അവ്‌നി എല്‍ഡ്യൂസ്, അതായിരുന്നു അവന്റെ പേര്. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ, ആ കുഞ്ഞിനും ഒരു യുട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. ഒരു ഗെയിമിംഗ് ചാനല്‍.
കഴിഞ്ഞ വര്‍ഷം, 2022 ഓഗസ്റ്റില്‍, അവ്‌നി അവന്റെ സ്വപ്‌നം ലോകത്തോട് പറഞ്ഞിരുന്നു.’ മനോഹരമായൊരു പുഞ്ചിരിയോടെ അവന്‍ പറഞ്ഞു, ‘ സുഹൃത്തക്കളെ, ഞാനെന്നെ കുറിച്ച് പറയാം, ഗാസയില്‍ നിന്നുള്ള ഒരു പലസ്തീനിയാണ് ഞാന്‍. എനിക്ക് 12 വയസുണ്ട്. ഈ ചാനലിന്റെ ലക്ഷ്യം, ഒരു ലക്ഷം അല്ലെങ്കില്‍ അഞ്ചു ലക്ഷമോ പത്തുലക്ഷമോ സബ്സ്ര്‌കൈബേഴ്‌സില്‍ എത്തുകയെന്നതാണ്…’
‘സമാധാനം ഉണ്ടാകട്ടെ’ എന്ന് ലോകത്തെ ആശംസിച്ചുകൊണ്ടായിരുന്നു തന്റെ ഹ്രസ്വമായ വീഡിയോ അവ്‌നി അവസാനിപ്പിക്കുന്നത്.
അവ്‌നിക്ക് അവന്റെ സ്വപ്‌നത്തിലേക്ക് എത്താന്‍ സാധിച്ചോ?
ഇല്ല…
ഇത്തവണ ഗാസയില്‍ ഇസ്രയേല്‍ റോക്കറ്റുകള്‍ തുടക്കത്തില്‍ കൊന്നൊടുക്കിയ കുട്ടികളില്‍ ഒരാള്‍ അവനായിരുന്നു.
ഹമാസ് ഇസ്രയേലില്‍ കടന്ന് കയറി നടത്തിയ കൂട്ടക്കൊലയ്ക്ക് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗാസയില്‍ പതിച്ച ഇസ്രയേല്‍ റോക്കറ്റുകളില്‍ ഒന്ന് തകര്‍ത്തത് അവ്‌നിയുടെ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു.
കഴിഞ്ഞ വര്‍ഷം തന്റെ ചാനലിന്റെ സ്വപ്‌നം പങ്കുവയ്ക്കുമ്പോള്‍, അവന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വെറും ആയിരമായിരുന്നു. ഇന്ന് അവ്‌നി ഈ ലോകത്തില്ലെങ്കിലും അന്നത്തെയാ വീഡിയോ മാത്രം കണ്ടിരിക്കുന്നത് നാല്‍പ്പത് ലക്ഷം പേരാണ്. അവന്‍ പങ്കുവച്ചിരുന്ന മറ്റ് ഗെയ്മിംഗ് വീഡിയോകള്‍ക്കും ദശലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ആണുള്ളത്.
അവ്‌നിയുടെ യൂട്യൂബ് ചാനലിന്റെ മൊത്തം സബ്‌സ്‌ക്രൈബേഴ്‌സ് ഇപ്പോള്‍ 15 ലക്ഷം കടന്നു. ആ എണ്ണം ദിവസം പ്രതി കൂടിക്കൊണ്ടുമിരിക്കുകയാണ്.
പക്ഷേ, ഇതൊന്നും കണ്ട് സന്തോഷിക്കാന്‍ ഈ ഭൂമിയില്‍ അവന്‍ ഇല്ലെന്നു മാത്രം.
ചാനലിന്റെ താഴെ കമന്റുകള്‍ നിറയുകയാണ്, ലോകത്തിന് ആ കുഞ്ഞിനോടുള്ള സ്‌നേഹമാണ് അവിടെ മുഴുവന്‍.
‘ ഞങ്ങളോട് ക്ഷമിക്കുക, നീ ഈ ലോകത്ത് നിന്നും പോകുന്നതിന് മുമ്പ് നിന്നെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്’, ഒരു കമന്റാണിത്. അവ്‌നി ഇപ്പോള്‍ സ്വര്‍ഗത്തില്‍ കിളിയായി പാറി നടക്കുകയായിരിക്കുമെന്നാണ് മറ്റൊരാള്‍ പറയുന്നത്.
