UPDATES

ബ്ലോഗ്

എന്തുകൊണ്ടാണ് പുന്നപ്ര വയലാര്‍ സമരത്തിന്റെ സ്മാരകങ്ങളുയരാത്തത്? ജാലിയന്‍വാലാ ബാഗിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നവരോടാണ്

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ കാരണമായത് പുന്നപ്ര വയലാര്‍ സമരത്തെയാണ്‌

                       

ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്ത്യന്‍ ജനതയോട് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിച്ചു. അതു പോര വ്യക്തമായ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ ആവശ്യം.

1919 ഏപ്രില്‍ പതിമൂന്നിനാണ് ദേശീയ സമര നേതാക്കളായ സത്യപാല്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു എന്നിവരുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് എന്ന തോട്ടത്തില്‍ ഒരു യോഗം ചേര്‍ന്നത്. നാലു വശത്തും മതിലുള്ള, അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ അഞ്ചു വഴികള്‍ മാത്രമുള്ള ഒരു തോട്ടമായിരുന്നു ഇത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതിനാല്‍ ജനറല്‍ റെജിനാള്‍ഡ് മുഖ്യ കവാടത്തിലൂടെ പട്ടാളക്കാരുമായി അകത്തേക്ക് വന്ന് നിലയെടുത്തു നിന്നു. മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാനാരംഭിച്ചു. വലിയ വഴി പട്ടാളം തടഞ്ഞു നിന്നു. ചെറുവഴികളിലൂടെ പുറത്തേക്ക് പായാന്‍ നോക്കിയ ജനങ്ങളെയാണ് വെടി വച്ചിട്ടത്.

379 പേര്‍ മരിച്ചു എന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്ക്. കോണ്‍ഗ്രസ് കണക്കാക്കിയത് ആയിരം പേരെങ്കിലും മരിച്ചു എന്നാണ്. ഉചിതമായി നടപടിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രഭുസഭ ജനറല്‍ ഡയറിനെ ആദ്യം അഭിനന്ദിക്കുകയാണ് ചെയ്തത്. പക്ഷേ പൊതുസഭ പിന്നീട് ഡയറിനെ താക്കീത് ചെയ്യുകയും നിര്‍ബന്ധിത അടുത്തൂണില്‍ വിടുകയും ചെയ്തു. പക്ഷേ, ഇന്ത്യയെയാകെ ഈ സംഭവം നടുക്കി. 1920-22ലെ നിസ്സഹകരണ പ്രസ്ഥാനത്തിന് ഒരു കാരണമാവുകയും ചെയ്തു.

ജാലിയന്‍വാല ബാഗിനെക്കുറിച്ച് വിവരിക്കാനല്ല ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ജാലിയന്‍വാല ബാഗ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഒരു ഇതിഹാസമായി എന്നും അനുസ്മരിക്കപ്പെടും.

