പഹൽഗാം ആക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം തികയുകയാണ്. ഒരുമാസം പിന്നിടുമ്പോഴും ആക്രമം നടത്തിയ ഭീകരർ കാണാമറയത്ത് തന്നെയാണ്. കഴിഞ്ഞ ഏപ്രിൽ 22നാണ് പഹൽഗാമിൽ 26പേരെ ഭീകരർ കൊല്ലപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 വിനോദസഞ്ചാരികളും ഒരു തദ്ദേശീയനുമാണ് ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത. ഭീകരാക്രമണത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം ഇല്ലാതാക്കി. നിരവധി പാക് വ്യോമപാതകൾ അടക്കം തകർത്ത് ഭീകരതയ്ക്ക് ശക്തമായ താക്കീതാണ് ഇന്ത്യ നൽകിയത്.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേരാണ് ഉൾപ്പെട്ടത്. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ നിഗമനം. ഭീകരരെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ ഇരുനൂറിലധികം പേരെയാണ് എൻ.ഐ.എ. ചോദ്യം ചെയ്തത്. ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ സാധിക്കാത്തതിന് എതിരെ വിമർശനങ്ങളുയരുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള സംഘർഷം ശക്തമായിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിലെ റസിഡന്റ് ഫ്രണ്ടെന്ന സംഘടനയുടേതിന് സമാനമായ ആക്രമണരീതിയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിലേതെന്ന് വിലയിരുത്തകളും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഇത് അന്വേഷണം ശരിയായ വഴിക്കില്ല നടക്കുന്നതെന്ന സൂചനയാണ് നൽകുന്നത്. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾക്ക് ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇതിനകം കാണാൻ സാധിക്കും. ഏപ്രിൽ 22ന് ആക്രമണം നടത്തിയെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ ചിത്രങ്ങളും കശ്മീരിലെ പല സ്ഥലങ്ങളിലും ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകളിൽ കാണാം. നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരർക്ക് ഞങ്ങളുടെ മണ്ണിൽ സ്ഥലം നൽകില്ലെന്ന് ഉറുദു ഭാഷയിൽ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത് കാണാം. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരുടെ രേഖാചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.
ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരെന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തുന്നത്. 25 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന പ്രത്യാക്രമണത്തിൽ ഭീകരരുടെ ഒമ്പതോളം ക്യാമ്പുകളും ഇന്ത്യൻ സൈന്യം തകർത്തിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഉള്ളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത് ഇതാദ്യമായാണ്. ഭീകരതയ്ക്ക് മറുപടിയായി 1960 മുതൽ പ്രാബല്യത്തിലുള്ള സിന്ധുനദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ ഇന്ത്യ എത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ, ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കുന്നതായി ഇന്ത്യ പ്രഖ്യാപിക്കുകയും പാകിസ്ഥാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷം, തൊട്ടടുത്ത നാല് ദിവസങ്ങളിലായി വെടിവയ്പ്പും ഡ്രോൺ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു, മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ കെട്ടടങ്ങിയത്.
content summary: One Month Since Pahalgam Terror Attack, Accused Still at Large