‘റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ” കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന വാർത്ത അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യന്റെ ഉള്ളിൽ കനം വീണിട്ടുണ്ടാകും. കൂട്ടുകാരെയും, തന്നെയും മെച്ചപ്പെട്ട ശമ്പളമുള്ള വിദേശ ജോലി russia-ukraine war and kerala
എന്ന വാഗ്ദാനത്തെ വഞ്ചിച്ചത് കൊണ്ട് മാത്രമായിരുന്നില്ലത്. കുടുംബത്തിന്റെ പ്രതീക്ഷകൾ ചിറകിലേറ്റി നാടുകടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ യുദ്ധമുഖത്തേക്ക് എറിഞ്ഞു കൊടുത്തതിന്റെ പേരിൽ കൂടിയായിരുന്നു.
റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഇടനിലക്കാരെ കഴിഞ്ഞ ദിവസമാണ് ഡൽഹി സിബിഐ യൂണിറ്റ് അറസ്റ്റ് ചെയ്യുന്നത്. റഷ്യൻ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന കഠിനംകുളത്തെ അരുൺ, പ്രിയൻ എന്നിവരെയാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. അക്രമണങ്ങൾ ഉള്ളടക്കമായി വരുന്ന മൊബൈൽ ഗെയിമുകൾ പോലും താല്പര്യപ്പെടാതിരുന്ന അഞ്ചുതെങ്ങ് സ്വദേശി പ്രിൻസിനെ വിദേശ ജോലിയുടെ പേരിലായിരുന്നു റഷ്യ- യുക്രയിൻ യുദ്ധക്കളത്തിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾ എത്തിച്ചത്. പ്രിൻസ് സെബാസ്റ്റ്യനൊപ്പം ബന്ധു കൂടിയായ വിനീത്, സുഹൃത്ത് ടിനു എന്നിവരെയും റഷ്യയിലേക്ക് കടത്തിയിരുന്നു.
യുദ്ധത്തിന്റെ ഭീകരതയും, തങ്ങൾ വഞ്ചിക്കപെട്ടത് എങ്ങനെയാണെന്നും പ്രിൻസ് അഴിമുഖത്തിനോട് പറയുന്നു. കൂടാതെ ഇന്ത്യയിൽ നിന്നടക്കം വഞ്ചിക്കപ്പെട്ട് റഷ്യയിലെത്തപ്പെട്ട നിരവധി ആളുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകളും പ്രിൻസ് പങ്കുവയ്ക്കുന്നു.
റഷ്യൻ യാത്രയുടെ തുടക്കം
യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി അന്വേഷിച്ചു നടക്കുന്ന സമയത്താണ് മൂവരും പ്രിയന്റെ ഏജൻസിയെ കുറിച്ചറിയുന്നത്. വിനീതിന്റെ വീട്ടിൽ പെയിന്റ് ജോലിക്കെത്തിയ തൊഴിലാളിയായിരുന്നു കഴക്കൂട്ടത്തുള്ള ഏജൻസിയെ കുറിച്ചുള്ള സൂചന ആദ്യമായി നൽകുന്നത്. അതോടെയാണ് ഏജൻസിയുടെ ഇടനിലക്കാരനെ തുമ്പയിൽ വച്ച് നേരിട്ട് കാണാനായി ചെല്ലുന്നത്. പോളണ്ടിലും റഷ്യയിലുമാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജോലി സാധ്യത കൂടുതലെന്നായിരുന്നു ഏജൻസി ഇവരെ വിശ്വസിപ്പിച്ചിരുന്നത്. ”പോളണ്ടിൽ പാക്കിങ് ജോലിക്കാണ് ഒഴിവ് പറഞ്ഞിരുന്നത്. പക്ഷെ ശമ്പളം ചെറുതായിരുന്നു. എന്നാൽ റഷ്യയിൽ സെക്യൂരിറ്റി ജോലിക്ക് രണ്ടു ലക്ഷം രൂപയോളം ശമ്പളമാണ് വാഗ്‌ദനം നൽകിയത്.” അറസ്റ്റ് ചെയ്തവരിൽ പ്രിയനെ മാത്രമേ പരിചയമുള്ളുവെന്ന് പ്രിൻസ് പറയുന്നു.