പക്ഷേ, ഇതിനു സമാനമായ ഒരു സംഭവമാണ് കേരളത്തിലുണ്ടായ പുന്നപ്ര വയലാര്‍ സമരം. സ്വതന്ത്ര തിരുവിതാംകൂറും ദിവാന്‍ ഭരണവും അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായാണ് ആലപ്പുഴയിലെ തൊഴിലാളികള്‍ 1946ല്‍ സമരം ചെയ്തത്. അവരെ അടിച്ചമര്‍ത്താനാണ് തിരുവിതാംകൂര്‍ ഭരണകൂടം പട്ടാളത്തെ ഇറക്കിയത്. അതിനെതിരായ സായുധ ചെറുത്തുനില്പില്‍ അഞ്ഞൂറോളം തൊഴിലാളികളെയാണ് വെടിവച്ചു കൊന്നത്. (എത്രപേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു എന്നതിന് വ്യക്തമായ കണക്കില്ല. സമരകാലത്തെ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ടി ചെയര്‍മാനായിരുന്ന കെ സി ജോര്‍ജ് എഴുതിയ പുന്നപ്ര വയലാര്‍ എന്ന പുസ്തകം പറയുന്നത് ‘വെടിയേറ്റ് മരിച്ചവര്‍ ഏതാണ്ട് അഞ്ഞൂറുണ്ടെന്നാണ് കണക്കാക്കാന്‍ കഴിഞ്ഞത്’, ‘അറുനൂറില്‍പരം സഖാക്കള്‍ വയലാര്‍, ഒളതല, മേനാശേരി എന്നീ ക്യാമ്പുകളില്‍ രകതസാക്ഷികളായി.’ എന്നാണ് പി കെ ചന്ദ്രാനന്ദന്‍ പുന്നപര വയലാര്‍ സമരം എന്ന പുസ്തകത്തില്‍ എഴുതുന്നത്. പുന്നപ്രയിലെ കാര്യം സഖാവ് പികെസി കൃത്യമായി എഴുതിയിട്ടില്ല. 193 പേരേ കൊല്ലപ്പെട്ടുള്ളൂ എന്നായിരുന്നു സിപിയുടെ വാദം. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന ആനി മസ്‌ക്രീന്‍ പറഞ്ഞത് അയ്യായിരം പാവങ്ങളെ സിപി ചുട്ടുകൊന്നു എന്നാണ്.) എത്രയോ ആയിരം തൊഴിലാളികളെ വര്‍ഷങ്ങളോളം പട്ടാളം പീഡിപ്പിച്ചു. ഈ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല, തിരുവിതാംകൂര്‍ ദിവാനും രാജവാഴ്ചക്കും എതിരായ സമരം മാത്രമാണ് എന്നൊരു വാദം ഉണ്ടായിരുന്നു. ഇഎംഎസ് എഴുതി, ‘പുന്നപ്ര-വയലാര്‍ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ. സമരത്തിന്റെ ഭാഗമാണോ എന്നു ചോദിക്കുന്നതു പോലും അസംബന്ധമാണ്.’ ഈ സമരത്തിന്റെ തുടര്‍ച്ചയായാണ് സിപി രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്തു വച്ച് ആക്രമിക്കപ്പെടുന്നതും തന്റെ അമേരിക്കന്‍ മോഡല്‍ ഭരണം എന്ന ആശയം ഉപേക്ഷിച്ച് തിരുവിതാംകൂര്‍ വിടുന്നതും.

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ കാരണമായത് ഈ സമരമാണ്.

എന്നിട്ടും എന്തുകൊണ്ടാണ് ജാലിയന്‍ വാലാ ബാഗിന്റെ അത്ര പ്രാമുഖ്യത്തോടെ അല്ലെങ്കിലും തിരുവിതാംകൂറിന്റെ ദേശീയസമരത്തിന്റെ പ്രധാന സമരമെന്ന നിലയിലെങ്കിലും ഈ സമരത്തിന്റെ സ്മാരകങ്ങളുയരാത്തത്? ജാലിയന്‍വാലാ ബാഗില്‍ രക്തസാക്ഷിയതിന്റെ ഇരട്ടിയെങ്കിലും പേര്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. കേരളത്തിന് വെളിയില്‍ ഈ സമരം അറിയപ്പെടുന്നേ ഇല്ല.

മാത്രവുമല്ല, ജനറല്‍ ഡയറിന്റെ സ്ഥാനത്ത് കേരളം കാണേണ്ട സിപി രാമസ്വാമി അയ്യര്‍ ഒരു ബഹുമാന്യ വ്യക്തിയായി കേരളത്തില്‍ പലരും ഇന്നും കാണുകയും ചെയ്യുന്നു.

റൂബിന്‍ ഡിക്രൂസ്

റൂബിന്‍ ഡിക്രൂസ്

എഴുത്തുകാരന്‍, പ്രസാധകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