UPDATES

ആരുമറിയാതെ മടങ്ങി പുന്നപ്ര-വയലാര്‍ സമര സാക്ഷി

അന്തരിച്ച കെ പി പ്രകാശത്തെ അനുസ്മരിച്ച് സുധീര്‍നാഥ് എഴുതുന്നു

                       

പുന്നപ്ര-വയലാര്‍ സമരങ്ങളുടെ കഥ പറഞ്ഞു തന്ന കെ പി പ്രകാശം വിടവാങ്ങി. തന്റെ മരണം കേരളത്തില്‍ തന്നെ വേണമെന്ന് ശഠിച്ച അദ്ദേഹം അവശതകള്‍ തുടങ്ങിയപ്പോഴേ കേരളത്തിലെത്തി. എറണാകുളത്ത് കോലഞ്ചേരിക്ക് സമീപമുള്ള ഒരു വ്യദ്ധ സദനത്തില്‍ വെച്ച് ആരോരുമറിയാതെ മേയ് മൂന്നിന് വിടവാങ്ങി. punnapra-vayalar revolt

1946 ഒക്ടോബര്‍ 24(കൊല്ലവര്‍ഷം 1122 തുലാം 7) അന്നായിരുന്നു ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ തിരുന്നാള്‍. ആലപ്പുഴയില്‍ തൊഴിലാളി വര്‍ഗ്ഗം പണിമുടക്ക് സമരം ശക്തമാക്കിയതും അപ്പോഴാണ്. അതിന്റെ പരിസമാപ്തിയിലാണ് പുന്നപ്ര വയലാര്‍ പോലീസ് ആക്രമണം. പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമണത്തിന് സാക്ഷിയായ കെ പി പ്രകാശം പഴയ സംഭവങ്ങള്‍ ഓര്‍ത്ത് ഒരിക്കല്‍ പറഞ്ഞത് ഇവിടെ പങ്കുവയ്ക്കുന്നു;

കുട്ടികളൊന്നും വരണ്ട…

അതൊരു ആജ്ഞയായിരുന്നു. ഒരു സായുധ സമരത്തിനാണ് നമ്മള്‍ പോകുന്നത് എന്ന് മുതിര്‍ന്ന സഖാവ് ഓര്‍മ്മപ്പെടുത്തി. പരിശീലനം കിട്ടിയ സഖാക്കള്‍ മാത്രം പോയാല്‍ മതി.

പുന്നപ്രയിലെ അപ്ലോണ്‍ അരോജ് വീട് തൊഴിലാളി പ്രക്ഷോഭം ഭയന്ന് ജന്മി കാലിയാക്കിയപ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സിപി അവിടെ പോലീസ് ക്യാമ്പാക്കി. അവിടേയ്ക്ക് ചെങ്കൊടി വാരിക്കുന്തത്തില്‍ കെട്ടി പരിശീലനം ലഭിച്ച നൂറ് കണക്കിന് തൊഴിലാളി സഖാക്കള്‍ മുദ്രാവാക്യങ്ങളുമായി നീങ്ങുന്നതിന് സാക്ഷിയാണ് കെ പി പ്രകാശം. ഇത്തരം ജാഥകള്‍ പല ഭാഗത്ത് നിന്ന് വന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും, ചെത്തുതൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ എന്ന പ്രശസ്ത സമരമായി മാറിയത്.

punnapra-vayalar uprising, kp prakasam
കെ പി പ്രകാശം

സമര സഖാക്കള്‍ വാരിക്കുന്തത്തില്‍ ചെങ്കൊടി കെട്ടി മുദ്രാവാക്യം മുഴക്കി പോലീസ് ക്യാമ്പ് ലക്ഷ്യം വെച്ച് നീങ്ങി. കുട്ടികളെന്ന് മുദ്ര ചെയ്യപ്പെട്ട പതിനാറുകാരായ കെ പി പ്രകാശവും, ആന്റണിയും, കപ്പ്യാരുടെ മകന്‍ ജോസഫും സാമാന്തരമായി പാടത്തിന്റെ വാരത്തിലെ വേലി ചേര്‍ന്ന് നീങ്ങി. പോലീസ് ക്യാമ്പിലെത്തി. മുദ്രാവാക്യം മുഴക്കുന്നതിനിടയില്‍ സന്ധി സംഭാഷണം ഉണ്ടായി. ദിവാന്‍ ഭരണം അവസാനിപ്പിക്കുക, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍… തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. പോലീസുകാരോട് തോക്ക് താഴെ വെച്ച് കീഴടങ്ങാനായിരുന്നു സമരക്കാരുടെ ആവശ്യം. സമരക്കാരെ തുരത്താന്‍ രണ്ടും കല്‍പ്പിച്ച് ദിവാന്‍ സര്‍ സിപിയുടെ ഉത്തരവുമായി വന്ന പോലീസ് അത് ചെവികൊണ്ടില്ല. തൊഴിലാളികളോട് പിരിഞ്ഞ് പോകാന്‍ അവര്‍ പറഞ്ഞു.

