ഇത്തവണ കളംമാറി ബിജെപി സ്ഥാനാര്‍ത്ഥിയാണ്
മമ്മുട്ടി ചിത്രമായ ലവ് ഇന്‍ സിംഗപ്പൂര്‍ ഓര്‍മയുണ്ടോ. അതില്‍ നായികയായി അഭിനയിച്ച മഹാരാഷ്ട്രക്കാരിയെയോ. നവനീത് കൗര്‍ റാണ. കേരളത്തില്‍ നടിയാണെങ്കില്‍ നവനീത് ഇപ്പോള്‍ അമരാവതിയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ബിജെപിയുടെ എംപി സ്ഥാനാര്‍ത്ഥിയായി മല്‍സരത്തിന് ഇറങ്ങിയിരിക്കുകയാണ് നവനീത് ഇത്തവണ. 2019ത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന അവര്‍ എന്‍സിപി- കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ പിന്തുണയിലാണ് എംപിയായത്. ഇത്തവണ കളംമാറി ബിജെപി സ്ഥാനാര്‍ത്ഥിയാണ്. 2022ല്‍
ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ സ്തുതി പാടി പ്രതിഷേധിക്കുമെന്ന് പറഞ്ഞതിന് നവനീത് അറസ്റ്റിലായിരുന്നു. പിന്നാലെയാണ് ബിജെപിയുമായി അടുക്കുന്നത്. എന്നാല്‍ അമരാവതിയില്‍ ബിജെപിയുടെ പ്രാദേശീക നേതാക്കള്‍ക്കും അണികള്‍ക്കും നവനീതിനോട് അത്ര താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എംപിയായിരിക്കെ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ മണ്ഡലത്തിന് തുടര്‍ നേട്ടങ്ങളുണ്ടാവണമെങ്കില്‍ തന്നെ ജയിപ്പിക്കണമെന്നാണ് നവനീത് പറയുന്നത്. എംഎല്‍എ ബല്‍വന്ത് വാങ്കഡെയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അദ്ദേഹത്തിന് വേണ്ടി ശരദ് പവാറും ഉദ്ധവ് താക്കറെയും പിസിസി അധ്യക്ഷന്‍ നാനാ പഠോളെയുമെല്ലാം പ്രചാരണത്തിനെത്തിയിരുന്നു.
Content Summary: Mammootty’s Love in Singapore heroine now contesting from amravati constituency