ഏതെങ്കിലും രാജ്യത്തിലോ പ്രദേശത്തിലോ ഉള്ള വ്യക്തികളുടെ ഒരു കൂട്ടം, ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ ക്വിയര്‍, അല്ലെങ്കില്‍ അസെക്ഷ്വല്‍ എന്നിങ്ങനെയുള്ളവരും, LGBTQA+ എന്ന ചുരുക്കപ്പേരില്‍ നേരിട്ട് പരാമര്‍ശിക്കുന്നതിനപ്പുറം വൈവിധ്യമാര്‍ന്ന ലൈംഗിക ആഭിമുഖ്യങ്ങളും ഐഡന്റിറ്റികളും ഉള്ളവരെയും സൂചിപ്പിക്കാനാണ് ഈ ചുരുക്കപ്പേരുപയോഗിക്കുന്നത്. LGBTQA+ തുല്യനീതി ലഭിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ അനുസ്മരിക്കുകയും വ്യക്തികളുടെ നേട്ടങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ജൂണ്‍ മാസം പ്രൈഡ് മാസം എന്നറിയപ്പെടുന്നു. 1969 ജൂണ്‍ 28 ന് ന്യൂയോര്‍ക്ക് നഗരത്തിലെ സ്റ്റോണ്‍വാള്‍ ഇന്നില്‍ LGBTQ സമൂഹത്തിന്റെ ഒരു ജനപ്രിയ ഒത്തുചേരല്‍ സ്ഥലമായിരുന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. കാല്‍നടയാത്രക്കാര്‍ നോക്കിനില്‍ക്കെ അവര്‍ ബാറിലെ ജീവനക്കാരെയും രക്ഷാധികാരികളെയും അറസ്റ്റ് ചെയ്തു. പ്രതികരണമായി അഞ്ച് ദിവസം നീണ്ടുനിന്ന കലാപങ്ങള്‍ തുടര്‍ന്നു. ഫിലാഡല്‍ഫിയയില്‍ നടന്ന ഹോമോഫൈല്‍ ഓര്‍ഗനൈസേഷനുകളുടെ കിഴക്കന്‍ മേഖലാ സമ്മേളനത്തില്‍, സ്വവര്‍ഗാനുരാഗികളുടെ അവകാശ പ്രവര്‍ത്തകര്‍ സ്റ്റോണ്‍വാള്‍ സംഭവങ്ങള്‍ക്ക് മറുപടിയായി ഒരു മാര്‍ച്ച് എന്ന ആശയം മുന്നോട്ടുവച്ചു.
‘ഗേ പ്രൈഡ്’ ആഘോഷിക്കുന്നതിനായി സ്റ്റോണ്‍വാള്‍ കലാപത്തിന്റെ ഒന്നാം വാര്‍ഷികമായ 1970 ജൂണ്‍ 28 ന് ഈ മാര്‍ച്ച് നടന്നു. ന്യൂയോര്‍ക്കിലെ പ്രൈഡ് മാര്‍ച്ച് രാജ്യമെമ്പാടും ഐക്യദാര്‍ഢ്യത്തോടെ പങ്കെടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചു. അതിനുശേഷം, ഗേ പ്രൈഡ് ആഘോഷങ്ങള്‍ ലോകമെമ്പാടും വ്യാപിച്ചു. (ബ്രിട്ടാനിക്ക പറയുന്നു)
2022ല്‍ പുറത്തിറങ്ങിയ കാതല്‍, the Core എന്ന സിനിമയെക്കുറിച്ച് ഈ പ്രൈഡ് മാസത്തില്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. പലപ്പോഴും പരിഹാസ കഥാപാത്രങ്ങളോ, നെഗറ്റീവ് ഷേഡിലോ വന്ന് പോകുന്ന കഥാപാത്രങ്ങളായിട്ടായിരുന്നു മലയാള സിനിമയില്‍ LGBTQA+ കമ്മ്യൂണിറ്റി അടയാളപ്പെടുത്തപ്പെട്ടിരുന്നത്. പക്ഷെ കാതലിലൂടെ ഒരു ഗേ കഥാപാത്രം മലയാളസിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. കാതലിലൂടെ മമ്മൂട്ടിയെന്ന നടനും, മമ്മൂട്ടിക്കമ്പനിയും, ജിയോബേബിയും, ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ഒക്കെച്ചേര്‍ന്നു സൃഷ്ടിക്കുന്നത് ചരിത്രമാണെന്ന് പറയാതെ വയ്യ. ഒട്ടും LGBTQA+ അനുകൂലമല്ലാത്ത സമൂഹത്തില്‍ മമ്മൂട്ടി എന്ന നിര്‍മാതാവ് കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.