തെങ്ങുകയറ്റ തൊഴിലാളിയായ ദാമോദരന്‍ എന്ന സഖാവ് തന്റെ പണിയായുധമായ വാക്കത്തി ഉയര്‍ത്തി പോലീസുകാര്‍ക്ക് നേരെ അലറി നീങ്ങുന്നത് കണ്ടു. തുടര്‍ന്ന് വെടിവെപ്പ് നടന്നു. വെടിയുണ്ടകള്‍ നാല് ഭാഗത്തും ചീറിപ്പാഞ്ഞു. വാരിക്കുന്തങ്ങള്‍ പോലീസിന് നേരെ പാഞ്ഞു. നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് വെടിയേറ്റു. സഖാക്കള്‍ ചിതറി ഓടി. വെടിവെയ്പ്പ് തുടങ്ങിയതും, സൈനിക പരിശീലനം കിട്ടിയ സഖാക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് ഇഴഞ്ഞ് മുന്നോട്ട് നീങ്ങുന്നത് പ്രകാശന്‍ ഇന്നലെ എന്നോണം തൊണ്ണൂറ് വയസിനോടടുക്കുമ്പോഴും ഡല്‍ഹിയിലെ ഫ്‌ളാറ്റിലിരുന്ന് ഓര്‍ത്തു. അദ്ദേഹം തന്റെ സമര നാളുകളിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. അന്ന് പോലീസിന് നേരെ വാക്കത്തി വീശിയ ദാമോദരനെ തൂക്കിലേറ്റാന്‍ വിധിച്ചത് പ്രകാശന് ഓര്‍മയുണ്ട്. പക്ഷെ കൊലമരത്തില്‍ നിന്ന് മോചിതനായ ദാമോദരന്‍ സ്വതന്ത്രനായി പുന്നപ്രയിലെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൊലമരം ദാമോദരന്‍ എന്ന് വിളിച്ചിരുന്നതും പ്രകാശം ഓര്‍ക്കുന്നു. മറക്കുവാന്‍ പറ്റാത്ത രംഗങ്ങളായിരുന്നല്ലോ അന്ന് പതിനാറുകാരനായിരുന്ന പ്രകാശത്തിന്റെ മനസില്‍ പതിഞ്ഞിരുന്നത്.

തുരുതുരായുള്ള വെടിവെപ്പില്‍ നൂറ് കണക്കിന് സമരസഖാക്കള്‍ വെടിയേറ്റ് വീണു. സഖാക്കള്‍ക്ക് പലര്‍ക്കും നടക്കുവാന്‍ പോലും വയ്യാത്തവരായി. ചിലര്‍ ഇഴഞ്ഞ് പോലീസ് ക്യാമ്പില്‍ നിന്ന് ദൂരെ എത്തി. അങ്ങനെയുള്ളവരെ ആദ്യം പ്രകാശവും സുഹ്യത്തുക്കളുമാണ് തൊട്ടടുത്ത ഷന്‍മുഖ വിലാസം അരയജന സംഘത്തിന്റെ ഭജനമഠത്തിന്റെ വരാന്തയില്‍ എത്തിച്ചത്. അവരില്‍ ചായക്കടക്കാരന്‍ രാമന്‍ കുട്ടിയേയും, മീശ ദേവസ്സിയേയും പ്രകാശം തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ ഒട്ടേറെ പരിക്കു പറ്റിയ സഖാക്കളെ അവിടെ കൊണ്ടു വന്നു. തോടുകളിലൂടെ വഞ്ചി കൊണ്ടു വന്ന് പരിക്കേറ്റവരെ ചികിത്സിക്കാന്‍ കൊണ്ട് പോയത് പ്രകാശം ഓര്‍ക്കുന്നു. വാരിക്കുന്തങ്ങള്‍ സ്ട്രച്ചറാക്കി മാറ്റിയായിരുന്നു നടക്കാന്‍ പറ്റാത്തവരെ കൊണ്ടു പോയത്.

