UPDATES

‘ഞങ്ങള്‍ക്കറിയണം കമല, എന്തിനാണ് ഇവിടെ വന്നത്?’

പാട്ടിലെ പ്രതിഷേധം മനസിലായില്ല; നാണംകെട്ട് യു എസ് വൈസ് പ്രസിഡന്റ്

                       

ജനങ്ങളുടെ പ്രതിഷേധം എങ്ങനെയൊക്കെയായിരിക്കും ഉണ്ടാവുകയെന്ന് ഒരു ഭരണധികാരിക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതിപ്പോള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിനാണെങ്കില്‍ പോലും! കമല ഹാരിസിന് അങ്ങനെയൊരു അബദ്ധം പറ്റി. ലോകത്തിന് മുന്നില്‍ അതവരെ ഇളിഭ്യയാക്കുകയും ചെയ്തു.

യു എസ് കോളനിയായ പ്യൂര്‍ട്ടോ റിക്കോയില്‍ വച്ചായിരുന്നു കമല നാണംകെട്ടത്. പ്യൂര്‍ട്ടോ റിക്കയില്‍ എത്തിയ കമലയ്ക്കായി ഒരു സ്വാഗത ഗാനം മുഴങ്ങി. കേട്ടപ്പോള്‍ നല്ല പാട്ട്. വരികളുടെ അര്‍ത്ഥമെന്താണെന്നോ, എന്തിനെക്കുറിച്ചുള്ളതാണോ എന്നൊന്നും മനസിലാകാതെ, തന്നെ ആനന്ദിപ്പിക്കുന്ന ഒന്നെന്നു കരുതിയാകണം പാട്ടിന് കൈയടിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ്. പിന്നീടാണവര്‍ക്ക് അബദ്ധം മനസിലായത്(മനസിലാക്കിച്ചു കൊടുത്തത്).ആ പാട്ട്, കമലയെ പുകഴത്തുന്നതോ, അമേരിക്കയെ വാഴ്ത്തുന്നതോ അല്ലായിരുന്നു. പലസ്തീനിനെ പിന്തുണയ്ക്കുന്ന ഒരു ഗാനമായിരുന്നു. അതായത് ഇസ്രയേല്‍ നരവേട്ടയില്‍ പിടഞ്ഞു തീരുന്ന, ഗതികെട്ടൊരു മനുഷ്യകുലത്തെ കുറിച്ചുള്ള പാട്ട്. അമേരിക്കയ്ക്ക് ഒരിക്കലും ആസ്വദിക്കാന്‍ സാധിക്കാത്തയൊന്ന്. ആഭ്യന്തരകലഹത്തില്‍ കത്തിയെരിയുന്ന ഹെയ്തിക്കും പാട്ടില്‍ പിന്തുണയര്‍പ്പിക്കുന്നുണ്ട്. പാട്ടിന്റെ കഥയറിഞ്ഞതോടെ തനിക്ക് പറ്റിയ അമിളിയോര്‍ത്ത് കമല അസ്വസ്ഥയായി.

മാര്‍ച്ച് 22 വെള്ളിയാഴ്ചയാണ് പ്യൂര്‍ട്ടോ റിക്കോയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സന്ദര്‍ശനം നടത്തിയത്. 2017 സെപ്തംബറില്‍ വീശിയ മരിയ ചുഴലിക്കാറ്റ് പ്യൂട്ടോ റിക്കോയെ പാടെ തകര്‍ത്തു കളഞ്ഞിരുന്നു. 3000 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ നിന്നും കോളനി പ്രദേശം കരകയറി വരുന്നതേയുള്ളൂ. പ്രകൃതി ദുരന്തത്തിന് ശേഷം യുഎസ് ഗവണ്‍മെന്റ് പ്യൂര്‍ട്ടോ റിക്കോയ്ക്ക് നല്‍കിയ സഹായത്തെക്കുറിച്ച് സംസാരിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനുമാണ് കമല ഹാരിസ് കോളനയില്‍ സന്ദര്‍ശനത്തിനെത്തിയത്. പ്യൂട്ടോ റിക്കോയ്ക്കുള്ള ഡെമോക്രാറ്റിക് ധനശേഖരണത്തതില്‍ പങ്കാളിയാണ് കമലയും.

നവംബറിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലാറ്റിനോ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രചാരണ പര്യടനത്തിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന്‍ പാശ്ചാത്യ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കമല ഹാരിസിന്റെ പ്യൂട്ടോ റിക്കോ സന്ദര്‍ശനം. അമേരിക്കന്‍ പൗരന്മാരാണെങ്കിലും പ്യൂര്‍ട്ടോ റിക്കോയിലുള്ളവര്‍ക്ക് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. അഞ്ചു ദശലക്ഷത്തിലധികം പ്യൂര്‍ട്ടോ റിക്കക്കാര്‍ യുഎസ് മെയിന്‍ലാന്‍ഡില്‍ താമസിക്കുന്നുണ്ട് എന്നാണ് റിപോര്‍ട്ടുകള്‍.

സ്പാനീഷ് മാധ്യമപ്രവര്‍ത്തകനായ ഈസ്ത്ര പാച്ചെകോ പ്യൂട്ടോ റിക്കോ നിവാസികളുടെ പ്രതിഷേധ ഗാനം വിവര്‍ത്തനം ചെയ്തിരുന്നു. അതിന്റെയൊരു ഏകദേശ തര്‍ജ്ജമ ഇങ്ങനെയാണ്;

ഞങ്ങള്‍ക്കറിയണം കമല
എന്തിനാണ് ഇവിടെ വന്നത്?
ഞങ്ങള്‍ക്ക് അറിയണം കമല
ഞങ്ങള്‍ക്ക് കാണണം
നിയമം 60 നെ കുറിച്ചാണോ
നിങ്ങള്‍ സംസാരിക്കാന്‍ പോകുന്നതെന്ന്
അതോ ധനനിയന്ത്രണ ബോര്‍ഡിനെക്കുറിച്ചാണോ?

വൈസ് പ്രസിഡന്റ് ഇവിടെയുണ്ട്
ചരിത്രം സൃഷ്ടിക്കുന്നു
ഞങ്ങള്‍ക്ക് അറിയണം
കോളനിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന്

നമ്മുടെ രാജ്യത്തിന്റെ പരമ്പരാഗത സംഗീതം
ഞങ്ങള്‍ ആലപിച്ചു കൊണ്ടേയിരിക്കും
സ്വതന്ത്ര പലസ്തീനും ഹെയ്തിയും
നീണാള്‍ വാഴട്ടെ

( ‘We want to know, Kamala
What did you come here for?
We want to know, Kamala
We want to see
If you’re going to talk about law 60
Or about the Fiscal Control Board

The vice-president is here
Making history
We want to know
What she thinks of the colony

We will keep playing
The plena of our country
Long live Free Palestine
and Haiti too!’ )

(പ്യൂര്‍ട്ടോ റിക്കോ ഇന്‍സെന്റീവ് കോഡ് 60 പ്രകാരം, ഒരു വ്യക്തിക്ക് പ്യൂര്‍ട്ടോ റിക്കോ നികുതി ഇളവ് അനുവദിച്ചാല്‍, താമസക്കാരനായതിന് ശേഷം നടത്തിയ നിക്ഷേപങ്ങളുടെ ഫലമായുണ്ടാകുന്ന ദീര്‍ഘകാല നേട്ടങ്ങള്‍ പ്യൂര്‍ട്ടോ റിക്കോയിലെ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും).

ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട ദ്വീപ് സന്ദര്‍ശനത്തിന് കമല ഹാരിസിനൊപ്പം യു എസ് ഊര്‍ജ വകുപ്പ് സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം, ഭവന-നഗരവികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അഡ്രിയാന്‍ ടോഡ്മാന്‍ എന്നിവരും ഉണ്ടായിരുന്നു

Share on

മറ്റുവാര്‍ത്തകള്‍