റഷ്യയിലേക്ക്
7 ലക്ഷം രൂപയാണ് റഷ്യയിലേക്ക് എത്താൻ ഏജൻസിക്ക് നൽകിയത്. അത്രയും വലിയ തുക കണ്ടെത്താൻ വലിയ രീതിയിൽ പണിപ്പെട്ടിട്ടുണ്ടെന്ന് പ്രിൻസ് പറയുന്നു. ”തുക ഏൽപ്പിച്ച ശേഷം ഏജൻസി തന്നെയാണ് റഷ്യയിലെ മറ്റു കാര്യങ്ങൾ ഒരുക്കി തരുകയെന്ന് പറഞ്ഞിരുന്നു. ഏജൻസി പറഞ്ഞ പോലെ എയർപോർട്ടിൽ വിമാനം ഇറങ്ങിയ എന്നെയും, ടിനുവിനെയും, വിനീതിനെയും കൂട്ടികൊണ്ടു പോയത് റഷ്യയിൽ സ്ഥിരതാമസക്കാരനായ മലയാളി കൂടിയായ അലക്സ് ആയിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു ഫ്ലാറ്റിലേക്കാണ് അലക്സ് കൊണ്ടുപോയത്. രണ്ടുദിവസം യാത്ര ക്ഷീണമകറ്റാനെന്ന പേരിൽ ഞങ്ങളെ അവിടെ താമസിപ്പിച്ചു. മൂന്നാം ദിവസം അയാൾ ഞങ്ങളെ കോസ്ട്രോമയിലെ ഒരു ഫ്ളാറ്റിലേക്കാണ് കൊണ്ടുപോയത്. ഞങ്ങളെ കൂടാതെ ശ്രീലങ്കയിൽ നിന്നുള്ള മൂന്നുപേരും അന്നാ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോലിക്കുള്ള എഗ്രിമെന്റ് ഒപ്പിടുന്നത്.
‘വാര്‍ വീസ കേസി’ല്‍ ബിജെപി നേതാവിന്റെ മകനെതിരേയും സിബിഐ അന്വേഷണം
അവർ തന്ന എഗ്രിമെന്റ് ഒപ്പിടും മുൻപ് ഞങ്ങൾ ഒരിക്കൽ കൂടി അലെക്സിനെ വിളിച്ചിരുന്നു. പക്ഷെ ജോലിയിൽ കയറുന്നതിനുള്ള എഗ്രിമെന്റ് ആണെന്നും ധൈര്യമായി ഒപ്പിട്ടോളാനുമായിരുന്നു ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം. അവിടെയും ആറ് ദിവസം താമസിക്കേണ്ടി വന്നു. ” ഈ കാലയളവിൽ പോലും തങ്ങൾ സെക്യൂരിറ്റി ജോലിക്കായി എത്തുന്നുവെന്ന ധാരണയിലായിരുന്നു മൂവരും. ശ്രീലങ്കൻ സ്വദേശികളും സമാനമായ രീതിയിൽ പറ്റിക്കപെട്ടുവെന്ന് പ്രിൻസ് പറയുന്നു. യുദ്ധത്തിലെ കൂലി പട്ടാളത്തിലാണ് ജോലി എന്ന് അറിഞ്ഞ്‌വരുന്നവരും കൂട്ടത്തിലുണ്ടായിരുന്നതായി പ്രിൻസ് ഓർത്തെടുക്കുന്നു. എന്നാൽ അതൊരു ചെറിയ വിഭാഗം മാത്രമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന പലരും തങ്ങളെ പോലെ വഞ്ചിക്കപ്പെട്ടതാണെന്ന് പ്രിൻസ് പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള ആളുകളെ പോലും പ്രിൻസ് ആ യുദ്ധ മുഖത്ത് കണ്ടതായി പറയുന്നു. ” കോസ്ട്രോമയിൽ നിന്ന് ഞങ്ങളെ കൊണ്ടുപോയത് പട്ടാള ക്യാമ്പിലേക്കായിരുന്നു. അവിടെ എത്തിയപ്പോഴാണ് ഞങ്ങൾക്ക് ചതി മനസിലാകുന്നത്. രക്ഷാമാർഗം ആലോചിക്കും മുൻപ് തന്നെ പാസ്പോർട്ട്, ഫോൺ അടക്കമുള്ളവ അവർ പിടിച്ചു വാങ്ങി. ഏജൻസിയെ പോലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ ക്യാമ്പിൽ പതിമൂന്ന് ദിവസമാണ് ഞങ്ങൾക്ക് പരിശീലനം നൽകിയത്. എം 16, ആർപിജി, മിഷിൻ ഗൺ പോലുള്ള തോക്കുകൾ ഉപയോഗിക്കാനും, വെടിവയ്ക്കാനും പരിശീലിപ്പിച്ചു. രണ്ടാമത്തെ ക്യാമ്പിൽ രാത്രിയും പകലും വരെ നീണ്ടു നിൽക്കുന്ന കഠിനമായ പരീശിലിനമായിരുന്നു. എകെ 47 തുടങ്ങി ജീവിതത്തിൽ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാതെ ആയുധങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.” ക്യാമ്പിലേക്ക് വരും മുമ്പാണ് പ്രിൻസ് വീട്ടിലേക്ക് വിളിച്ചത്. പിന്നീടങ്ങോട്ട് കുടുംബത്തെ ബന്ധപ്പെടാനോ വിവരങ്ങൾ അറിയിക്കാനോ കഴിയാതെ കഴിച്ചു കൂട്ടേണ്ടി വന്നതായി പ്രിൻസ് പറയുന്നു.
യുദ്ധമുഖത്തേക്ക്
രണ്ടു ക്യാമ്പുകൾ പൂർത്തിയാക്കിയ ഉടനെ പ്രിൻസും, വിനീതും ഉൾപ്പെട്ട സംഘത്തെ റോഡ് മാർഗം സൈനിക വാഹനത്തിൽ ഉക്രയിനിൽ എത്തിക്കുകയായിരുന്നു. ടിനുവിനെ മറ്റൊരു സംഘത്തോടൊപ്പമാണ് യുദ്ധമുഖത്തേക്കയച്ചത്. ഫെബ്രുവരിയിലാണ് സിനിമയിലും, പുസ്തകത്തിലും മാത്രം കേട്ടുകേൾവിയുള്ള യുദ്ധക്കളത്തിലേക്ക് ഇവരെ അയക്കുന്നത്. നെഞ്ച് മുഴുവൻ മറക്കുന്ന ബുള്ളറ്റ് ജാക്കറ്റ്, ബോംബ് മോക്കർ, ആർപിജി, എകെ 47 ഉൾപ്പെടെ 25 കിലോയോളം ഭാരമേന്തിയാണ് യുദ്ധമുഖത്ത് എത്തിക്കുന്നതെന്ന് പ്രിൻസ് പറയുന്നു.