punnapra-vayalar revolt
പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി സ്മാരകം

വെടിവെയ്പ്പില്‍ പരിക്ക് പറ്റി ബോധം നഷ്ടപെടുകയോ, അനങ്ങാന്‍ പറ്റാതെ കിടക്കുകയോ ചെയ്ത സമര സഖാക്കള്‍ പോലീസ് ക്യാമ്പിന് ചുറ്റും കിടന്നു. വെടിവെയ്പ്പില്‍ അധികം പേര്‍ മരിച്ചിട്ടുണ്ടാകില്ല എന്ന് പ്രകാശം തറപ്പിച്ച് പറയുന്നു. രാത്രിയില്‍ സര്‍ സിപിയുടെ നിര്‍ദേശ പ്രകാരം എത്തിയ ഒരു ബറ്റാലിയന്‍ പോലീസ് പെട്രോമാക്‌സിന്റെ വെട്ടത്തില്‍ മൃതപ്രായരായി കിടക്കുന്ന സമരസഖാക്കളെ കണ്ടെത്തി തോക്കിന്‍ പാത്തികൊണ്ട് അടിച്ച് കൊന്നു. അതിക്രൂരമായാണ് പോലീസുകാര്‍ രാത്രിയില്‍ ഇത് ചെയ്തത്. മരണസംഖ്യ കൂടുവാന്‍ അതായിരുന്നു കാരണം. മരിച്ചവരില്‍ പിതാവിന്റെ ജേഷ്ഠന്റെ മകന്‍ കെ. കെ. കരുണാകരനും ഉണ്ടായിരുന്നു.

രണ്ട് നാള്‍ കഴിഞ്ഞ് തുലാം 9 ന് ചേര്‍ത്തല താലൂക്കിലെ വയലാര്‍ എന്ന ദ്വീപിന് സമാനമായ ഗ്രാമപ്രദേശത്തെ തൊഴിലാളി ക്യാമ്പ് വളഞ്ഞ് പോലീസ് ആക്രമിച്ചു. ആദ്യം രാത്രിയിലാണ് പോലീസുകാര്‍ ബോട്ടില്‍ വന്നത്. തൊഴിലാളികള്‍ കല്ലെറിഞ്ഞ് ബോട്ടിലെത്തിയ പോലീസിനെ തുരത്തി. പക്ഷെ പിറ്റേന്ന് പകല്‍ സമയം പോലീസ് വയലാര്‍ ഗ്രാമം വളഞ്ഞ് തുരുതുരാ വെടിവെയ്പ്പ് നടത്തി. പഞ്ചാബിലെ ജാലിയന്‍ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് പോലീസ് എടുത്തത്. സമരസഖാക്കള്‍ പുന്നപ്രയിലെ പോലെ രക്തസാക്ഷികളായി. സഖാക്കളുടെ മ്യതശരീരം ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൊണ്ടു വന്നു. പുന്നപ്രയിലെ മരണമടഞ്ഞവരുടേയും മ്യതശരീരങ്ങള്‍ അവിടെ കൂട്ടി ഇട്ടിരുന്നു. എല്ലാം ഒരുമിച്ച് കൂമ്പാരമാക്കി പെട്രോള്‍ ഒഴിച്ച് ദഹിപ്പിക്കുകയായിരുന്നു. ഇടിവെട്ടുന്ന ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. അതില്‍ പ്രകാശത്തിന്റെ ശബ്ദവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജീവനുള്ളിടത്തോളം കാലം മറക്കുവാന്‍ കഴിയാത്ത രംഗമായി അത് പ്രകാശത്തിന്റെ ഉള്ളില്‍ ഇപ്പോഴും തെളിമയോടെ നില്‍ക്കുന്നു.

