ബലാത്സംഗ കേസിലെ പരാതിക്കാരിയെ അപമാനിച്ച മജിസ്‌ട്രേറ്റിനെതിരേ കേസ്. പരാതിക്കാരിയോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് മജിസ്‌ട്രേറ്റിനെതിരേയുള്ള ആരോപണം. പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 20 ന് രാവിലെ പത്തു മണിയോടെ, ബലാത്സംഗ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയതാണ് പരാതിക്കാരി. മൊഴി രേഖപ്പെടുത്തിയശേഷം പരാതിക്കാരി ഓഫിസ് വിട്ടു പോയെങ്കിലും മജിസ്‌ട്രേറ്റ് തിരിച്ചു വിളിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി ഉദ്ധരിച്ച് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
‘ അദ്ദേഹം എന്നെ തിരികെ വിളിച്ചു. എന്റെ ശരീരത്തിലെ പരിക്കുകള്‍ പരിശോധിക്കാന്‍ എന്നോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. എങ്ങനെ എനിക്കെന്റെ പരിക്കുകള്‍ കാണിക്കാന്‍ സാധിക്കും? ഒരു സ്ത്രീയുടെ മുന്നില്‍ ആയിരുന്നുവെങ്കില്‍ എനിക്കത് ബുദ്ധിമുട്ടില്ലായിരുന്നു, എന്നാല്‍ ജഡ്ജി നിര്‍ബന്ധിച്ചു. ഈ കാര്യം മറ്റാരോടും പറയരുതെന്നും അദ്ദേഹം എന്നോടു ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വേണ്ട നടപടിയെടുക്കണമെന്നാണ് എന്റെ അപേക്ഷ’ പരാതിക്കാരിയെ ഉദ്ധരിച്ച് എഫ് ഐ ആറില്‍ പറയുന്ന കാര്യങ്ങളാണിത്. മാര്‍ച്ച് 30 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മജിസ്‌ട്രേറ്റിന്റെ പേര് ഉള്‍പ്പെടുത്താതെയാണ് പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഈ കേസ് അന്വേഷിക്കുന്ന എസ്‌സി/ എസ്ടി സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് മിന മീണ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ‘ നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിആര്‍പിസി 164 വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി ഞങ്ങള്‍ അപേക്ഷ നല്‍കും’ മീണ പറയുന്നു.