UPDATES

റഷ്യയില്‍ യുവാക്കള്‍ക്ക് ജോലി സാധ്യത ഉണ്ടോ? എങ്ങനെ വ്യാജ ഏജന്‍സികളെ തിരിച്ചറിയാം

നോര്‍ക നല്‍കുന്ന മുന്നറിയിപ്പുകള്‍

                       

റഷ്യ യുക്രൈൻ യുദ്ധമുഖത്തേക്ക് മലയാളികൾ കെണിയിലൂടെ അകപെട്ടതും സുരക്ഷിതരായി തിരിച്ചെത്തിയതും അതീവ നെഞ്ചിടിപ്പോടെയാണ് കേരളം കേട്ടത്. കേരളത്തിന് ഈ വാർത്ത അത്ര കേട്ടുപരിചയമില്ല. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ സംഭവമല്ല ഇത്. ഈ വർഷം മാർച്ച് ആദ്യ വാരം ജോലി തേടി റഷ്യയിലെത്തിയ ഹൈദരാബാദ് സ്വദേശി റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടിരുന്നു. job scam 

സമൂഹമാധ്യമം വഴിയാണ് ഇത്തരമൊരു ജോലി സാധ്യതയെ കുറിച്ച് കൊല്ലപ്പെട്ട അഫ്‌സാൻ അറിയുന്നത്. അഫ്‌സാനെ പോലെ നിരവധി ആളുകൾ സമൂഹമാധ്യമങ്ങൾ വഴി റിക്രൂട്ട് ചെയ്യപ്പെടുകയും യുദ്ധത്തിൽ നിർബന്ധിത സൈനിക തൊഴിലിന് വിധേയരാക്കിയെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രിൻസിനെയും സുഹൃത്തുക്കളെയും വ്യാജ ഏജൻസികളാണ് വലയിലാക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങളെ പോലെ നിരവധി ഇന്ത്യക്കാർ ഉണ്ടായിരുന്നതായി പ്രിൻസ് അഴിമുഖത്തിനോട് പറഞ്ഞിരുന്നു. ഭൂരിപക്ഷം ആളുകളും പറ്റിക്കപെട്ടതാണെന്ന് പ്രിൻസ് സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് ഇത്തരം ചതി കുഴികൾ തിരിച്ചറിയാൻ കഴിയുന്നതിനും, നിയമമെന്താണ് അനുശാസിക്കുന്നതെന്നും വ്യക്തമാക്കുകയാണ് ഡിപ്പാർട്മെന്റ് ഓഫ് നോൺ -റസിഡന്റ് കേരളൈറ്റ്സ് അഫയർസ് സി ഇ ഒ അജിത് കോലാശേരി.

” റഷ്യയിലെ ജോലി സാധ്യതകളെ കുറിച്ച് ഇനിയും കൃത്യമായ അവബോധം ചെറുപ്പക്കാർക്കിടയിലോ റിക്രൂട്ട്മെന്റ് ഏജൻസികൾക്കിടയിലോ ഇല്ലാത്തതു കൊണ്ട് കൂടിയാണ് തിരുവനന്തപുരം സ്വദേശികൾക്ക് ഈ ഒരു അനുഭവം നേരിടേണ്ടി വന്നത്. നിലവിൽ ലോകത്തിന്റെ ഏത് ഭാഗത്തേക്കും തൊഴിലിന് വേണ്ടി പോകുന്നവർ, ഇടനിലക്കാരാവുന്ന ഏജൻസികൾ ഇന്ത്യൻ എമിഗ്രേഷൻ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത ലൈസൻസുള്ള റിക്രൂട്ട്മെൻ്റ് ഏജൻസികളാണെന്ന് ഉറപ്പു വരുത്തേണ്ടയിരിക്കുന്നു. ഉദ്യോഗാർത്ഥിക്കും, തൊഴിൽ ദാതാക്കൾക്കും ഇടയിൽ നിൽക്കുന്ന റിക്രൂട്ടർ ലൈസൻസ് നേടിയിരിക്കണം.