കാതലില്‍, ദൈവമേ…
എന്ന് മാത്യൂസിന്റെ ഒരു വിങ്ങിപ്പോട്ടലുണ്ട്. എന്നാല്‍ തീയറ്ററിലിരുന്നു ദൈവത്തെ വിളിച്ചുപോയത് തങ്കന്‍ എന്ന കഥാപാത്രത്തെ ഓര്‍ത്താണ്, ഇരുപത് വര്‍ഷം നീറിയ ഓമനയെ ഓര്‍ത്താണ്.
മാത്യൂസ് ഹോമോസെക്ഷ്വല്‍ ആണെങ്കില്‍ നിങ്ങള്‍ക്കെങ്ങനെയാണ് ഒരു മകളുണ്ടായത് എന്ന് വക്കീലിലൂടെ ചോദിക്കുന്നത് സമൂഹം തന്നെയാണ്. ഞാന്‍ എന്റെ മകളെ ചോദിച്ചു വാങ്ങിയതാണ് എന്നാണ് ജ്യോതികയുടെ കഥാപാത്രം ഓമന പറയുന്നത്. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍, മാത്യൂസ് ഹോമോസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് അന്ന് പിരിയാന്‍ തീരുമാനം എടുത്തില്ല എന്ന എതിര്‍വക്കീലിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ചു പോകുന്നുണ്ട് ഓമന. മറുപടി പറയുന്നത് വക്കീലാണ്. ഒന്ന് ആലോചിച്ചു നോക്കൂ, ഇന്നും നമുക്ക് ചുറ്റുമുള്ള എത്ര പേര്‍ക്ക് അങ്ങനെ ഇറങ്ങി വരാനാകും. അറേഞ്ച്ഡ് മാര്യേജിലൂടെ ഉണ്ടാകുന്ന കുടുംബത്തില്‍ ഒരു പെണ്ണ് ആ എസ്റ്റാബ്ലിഷ്‌മെന്റ് പൊളിക്കാന്‍ ശ്രമിച്ചാല്‍ ഇന്ന് പോലും ചിലപ്പോള്‍ അതവള്‍ക്ക് മോര്‍ട്ടല്‍ കോമ്പാറ്റ് (ഇതിന്റെ മലയാളം അറിയില്ല, മരണക്കെണി എന്ന് പറയാമെന്നു തോന്നുന്നു.) ആയി മാറിയേക്കാം. ഇരുപത് വര്‍ഷം കൊണ്ട് ഓമന ആര്‍ജ്ജിച്ചെടുത്ത ഒന്നായാണ് അവരുടെ വക്കീല്‍ ആ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. എന്റെ സ്വന്തം അനുഭവം പറയാം, കസിന്‍ അങ്ങനൊരു തീരുമാനം എടുത്തു വീട്ടില്‍ വന്നു നിന്നപ്പോള്‍ സാധ്യമായ എല്ലാ ഇമോഷണല്‍ ബ്ലാക് മെയിലിങ്ങും ചെയ്ത് അവളെ തിരികെ അയച്ചു കുടുംബത്തിന്റെ മാനം രക്ഷിച്ച എന്റെ റിലേറ്റീവിന്റെ വീട്ടിലേക്ക് സിനിമയില്‍ പറയുന്ന തീക്കോയിയില്‍ നിന്ന് അധികം ദൂരമില്ല.
വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായപ്പോള്‍ പിന്നൊന്നും പറയാനില്ലാതായി എന്ന് പറയുന്നുണ്ട് മാത്യൂസ്. അതായത് പരസ്പരം സ്‌നേഹമുണ്ട്, പക്ഷെ ഗാഡമായ സൗഹൃദം പോലും ഇടയില്‍ ഇല്ലാത്ത, എന്നാല്‍ പരസ്പരം കരുതല്‍ സൂക്ഷിക്കുന്ന രണ്ടുപേര്‍, അതും വ്യത്യസ്ത സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഉള്ള രണ്ടു ആളുകള്‍, വിവാഹം കൊണ്ട് ലോക്കായി ഒരു റൂഫിനു താഴെ കഴിയുന്ന അവസ്ഥയൊന്നു ആലോചിച്ചു നോക്കിക്കേ. ആലോചിക്കുമ്പോള്‍ തന്നെ ശ്വാസംമുട്ടുന്ന പോലെ തോന്നുന്നില്ലേ. ഓമനയും മാത്യൂസും അങ്ങനെയൊരു ഫാമിലി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് എത്തിപ്പെട്ട് കഴിയുമ്പോള്‍ അതൊരു ചിലന്തിവലയില്‍ അകപ്പെട്ട അവസ്ഥയാണ്. തന്റെ ഫിസിക്കല്‍ നീഡ്സ് ഫുള്‍ഫില്‍ ചെയ്യപ്പെടാതെ ഇരുന്നിട്ടും ഓമന കുടുംബത്തില്‍ തുടരുന്നുണ്ട്, മാത്യൂസിനും തന്റെ പാര്‍ട്ണറായ തങ്കനെക്കുറിച്ച് പറയാനോ തന്റെ താല്പര്യങ്ങള്‍ വെളിപ്പെടുത്താനോ അനുവദിക്കാത്ത ഒന്ന് തന്നെയാണ് നമ്മുടെ സമൂഹം. എനിക്ക് എല്ലാം പേടിയായിരുന്നു എന്ന് മാത്യൂസ് പറയുന്നുണ്ട്. ഓമന ഡിവോഴ്‌സിനുള്ള ആദ്യ ചുവടുവയ്ക്കുന്നു, അപ്പോഴും കമിങ് ഔട്ടിനുള്ള ധൈര്യം മാത്യൂസിന് ഉണ്ടാവുന്നില്ല. ഈ സമൂഹം അത്രമേല്‍ തന്നെ അംഗീകരിക്കാത്തതാണെന്നുള്ള ബോധ്യം അയാള്‍ക്കുണ്ടാകണം. തന്റെ അപ്പന്‍ തന്നെ കോടതിയില്‍ ഓമനയ്ക്ക് അനുകൂലമായി മൊഴി കൊടുക്കുന്നതോടെ മാത്യൂസിന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുകയാണ്, അതൊരു കമിങ് ഔട്ട് ആണെന്ന് പറയാമോ? Rather, he is being stripped.
ഇവിടെ LGBTQA+ വിരുദ്ധമായ ഒരു സമൂഹത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെടുകയാണ്. പക്ഷെ ഇതിനും മുന്‍പ് ഇങ്ങനെ എടുത്തെറിയപ്പെട്ട ഒരാളായിരിക്കണം തങ്കന്‍. അയാള്‍ മാത്യൂസിന്റെ പ്രിവിലേജ് ഒന്നുമില്ലാത്ത മറ്റൊരു ക്ളാസില്‍ നിന്നുമാണ് എന്നതും ഓര്‍ക്കണം. അയാളനുഭവിക്കുന്ന ഒരു ഒറ്റപ്പെടലുണ്ടല്ലോ, അത് കണ്ടപ്പോള്‍, ദൈവമേ നീ അവനെ കൈവിട്ടതെന്തിന് എന്ന ചോദ്യമാണ് ഉള്ളില്‍ നിറഞ്ഞത്. വോട്ട് ചോദിച്ചു വരുന്ന മാത്യൂസിന്റെ കയ്യില്‍ നിന്ന് നോട്ടീസ് വാങ്ങി മഴ നനഞ്ഞു കാറിലേക്ക് കയറിയിട്ട് തങ്കന്റെ ഒരു നോട്ടമുണ്ട്, കണ്ടിരിക്കുന്ന നമ്മളുടെ ഉള്ള് പൊള്ളിപ്പിടഞ്ഞു പോകുന്നുണ്ട്, ആ നോട്ടത്തില്‍. അവര്‍ക്കിടയില്‍ മഴയല്ല, കടല്‍ തന്നെ വന്നു തടസ്സം നില്‍ക്കുന്നതായി തോന്നിപ്പോകുന്നു.
