December 09, 2024 |
Share on

കലാഭവന്‍ മണിയാണ് രാമകൃഷ്ണനെ ഇവിടെ ചേര്‍ത്തത്, എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’

‘അഭിമാന പുത്രനെ’ ചേര്‍ത്ത് പിടിച്ച് ആര്‍ എല്‍ വി കോളേജ്

മനുഷ്യത്വവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ കലാമണ്ഡലം സത്യഭാമയെ തള്ളിപ്പറഞ്ഞുകൊണ്ട് രാമകൃഷ്ണന് പൂര്‍ണ പിന്തുണയുമായി നില്‍ക്കുകയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ആര്‍ എല്‍ വി രാമകൃഷ്ണന്റെ കഴിവെന്താണെന്ന് മനസിലാക്കാനുള്ള ബോധം സത്യഭാമക്കില്ല എന്നാണ് അവരുടെ പ്രസ്തവാനയിലൂടെ മനസിലാക്കാന്‍ സാധിക്കുന്നതെന്നും, കലയെ സ്‌നേഹിക്കുന്നവര്‍ക്കും മനുഷ്യത്വം ഉള്ളിലുള്ളവര്‍ക്കും ഇത്തരം കാര്യങ്ങള്‍ പറയാനാകിലെന്നാണ് ആര്‍ എല്‍ വി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ആര്‍ രാജലക്ഷ്മി അഴിമുഖത്തോട് പ്രതികരിച്ചത്.

‘കലാമണ്ഡലം സത്യഭാമ എന്ന വ്യക്തി കലയെ ബഹുമാനിക്കുന്ന കലാകാരിയാണെങ്കില്‍ അവരുടെ ഭാഗത്ത് നിന്ന് ഇത്തരം അപലപനീയമായ ഒരു പ്രവര്‍ത്തിയുണ്ടാകില്ല. കലയെ സ്‌നേഹിക്കുന്നവര്‍ക്കും മനുഷ്യത്വം ഉള്ളില്‍ ഉള്ളവര്‍ക്കും ഇത്തരം കാര്യങ്ങള്‍ പറയാനാകില്ല. കലാകാരന്മാരുടെ മനസ്സില്‍ എപ്പോഴും വിളങ്ങേണ്ടത് സ്‌നേഹമാണ്, അതിന് മുമ്പില്‍ കറുപ്പ്, വെളുപ്പ്, ജാതി തുടങ്ങിയ വിവേചനങ്ങള്‍ക്കു സ്ഥാനമില്ല. ഓരോ കുട്ടികളെയും കഴിയുന്നത്ര മികവുള്ളവരാക്കാന്‍ മാത്രമാണ് അധ്യാപകര്‍ ശ്രമിക്കാറുള്ളത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഞങ്ങളുടെ കോളേജിന്റെ അഭിമാന പുത്രനാണ്. അദ്ദേഹത്തിന്റ പശ്ചാത്തലത്തെ കുറിച്ച് മലയാളികള്‍ക്ക് പ്രത്യേകം പറഞ്ഞു നല്‍കേണ്ട ആവശ്യമില്ല’: പ്രൊഫ. രാജലക്ഷ്മിയുടെ വാക്കുകള്‍..

കലാഭവന്‍ മണിയാണ് അദ്ദേഹത്തെ കോളേജില്‍ ചേര്‍ത്തതെന്നും, ഒരു പാട് കഷ്ടപ്പെട്ടാണ് ഈ നിലയിലേക്ക് രാമകൃഷ്ണന്‍ ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

‘കലാഭവന്‍ മണിയാണ് അദ്ദേഹത്തെ ആര്‍ എല്‍ വി കോളേജില്‍ ചേര്‍ക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്. കോളേജില്‍ മോഹിനിയാട്ടത്തിന് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ തന്നെ പ്രയാസമാണ്. നല്ലൊരു കലാകാരന്‍ ആയതു കൊണ്ട് മാത്രമാണ് നേട്ടങ്ങളെല്ലാം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. അദ്ദേഹം മോഹിനിയാട്ടം എന്ന കലയെ സ്‌നേഹിച്ചു, അതിനു വേണ്ടി പ്രയത്‌നിച്ചു. അങ്ങനെയുള്ളൊരാളെ നിറം, ജാതി തുടങ്ങിയ കാരണങ്ങളില്‍ അധിക്ഷേപിക്കുന്നത് തീര്‍ത്തും അപലപനീയമാണ്: രാജലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കുന്നു.

