രാജ്യത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം തന്നെ പവന് 60,000 രൂപ കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. 2024ല്‍ 60,000 രൂപയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തതോടെയാണ് സ്വര്‍ണവില റോക്കറ്റ് വേഗതയാര്‍ജിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് നേരിയ കുറവിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപ.
എന്നാല്‍ സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തിലാണ്. ആഗോളതലത്തില്‍ സ്വര്‍ണ വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇറാന്‍-ഇസ്രായേല്‍ യുദ്ധ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ സ്വര്‍ണം കുതിപ്പ് തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പവന്‍ വില ഉടന്‍ തന്നെ 60000ത്തില്‍ എത്തുമെന്നാണ് വിപണി കരുതുന്നത്. അതേസമയം, സ്വര്‍ണത്തെ സംബന്ധിച്ച് റെക്കോര്‍ഡുകളുടെ മാസമായിരുന്നു ഏപ്രില്‍. മാര്‍ച്ച് 29ന് 50000 രൂപ കടന്നു. 3500 രൂപയുടെ അടുത്താണ് ഈ മാസത്തെ മുന്നേറ്റം. എപ്രില്‍ 5ന് 51,320 ആയിരുന്ന പവന്‍ വില 10ന് 52,880 രൂപ, 12ന് 53,000 രൂപയുമായി മുന്നേറി. 16ന് 54,360 രൂപയും പിന്നാലെ 54,000 രൂപയ്ക്ക് മുകളിലേക്കും എത്തുകയായിരുന്നു. പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം, എച്ച്.യു.ഐ.ടി നിരക്ക് എന്നിവയും കൂടി നല്‍കുമ്പോള്‍ ഇപ്പോള്‍ തന്നെ 60000 രൂപ പവന് നല്‍കേണ്ടതുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. എന്നാല്‍ വില കൂടുന്ന സാഹചര്യത്തില്‍ വില കുറവുള്ള 18 കാരറ്റ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗ്രാമടിസ്ഥാനത്തില്‍ 22 കാരറ്റിനേക്കാള്‍ 1000 രൂപയോളം വ്യത്യാസം 18 കാരറ്റിന് ഉണ്ട്.സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം യുഎസിന്റെ കേന്ദ്ര ബാങ്കിന്റെ നയമാണ്. ബാങ്ക് പലിശ കുറച്ചാല്‍ സ്വര്‍ണ വില ഉയരും. യുഎസ് ഫെഡ് റിസര്‍വ് മീറ്റിംഗ് അവസാനിച്ചതിന് ശേഷമാണ് ലോകമെമ്പാടും സ്വര്‍ണ വില ഉയരാന്‍ ആരംഭിച്ചതും. ഈ വര്‍ഷം മൂന്നു തവണ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കും എന്ന സൂചന തന്നെയാണ് വില കുതിക്കുന്നതിന് പിന്നില്‍.