ഇരുപത് വര്‍ഷം ഇത്രയും കോണ്‍ഫ്‌ലിക്ടുകള്‍ അനുഭവിച്ചു ജീവിച്ച മാത്യുവിന്റെയും ഓമനയുടെയും പത്തൊന്‍പതുകാരിയായ മകള്‍ ഫെമി അപ്പനും അമ്മയ്ക്കും താങ്ങും മോറല്‍ സപ്പോര്‍ട്ടും ആയി മാറുന്നുണ്ട്. കള്ളം പറയാത്ത അപ്പയെ ആണ് എനിക്കിഷ്ടം എന്ന് പറയുന്ന, അമ്മയുടെ ഡിവോഴ്‌സ് തീരുമാനത്തിന് സപ്പോര്‍ട്ട് ആകുന്ന മകള്‍ മാറുന്ന കാലത്തിന്റ, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ പ്രതിനിധിയാണ്. അപ്പന്റെയും അമ്മയുടെയും മുറിവുകളില്‍ ഒരു ഹീലിംഗ് ടച്ച് ആകുന്ന മകള്‍/മകന്‍ ഏതൊരാളുടെയും സ്വപ്നമായിരിക്കും.
അങ്ങനെ റിവീല്‍ഡ് ആയ ഒരാളെ ഇടത് പ്രസ്ഥാനം ഇലക്ഷന് നിര്‍ത്തുന്നതും ഓമന അയാള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്നതും വരെ ഓക്കേയാണ്. പക്ഷെ ലിബറല്‍ പുരോഗമന നിലപാടുകള്‍ ഉള്ള വികാരി, (അങ്ങനെയുള്ളവര്‍ ഇല്ല എന്നല്ല, ഉണ്ടെന്നു വ്യക്തിപരമായി അറിയുകയും ചെയ്യാം. പക്ഷെ അവര്‍ക്ക് ആ നിലപാടുകള്‍ ഒരു പൊതുമണ്ഡലത്തില്‍ പറയാന്‍ സാധിക്കാറില്ല) അയാള്‍ക്ക് ചരിത്രവിജയം സമ്മാനിക്കുന്ന കേരളത്തിലെ ഒരു ഗ്രാമപ്രദേശം. അയാളെക്കാത്ത് വണ്ടിയിലിരിക്കുന്ന തങ്കനും അവര്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നതും ഒക്കെ വ്യക്തിപരമായി എന്റെയും, നമ്മളില്‍ പലരുടെയും ആഗ്രഹമാണ്, സ്വപ്നമാണ്.
പക്ഷെ ഈ രംഗം കാണുമ്പോഴും ഒരു ഞെട്ടലോടെ ഇതല്ലല്ലോ കേരളം എന്നോര്‍ത്ത്, എനിക്കാ സ്വപ്നം സത്യമാകുന്ന കാലം വരേണമേ എന്ന് പ്രാര്‍ത്ഥിക്കാനാണ് തോന്നിയത്. കാരണം കഥയുടെ ഒടുവില്‍ രാജകുമാരനും രാജകുമാരിയും ഒരുപാടു കാലം സുഖമായി ഒന്നിച്ചു ജീവിച്ചു എന്ന ക്ലൈമാക്‌സ് വിശ്വസിക്കണമെങ്കില്‍ തീക്കോയി ഉട്ടോപ്പിയയില്‍ ആയിരിക്കണം. അതല്ല വാസ്തവമെന്ന് കോട്ടയംകാരനായ എനിക്കറിയാം.