അവനെ ഞങ്ങള്‍ എഞ്ചിനീയര്‍ അവ്‌നി എന്നായിരുന്നു വിളിച്ചിരുന്നത്. കമ്പ്യൂട്ടറുകളോടുള്ള അവന്റെ ഇഷ്ടം കൊണ്ടായിരുന്നു അങ്ങനെ വിളിച്ചിരുന്നത്, അവ്‌നിയുടെ ഒരു ബന്ധു ബിബിസിയോട് പറയുന്നു.
ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 20,000 പലസ്തീനികളാണ്. അതില്‍ മൂന്നിലൊന്നും കുട്ടികളാണ്. ആ കുഞ്ഞുങ്ങളുടെ പ്രതീകമാണ് 13 കാരനായ അവ്‌നി അല്‍ഡ്യൂസ്. യുനിസെഫ് പറയുന്നത്, കുട്ടികളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമാണ് ഗാസ.
ഒക്ടോബര്‍ ഏഴിന് രാത്രി 10.20 ഓടെയാണ് അവ്‌നിയുടെ വീട് ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ തകരുന്നതെന്നാണ് അവന്റെ അമ്മായി ആല ബിബിസിയോട് പറഞ്ഞത്. ഗാസ സിറ്റിയിലെ സെയ്‌ടോണില്‍ ഒരു മൂന്നു നില പാര്‍പ്പിട അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അവ്‌നിയും കുടുംബവും കഴിഞ്ഞിരുന്നത്. അച്ഛന്‍, അമ്മ, മൂത്ത രണ്ട് സഹോദരിമാര്‍, ഇളയ രണ്ട് അനിയന്മാര്‍ എന്നിവരും അവനൊപ്പം ഈ ഭൂമിയില്‍ നിന്നും പോയി.
ഒരു മുന്നറിയിപ്പും ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല, പൊടുന്നനെ ഒരു ബോംബ് ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ വീഴുകയായിരുന്നു. നിമിഷം കൊണ്ട് എല്ലാം തകര്‍ന്നു വീണു, ഭാഗ്യം ഒന്നുകൊണ്ടു മാത്രം ഞാനും ഭാര്യയും രക്ഷപ്പെട്ടു’, അവ്‌നിയുടെ അമ്മാവന്‍ മൊഹമ്മദ് ബിബിസിയോടു പറയുന്നു.
‘ അവ്‌നി ഉള്‍പ്പെടെ 15 പേരാണ് അന്ന് ഞങ്ങളുടെ കുടുംബത്തില്‍ കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹം കാണാന്‍ ഞങ്ങള്‍ പോയില്ല, ആ രൂപം ഞങ്ങള്‍ക്ക് കാണാന്‍ തോന്നിയില്ല, അവരുടെയെല്ലാം മനോഹരമായ മുഖം മനസിലുണ്ട്, അത് മതിയെന്നാണ് എന്റെ ഭര്‍ത്താവ് പറഞ്ഞത്’ അല പറയുന്നു. അലയും കുടുംബവും തെക്കന്‍ ഗാസയിലാണിപ്പോള്‍.
അവന്റെ അച്ഛന്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിരുന്നു. അച്ഛനെപ്പോലെയായിരുന്നു മകനും, ലാപ്‌ടോപ്പ് അഴിച്ച് നോക്കുന്നതും തിരികെ ഫിറ്റ് ചെയ്യുന്നതുമൊക്കെയായിരുന്നു അവന്റെ ഇഷ്ടങ്ങള്‍. തന്റെ കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കുമൊക്കെ കമ്പ്യൂട്ടറുകളെക്കുറിച്ചും ടെക്‌നോളജിയെക്കുറിച്ചുമൊക്കെ ക്ലാസ് എടുക്കുന്നൊരു കുഞ്ഞു ടീച്ചര്‍ കൂടിയായിരുന്നു അവ്‌നി. തന്റെ കഴിവുകള്‍ക്ക് അവന്‍ പല പുരസ്‌കാരങ്ങളും ആ പ്രായത്തിനുള്ളില്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ക്കും അവന്‍ പ്രിയപ്പെട്ടവനായിരുന്നു. അവ്‌നിയുടെ മരണത്തിനു പിന്നാലെ അവന്റെയൊരു അധ്യാപകന്‍ അവ്‌നിക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു, അതിന്റെ ക്യാപ്ഷന്‍ അനശ്വരമായ പുഞ്ചിരി എന്നായിരുന്നു.
