UPDATES

ഓഫ് ബീറ്റ്

പുക അവിടെ: തീ ഇവിടെ

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-132

                       

എല്ലാ മുന്നണികളെയും നയിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി രാജ്യം ഭരിക്കുവാന്‍ സാധിക്കില്ല എന്ന സാഹചര്യമാണല്ലോ മുന്നണി പരീക്ഷണങ്ങളില്‍ എത്തിച്ചത്. ശക്തരായ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇന്ന് സ്ഥിതി മറ്റൊന്നാണ്. പ്രാദേശിക പാര്‍ട്ടികളാണ് ഓരോ സംസ്ഥാനത്തും ശക്തമായുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് മുന്നണിയെ നയിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും അവകാശം ഉന്നയിക്കുന്നു.

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍

ഇപ്പോള്‍ എന്‍ഡിഎ മുന്നണിയെ നയിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഇന്ത്യ മുന്നണിയെ ആരാണ് നയിക്കുന്നത് എന്നതിന് വ്യത്യസ്തമായ മറുപടിയാണ് കാണുന്നത്. അവരൊക്കെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ തന്നെയാണ്. പ്രാദേശികമായ കരുത്ത് ഓരോ പാര്‍ട്ടിക്കും ഉണ്ട്. കേരളത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് സിപിഎം ആണെങ്കില്‍ യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഇത്തരത്തില്‍ ഒരു മുന്നണിയെ മുന്നില്‍ നിന്ന് നയിക്കുന്ന പാര്‍ട്ടിക്ക് അകത്തുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും അതാത് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രത്യാഘാതം നേരിടേണ്ടി വരും.

കേരളത്തിലാണ് ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുള്ള ഒരു ഐക്യമുന്നണിക്ക് മാതൃകാപരമായ തുടക്കം കുറിക്കപ്പെട്ടത്. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനകത്ത് അതിശക്തമായ ഗ്രൂപ്പ് നിലവില്‍ ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ ഒരു കാര്യമാണ്. അന്ന് ഘടകകക്ഷികളില്‍ പ്രധാനപ്പെട്ടവരായിരുന്നു കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും ടി എം ജേക്കബും എം വി രാഘവനും. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഘടകകക്ഷികളായ ഇവര്‍ക്കൊക്കെ തലവേദന സൃഷ്ടിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ ഒരു തടസ്സവും അതുമൂലം ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ മാതൃഭൂമിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബി എം ഗഫൂര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഇപ്രകാരമായിരുന്നു. കോണ്‍ഗ്രസിന്റെ വീട്ടില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുകയാണ്. പുറത്തു നില്‍ക്കുന്ന ഘടകകക്ഷി നേതാക്കളായ ടി എം ജേക്കബ്, കെഎം മാണി, എം.വി രാഘവന്‍ തുടങ്ങിയവരോട് മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പറയുകയാണ്: ഇത് വെറും പുകയാണ് തീ നമ്മുടെ തലയിലാണല്ലോ…? കോണ്‍ഗ്രസിനകത്തുള്ള തര്‍ക്കം രൂക്ഷമാകുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ക്ഷീണം പേറേണ്ടിവരുന്നത് ഘടകകക്ഷികള്‍ ആണെന്നുള്ള രാഷ്ട്രീയ മറുപടിയാണ് ഗഫൂറിന്റെ കാര്‍ട്ടൂണിലൂടെ പുറത്തുവന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

 

Share on

മറ്റുവാര്‍ത്തകള്‍