റിക്രൂട്മെന്റ്മായി ബന്ധപ്പെട്ട എല്ലാവിധ ഉത്തരവാദിത്വങ്ങളും ഏജൻസി വഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കൂടിയാണിത്. തിരുവനന്തപുരം സ്വദേശികൾ നേരിടേണ്ടി വന്ന സാഹചര്യത്തിന് സമാനമായി വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെങ്കിൽ, റിക്രൂട്മെന്റുമായി ബന്ധപ്പെട്ട് വിദേശത്തു വച്ച് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏജൻസിക്കായിരിക്കും. വ്യക്തിയെ നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുക, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി നൽകുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഏജൻസിക്കുണ്ട്. ഇവ നിറവേറ്റുന്നതിലോ, പരാതിയിൽ പരിഹാരം കാണാൻ മുൻ കൈ എടുക്കാത്ത സാഹചര്യത്തിലോ ഏജൻസികളുടെ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെട്ടേക്കാം.

കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്‌ത ഏജൻസിയുടെ ഇടനിലക്കാർ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ഏജൻസികളുടെ എണ്ണം ഇന്ത്യയിലെമ്പാടും ഉയർന്നു കൊണ്ടിരിക്കുകയാണ്. വിദേശത്തു പോയാൽ ചെയ്യേണ്ടി വരുന്ന ജോലിയുടെ വ്യജമായ ചിത്രം മാത്രമാണ് ഈ ഏജൻസികൾ നൽകുന്നത്. എന്നാൽ യാഥാർഥ്യം മറ്റു പലതുമാണ്.

റഷ്യയിലെ ജോലി സാധ്യതകളെ കുറിച്ച് ഇത്തരത്തിൽ വ്യാജ വാഗ്ദാനങ്ങളാണ് ഈ ചെറുപ്പക്കർക്ക് കൊടുത്തിരിക്കുന്നത്. സാധരണ ഗതിയിൽ റഷ്യയിലേക്ക് തൊഴിൽ തേടി പോകുന്നവർ താരതമ്യേന കുറവാണ്. ഭാഷയുടെ പരിമിതിയാണ് പ്രധാന കാരണം. ബ്ലൂ കോളർ ജോലികൾക്കടക്കം റഷ്യൻ ഭാഷയിലെ പ്രാവീണ്യം നിർബന്ധമാണ്. റഷ്യൻ ഭാഷ പഠിപ്പിക്കുന്ന അംഗീകൃത സംവിധാനങ്ങൾ കേരളത്തിലും ഇന്ത്യയിലും ഇതുവരെ ഉണ്ടായി തുടങ്ങിയിട്ടില്ല. കൂടാതെ റഷ്യയിലേക്ക് പോകുന്നവർ പ്രധാനമായും വിദ്യാഭ്യസത്തിനാണ്, അതല്ലാത്ത പക്ഷം യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പോകാനായി റഷ്യ തെരെഞ്ഞെടുക്കുന്നവരുമുണ്ട്. അനധികൃതമായി നടക്കുന്ന റിക്രൂട്ട്മെൻ്റിൻ്റെ ഏറ്റവും വലിയ ഭവിഷത്താണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാൻ വിദേശത്ത് തൊഴിൽ തേടുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ എമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് ഏജൻസികൾ പരസ്യം നൽകുമ്പോൾ അതിൽ ലൈസെൻസ് കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. എത്ര ഏജൻസികൾ ഇത്തരം മാർഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രൊട്ടക്ടർ ജനറൽ ഓഫ്എമിഗ്രന്റ്‌ ഓഫീസാണ് (പിജിഇ) ഏജൻസികൾക്ക് ലൈസൻസ് അനുവദിക്കുന്നത്. പിജിഇയുടെ മൈഗ്രേറ് വെബ്‌സൈറ്റിൽ ലിസ്റ്റ് ഓഫ് ലൈസൻസ്ഡ് റിക്രൂട്മെന്റ് ഏജൻസികൾ എന്ന ഭാഗത്ത് അംഗീകൃതമായി പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ഏജൻസികളുടെ പേര് വിവരങ്ങൾ നൽകിയിട്ടുണ്ട്. വിദേശ റിക്രൂട്ടിട്മെന്റിനായി സമീപിക്കുന്ന ഏജൻസികൾ അംഗീകൃതമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