പിന്നീടുള്ള ദിവസങ്ങളാണ് അതിഭീകരമായത്. സമരത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ കയറി ഇറങ്ങി പോലീസും, ജന്മികളുടെ ഗുണ്ടകളും തല്ലി തകര്‍ത്തു. ആലപ്പുഴ, വാടക്കലെ പ്രകാശത്തിന്റെ വീടും പോലീസ് തകര്‍ത്തു. അമ്മയേയും മറ്റ് കുടുംബാഗങ്ങളേയും ബന്ധുവീട്ടിലേയ്ക്ക് മുന്‍പേ മാറ്റിയിരുന്നു. സമരത്തില്‍ പങ്കാളികളായ സമര സഖാക്കള്‍ സുരക്ഷയുടെ ഭാഗമായി ഒരുമിച്ച് ഒരു ക്യാമ്പില്‍ കഴിഞ്ഞു. അതു കൊണ്ട് തന്നെ കാലിയായ വീടുകളാണ് അന്ന് അവിടുണ്ടായത്. സ്വന്തം വീട് തകര്‍ക്കുന്ന വിവരമറിഞ്ഞ് ഓടിയെത്തിയ പ്രകാശത്തെ അയല്‍വീട്ടിലെ സ്ത്രീ തടഞ്ഞു. അന്ന് പുതുക്കി പണിത് കൊണ്ടിരിക്കുകയായിരുന്ന വാടക്കല്‍ സെന്റ് മേരീസ് പള്ളിക്ക് ചുറ്റും മുളകള്‍ കൊണ്ട് പണിക്കാര്‍ക്ക് കയറുവാന്‍ പടവുകള്‍ ഉണ്ടാക്കിയിരുന്നു. പ്രകാശം പടവുകള്‍ കയറി സെന്റ് മേരീസ് പള്ളിയുടെ മുകളിലിരുന്ന് സ്വന്തം വീട് തകര്‍ക്കുന്നത് കണ്ടു.

എന്തിനായിരുന്നു പുന്നപ്ര വയലാര്‍ സമരമെന്ന് അതിന് സാക്ഷിയായ എന്നോട് പലതവണ പലരും ചോദിച്ചിട്ടുണ്ടെന്ന് പ്രകാശം പറയുന്നു. ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ മര്‍ദന വാഴ്ച്ചയില്‍ പൊറുതി മുട്ടിയായിരുന്നു ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ സമരം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, മുതലാളിമാരുടെ തൊഴിലാളി വര്‍ഗത്തോടുള്ള നിലപാടുകളും ജനങ്ങളെ അസ്വസ്ഥരാക്കി. ആലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ സ്ഥിതി രൂക്ഷമായിരുന്നു. അവിടുത്തെ ജന്മിമാരും, നാട്ടുപ്രമാണിമാരും കൂലി കൂടുതല്‍ ചോദിച്ച തൊഴിലാളികളെ ഗുണ്ടകളെ കൊണ്ട് ആക്രമിക്കുകയും, വീട് നശിപ്പിക്കുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, കുടിയൊഴിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. അസ്വസ്ഥരായ തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച് സമരം നയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വന്നു. എല്ലാ മേഖലകളിലുള്ള തൊഴിലാളികളേയും സംഘം ചേര്‍ത്ത് വ്യത്യസ്ത തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കി. തൊഴിലാളികള്‍ സംഘം ചേര്‍ന്ന് അവകാശം ചോദിക്കാനും, വാങ്ങാനും തുടങ്ങി. മുതലാളിമാരെയും മറ്റ് നാട്ടുപ്രമാണിമാരേയും ഇത് ചൊടിപ്പിച്ചു. യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, ഭക്ഷ്യ ക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മില്‍ മുമ്പേ നിലനിന്നിരുന്ന സംഘര്‍ഷത്തെ രൂക്ഷമാക്കുകയുണ്ടായി.

punnapra-vayalar revolt, kp prakasam
കെ പി പ്രകാശം

ലോകമഹായുദ്ധം കഴിഞ്ഞതോടെ ബ്രിട്ടീഷ് ഭരണം ഏറെ നാള്‍ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കില്ലെന്ന സ്ഥിതി വന്നിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുവാനുള്ള സാഹചര്യം വ്യാപകമായി ഉണ്ടായത് ജനങ്ങള്‍ക്കും സ്വാതന്ത്രത്തിനായി പോരാടിയ സംഘടനകള്‍ക്കും ഊര്‍ജം പകര്‍ന്നു. ദിവാന്‍ ഭരണം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിലൂടെ ജനകീയ സര്‍ക്കാര്‍ അഥവ ജനപ്രതിനിധിസഭ ഉണ്ടാകണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും, സോഷ്യലിസ്റ്റുകാരും, സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഇടതുപക്ഷവും ഒന്നായി ആവശ്യം ഉന്നയിച്ചു. അതിനായി വ്യാപകമായി പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു.