ഫൈസല്‍ ഖാന്റെ ബാബ വ്‌ലോഗ്‌സ് ; ഇന്ത്യക്കാരെ എത്തിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത്
” ഫെബ്രുവരി 5-നാണ് ആദ്യമായി യുദ്ധകാലത്തിലേക്ക് എത്തിക്കുന്നത്. ഞാനും വിനീതും ഒരുമിച്ചുണ്ടായിരുന്നു, എന്നാൽ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞതോടെ എനിക്ക് വെടിയേറ്റു, കാലിൽ ഡ്രോൺ കൊണ്ട് പരിക്കേൽക്കുകയും ചെയ്തു. ഡ്രോൺ വീണതോടെ ഞാൻ മണ്ണിനിടയിലായി, ഒന്നര ദിവസത്തോളം മുറിവേറ്റ് അവിടെ തന്നെ കിടക്കേണ്ടി വന്നു. ആ സമയമത്രയും വിനീത് എന്നെ തേടി നടക്കുകയായിരുന്നു. എങ്ങനയേയോ ഞാൻ പരിക്കേറ്റ് കിടക്കുന്ന ഇടം വീനിത് കണ്ടെത്തി, മൂന്നര കിലോമീറ്ററോളം മുറിവേറ്റ കാലുമായി, ഞാൻ വീനിതിന്റെ സഹായത്തോടെ ഇഴഞ്ഞു . അവിടെ നിന്ന് മറ്റൊരു റഷ്യൻ പട്ടാളക്കാരനാണ് ഞങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നത്. എന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടതോടെയാണ് ആശുപത്രയിലേക്ക് മാറ്റുന്നതും, അവർ മുഖാന്തരമാണ് അവധി ലഭിക്കുന്നതും. അവധി അനുവദിച്ചതോടെ മോസ്കോയിലെത്തി, ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. ” ഏപ്രിൽ ആദ്യവാരമാണ് പ്രിൻസ് നാട്ടിലെത്തുന്നത്. മെയ് 8 നാണ് വിനീത് നാട്ടിലെത്തുന്നത്. അമ്മക്ക് സുഖമില്ലെന്ന് കാണിച്ചതോടെയാണ് വിനീതിന് അവധി ലഭിച്ചത്.
കൂടെയുള്ളവർക്ക് എന്ത് സംഭവിച്ചു
മെച്ചപ്പെട്ട ശമ്പളം വാഗ്ദാനമാണ് പലരെയും ഈ കെണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഏകദേശം 150 ഓളം പേരെങ്കിലും ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട് യുദ്ധമുഖത്ത് എത്തിയിട്ടുണ്ടെന്ന് പ്രിൻസ് പറയുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ളവരും കുറവല്ല. ദിവസേന ഒരു സംഘത്തിൽ നിന്ന് 10 മുതൽ 15 പേരെയാണ് യുദ്ധത്തിനയക്കുക, ഇവരിൽ ചിലർ മുറിവുകളോടെയാണ് തിരിച്ചെത്തുന്നതെങ്കിൽ ചിലർ ജീവനറ്റ ശരീരമായാണ് തിരിച്ചെത്തുന്നത്. അലക്സ് മുഖേന പറ്റിക്കപെട്ടാണ് ഇവർ റഷ്യയിലെത്തുന്നത്. ആദ്യ ദിവസം തങ്ങളോടപ്പുമണ്ടയിരുന്ന ശ്രീലങ്കൻ സ്വദേശികളെയോ സുഹൃത്ത് ടിനുവിനെയോ താൻ കണ്ടിട്ടില്ലെന്ന് പ്രിൻസ് പറയുന്നു. കേരളത്തിലെ ഏജന്റുമാർക്കും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടാവുമോ എന്ന കാര്യത്തിൽ പ്രിൻസിന് വ്യക്തതയില്ല. അലക്സ് ഇവരെയും കമ്പളിപ്പിക്കുകയിരുന്നുവെന്ന് വരും ദിവസങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രിൻസിന്റെ പക്ഷം. റഷ്യൻ യാത്രക്കായി ചിലവായ തുക തിരികെ ലഭിക്കുമെന്ന് സിബിഐ അറിയിച്ചതായും പ്രിൻസ് പറയുന്നു. പണത്തിനപ്പുറം, നാട്ടിലേക്ക് തിരിച്ചെത്താനായതിന്റെ ആശ്വാസത്തിലാണ് പ്രിൻസ്. അപ്പോഴും തനിക്കൊപ്പമുണ്ടായിരുന്നവരുടെ ജീവനെ കുറിച്ചുള്ള ആശങ്കയും പ്രിൻസിനെ വിടാതെ പിന്തുടരുന്നുണ്ട്.
Content Summary; trivandrum native prince who escaped from war front talks about job scam and russia-ukraine war field experience