മറ്റൊരു വസ്തുത ഏജൻസികൾക്ക് അവരുടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന തുക 30000 രൂപയാണ്. വിദേശ രാജ്യങ്ങളിലെ വിവിധ തൊഴിലുകളിലേക്ക് ആണെങ്കിൽ പോലും ഇവർക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ഉയർന്ന തുകയാണിത്. വിസ അടക്കം റഷ്യയിലേക്കുള്ള യാത്രക്ക് 50000 രൂപയിൽ താഴെ മാത്രമേ ചിലവാകുകയുള്ളു. മിക്ക സന്ദർഭങ്ങളിലും തങ്ങളുടെ തൊഴിലാളികൾക്ക് കമ്പനി വിസ നൽകാറുണ്ട്. ഈ വസ്തുതകൾ അറിയാത്ത കേരളത്തിന്റെ തീരദേശ മേഖലയിലുള്ളവരടക്കമാണ് ഈ കെണിയിൽ വീണിരിക്കുന്നത്. വിദേശ യാത്രകൾ സംബന്ധിച്ച് ഇവർക്കുള്ള അറിവിനെ ചൂഷണം ചെയ്തിരിക്കുകയാണ്.

പ്രീ-ഡിപ്പാർച്ചർ ഓറിയന്റഷൻ അടക്കമുള്ള ബോധവൽക്കരണം നോർക്ക എല്ലാ വർഷവും നടത്തുന്നുണ്ട്. നഴ്സ് ഹൗസ് മെയ്ഡ് ജോലികളിലേക്ക് പോകുന്നവർക്കാണ് ഈ ഓറിയന്റേഷൻ പ്രാഥമികമായും നൽകിയിരുന്നത്, എന്നാൽ ഈ വർഷം മുതൽ മറ്റു മേഖലകളെ കൂടി പരിഗണിക്കാൻ നോർക്ക പദ്ധതിയിടുന്നുണ്ട്. വരും വർഷങ്ങളിൽ ഈ പ്രവർത്തനങ്ങൾ വ്യപിപ്പിക്കാൻ കഴിഞ്ഞേക്കും. ആളുകളെ ബോധവാന്മാരാക്കാൻ വിസ തട്ടിപ്പ് മുതൽ പൊതുവായുള്ള യാത്ര നിർദേശങ്ങളും പരസ്യ രൂപേണ നൽകി വരാറുണ്ട്. ഇത്തരത്തിലുള്ള ബോധവൽക്കരണം സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിപ്പെടുന്നില്ലെന്നും, അതിനിയും വ്യാപിപ്പിക്കണമെന്നും ഈ സംഭവം വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളുടെ അതിപ്രസരണം വഞ്ചിക്കപെടലുകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് പെരുകുന്നതിനനുസരിച്ച് ജാഗ്രതയും, നിയമനടപടികളും ശക്തമാക്കേണ്ടിയിരിക്കുന്നു. കൃത്യമായ സന്ദേശങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടിലുമെത്തിക്കുന്നതിന് സർക്കാർ തലത്തിലൂടെ മാത്രം സാധ്യമാകില്ല. എൻജിഒ, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കളിത്തത്തോടെ ഈ പരിമിതികളെ മറികടക്കാൻ സാധിച്ചേക്കാം. കൂട്ടായ ഇടപെടലുകൾ ഉണ്ടായാൽ വലിയ രീതിയിൽ ആളുകൾ വഞ്ചിക്കപെടാനുള്ള സാധ്യതകൾ കുറച്ചു കൊണ്ടുവരാനാകു. ”

English summary; Norka CEO speaks about job scam and how to identify fake agencies

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