ആര്‍ എല്‍ വി രാമകൃഷ്ണന്റെ കഴിവെന്താണെന്ന് മനസിലാക്കാനുള്ള ബോധം സത്യഭാമക്കില്ല എന്ന്് അവരുടെ പ്രസ്തവാനയിലൂടെ മനസിലായെന്നാണ് ആര്‍എല്‍വി കോളേജ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ‘മനസില്‍ കറുപ്പുള്ളവര്‍ക്കേ മറ്റൊരാളോട് ഇങ്ങനെ പെരുമാറാന്‍ സാധിക്കു. ശരീരത്തിലല്ല, മനസില്‍ കറുപ്പ് അധികമായാല്‍ അതാണ് പ്രശ്‌നം. പറഞ്ഞ പ്രസതാവനകള്‍ ഒരു കലാകാരിക്ക് യോജിച്ചതാണോ എന്ന് അവര്‍ സ്വയം ചിന്തിക്കേണ്ട വസ്തുതയാണ്. ആര്‍ എല്‍ വി കോളജിനെയും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിയെയും കുറിച്ചാണ് ഇത്തരം ഒരു മോശം പരാമര്‍ശം നടത്തിയിരിക്കുന്നത്. അതിന് അവര്‍ മാപ്പ് പറയണം എന്നാണ് കോളേജിന്റെ ആവശ്യമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

മോഹിനിയാട്ടം പുരുഷന്മാര്‍ അവതരിപ്പിക്കുമ്പോള്‍ പുരുഷന്മാരുടേതായ സൗന്ദര്യത്തില്‍ കാണാന്‍ ശ്രമിക്കണം. സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, അവരുടെ കഴിവ് കണക്കിലെടുത്താല്‍ മതി. അനാവശ്യ കാര്യങ്ങള്‍ വലിച്ചിഴക്കുന്നതിന്റെ ആവശ്യകത എന്താണെന്നു തനിക്ക് മനസിലാകുന്നില്ലെന്നും, പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുമ്പോള്‍ അതിലെന്താണ് അഭംഗിയുള്ളതെന്നും രാജലക്ഷ്മി ചോദിക്കുന്നു. ഇന്നുവരെയും ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞിരിക്കുന്നത്. രാമകൃഷ്ണനിലെ കലയെ സത്യഭാമ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അതിനര്‍ത്ഥം. ഒരു മോഹിനിയാട്ടം അധ്യാപിക കൂടിയായ സത്യഭാമ ഇത്രയും നാളുകളായി കറുത്ത കുട്ടികളെ കണ്ടിരുന്നത് എന്ത് മാനസിക നിലയിലായിരിക്കും എന്നത് ഈ പ്രവൃത്തിയിലൂടെ ഊഹിക്കാമെന്നും രാജലക്ഷമി പറഞ്ഞു. കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാനുമുള്ള യോഗ്യത കലാമണ്ഡലം സത്യഭാമ എന്ന വ്യക്തിക്കില്ലെന്നും, ആര്‍ രാജലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്, ഒരു പുരുഷന്‍ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വെറെയില്ല എന്നായിരുന്നു സത്യഭാമയുടെ ആക്ഷേപം. വിഷയത്തില്‍ ആര്‍ എല്‍ വി കോളേജിലെ മോഹിനിയാട്ടം അധ്യാപിക അഴിമുഖവുമായി പങ്കുവച്ച കാര്യങ്ങളിങ്ങനെയാണ്;

