June 04, 2026 |

ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായോ ഇന്ത്യ? ഐഎംഎഫ് പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്ന നാല് വാദങ്ങള്‍

ഇന്ത്യയുടെ ജിഡിപി ജപ്പാന്റെ ജിഡിപിയെ മറികടന്നതായാണ് വിലയിരുത്തൽ

ഐഎംഎഫ് കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തിലെ നാലാമത്ത ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറിയതായി നീതി ആയോ​ഗിന്റെ സിഇഒ ബിവിആ‍ർ സുബ്രഹ്മണ്യം ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ ആ​ഗോള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി 4,187.017 ബില്യൺ ഡോളറായി ഉയർന്ന് ജപ്പാന്റെ ജിഡിപിയെ മറികടന്നതായാണ് വിലയിരുത്തൽ.

ഐഎംഎഫ് ഒരു ഡാറ്റാ ശേഖരണ ഏജൻസിയല്ല. സർക്കാരിന്റെ കണക്കുകൾ വിലയിരുത്തിയതാണ് പലപ്പോഴും വിവരശേഖരണം നടത്തുന്നത്. ഈ കണക്കുകളിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ വന്നാൽ അത് സ്വാഭാവികമായും ഐഎംഎഫിന്റെ കണക്കുകളിലും പ്രതിഫലിച്ചേക്കാം. ഇന്ത്യൻ ജിഡിപി ഡാറ്റയിൽ വലിയ രീതിയിലുള്ള പിശകുകൾ ഉള്ളതിനാൽ ഈ പ്രൊജക്ഷൻ വിശ്വസനീമാണോ എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇന്ത്യയുടെ ജിഡിപി ഡാറ്റയിലെ പിശകുകളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിമ‍ർശനങ്ങളെ ഒഴിവാക്കാനും ഐഎംഎഫിന്റെ അവകാശവാദം ശരിയാണെന്ന് കാണിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.

2024 നവംബറിൽ യുഎസ് പ്രസിഡന്റായി രണ്ടാമത് ഡൊണാൾഡ് ട്രംപ് അധികാരമേറ്റത് മുതൽ ആ​ഗോള സമ്പദ് വ്യവസ്ഥ അനിശ്ചിത്വത്തിലാണ്. അധികാരമേറ്റത് മുതൽ മറ്റ് രാജ്യങ്ങൾക്ക് മേൽ കനത്ത തീരുവ ചുമത്തിയ ട്രംപിന്റെ നടപടി പ്രതിസന്ധി രൂക്ഷമാക്കി. ഉത്പന്നങ്ങളുടെ വിതരണത്തിലും കയറ്റുമതിയിലുമുണ്ടായ തടസം പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമായി തീർന്നിരുന്നു. ഓഹരിവിപണിയിലുണ്ടായ ഇടിവ് കറൻസികൾ, സ്വർണ്ണവില, പലിശനിരക്ക്, നിക്ഷേപങ്ങൾ എന്നിവയെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ എത്രത്തോളം ബാധിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വളർച്ചാ നിരക്ക് വെറും ഊഹം മാത്രമായിരിക്കാം. 0.014 ശതമാനമെന്ന ജിഡിപി നിരക്കിൽ എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിച്ചേക്കാം. മുൻ വർഷത്തിലെ ഐഎംഎഫ് പ്രവചനങ്ങൾ തെറ്റാണെന്ന് ഇതികനം തെളിഞ്ഞിട്ടുണ്ട്. 2008ൽ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട വർഷമായിരുന്നു എന്നാൽ ഇന്ത്യയുടെ ജിഡിപിയിൽ വളർച്ചയുണ്ടെന്ന വാ​ദത്തിൽ തന്നെ ഐഎംഎഫ് ഉറച്ചുനിന്നു. അപ്പോഴേക്കും ലോകസമ്പദ് വ്യവസ്ഥ തന്നെ മാന്ദ്യത്തിലേക്ക് കൂപ്പു കുത്തിയിരുന്നു. ട്രംപിന്റെ തീരുവനയം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കില്ല അതുകൊണ്ട് തന്നെ ഐഎംഎഫിന്റെ പ്രവചനങ്ങളെ പൂ‍ർണ്ണമായി വിശ്വസിക്കുന്നത് മണ്ടത്തരമാണ്.

ഓരോ നിശ്ചിത വ‌‍‍ർഷത്തെ ജിഡിപി കണക്കാക്കുന്നത് നിരവധി വിവരങ്ങൾ വിലയിരുത്തിയാണ്. വർഷത്തിന്റെ അവസാനമാവും കൃത്യമായ വിവരങ്ങൾ ലഭ്യമാവുക. രണ്ട് ഘട്ടങ്ങളിലായി എസ്റ്റിമേറ്റുകൾ കണക്കാക്കുന്ന സംവിധാനമുണ്ട്. ഇതിന് നിശ്ചിത സമയപരിധിയും കാലത്താമസവും ഉണ്ടാവുന്നത് കൊണ്ട് തന്നെ രണ്ട് വർഷങ്ങൾക്ക് ശേഷമാവും കൃത്യമായ ജിഡിപി പുറത്തുവിടുക. അതുകൊണ്ട് തന്നെ 2025ൽ ജപ്പാന്റെ ജിഡിപിയെ ഇന്ത്യ മറികടന്നോയെന്ന് 2027ൽ മാത്രമേ വ്യക്തമാവൂ. 2016ലെ നോട്ട് നിരോധനം, 2020ലെ ലോക്ഡൗൺ എന്നിവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു. എന്നിട്ടും ഈ വർഷങ്ങളിൽ ജിഡിപിയിൽ എട്ട് ശതമാനം വള‍ർച്ചയിലുണ്ടായതായാണ് ഔ​ദ്യോ​ഗിക വിലയിരുത്തൽ. ജിഡിപിയുടെ ആഘാതങ്ങൾ അളക്കുന്ന രീതിശാസ്ത്രത്തിൽ പിശകുകളുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ചുരുക്കത്തിൽ, ഇന്ത്യയുടെ ജിഡിപി വേഗത്തിൽ വളരുകയാണെന്നും 2025 ൽ ജപ്പാന്റെ ജിഡിപി മറികടക്കുമെന്നും ഉള്ള അവകാശവാദം പുനർമൂല്യനിർണയം ചെയ്യേണ്ടതുണ്ട്.

content summary: Is India Truly the World’s Fourth-Largest Economy? Five Reasons to Question the Claim

Leave a Reply

Your email address will not be published. Required fields are marked *

×