UPDATES

“മജിസ്‌ട്രേറ്റിനെ കണ്ടിട്ടില്ല, ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയിട്ടുമില്ല”: സി. കെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു

‘പി സി വിഷ്ണുനാഥിനെക്കുറിച്ച് കേരളത്തിന് വ്യക്തമായി അറിയാം’

                       

പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്‌ട്രേറ്റിനെ കാണാന്‍ സിപിഎം നേതാവും കല്‍പ്പറ്റ മുന്‍ എംഎല്‍എയുമായ സി.കെ. ശശീന്ദ്രനും എത്തിയെന്നും, എന്നാല്‍ മജിസ്‌ട്രേറ്റ് സിപിഎം നേതാവിനെ പുറത്തുനിര്‍ത്തിയെന്നുമുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വിഷയത്തില്‍ അഴിമുഖം സി കെ ശശീന്ദ്രനുമായി സംസാരിച്ചപ്പോള്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും, രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഈ വിഷയത്തിലും ഇപ്പോഴുണ്ടായ ആരോപണത്തിലും പാര്‍ട്ടിയും നേതൃത്വവും നിലപട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത അത്ര എളുപ്പത്തില്‍ ആര്‍ക്കും മജിസ്‌ട്രേറ്റിനെ കയറി കാണാനാകില്ല എന്നതാണ്. ജഡ്ജിയെ ഞാന്‍ കാണാന്‍ ശ്രമിച്ചുവെന്നത് വ്യാജ ആരോപണമാണ്. കോടതി ഒരു പൊതുസ്ഥലമാണ്, ഡിവൈഎസ്പിയെ കാണാനാണ് അവിടെ എത്തിയത്. അതും കേസിനെ കുറിച്ച് സംസാരിക്കാനായിരുന്നില്ല’- സി കെ ശശീന്ദ്രന്റെ വാക്കുകള്‍.

കേസില്‍ പ്രതി ചേര്‍ക്കപെട്ടവര്‍ക്ക് വേണ്ടി പൊലീസുമായി ബന്ധപ്പെടേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതാണെന്നാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്. കേസിലെ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് നിലപാട് പാര്‍ട്ടി ഇതിനു മുമ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനെ ദുര്‍വ്യാഖാനം ചെയ്യുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍വച്ച് വിചാരണ നടത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഡിവൈഎസ്പി സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു ചോദിക്കാനായി അന്വേഷിച്ചപ്പോള്‍ അദ്ദേഹം കോടതിയില്‍ പോയി എന്നറിഞ്ഞു. തുടര്‍ന്ന് ഡിവൈഎസ്പിയെ കോടതിയില്‍ പോയി കണ്ടു. എസ്എഫ്‌ഐ എന്ന പേര് പറഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കുകയും ചെയ്തു. അല്ലാതെ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നൊക്കെ പറയുന്നത് വസ്തുതാ വിരുദ്ധമാണ്’.

സി കെ ശശീന്ദ്രന്‍ തുടരുന്നു: ‘കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും അവിടെ വച്ചു കണ്ടിരുന്നു. അവര്‍ സ്വാഭാവികമായും അവരുടെ നിരപരാധിത്വം ഉന്നയിച്ചിരുന്നു. നിയമപരമായി മുന്നോട്ടുപോകട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. അതല്ലാതെ ഞാന്‍ മജിസ്ട്രേറ്റിന്റെ കാണായി പോയിട്ടില്ല. എല്ലാവര്‍ക്കും അറിയുന്നതാണ് അത്ര എളുപ്പം മജിസ്ട്രേറ്റിനെ കയറി കാണാനാവില്ലെന്നത്. ഈ ആരോപണങ്ങള്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ മുതലെടുപ്പിന് സിപിഎമ്മിനെയും എസ്എഫ്‌ഐയെയും വലിച്ചിഴക്കുകയാണ്. പൊലീസിന്റെ അന്വേഷണം സ്വതന്ത്രമായി തന്നെ നടക്കും’.

‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിരുന്നു സിദ്ധാര്‍ത്ഥിന്റെ മരണം. ഒരു ക്യാമ്പസിനകത്തു ഉണ്ടാകാന്‍ പാടില്ലാത്തത് എന്ന് തന്നെ പറയാം. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ തന്നെ ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ്‌ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കൊലക്കുറ്റത്തിന് കേസ് ആവശ്യപെട്ടവര്‍ എസ് എഫ് ഐ നേതാവ് ധീരജിന്റെയും കൊലപാതകി നിധിന്‍ പൈലിയുടെയും കാര്യത്തില്‍ എടുത്ത അവസരവാദ ഇരട്ടത്താപ്പ് നയങ്ങള്‍ കേരളം കണ്ടതാണ്. മാതൃകാപരമായ നിലപാടാണ് എസ്എഫ് ഐ സ്വീകരിച്ചത്. കേസില്‍ പ്രതി ചേര്‍ത്തവരെ സംഘടനയില്‍ നിന്ന് പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഭവത്തില്‍ യോജിക്കുന്നില്ലെന്ന നിലപടാണ് സംഘടന സ്വീകരിച്ചത്. കോളേജിനുള്ളില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തില്‍ അഴിഞ്ഞാട്ടമാണ് നടന്നത്. സ്വാഭാവികമായും സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തു ജയിലില്‍ ആക്കി, അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഇനി എന്തിനാണ് രാഹുല്‍ മാങ്കൂട്ടം അടക്കം സമരം ചെയ്യുന്നതെന്ന് അറിയില്ല’- ശശീന്ദ്രന്‍ പറയുന്നു.

പൂക്കോട് വെറ്റിറനറി കോളജ് അധോലകമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. അവിടെ നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ ഭാവി തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു. ‘ഗൗരവകരമായ തെറ്റാണ് സംഭവിച്ചത്. അതിനോട് ആര്‍ക്കും യോജിപ്പില്ല. ജനാധിപത്യത്തിന്റെ രീതിയില്‍ തന്നെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്, അതിനപ്പുറമുള്ളതെല്ലാം തികച്ചും രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പിന് വേണ്ടിയുള്ളതാണ്’- സിപിഎം നേതാവ് പറയുന്നു.

പി സി വിഷ്ണുനാഥിന്റെ വ്യക്തിപരമായ അധിക്ഷേപത്തില്‍ മറുപടി പറയാനില്ലെന്നും ശശീന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. ‘ഒരു വ്യക്തിയെ വിലയിരുത്താന്‍ വിഷ്ണുനാഥിന് തീര്‍ച്ചയായും അവകാശമുണ്ട്. കേരളത്തിന് വിഷ്ണുനാഥിനെ കുറിച്ചും വ്യക്തമായി അറിവുണ്ട്. രാഷ്ട്രീയപരമായ ആരോപണങ്ങള്‍ക്ക് അതേ രീതിയില്‍ തന്നെ പ്രതികരിക്കും. ജനാധിപത്യ രാജ്യത്ത് ആരും വിമര്‍ശനത്തിന് എതിരല്ലാത്തതുകൊണ്ടു തന്നെ വിമര്‍ശനത്തില്‍ ശരി ഉണ്ടെങ്കില്‍ സ്വീകരിക്കും, മറിച്ചാണെങ്കില്‍ തള്ളിക്കളയും’- സി കെ ശശീന്ദ്രന്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