June 26, 2026 |
Share on

അദാനിക്ക് എൽഐസി വക 5000 കോടിയുടെ ‘സുരക്ഷാ പോളിസി’; കുത്തക മുതലാളിമാരുടെ കടം തീർക്കാൻ പൊതുജനത്തിൻ്റെ പണമോ?

അദാനി കമ്പനികളിലെ തങ്ങളുടെ നിക്ഷേപം ഒരു വർഷത്തിനുള്ളിൽ ഏകദേശം 59 ശതമാനം വർദ്ധിച്ച് 38,471 കോടിയിൽ നിന്ന് 61,210 കോടിയായി ഉയരുമെന്നാണ് എൽഐസി അവകാശപ്പെടുന്നത്

അദാനി പോർട്ടിന്റെ 5000 കോടിയുടെ ബോണ്ട് പൊതുമേഖല സ്ഥാപനമായ എൽഐസി(ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) വാങ്ങിയതിൽ വിമർശനങ്ങൾ ശക്തമാകുന്നു. എൽഐസിയുടെ ഈ നീക്കം സംസ്ഥാന നയം, പൊതുമേഖല നിക്ഷേപങ്ങൾ, കോർപ്പറേറ്റ് വായ്പകൾ തുടങ്ങിയ കാര്യങ്ങളിലെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്.

രൂപയിലുള്ള അദാനി ​ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ ബോണ്ടിറക്കലാണിത്. ഏറ്റവും കൂടുതൽ കാലാവധിയുള്ള ബോണ്ടും നിലവിലത്തേതാണ്. എൽഐസിയുമായി നേരത്തെ തന്നെ ധാരണയിലെത്തിയതിന് ശേഷമാണ് ബോണ്ടിറക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമീപകാലത്തെ അദാനി നിക്ഷേപകരിൽ ഏകയാളാണ് എൽഐസി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റ് സ്ഥാപന നിക്ഷേപകരൊന്നും തന്നെ അദാനി ​ഗ്രൂപ്പിൽ നിക്ഷേപിക്കാൻ തയ്യാറാകാതിരിക്കുമ്പോഴാണ് എൽഐസിയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. വലിയ ലാഭം മുന്നിൽ കണ്ടിട്ടുള്ളതാണ് എൽഐസിയുടെ നീക്കമെന്ന് ഒരു വശത്ത് വാദിക്കുമ്പോൾ, സർക്കാർ സമ്മർദ്ദത്തെ തുടർന്നാണ് 5000 കോടിയുടെ ബോണ്ട് വാങ്ങിയതെന്ന ആശങ്ക മറുവശത്ത് ഉയരുന്നു.

വൻ കടബാധ്യതയിൽ മുങ്ങിയിരിക്കുന്ന അദാനി ഗ്രൂപ്പ്, ആഗോളതലത്തിൽ തന്നെ വിമർശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇങ്ങനെയൊരു പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴാണ് സ്വകാര്യകുത്തകയായ അദാനി കമ്പനിയിൽ എൽഐസി നിക്ഷേപം നടത്തിയിരിക്കുന്നു. എൽഐസിയുടെ നടപടി ഒരു മികച്ച നിക്ഷേപത്തേക്കാൾ ഒരു രക്ഷാപ്രവർത്തനം പോലെയാണെന്നാണ് വിമർശനം. എന്നാൽ നിലവിൽ ഉയരുന്ന ഏറ്റവും വലിയ വിമർശം, പോളിസി ഉടമകളുടെ പണം ഉപയോഗിച്ചാണ് ഇടപാടിന് ധനസഹായം നൽകിയിരിക്കുന്നത് എന്നതാണ്.

സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും രാഷ്ട്രീയ നിരീക്ഷകരും ഉൾപ്പെടെയുള്ളവർ എൽഐസിയുടെ തീരുമാനത്തെ അപലപിച്ച് രം​ഗത്തെത്തിയിരുന്നു. സർക്കാരുമായി അടുത്ത ബന്ധമുള്ള ശക്തമായ ബിസിനസ്സ് ഗ്രൂപ്പുകളെ പിന്തുണയ്ക്കാൻ പൊതു സ്ഥാപനങ്ങൾ ഉപയോഗിക്കപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് പല കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയരുകയാണ്.