അപ്പോഴും അവസാന മിനിറ്റുകള്‍ മാത്രമുള്ള നാടകീയതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇരുപത് വര്‍ഷമായുള്ള സഫക്കേഷന്‍ ഓമനയില്‍ വരുത്തിയിരിക്കുന്ന വീര്‍പ്പുമുട്ടലും മരവിപ്പും നമുക്ക് ഫീല്‍ ചെയ്യുന്നുണ്ട്. തേര്‍ഡ് പേഴ്‌സണ്‍ നറേഷന്‍ ആണെങ്കിലും സിനിമ പോകുന്നതും ഓമനയുടെ ആങ്കിളില്‍ ആണെന്ന് തോന്നിപ്പോകുന്നു. എല്ലാവര്‍ക്കും കല്യാണം കഴിയുമ്പോ ഭര്‍ത്താവിനെ കിട്ടും, എനിക്ക് ഒരപ്പനെ കിട്ടി, എന്റെ അപ്പനക്കാളും എനിക്കിഷ്ടമാ ചാച്ചനെ എന്ന് മാത്യൂസിന്റെ അപ്പനോട് പറയുന്ന ഓമനയില്‍ അവരുടെ ജീവിതത്തിലെ സങ്കടം മുഴുവനായും ഉണ്ട്. അപ്പനെ കിട്ടാനല്ലല്ലോ നമ്മള് കല്യാണം കഴിക്കുന്നത്. പിന്നീട് അവര്‍ ചോദിക്കുന്നുണ്ട് ഇതൊക്കെ ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് ചെയ്യുന്നതെന്നു മാത്യു കരുതുന്നുണ്ടോ എന്ന്. രണ്ടുപേരും കൂടി അകപ്പെട്ടു പോയ ട്രാപ്പ് പൊളിക്കാന്‍ ഒരാള്‍ നടത്തുന്ന ശ്രമമാണ്, എല്ലാത്തിനെയും പേടിയുള്ള മാത്യുവിന് അതിനാവില്ല എന്ന് ഏറ്റവും നന്നായി അറിയുന്നതും അവര്‍ക്ക് തന്നെയാവണം. അപ്പോഴും മറക്കരുതാത്ത കാര്യം ഒന്നുമറിയാതെ ഇതിലേക്ക് വന്ന് പെട്ടുപോയ ഒരാളാണ് ഓമന, അപ്പന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെങ്കിലും തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മറച്ചു വെച്ച് വിവാഹിതനായ മാത്യുവിനോട് പോലും കരുതല്‍ സൂക്ഷിക്കുന്ന ഓമന സെമി സെക്ഷ്വല്‍ ആയ, സീരിയല്‍ മോണോഗമസ് ആയ ഒരാളാവണം. അല്ലെങ്കില്‍ അവര്‍ക്ക് മാത്യുവിന്റെ ബന്ധം വേര്‍പെടുത്തി മറ്റൊന്നിലേക്ക് പോകേണ്ടി വരുമായിരുന്നില്ല. അതൊരു സത്യസന്ധതയാണ്, നിലപാടും കൂടിയാണ്. ശക്തമായ ഒരു ഇടത് പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടായിട്ടും സ്വയം വെളിപ്പെടുത്താന്‍ മാത്യുവിനാവുന്നില്ല എന്നത് തന്നെ എത്രത്തോളം LGBTQA+ വിരുദ്ധമാണ് നമ്മുടെ സമൂഹം എന്നതിന് തെളിവാണ്. സിനിമ കഴിഞ്ഞു ഒരല്‍പ്പം സമയം ഞാന്‍ സീറ്റില്‍ തന്നെ ഇരുന്നു. എങ്കിലും തങ്കനും മാത്യുവും മാസ്‌കുകള്‍ അഴിച്ചുവെച്ച് സുഖമായി ജീവിതയാത്ര തുടരുന്നതും, ഓമന തന്റെ പങ്കാളിയെ കണ്ടെത്തി മുന്നോട്ട് പോകുന്നതും ഞാന്‍ സ്വപ്നം കാണുകയായിരുന്നു.
പിന്നിലത്തെ സീറ്റില്‍ ഇരുന്നയാളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
”ഇങ്ങനെയൊരു കളിപ്പ് എന്റെ ജീവിതത്തില്‍ ഇനി പറ്റാനില്ല, എന്നാ തോന്നിയവാസമാ ഇയാള് ചെയ്ത് വെച്ചേക്കുന്നേ, ഇത് കാണാനാണോ നമ്മളീ കൊച്ചിനേം കൊണ്ട് വന്നത്.” കണ്ടിട്ട് ഏതാണ്ട് ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു കൊച്ചുമായിട്ട് വന്ന ചേട്ടായി ചേച്ചിയോട് തട്ടിക്കയറുന്നതാണ്. (ലിറ്ററലി നടന്ന സംഭാഷണം ആണ് കേട്ടോ. നമ്മുടെ സമൂഹം എത്രകണ്ട് LGBTQA+ വിരുദ്ധമാണ് എന്നതിന് തിയേറ്ററില്‍ നിന്നു തന്നെ കിട്ടിയ സത്യവാങ് മൂലവുമായി ഞാന്‍ പുറത്തേക്കിറങ്ങി. നമ്മളൊക്കെ എത്ര മുന്നോട്ട് പോയാലാണ് മാത്യൂസും തങ്കനും സുഖമായി ജീവിക്കുക? അതെന്നാണ് സാധ്യമാവുക? അറിയില്ല… June is celebrated as LGBTQA+ history month
Content Summary: June is celebrated as LGBTQA+ history month