്മാക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി കോടതിയോട് പറഞ്ഞു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും രോഹ്തഗി കൂട്ടിച്ചേര്‍ത്തു. ഇഡി ശേഖരിച്ച ഡാറ്റകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന് കപില്‍ സിബലും മുകുള്‍ രോഹ്തഗിയും കോടതിയോട് ആവശ്യപ്പെട്ടു.

വൈന്‍ ഷോപ്പിന് ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ടാസ്മാകും കോടതിയെ സമീപിക്കുകയായിരുന്നു.

2025 ലാണ് ഇഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. 1000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിയെ അറിയിച്ചു.  supreme court criticize enforcement tasmac raid

Content Summary: supreme court criticize enforcement directorate tasmac raid

Leave a Reply

Your email address will not be published. Required fields are marked *

×