തൊഴിലാളി യൂണിയനുകളുടെ വളര്‍ച്ചയും, ശക്തിയും വ്യവസായികളിലും, ഭൂപ്രഭുക്കന്മാരിലും നേരിയതല്ലാത്ത ഭയം സൃഷ്ടിച്ചു. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തൊഴിലാളി കൂട്ടായ്മ തകര്‍ക്കാന്‍ നോക്കി. യൂണിയന്‍ ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചു. യൂണിയനില്‍ ചേര്‍ന്നതിന് തൊഴിലാളികളെ കുടിയൊഴിപ്പിച്ചു. ആത്മരക്ഷാര്‍ത്ഥം ജനങ്ങളും, തൊഴിലാളികളും സുരക്ഷിതമായ ഒരു ഇടം തേടി. ജനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കുമായി യൂണിയനുകള്‍ ക്യാമ്പുകള്‍ ഒരുക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യുവാനും, വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ആലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ യൂണിയനുകള്‍ തകര്‍ക്കാനും ദിവാന്‍ സര്‍ സിപി ആയിരക്കണക്കിന് പോലീസുകാരെ വിന്ന്യസിച്ചു.

‘ഉഷ്ണരാശി’ ഒരോര്‍മ്മപ്പെടുത്തല്‍; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൊഴിലാളി ക്യാമ്പുകളില്‍ അര്‍ദ്ധ സൈനിക പരിശീലനം നല്‍കി. യുദ്ധം കഴിഞ്ഞപ്പോള്‍ പട്ടാള ജോലി നഷ്ടപ്പെട്ട സൈനികരുടെ യൂണിയന്‍ കമ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയിരുന്നു. എക്‌സ് സര്‍വ്വീസ്‌മെന്‍സ് അസോസിയഷന്‍ എന്നായിരുന്നു അതിന്റെ പേര്. യുദ്ധത്തില്‍ പങ്കെടുക്കുകയും, പരിശീലനം ലഭിക്കുകയും ചെയ്ത മുന്‍ പട്ടാളക്കാരായിരുന്ന അവരാണ് ആലപ്പുഴയിലെ സഖാക്കളെ അര്‍ദ്ധസൈനിക പരിശീലനത്തിന്റെ ഭാഗമായി വാരിക്കുന്തം ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്. ആലപ്പുഴയിലെ അടയ്ക്കാമരങ്ങള്‍ വെട്ടി എട്ടടിയുള്ള കുന്തമാക്കി അതില്‍ തൊഴിലാളികള്‍ ചെങ്കൊടി കെട്ടി. വീടിന് പിന്നിലെ നാല് കവുങ്ങുകള്‍ ഇതിനായി മുറിക്കുന്നത് ആവേശത്തോടെ പ്രകാശം നോക്കി നിന്നു. അവിടെ വെച്ചു തന്നെയാണ് എട്ടടിയുള്ള വാരി കുന്തങ്ങള്‍ തൊഴിലാളികള്‍ ഉണ്ടാക്കിയത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ദിവാന്‍ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി 1946 സെപ്തംബര്‍ 15ന് തൊഴിലാളികള്‍ പൊതു പണിമുടക്ക് നടത്തി. ഒക്ടോബര്‍ 1ന് ദിവാന്‍ സര്‍ സിപി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങള്‍ ദിവാന്‍ റദ്ദ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, ട്രെയ്ഡ് യൂണിയന്‍ സംഘങ്ങളും നിരോധിച്ചു. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, കോണ്‍ഗ്രസ്സ് നേതാക്കളായ സി കേശവന്‍, ആര്‍ സുഗതന്‍, പി ടി പുന്നൂസ് തുടങ്ങി 150ല്‍പരം തൊഴിലാളി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഒക്‌ടോബര്‍ 17ന് സര്‍ സിപിയുടെ മര്‍ദ്ദന നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും പൊതു പണിമുടക്ക് നടന്നു. നിരോധനാജ്ഞ മറികടന്ന് തൊഴിലാളികള്‍ നാടെങ്ങും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ഒക്ടോബര്‍ 21 മുതല്‍ സമരം ശക്തമാക്കി. അനിശ്ചിതകാല പൊതുപണിമുടക്ക് ആരംഭിച്ചു. ഒക്ടോബര്‍ 22ന് ജലഗതാഗതത്തേയും പൊതുപണിമുടക്ക് സ്തംഭിപ്പിച്ചു. ദിവാന്‍ സര്‍ സിപി പട്ടാള ഭരണം പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 24ന് തിരുവിതാംകൂര്‍ രാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനത്തില്‍ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായി പുന്നപ്രയിലെ പോലീസ് ക്യാമ്പിലേയ്ക്ക് നടത്തിയ ജാഥ അക്രമാസക്തമായി. പോലീസ് വെടിവെച്ചു. തൊഴിലാളികള്‍ വാരിക്കുന്തവുമായി നേരിട്ടു. പോലീസുകാരും, സമര സഖാക്കളും കൊല ചെയ്യപ്പെട്ടു. രണ്ട് നാള്‍ കഴിഞ്ഞായിരുന്നു വയലാറില്‍ പോലീസ് വെടിവെയ്പ്പ് നടന്നത്. ഇരു പ്രദേശത്തും മരണമടഞ്ഞ സമര സഖാക്കളെ സംസ്‌കരിച്ച ആലപ്പുഴ വലിയ ചുടുകാടും, വയലാര്‍ രക്തസാക്ഷി മണ്ഡപവും വിപ്ലവ സ്മാരകങ്ങളാണ്.