‘ആര്‍ക്കുവേണമെങ്കിലും ഇണങ്ങുന്ന കലാരൂപമാണ് മോഹിനിയാട്ടം, അതില്‍ സ്ത്രീ പുരുഷ വേര്‍തിരിവുകളൊന്നും തന്നെയില്ല. കേരളത്തിന്റെ തനതായ കലാരൂപമായ മോഹിനിയാട്ടം ലാസ്യ പ്രധാനം എന്ന് പറയുമെങ്കിലും താണ്ഡവവും ഉണ്ട്. ലാസ്യമെന്ന് കേള്‍ക്കുന്ന മാത്രയില്‍ സ്ത്രീയോട് ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുമെങ്കിലും സ്ത്രീക്കും പുരുഷനും ഒരുപോലിണങ്ങുന്നതാണ് ലാസ്യം. സത്യഭാമയുടെ പ്രസ്താവനയോട് ഒരു മോഹിനിയാട്ടം അധ്യാപിക എന്ന നിലയില്‍ ഒരിക്കലും യോജിക്കാന്‍ കഴിയുന്നതല്ല’: പേര് പരാമര്‍ശിക്കാന്‍ താത്പര്യമില്ലാത്ത അധ്യാപിക പറയുന്നു.

സത്യഭാമയുടെ പ്രസ്താവനയില്‍ ആര്‍ എല്‍ വിയിലെ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനയും ഒന്നടങ്കം പ്രതിഷേധത്തിലാണ്. സത്യഭാമയുടെ പ്രസ്താവനകള്‍ ഒരിക്കലും അംഗീകരിക്കാനാകത്തതാണെന്നും, കലയുടെ അളവുകോല്‍ കഴിവാണെന്നുമാണ് ആര്‍ എല്‍ വിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

‘കലാമണ്ഡലം സത്യഭാമ എന്ന വ്യക്തിയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. കേരള സമൂഹത്തില്‍ കലയില്‍ ജാതിയോ മതമോ വര്‍ണമോ മറന്ന് അണിചേരുന്നവരാണ് കലാകാരന്മാര്‍. ഒരു വ്യക്തിയെ അവരുടെ നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ആര്‍ എല്‍ വിയിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലും കലയെ സ്‌നേഹിക്കുന്നവര്‍ എന്ന നിലയിലും നിലവിലെ അവസ്ഥ വളരെ വിഷമകരമാണ്. രാമകൃഷ്ണന്‍ സാര്‍ കലാലോകത്തിനു ഒരു പാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. മോഹിനിയാട്ടം പുരുഷന്മാര്‍ കളിക്കരുതെന്നല്ല കലാമണ്ഡലം സത്യഭാമ പറഞ്ഞത് ഭംഗിയുള്ള പുരുഷന്മാര്‍ കളിച്ചോട്ടെ എന്നാണ്. കൂടാതെ കാക്കയെ പോലെ കറുത്തത് എന്നൊക്കെയുള്ള അവരുടെ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നിറവും ഭംഗിയുമല്ല കലയുടെ അളവുകോല്‍, കഴിവാണ്. കലാകാരന്മാരുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ഒരു കലാകാരി എന്നനിലയില്‍ അവരുടെ ഭാഗത്തു നിന്ന്ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതരം മോശമായ പ്രവ്രത്തിയാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ നൃത്തം കണ്ടവര്‍ക്കാര്‍ക്കും ഒരു സംശയവുമില്ലാത്ത കാര്യമാണ് രാമകൃഷ്ണന്‍ സാറിന്റെ കഴിവ് എത്രത്തോളമുണ്ടെന്നത്. കലാകാരന്‍ എന്ന നിലയില്‍ കലയാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത് അല്ലാതെ ജാതിയും മതവുമല്ല.’ ആര്‍ എല്‍ വി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വൈസ് ചെയര്‍പേഴ്‌സണും ഉറപ്പോടെ പറഞ്ഞുവയ്ക്കുന്നു.

Advertisement
×