2020 ജനുവരിയിലായിരുന്നു അവ്‌നി തന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പ്രോ എവല്യൂഷന്‍ സോക്കര്‍, കാര്‍ റേസിംഗ് ഗെയിം ആയ ബ്ലര്‍, ഷൂട്ടിംഗ് ഗെയിം ആയ കൗണ്ടര്‍-സ്‌ട്രൈക് എന്നിവയൊക്കെയായിരുന്നു ചാനലില്‍ അവ്‌നി ആദ്യം പോസ്റ്റ് ചെയ്ത വീഡിയോകള്‍. ഈ ഗെയിമുകളെ കുറിച്ചുള്ള വിശദീകരണങ്ങള്‍ ക്യാപ്ഷനായി നല്‍കിയിരുന്നു. ഗെയിമുകളെക്കുറിച്ചും, ഏത് കമ്പനിയാണ് രൂപകല്‍പ്പന ചെയ്തത് തുടങ്ങിയ കാര്യങ്ങളൊക്കെയും അവന്‍ വിശദീകരിച്ചിരുന്നു. വിദ്ഗദരായവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടായിരുന്നു അവ്‌നി തന്റെ ചാനലില്‍ ഓരോ വിഷയവും അവതരിപ്പിച്ചിരുന്നത്. അത്തരത്തില്‍ അവ്‌നി സഹായം തേടിയിരുന്നൊരാളായിരുന്നു അവന്റെ ബന്ധുവായ അഷ്‌റഫ് അല്‍ഡ്യൂസ്. അയാളൊരു പ്രോഗ്രാമറായി ജോലി നോക്കുകയാണ്. വലിയ ലക്ഷ്യങ്ങളുള്ള കുട്ടിയായിരുന്നു അവ്‌നി എന്നാണ് അഷ്‌റഫ് പറയുന്നത്.
അവ്‌നിയുടെ മരണശേഷം ലോകം അവന്റെ ചാനല്‍ തേടി വരാന്‍ തുടങ്ങി. അതിലൊരാളാണ് പ്രശസ്ത കുവൈറ്റി ഗെയിമര്‍ അബോഫ്‌ളാഹ്. അവ്‌നിയെക്കുറിച്ച് വളരെ വികാരപരമായൊരു വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. തനിക്ക് പറയാനുള്ളത് പൂര്‍ത്തിയാക്കാനാകാതെ കണ്ണീരോടെ വീഡിയോ അവസാനിപ്പിക്കുകയാണ് അബോഫ്‌ളോഹ്. ഫെയ്‌സ്ബുക്കില്‍ അവ്‌നി തനിക്ക് അയച്ചൊരു മെസേജിനെക്കുറിച്ചും അേേദ്ദഹം പറയുന്നുണ്ട്. പക്ഷേ, അവന്റെ മരണശേഷം മാത്രമാണ് അബോഫ്‌ളോഹ് ആ മെസേജ് കാണുന്നത്. ‘ ഗാസയിലെ ശൈത്യകാലത്തോട് താരതമ്യം ചെയ്യാന്‍ ലോകത്ത് മറ്റൊന്നുമില്ല. അത് മഹോന്നതമാണ്. ഞങ്ങളിപ്പോള്‍ സഹ്‌ലാബ്(പാല്‍ ഉപയോഗിച്ചുള്ള മധുരമേറിയൊരു പാനീയം) കുടിക്കുന്നു. അതിനൊപ്പം വറുത്ത ചെസ്റ്റ്‌നട്ടുകളും കഴിക്കുന്നു. ഒരു ദിവസം നിങ്ങള്‍ പലസ്തീനില്‍ വരുമെന്ന് ഞാന്‍ പ്രതിക്ഷിക്കുന്നു, നിറഞ്ഞ സ്‌നേഹത്തോടെ’ ഇതായിരുന്നു അവ്‌നിയുടെ സന്ദേശം. അവ്‌നിയുടെ റോള്‍ മോഡല്‍ ആയിരുന്നു അബോഫ്‌ളാഹ്.
‘ ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ അവ്‌നിയാണ്’ കണ്ണീരോടെ അബോഫ്‌ളാഹ് ബിബിസിയോട് പറയുന്നത്. ലോകവും അതു തന്നെയാണ് ആവര്‍ത്തിക്കുന്നത്.