സഖാവ് ബാലയില്‍ പ്രഭാകരന്‍; ഈ ചിത്രം ഇനി വരുന്ന തലമുറകള്‍ക്ക് പ്രചോദനമാണ്, എന്തുകൊണ്ടെന്നാല്‍…

പുന്നപ്ര വയലാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് സമരം നടന്നതിന് പിന്നാലെ മുതല്‍ വിവാദ വിഷയമാണ്. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ രണ്ട് ചെറു രാജ്യങ്ങളായിരുന്നു. ഇത് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക എന്ന ലക്ഷ്യം സമരത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സമരം സ്വാന്ത്ര സമരത്തിന്റെ ഭാഗമാണെന്ന് പറയേണ്ടിയിരിക്കുന്നു എന്നതാണ് ഒരു വാദം. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണുന്നു. മറ്റു ചിലര്‍ ഇതിനെ ജന്മി-കുടിയാന്‍ സമരമായി കാണുന്നു. പുന്നപ്ര-വയലാര്‍ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കും പോരാളികള്‍ക്കും സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കുവാനുള്ള അഭ്യര്‍ത്ഥന കോണ്‍ഗ്രസ് സര്‍ക്കാര്‍ 1989ല്‍ നിരസിച്ചു. എന്നാല്‍ ഐ.കെ. ഗുജ്‌റാള്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1998 ജനുവരി 20 ന് പുന്നപ്ര-വയലാര്‍ സമരത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവിടുകയും പോരാളികള്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ 1998 ല്‍ പുന്നപ്ര-വയലാര്‍ സമരം സ്വതന്ത്ര സമരത്തിന്റെ ഭാഗമായി മാറി.

punnapra-vayalar revolt, vayalar rakthasakshi mandapam
വയലാര്‍ രക്തസാക്ഷി മണ്ഡപം

ആലപ്പുഴയിലെ ലിയോ 13 ജംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ പഠിക്കുകയായിരുന്ന കെ പി പ്രകാശത്തിനെ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് മുദ്ര കുത്തി നിര്‍ബന്ധിത വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പറഞ്ഞു വിട്ടു. കൊമ്മാടിയിലുള്ള സോളമന്‍, എന്‍ പ്രബുദ്ധന്‍, സി സി അല്‍ഫിനോസ് തുടങ്ങിയവരേയും അദ്ദേഹത്തിനൊപ്പം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് പ്രകാശം സഹോദരിയുടെയും ഭര്‍ത്താവിന്റെയും സഹായത്താല്‍ കാക്കായത്തുള്ള സ്‌ക്കൂളില്‍ നിന്ന് 4, 5, 6 സെമിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കി. തിരികെ വാടയ്ക്കല്‍ വീട്ടിലെത്തിയ പ്രകാശം സഹോദരന്‍ കെ പി ഫല്‍ഗുണന്‍ നടത്തിയിരുന്ന തയ്യല്‍ കടയില്‍ സഹായിയായി പോയി.