വലിയ രീതിയിലുള്ള സാമ്പത്തിക അപകടസാധ്യത മുന്നിൽ നിൽക്കുമ്പോഴാണ് എൽഐസി അദാനിക്ക് സഹായഹസ്തം നീട്ടിയിരിക്കുന്നത്. അദാനി വീഴ്ച വരുത്തിയാൽ അതിന്റെ വില നൽകേണ്ടിവരുന്നത് എൽഐസി പോളിസി ഉടമകളാണ് എന്ന കാര്യത്തിൽ സംശയമില്ല.
ബോണ്ടിന് 15 വർഷത്തേക്ക് 7.75 ശതമാനം വാർഷിക പലിശയാണ് ലഭിക്കുക. ഒരു സാധാരണ സ്ഥിര നിക്ഷേപത്തേക്കാൾ അല്പം മാത്രമാണ് ഇതിൽ വർദ്ധനവുള്ളത്. എൽഐസിയുടെ ബുദ്ധിപരമായ നിക്ഷേപമായിട്ട് ഇതിനെ ചൂണ്ടിക്കാണിക്കാൻ രാഷ്ട്രീയ അനുഭാവികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതൊരു മുന്നറിയിപ്പ് സൂചനയായാണ് വിദ​ഗ്ധർ പറയുന്നത്.

നടപടിയെ ന്യായീകരിച്ചുകൊണ്ട് എൽഐസിയും ​രം​ഗത്തുവന്നിരുന്നു. അദാനി കമ്പനികളിലെ തങ്ങളുടെ നിക്ഷേപം ഒരു വർഷത്തിനുള്ളിൽ ഏകദേശം 59 ശതമാനം വർദ്ധിച്ച് 38,471 കോടിയിൽ നിന്ന് 61,210 കോടിയായി ഉയരുമെന്നാണ് എൽഐസി അവകാശപ്പെടുന്നത്.
എന്നാൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളൊന്നും പങ്കെടുക്കാൻ ആഗ്രഹിക്കാത്തതിനാൽ, അപകടസാധ്യതകൾ വരുമാനത്തേക്കാൾ വളരെ കൂടുതലാണെന്ന് വിമർശകർ പറയുന്നു.

ബിസിനസ് സാമ്രാജ്യങ്ങളെ പിന്തുണയ്ക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതെന്തിനാണ്. പൊതു ബാങ്കുകൾ ഇതിനകം തന്നെ ഗ്രൂപ്പിന് 94,400 കോടി വായ്പ നൽകിയതുപോലെ എൽഐസി അദാനിയെ പിന്തുണയ്ക്കാൻ നിർബന്ധിതരാകുന്നു എന്ന് ഒരു രാഷ്ട്രീയ വിശകലന വിദഗ്ധൻ പറഞ്ഞു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് അമേരിക്കയിൽ അന്വേഷണം നേരിടുന്നുണ്ട്. വലിയ രീതിയിൽ അദാനി ​ഗ്രൂപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായ കേസ് നിലവിൽ നിശ്ചലമായ അവസ്ഥയിലാണെന്നത് മറ്റൊരു യാഥാർത്ഥ്യം. എന്നിട്ടും ഇന്ത്യൻ പൊതു സ്ഥാപനങ്ങൾ അതിൽ നിക്ഷേപം നടത്തുന്നത് തുടരുന്നു.

ഒരു ബോണ്ടിനെക്കുറിച്ചുള്ള ഭയത്തിനപ്പുറം അദാനി നയിക്കുന്ന സാമ്രാജ്യം തകർന്നാലുണ്ടാകുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെയാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ പൊതുജനത്തിന്റെ പണം കൂടി ഉൾപ്പെടുന്നു എന്ന ഘടകം സമൂഹത്തിൽ വലിയ രീതിയിൽ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

Content Summary: LIC invests 5000 crores in Adani ports

Leave a Reply

Your email address will not be published. Required fields are marked *

×