പഠനം തുടരണമെന്ന മോഹം പ്രകാശത്തിന് ഉണ്ടായിരുന്നു. വാടയ്ക്കല്‍ വീട്ടില്‍ താമസിച്ച് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന സൈമളാശാന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് അതിന് അവസരമൊരുക്കി. കേരള കൗമുദി പത്രത്തിന്റെ ഓഫീസില്‍ ജീവനക്കാരനായ കാര്‍ത്തികേയന് ഒരു കത്തും, മുപ്പത് രൂപയും നല്‍കി സൈമളാശാന്‍ പ്രകാശത്തെ തിരുവനന്തപുരത്തിന് അയച്ചു. ഇയാളെ കോളേജില്‍ ചേര്‍ത്ത് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സഹായിക്കണം. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.

ആലപ്പുഴ ജെട്ടിയില്‍ നിന്ന് രാത്രി 9 മണിക്ക് എട്ടണ ടിക്കറ്റെടുത്ത് ബോട്ടില്‍ കൊല്ലത്തേയ്ക്ക് യാത്ര തിരിച്ചു. രാവിലെ കൊല്ലത്തെത്തി. പിന്നീട് തിരുവനന്തപുരത്തേയ്ക്ക് തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. സ്റ്റേഷന് മുന്‍പായി തീവണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങി നടന്നു. ആദ്യ ദിവസം കാര്‍ത്തികേയന്റെ വീട്ടില്‍ കഴിഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഫസ്റ്റ് ക്ലാസുള്ള പ്രകാശത്തിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഇന്റര്‍മീഡിയറ്റ് കോളേജില്‍ പ്രവേശനം ഏളുപ്പം കിട്ടി. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. പാര്‍ട്ടിയുടെ രഹസ്യ കത്തുകള്‍ അടക്കമുള്ള ആവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന വ്യക്തിയായിരുന്നു പ്രകാശം. തിരുവനന്തപുരത്തെ പഠനം പൂര്‍ത്തിയാക്കി ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ഉന്നത ബിരുദവും നേടി.

punnapra-vayalar revolt, k p prakasam
കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് വരച്ച കെ പി പ്രകാശത്തിന്റെ രേഖാചിത്രം

ജോലി തേടിയാണ് കെ പി പ്രകാശം ഡല്‍ഹിയിലെത്തുന്നത്. ശങ്കരന്‍ നായര്‍ എന്ന കള്ളപ്പേരിലാണ് മൂത്ത ജേഷ്ഠന്‍ കെ പി വാസവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റായ ജേഷ്ഠന്റെ പേരില്‍ നാട്ടില്‍ ഒട്ടേറെ കേസും, അറസ്റ്റ് വാറന്റും കാരണമാണ് മറ്റൊരു പേരില്‍ ഡല്‍ഹിയില്‍ കഴിയേണ്ടി വന്നത്. ജേഷ്ഠന്റെ സഹായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്റി ഓഫീസില്‍ പ്രകാശവും മുഴുവന്‍ സമയ പ്രവര്‍ത്തകനായി. എകെജിയായിരുന്നു അന്ന് പ്രതിപക്ഷ നേതാവ്. എകെജിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ നാഷണല്‍ എയര്‍ലൈന്‍സ് കോളനിയിലെ (ഇന്നത്തെ ഐഎന്‍എ) സിവില്‍ ഏവിയേഷന്‍ എംപ്ലോയിസ് ഓഫീസില്‍ ജോലി ചെയ്തു. അവിടുന്ന് റഷ്യന്‍ എംബസിയില്‍. സോവിയറ്റ് ലാന്റ് എന്ന പ്രസിദ്ധീകരണവുമായി സഹകരിച്ച് വിരമിക്കും വരെ കഴിഞ്ഞു. കേരളത്തില്‍ എറണാകുളം ജില്ലയിലെ ഒരു വയോജന കേന്ദ്രത്തില്‍ വെച്ച് മെയ് മൂന്നിന് അന്തരിച്ചു.

Content Summary;  punnapra-vayalar revolt witness kp prakasam passed away

Related news


Share on

മറ്റുവാര്‍ത്തകള്‍